Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനം; വിഴിഞ്ഞവും കത്തും സർക്കാരിന് തലവേദന; പുറത്തെ സമവായത്തിന്റെ അന്തരീക്ഷത്തിനിടയിലും സമ്മേളനം പ്രക്ഷുബ്ദമാകും; ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എടുക്കുന്ന നിലപാടിലും ആകാംഷ; വീണ്ടും നിയമസഭ ചേരുമ്പോൾ

ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനം; വിഴിഞ്ഞവും കത്തും സർക്കാരിന് തലവേദന; പുറത്തെ സമവായത്തിന്റെ അന്തരീക്ഷത്തിനിടയിലും സമ്മേളനം പ്രക്ഷുബ്ദമാകും; ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എടുക്കുന്ന നിലപാടിലും ആകാംഷ; വീണ്ടും നിയമസഭ ചേരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞവും തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിലും സർക്കാർ അനുരഞ്ജന നീക്കങ്ങളിലാണ്. എന്നാൽ ഗവർണറുമായി ഒത്തുതീർപ്പില്ലെന്നു വ്യക്തമാക്കുന്ന നിയമനിർമ്മാണ നടപടികളുമായി നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. നഗരസഭയിലെ കത്ത് വിവാദത്തിൽ ഒത്തൂതീർപ്പിന് സർക്കാരും ശ്രമം നടത്തുന്നുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ കത്തുവിവാദത്തിൽ ഇന്നു മന്ത്രി വിളിച്ചു ചേർത്ത രാഷ്ട്രീയപാർട്ടികളുടെ യോഗവും വിഴിഞ്ഞം സമരത്തിൽ സർക്കാർ തലത്തിൽ തുടങ്ങിയ അനുനയനീക്കങ്ങളുടെ അന്തരീക്ഷവുമാണ് സഭയ്ക്കു പുറത്ത്. പക്ഷേ രണ്ടും സഭയിലും എത്തും.

ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന എ.എൻ.ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണിത്. ഭരണകക്ഷിയുടെ മുൻനിരയിലാണ് മുൻ സ്പീക്കറും മന്ത്രിയുമായ എം.ബി.രാജേഷിന്റെ സീറ്റ്. ഇന്നും നാളെയുമായി ഏഴു ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു സഭയിലെ കക്ഷി നേതാക്കളുടെ യോഗം ചേർന്ന് 7 മുതലുള്ള ദിവസങ്ങളിലെ നടപടിക്രമത്തിൽ ധാരണയിൽ എത്തും. 15 വരെയാണു സഭ സമ്മേളിക്കുക.

സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ അവതരിപ്പിക്കുന്നത് ഉൾപ്പെടെ ഉള്ള പ്രധാന നിയമ നിർമ്മാണങ്ങൾക്കാണു സഭ ചേരുന്നത്. സർവകലാശാല ഭരണത്തിൽ ഗവർണർ തുടർച്ചയായി ഇടപെട്ടതോടെയാണു ചാൻസലർ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണു സഭാ സമ്മേളനം വിളിച്ച് ബിൽ കൊണ്ടു വരാൻ തീരുമാനിച്ചത്. ഈ ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇല്ല. ബില്ലിൽ ലീഗ് ഉൾപ്പെടുന്ന പ്രതിപക്ഷത്തിന്റെ നിലപാട് നിർണ്ണായകമാകും.

തിരുവനന്തപുരം കോർപറേഷനിലെ ഉൾപ്പെടെ താൽക്കാലിക നിയമനങ്ങൾ, വിഴിഞ്ഞം സമരം, സിൽവർ ലൈൻ പദ്ധതി നടപടികളിൽ നിന്നുള്ള പിന്മാറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രതിപക്ഷം ഇത്തവണ ആയുധമാക്കും. ഒമ്പതുദിവസമാണ് സമ്മേളനം. 15-നു സമ്മേളനം അവസാനിപ്പിച്ച് അതിന്റെ തുടർച്ചയായി ജനുവരി പകുതിയോടെ വീണ്ടുംചേർന്ന് ബജറ്റ് അവതരിപ്പിക്കും. ജനുവരി 20-നാവും ബജറ്റ്. ജനുവരിയിലെ സമ്മേളനം ഡിസംബറിൽ തുടങ്ങിയതിന്റെ തുടർച്ചയാണെന്ന് വരുന്നതോടെ ഗവർണറുടെ നയപ്രഖ്യാപനം ഈ സമ്മേളനത്തിൽ ഉണ്ടാവില്ല. ഗവർണ്ണറെ സഭയിലേക്ക് ആനയിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മടികാരണമാണ് ഇത്. നയപ്രഖ്യാപനം നിശ്ചയിച്ചാൽ ഗവർണ്ണർ എത്താതിരിക്കാനും സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തന്ത്രം സർക്കാർ എടുത്തത്.

ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ നീക്കണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോൾ ഈ നിലപാടിൽ അല്ല. സർവകലാശാലകളിലെ സിപിഎമ്മിന്റെ പാർട്ടിബന്ധുനിയമനങ്ങളെ ചോദ്യംചെയ്തതും സർക്കാരിനെ നിരന്തരം വിമർശിക്കുന്നതുമാണ് ഗവർണറെ പ്രതിപക്ഷത്തിന് അഭികാമ്യനാക്കിയത്. പ്രിയാ വർഗ്ഗീസ് കേസിലെ വിധിയും സർക്കാരിന് തലവേദനയാണ്. അതുകൊണ്ട് തന്നെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള ബില്ലിനെ പ്രതിപക്ഷം എതിർക്കും. എന്നാൽ കോൺഗ്രസും ബിജെപി.യും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണറെ നീക്കിയത് ഉന്നയിച്ചാവും ഭരണപക്ഷത്തിന്റെ ചെറുത്തുനിൽപ്പ്. പക്ഷേ അതിവിടെ കോൺഗ്രസ് കാര്യമായി കാണില്ല.

വിഴിഞ്ഞം തുറമുഖത്തിനെതിരേ ലത്തീൻ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ തുടക്കം മുതൽ പ്രതിപക്ഷം പിന്തുണയ്ക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിൽ സർക്കാർ കാട്ടിയ വീഴ്ച കഴിഞ്ഞ സമ്മേളനത്തിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും മറ്റു തദ്ദേശസ്ഥാപനങ്ങളിലും സിപിഎം നടത്തുന്ന പാർട്ടി ബന്ധുനിയമനങ്ങളും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുമൊക്കെ പിണറായിക്ക് തിരിച്ചടിയാകും. ശശി തരൂർ കേരളരാഷ്ട്രീയത്തിൽ സജീവമായതോടെ കോൺഗ്രസിലുണ്ടായ അടിയൊഴുക്കുകൾ മാത്രമാണ് സിപിഎമ്മിനുള്ള പ്രതിരോധത്തിനുള്ള ഏക ആയുധം.

തന്റെ പ്രീതി നഷ്ടമായ ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ ഗവർണർ നൽകുന്നതും ഏറ്റുമുട്ടലിന്റെ സൂചനയാണ്. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്റെ ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. എന്നാൽ ഇതിനൊപ്പം ആഭ്യന്തര വകുപ്പ് അവതരണാനുമതി തേടിയ ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ബില്ല് അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. ഈ ബിൽ മുഖ്യമന്ത്രിയാണ് തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്.

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് ഈമാസം ഒന്നിനുചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിക്കാനായിരുന്നു നിയമഭേദഗതി. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലുകളായതിനാലാണ് ഗവർണറുടെ അനുമതി വേണ്ടത്. ഇരുബില്ലുകളും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ളതാണെന്നറിയിച്ച് ദൂതൻ വഴി സർക്കാർ രാജ്ഭവനിലെത്തിക്കുകയായിരുന്നു.

കൊച്ചിയിലായിരുന്ന ഗവർണറുടെ അനുമതി തേടി ബില്ലുകൾ ഓൺലൈനിൽ അയച്ചുകൊടുക്കുകയായിരുന്നു. രാത്രി ഒമ്പതോടെ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായമുയർത്താനുള്ള ബില്ലിൽ ഒപ്പിട്ടു. നികുതിവകുപ്പിന്റേത് മാറ്റിവച്ചു. ഭരണഘടനയുടെ 207(3) അനുച്ഛേദമനുസരിച്ചാണ് ഇത്തരം ബില്ലുകൾക്ക് ഗവർണറുടെ അനുമതി വേണ്ടത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മേലുള്ള തന്റെ പ്രീതി നഷ്ടമായെന്നും അദ്ദേഹത്തിനെതിരെ ഉചിതനടപടിയെടുക്കണമെന്നും ഗവർണർ ഒക്ടോബറിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാൽ രാജി വേണ്ടെന്നും ബാലഗോപാലിൽ തനിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചും കത്തു നൽകി.

ഒരു മന്ത്രിക്ക് മേൽ പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കി നടപടിയാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത് അപൂർവ്വ നീക്കമായിരിക്കെ തുടർചലനങ്ങളിൽ അന്നേ ആകാംക്ഷയുണ്ടായിരുന്നു. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ ഡിസംബറിൽ നിയമസഭ വിളിച്ചതുപോലും തിരിച്ചടി ഒഴിവാക്കാനുള്ള സർക്കാരിന്റെ തന്ത്രമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP