Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശരിക്കും പറയാൻ പാടില്ലാത്ത വാക്കെന്ന് പറഞ്ഞത് ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ; മൂന്ന് ദിവസം കഴിഞ്ഞ് സ്പീക്കർ എത്തിയപ്പോൾ മണിയെ തിരുത്തി റൂളിങും; തെറ്റായ ഒരു ആശയം മണിയുടെ വാക്കുകളിൽ അന്തർലീനമെന്ന് കടുപ്പിച്ചു പറഞ്ഞു; രമയെ അവഹേളിച്ച മണിയെ തിരുത്തിച്ച എം ബി രാജേഷിന്റെ നടപടിക്ക് സൈബറിടത്തിൽ കൈയടി

ശരിക്കും പറയാൻ പാടില്ലാത്ത വാക്കെന്ന് പറഞ്ഞത് ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ;  മൂന്ന് ദിവസം കഴിഞ്ഞ് സ്പീക്കർ എത്തിയപ്പോൾ മണിയെ തിരുത്തി റൂളിങും; തെറ്റായ ഒരു ആശയം മണിയുടെ വാക്കുകളിൽ അന്തർലീനമെന്ന് കടുപ്പിച്ചു പറഞ്ഞു; രമയെ അവഹേളിച്ച മണിയെ തിരുത്തിച്ച എം ബി രാജേഷിന്റെ നടപടിക്ക് സൈബറിടത്തിൽ കൈയടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമർശത്തെ വൈകിയെങ്കിലും സ്പീക്കർ എം ബി രാജേഷ് തിരുത്തുകയാണ്. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ ഇടംപിടിക്കാൻ രമയെ അവഹേളിക്കുന്ന നിലപാട് സ്വീകരിച്ച മണിയെ രാജേഷ് തിരുത്തിയെന്നത് പൊതുവിൽ എല്ലാവർക്കും സ്വീകാര്യമായ നടപടിയായി മാറുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രി അടക്കം സഭയിൽ പരാമർശത്തെ ന്യായീകരിച്ചിടത്തു നിന്നുമാണ് സ്പീക്കർ എം ബി രാജേഷ് മണിയെ തിരുത്തിയത്. കാലത്തിന് അനുസരിച്ച് മാറാത്ത നേതാവിനെ തിരുത്തേണ്ടത് അനിവാര്യമാണെന്ന് തെളിയിക്കുകയായിരുന്നു രാജേഷിന്റെ ഇടപെടൽ.

കെ കെ രമക്കെതിരായ എം എം മണിയുടെ പരാമർശത്തെ ശക്തമായ ഭാഷയിലാണ് സ്പീക്കർ തള്ളിപ്പറഞ്ഞത്. മണി പറഞ്ഞത് തെറ്റായ പരാമർശമെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു. രമയ്‌ക്കെതിരായ മണിയുടെ പരാമർശം അനുചിതവും അസ്വീകാര്യവുമാണ്. മണി അനുചിതമായ പ്രയോഗം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കർ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മണി മാപ്പു പറഞ്ഞതും.

വിവാദമായ പരാമർശം സഭയിൽ പറഞ്ഞപ്പോൾ ആദ്യം ഇടപെടൽ അവിചാരിതമായി നടത്തിയത് ചെയറിൽ ഉണ്ടായിരുന്ന ഇ കെ വിജയനായിരുന്നു. രമയ്‌ക്കെതിരെ എം എം മണി നിയമസഭയിൽ നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതെന്ന് ആ സമയം സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ എംഎൽഎ പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് ഭരണപക്ഷത്തിന് ഈ വിഷയത്തിൽ കാര്യങ്ങൾ കൈവിട്ടത്. എം എം മണിയുടെ പരാമർശം വിവാദമാകുകയും പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥനോട് ഇ കെ വിജയൻ ഇങ്ങനെ പറഞ്ഞത്.

സ്പീക്കർ സഭാ ഹാളിന് പുറത്തേക്കു പോയപ്പോഴാണ് ഇ കെ വിജയനെ ചുമതല ഏൽപിച്ചത്. സ്പീക്കർ പാനലിലുള്ളയാളാണ് ഇ കെ വിജയൻ. 'ശരിക്കും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കർ ഉടനെ വരുമോ?' - സമീപത്തു നിൽക്കുന്ന ഉദ്യോഗസ്ഥനോട് ഇ കെ വിജയൻ ഇപ്രകാരം ചോദിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിന്തുണക്കുക കൂടി ചെയ്തതോടെ മണി സിപിഐ നേതാവ് ആനി രാജയെ അടക്കം തള്ളിപ്പറഞ്ഞു. അവരെ അവഹേളിക്കുന്ന വിധത്തിലായിരുന്നു പിന്നീട് പുറത്തു പറഞ്ഞതും. മാപ്പു പറയാൻ തയ്യാറാകുകയും ചെയ്തില്ല.

അതേമയം വിഷയത്തിൽ തീരുമാനം എടുക്കാൻ എം ബി രാജേഷിന സാധിക്കാതെ പോയത് അദ്ദേഹം അസുഖ ബാധിതനായതു കൊണ്ടായിരുന്നു. ഇന്ന് സഭയിൽ എത്തിയപ്പോൾ തന്ന മണിയുടെ വിഷയത്തിൽ രാജേഷ് തീരുമാനം എടുത്തിരുന്നു. ഈ വിഷയത്തിൽ സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനവും മണിക്ക് എതിരായിരുന്നു. ശക്തമായ വാക്കുകളിലായിരുന്നു സ്പീക്കർ വിഷയത്തിൽ റൂളിങ് നടത്തിയത്.

എം ബി രാജേഷിന്റെ വാക്കുകൾ ഇങ്ങനെ:

സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്തതെന്ന് പൊതുവിൽ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അൺപാർലമെന്ററി ആയ അത്തരം വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും ചില വാക്കുകൾ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെകാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അർത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അർത്ഥമാകണമെന്നില്ല. വാക്കുകൾ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുഗദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാർവത്രികമായി പ്രയോഗിച്ചിരുന്ന പഴഞ്ചൊല്ലുകൾ, തമാശകൾ, പ്രാദേശിക വായ്‌മൊഴികൾ എന്നിവ ഇന്ന് ഉപയോഗിച്ച് കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, ചെയ്യുന്ന തൊഴിൽ, പരിമിതകൾ, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്തകൾ എന്നിവയെ മുൻനിർത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്തഘോഷണങ്ങൾ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കുന്നത്. അവയെല്ലാം സാമൂഹിക വളർച്ചയ്ക്കും ജനാധിപത്യബോധത്തിന്റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളർന്നുവരുന്നുണ്ട്. സ്ത്രീകൾ, ട്രാൻസ്‌ജെന്ററുകൾ, അംഗപരിമിതിർ, പാർശ്വവത്കൃത ജനവിഭാഗങ്ങൾ എന്നിവരെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്. എന്നാൽ ജനപ്രതിനിധികളിൽ പലർക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓർക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തിൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവണം. വാക്കുകൾ വിലക്കാനും നിരോധിക്കാനുമുള്ള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേൽപ്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്. മുകളിൽ പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ മണിയുടെ പ്രസംഗത്തിൽ തെറ്റായ ഒരു ആശയം അന്തർലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം.

അത് പുരോഗമനപരമായ മൂല്യബോധവുമായി ചേർന്ന് പോകുന്നതല്ല. ചെയർ നേരത്തേ വ്യക്തമാക്കിയത് പോലെ പ്രത്യക്ഷത്തിൽ അൺപാർലമെന്ററിയായ പരാമർശങ്ങൾ ചെയർ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിൻവലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയിൽത്തന്നെ ശ്രീ. എം. വിൻസെന്റ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തിൽ ജമീല ക്രമപ്രശ്‌നം ഉന്നയിച്ചതിനെ തുടർന്ന് ശ്രീ. വിൻസെന്റ് സ്വയം അതു പിൻവലിച്ച അനുഭവമുണ്ട്. മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അനുചിതമായ പ്രയോഗം പിൻവലിക്കുമെന്ന് ചെയർ പ്രതീക്ഷിക്കുന്നു.

എംഎം മണി പറഞ്ഞത്

സ്പീക്കർ നടത്തിയ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. ജൂലായ് 14ന് നടത്തിയ പ്രസംഗത്തിൽ തന്നെ ഉദ്ദേശശുദ്ധി വ്യക്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ബഹളത്തിൽ അത് മുങ്ങിപ്പോയി. ആരേയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ വിധി എന്ന് പറയാൻ പാടില്ലായിരുന്നു. അതുകൊണ്ട് ഈ പരാമർശം ഞാൻ പിൻവലിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP