Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെച്ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ തർക്കം; 74.79 കോടിക്ക് നിർമ്മിച്ച കെട്ടിടം കൽമന്ദിരമായെന്ന് പ്രതിപക്ഷം; വിജിലൻസ് റിപ്പോർട്ടിൽ പ്രതി കുടുങ്ങുമെന്ന് മന്ത്രിയുടെ മറുപടി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെച്ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ തർക്കം; 74.79 കോടിക്ക് നിർമ്മിച്ച കെട്ടിടം കൽമന്ദിരമായെന്ന് പ്രതിപക്ഷം; വിജിലൻസ് റിപ്പോർട്ടിൽ പ്രതി കുടുങ്ങുമെന്ന് മന്ത്രിയുടെ മറുപടി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയ നിർമ്മാണത്തിന്റെ അപാകതകളെച്ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ തർക്കം. ബസ് ടെർമിനൽ നിർമ്മാണത്തിലെ അപാതകകളെക്കുറിച്ച് ടി സിദ്ദിഖ് അവതരിപ്പിച്ച അടിയന്തര പ്രമേയമാണ് ചൂടേറിയ ചർച്ചകൾക്കും പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്‌കരണത്തിനും ഇടയാക്കിയത്.

കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയ നിർമ്മാണത്തിലെ അപാകതകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കാത്ത കെട്ടിടം കൽമന്ദിരമായെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ടി. സിദ്ദീഖ് ആരോപിച്ചു.

കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ നിർമ്മാണത്തിലെ അപാകതകൾ കാരണം കെട്ടിടത്തിനുണ്ടായ ബലക്ഷയം, മാനദണ്ഡങ്ങളിൽ ഇളവ് നൽകി കെട്ടിടം കുറഞ്ഞ തുകക്ക് പാട്ടത്തിന് നൽകിയത് വഴിയുള്ള സാമ്പത്തിക നഷ്ടം എന്നിവ ചർച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.

സംസ്ഥാന സർക്കാറിനെ പണം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിക്കുന്നതെന്ന് ടി. സിദ്ദീഖ് ചൂണ്ടിക്കാട്ടി. 2011 മുതൽ 2013 വരെ മൂന്നു കോടി മാത്രമാണ് കെട്ടിടത്തിൽ നിന്ന് ലഭിച്ചത്. മന്ദിരം ഉപയോഗിക്കാൻ സാധിക്കാത്ത കൽ മന്ദിരമായി മാറി കഴിഞ്ഞു.

കെട്ടിടം അത്യാസന്ന നിലയിലാണെന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിലുണ്ട്. കെട്ടിടത്തിൽ കമ്പിയും സിമന്റുമില്ല. ടെൻണ്ടർ നടപടിയിൽ ഗുരുതര വീഴ്ചയാണ് സർക്കാറിന് സംഭവിച്ചത്. അലിഫ് ബിൽഡേഴ്‌സിന് ചുളുവിലക്കാണ് സർക്കാർ കെട്ടിടം വാടകക്ക് നൽകിയതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.

ടെർമിനൽ നിർമ്മാണത്തെക്കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ പ്രതികൾ ആരെന്ന് ബോധ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സഭയിൽ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ടെർമിനലാണിതെന്നും മന്ത്രി പറഞ്ഞു.

ആരെ ലക്ഷ്യമാക്കിയാണ് ഈ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നായിരുന്നു ഗതാഗത മന്ത്രിയുടെ മറുപടിയിലെ ആദ്യ ചോദ്യം. വി എസ് ശിവകുമാറും ആര്യാടൻ മുഹമ്മദും തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രിയായിരുന്ന സമയത്താണ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നത്. ജേക്കബ് തോമസും സെൻകുമാറും ഉഷാദേവിയുമാണ് അന്നത്തെ എം.ഡിമാർ. കെട്ടിടം മറ്റൊരു പാലാരിവട്ടമാണോ എന്ന് പരിശോധിച്ച് വരികയാണ്. യു ഡി എഫ് കാലത്ത് നിർമ്മിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്.

നിർമ്മാണ പിഴവിനെ കുറിച്ച് ഈ സർക്കാർ നിയോഗിച്ച വിജിലൻസ് സംഘം അന്വഷണം നടത്തുന്നുണ്ട്. രണ്ടാഴ്‌ച്ചക്കകം റിപ്പോർട്ട് ലഭിക്കും. തുടർ നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ ഉന്നംവച്ചായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ മറുപടി

കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള മദ്രാസ് ഐ ഐ ടി റിപ്പോർട്ട് അനുസരിച്ച് അറ്റകുറ്റപ്പണി നടത്തും. ഇതിനുള്ള ചെലവ് ഉത്തരവാദികളിൽ നിന്ന് ഈടാക്കും. വിദഗ്ധ സമിതിയേയും സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു മറുപടി പറഞ്ഞു.

കെഎസ്ആർടിസി എംപാനൽ ചെയ്ത ആർകിടെക്ടാണ് രൂപകൽപന ചെയ്തത്. പ്രതിമാസം 72 ലക്ഷം വാടകക്കാണ് വാണിജ്യ കരാർ ഉണ്ടാക്കിയത്. വിപണിമൂല്യം കുറഞ്ഞ സാഹചര്യത്തിൽ ഇത് ന്യായീകരിക്കാവുന്നതാണ്. നാല് ടെണ്ടറുകളിൽ ഏറ്റവും കൂടിയ തുകക്കാണ് വാടക കരാർ നൽകിയതെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സി തകരാനല്ല രക്ഷപ്പെടാനാണ് പോകുന്നത്. പ്രൊഫഷണലുകളെ വച്ച് ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകൾ തുടങ്ങി, ഗ്രാമ വണ്ടി പദ്ധതിയും തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം യു ഡി എഫ് ലക്ഷ്യം വച്ചത് കുറ്റവാളികളെ ആണെന്നായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ദിഖിന്റെ നിലപാട്. 74.79 കോടിക്ക് പൂർത്തിയായ പദ്ധതി വെറും കൽമന്ദിരമായി മാറി. ഐ ഐ ടി റിപോർട്ടിൽ ഗൗരവമായ കണ്ടെത്തലുകൾ ആണുള്ളത്. അലിഫ് ബിൽഡേഴ്‌സിന് ചുളുവിലക്ക് കെട്ടിടം സർക്കാർ കൊടുത്തു. 33 കോടി രൂപ ഇളവ് നൽകി. ഉടമകൾക്കെതിരെ പലയിടത്തും പൊലീസ് കേസുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു.

എന്താണ് അടിയന്തര പ്രാധാന്യമെന്ന് മന്ത്രിയുടെ ശബ്ദത്തിൽ നിന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 2008ലാണ് മുൻകൂർ നിർമ്മാണ അനുമതി കൊടുക്കുന്നത്. അത് പൂർണ്ണമായി കോർപ്പറേഷൻ നിഷേധിച്ചു. ഇത് കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിർമ്മാണത്തിന് തറക്കല്ലിടുന്നത്. 2007 ൽ നിർമ്മാണം തുടങ്ങി.

യു ഡി എഫ് അധികാരത്തിൽ വന്നപ്പോൾ കോഴിക്കോട് കോർപ്പറേഷൻ പണി നിർത്തിവയ്ക്കാൻ പറഞ്ഞു. പിന്നീട് അനുമതി വാങ്ങി പണി പൂർത്തിയാക്കി. പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത് മാത്രമാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു. വിരൽ ചൂണ്ടുന്നത് ആർക്ക് നേരെയെന്ന് വ്യക്തമാണ്. ബഹളം വച്ചതുകൊണ്ട് വായടിപ്പിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.

50 കേടി 17 കോടിയാക്കി കുറച്ചിട്ടും ആലിഫ് ബിൽഡേഴ്‌സ് ഇളവ് ചോദിക്കുന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കോഴിക്കോട് നഗരത്തിൽ നടന്നത് പകൽക്കൊള്ളയാണെന്നും കെഎസ്ആർടിസിയുടെ കോടികൾ വിലമതിക്കുന്ന ഭുമി നഷ്ടമാകുമെന്നും പ്രതിപക്ഷ നേതാവ് . ദുരൂഹത ഉള്ള ഇടപാടാണ് നടന്നിട്ടുള്ളതെന്നും ഒരു പാട് ഇടനിലക്കാർ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി. ഈ വിഷയത്തിന് അടിയന്തര പ്രാധാന്യം കാണുന്നില്ലെന്നായിരുന്നു അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടിയപ്പോൾ സ്പീക്കറുടെ നിലപാട്. എന്നാൽ പ്രതിപക്ഷ അവകാശം ആയതു കൊണ്ട് അനുവദിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP