Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതിക്കെതിരെയുള്ള പരാമർശങ്ങൾ അംഗീകരിക്കില്ലെന്നും വായിക്കില്ലെന്നും പറഞ്ഞ് സർക്കാരിന് ഗവർണ്ണർ കത്തു കൊടുത്തു; വായിച്ചില്ലെങ്കിലും എഴുതി കാണിക്കുമെന്ന് സർക്കാരും; ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഗവർണ്ണർ രാവിലെ സഭയിൽ എത്തും; 18-ാം ഖണ്ഡിക വിട്ടു കളയുമെന്ന് ഉറപ്പായെങ്കിലും എതിർ പരാമർശം നടത്തുമോ എന്നറിയാൻ കാതോർത്ത് കേരളം; നിയമസഭാ യോഗം ഇന്ന് ചേരുമ്പോൾ എങ്ങും കൗതുകം ബാക്കിയാവുന്നു  

പൗരത്വ ഭേദഗതിക്കെതിരെയുള്ള പരാമർശങ്ങൾ അംഗീകരിക്കില്ലെന്നും വായിക്കില്ലെന്നും പറഞ്ഞ് സർക്കാരിന് ഗവർണ്ണർ കത്തു കൊടുത്തു; വായിച്ചില്ലെങ്കിലും എഴുതി കാണിക്കുമെന്ന് സർക്കാരും; ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഗവർണ്ണർ രാവിലെ സഭയിൽ എത്തും; 18-ാം ഖണ്ഡിക വിട്ടു കളയുമെന്ന് ഉറപ്പായെങ്കിലും എതിർ പരാമർശം നടത്തുമോ എന്നറിയാൻ കാതോർത്ത് കേരളം; നിയമസഭാ യോഗം ഇന്ന് ചേരുമ്പോൾ എങ്ങും കൗതുകം ബാക്കിയാവുന്നു   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2020ലെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിന് വേണ്ടി കാതോർക്കുകയാണ് കേരളം. മുമ്പൊരിക്കിലും ഇല്ലാത്ത ആകാംഷ. നയപ്രഖ്യാപനപ്രസംഗം ബുധനാഴ്ച നിയമസഭയിൽ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നയപ്രഖ്യാപനത്തിലെ പൗരത്വ ഭേദഗതി നിമയവുമായി ബന്ധപ്പെട്ട വാചങ്ങൾ ഗവർണ്ണർ സഭയിൽ വായിക്കില്ല. എന്നാൽ ഇതിനെതിരെ സഭയിൽ പരസ്യമായി ഗവർണ്ണർ പ്രതികരണം നടത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. കടുത്ത വിയോജിപ്പിനിടേയും ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനാണ് ഗവർണ്ണർ നിയമസഭയിൽ എത്തുന്നത്.

നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല. അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനൽകി. സർക്കാരിന്റെ നിലപാടിനു വഴങ്ങില്ലെന്നു വ്യക്തമാക്കുന്നതാണ് പ്രസംഗത്തിന്റെ തലേന്നുള്ള ഗവർണറുടെ കത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഗവർണ്ണർ പ്രസംഗം വായിച്ചില്ലെങ്കിലും അത് സഭയ്ക്കുള്ളിൽ എഴുതികാണിക്കും. അതിനുള്ള സംവിധാനം ഇന്ന് നിയമസഭയിലുണ്ട്. ഇത് ഗവർണ്ണർക്കും അറിയാം. അതുകൊണ്ടാണ് ഇനി എന്താകും ഗവർണ്ണറുടെ നിലപാടെന്നത് ചർച്ചയാകുന്നത്. 18-ാം ഖണ്ഡിക വിട്ടു കളയുമെന്ന് ഉറപ്പായെങ്കിലും എതിർ പരാമർശം നടത്തുമോ എന്നറിയാൻ കാതോർക്കുകയാണ് കേരളം.

ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ച് എല്ലാവർഷവും സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം സർക്കാരിന്റെ നയങ്ങളും പരിപാടികളും സഭാംഗങ്ങളെ അറിയിക്കണമെന്നത് ഗവർണറുടെ ചുമതലയാണെന്ന് യൂണിയൻ ഓഫ് ഇന്ത്യയും ബസവയ്യ ചൗധരിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ വായിക്കേണ്ടത് നയപ്രഖ്യാപന രേഖയാണ്. പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്. പൗരത്വനിയമത്തെപ്പറ്റി പരാമർശിക്കുന്നത് കോടതിയലക്ഷ്യമല്ല. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണമെന്നാണ് നയപ്രഖ്യാപനത്തിൽ സർക്കാർ നിലപാട്. ഇതിനെ ചോദ്യം ചെയ്താണ് ഗവർണ്ണർ സർക്കാരിന് മറുപടി കത്ത് നൽകിയത്. ഇതിൽ തന്റെ നിലപാട് വിശദീകരിക്കുന്നുമുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ ഒരു വാക്ക് പോലും വായിക്കില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കുന്നുണ്ട്.

കോടതിവിധി ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതനുസരിച്ച് നയവും പരിപാടിയും സർക്കാരിന്റെ അഭിപ്രായവും തമ്മിൽ മുഖ്യമന്ത്രിതന്നെ കൂട്ടിക്കുഴയ്ക്കുന്നുവെന്നു വ്യക്തം. നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രംകോടതിയും പറഞ്ഞിട്ടില്ല. പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കാര്യനിർവഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരണം. നിയമസഭാ നടപടിക്രമങ്ങളുടെ 119-ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചർച്ചചെയ്യാൻ പാടില്ല. മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കിൽ ഗവർണർക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം. 163 (2) അനുച്ഛേദവും നബാം റേബിയ, ബമാങ് ഫെലിക്സ് എന്നിവരും അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും അതാണ് പറയുന്നതെന്ന് ഗവർണ്ണർ പറയുന്നു.

മുഖ്യമന്ത്രി നയവും പരിപാടിയും അഭിപ്രായവും കൂട്ടിക്കുഴയ്ക്കുന്നുവെന്ന് വാദിക്കുന്ന ഗവർണർ അദ്ദേഹത്തിനുള്ള കത്തിൽ ഓക്സ്ഫഡ് നിഘണ്ടുവിൽ നൽകിയിരിക്കുന്ന ഇവയുടെ അർഥങ്ങളും ചൂണ്ടിക്കാട്ടുന്നു. പോളിസി (നയം) എന്നാൽ കർമപദ്ധതി. പ്രോഗ്രാം (പരിപാടി) എന്നാൽ എന്തിന്റെയെങ്കിലും വികസനത്തിനായി ചെയ്യേണ്ട കാര്യങ്ങൾ. വ്യൂ (കാഴ്ചപ്പാട്) എന്നാൽ വ്യക്തിപരമായ അഭിപ്രായം. അതിനാൽ അഭിപ്രായത്തെ എത്ര വലിച്ചുനീട്ടിയാലും നയമോ പരിപാടിയോ ആവില്ല. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം സർക്കാരിന്റെ അഭിപ്രായ ംമാത്രമാണെന്ന് ഗവർണ്ണർ ഡിക്ഷണറിയുടെ സാധ്യത ഉപയോഗിച്ച് വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡിക ഗവർണർ വായിക്കില്ലെന്ന് ഉറപ്പായി. നയപ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടുകയാണ് ഗവർണർമാർ ചെയ്തിട്ടുള്ളത്. ആദ്യമായാണ് നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നയപ്രഖ്യാപനം ഭാഗികമായെങ്കിലും അംഗീകരിക്കില്ലെന്ന് ഗവർണർ നിലപാടെടുക്കുന്നത്.

ഗവർണ്ണർക്കെതിരെയുള്ള പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിൽ നയപ്രഖ്യാപന വേളയിൽ തന്നെ ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എതിർപ്പുയർത്തും. ഗവർണ്ണർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കറും വ്യക്തമാക്കി. പൗരത്വ നിയമ വിഷയത്തിൽ ഇടതുമുന്നണി നേടിയ മേൽക്കൈ മറികടക്കാൻ വേണ്ടിയാണ് ഗവർണ്ണർക്കെതിരായ എതിർപ്പ് ശക്തമാക്കാനുള്ള യു.ഡി.എഫ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ നിയമസഭയിൽ എത്തുമ്പോൾ തന്നെ പ്രതിഷേധം നടത്താനാണ് മുന്നണി നേതൃത്വത്തിന്റെ ആലോചന. രാവിലെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഗവർണ്ണറോട് സർക്കാരും എൽ.ഡി.എഫും മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആരോപണവും യു.ഡി.എഫ് ഇതിനകം ഉയർത്തിക്കഴിഞ്ഞു.

ഗവർണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തള്ളിക്കൊണ്ടുള്ള സർക്കാർ നിലപാടും രാഷ്ട്രീയ ആയുധമാക്കാനാണ് യു.ഡി.എഫ് നീക്കം. അവതരണാനുമതി നിഷേധിച്ചാൽ നിയമ നടപടികളികളിലേക്ക് പോകാനാണ് മുന്നണി തീരുമാനം. പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ സമ്മേളനത്തിനപ്പുറം ഈ ബജറ്റ് സമ്മേളനത്തെ അസാധാരണമാക്കുന്ന ഘടകങ്ങൾ അനവധിയാണ്. ഗവർണ്ണർ നിർദ്ദേശിച്ചിട്ടും പൗരത്വ നിയമത്തിനെതിരായ എതിർപ്പ് നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല . ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാൻ എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. വേണമെങ്കിൽ പല മുൻ ഗവർണ്ണർമാരും ചെയ്തപോലെ എതിർപ്പുള്ള ഭാഗം വായിക്കാതെ വിടാം. അതല്ല മുഴുവൻ ഭാഗവും വായിച്ച ശേഷം സ്പീക്കറെ എതിർപ്പ് അറിയിക്കുമോ അതോ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട് വിമർശനം ഉന്നയിക്കുമോ എന്നുള്ളതിൽ സർക്കാറിനും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്.

ഗവർണ്ണറോട് ഏറ്റുമുട്ടേണ്ടെന്നാണ് സർക്കാറിന്റെ നിലവിലെ നിലപാട്. അതേ സമയം ഗവർണ്ണറും സർക്കാറും തമ്മിൽ രഹസ്യബന്ധമെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ ആക്രമണം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ പ്രതിഷേധിക്കണോ വേണ്ടയോ എന്നതിൽ പ്രതിപക്ഷം അന്തിമതീരുമാനമെടുത്തിട്ടില്ല. നയപ്രഖ്യാപനം പിന്നിട്ടാൽ പിന്നെ പ്രധാനദിവസം വെള്ളിയാഴ്ച. ഗവർണ്ണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ നോട്ടീസിൽ കാര്യോപദേശക സമിതി അന്ന് തീരുമാനമെടുക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ്. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ വെച്ച ഗവർണ്ണറെ മറികടക്കാനുള്ള ബിൽ ആറിന് അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP