Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ആദ്യം കേരളം.. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രസർക്കാറിനോട് കേരളാ നിയമസഭ; പ്രമേയം പാസാക്കിയത് ബിജെപി അംഗം ഒ രാജഗോപാലിന്റെ എതിർപ്പോടെ; ഇതര സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകൾക്ക് മാതൃകയായ നടപടിയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ; പൗരത്വം നൽകുന്നതിൽ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ലെന്ന് മുഖ്യമന്ത്രി; ഭൂരിപക്ഷം വച്ച് നാളെ കേരളത്തേയും വെട്ടിമുറിക്കില്ലേ എന്നു ചെന്നിത്തല; ലീഗുകാർ പാക്കിസ്ഥാൻകാരെന്ന് പറയുന്ന ബിജെപിക്ക് മുമ്പിൽ തലകുനിക്കില്ലെന്ന് എം കെ മുനീർ

ഇന്ത്യയിൽ ആദ്യം കേരളം.. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രസർക്കാറിനോട് കേരളാ നിയമസഭ; പ്രമേയം പാസാക്കിയത് ബിജെപി അംഗം ഒ രാജഗോപാലിന്റെ എതിർപ്പോടെ;  ഇതര സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകൾക്ക് മാതൃകയായ നടപടിയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ; പൗരത്വം നൽകുന്നതിൽ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ലെന്ന് മുഖ്യമന്ത്രി; ഭൂരിപക്ഷം വച്ച് നാളെ കേരളത്തേയും വെട്ടിമുറിക്കില്ലേ എന്നു ചെന്നിത്തല; ലീഗുകാർ പാക്കിസ്ഥാൻകാരെന്ന് പറയുന്ന ബിജെപിക്ക് മുമ്പിൽ തലകുനിക്കില്ലെന്ന് എം കെ മുനീർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിയമം പാസാക്കി കേരളാ നിയമസഭ. പ്രമേയം പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സർക്കാർ പ്രമേയമായിട്ടായിരുന്നു അവതരണം. കോൺഗ്രസ് എംഎൽഎ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതേ വിഷയത്തിൽ സർക്കാർ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാൽ അനുമതി നൽകിയില്ല. ബിജെപി. എംഎൽഎ ഒ.രാജഗോപാൽ ഒഴികെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.

മൂന്ന് സുപ്രധാന പ്രമേയങ്ങളാണ് നിയമസഭ ചൊവ്വാഴ്ച പാസാക്കിയതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകൾക്ക് മാതൃകയാകുന്ന നടപടിയാണിതെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നാടിന്റെ സംസ്‌കാരത്തിന്റെ അന്തസത്തക്ക് ഇടിവേൽക്കുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കും എന്നതിനുള്ള ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയമെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കേരള നിയമസഭയുടെ അന്തസുയർത്തിയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്നും സ്പീക്കർ പറഞ്ഞു.

ദശാവതാരത്തിലെ ഹിരണ്യകശിപുവിനെ അനുഭവമാണ് ഓർമ്മവന്നത്. ഹിരണ്യകശിപുവിന്റെ ആക്രോശങ്ങളും നാടും നഗരവും അടക്കി വാണുകൊണ്ടുള്ള ധിക്കാരങ്ങളുമായിരുന്നില്ല , മറിച്ച് പ്രഹ്ലാദന്റെ വിനയപൂർവ്വമായുള്ള നിശ്ചയദാർഢ്യമാണ് നരസിംഹത്തിന് കാരണമായത്. കേരളം പ്രഹ്ലാദന്റെ റോളിൽ ശക്തമായ നിലപാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്നും സ്പീക്കർ നിയമസഭയിൽ പറഞ്ഞു. വൈവിധ്യമാർന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടേയും ശക്തിയും ഓജസും ഉയർത്തിപ്പിടിക്കുന്ന മൂന്ന് പ്രമേയങ്ങളാണ് സഭ ഇന്ന് പാസാക്കിയതെന്നും ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇതര ജനപ്രതിനിധി സഭകൾക്കും കേരളം മാതൃകയാണ്. സഭാ ടിവി വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രമേയ അവതരണത്തിന്റെ വിശദാംശങ്ങൾ എത്തിക്കാൻ നടപടി എടുക്കുമെന്നും സ്പീക്കർ അറിയിച്ചു.

അതേസമയം പൗരത്വം നൽകുന്നതിൽ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തിൽ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മത-രാഷ്ട്ര സമീപനമാണ് അതിൽ ഉൾചേർന്നിരിക്കുന്നത്.

ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്ന് വരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.

ഭൂരിപക്ഷം വച്ച് നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ എന്നു ചെന്നിത്തല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭേദഗതി നിയമത്തെ എതിർത്ത് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പൂർണ്ണ പിന്തുണ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശീയ ജനസഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള ജനസഖ്യ കണക്കെടുപ്പ് ഭയപ്പെടുത്തുന്നതാണ്. ചോദ്യാവലിയിൽ വന്ന മാറ്റമാണ് ഭയപ്പെടുത്തുന്നത്. ഇത് എൻ ആർ സി യിലേക്കുള്ള വഴിയാണ്. ഇതിനെ ശക്തമായി എതിർക്കണം വിശദമായ പഠനം ഇക്കാര്യത്തിൽ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനസംഖ്യാ രജിസ്റ്ററിനെ എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു, സംസ്ഥാനത്തിന്റെ സഹായമില്ലാതെ കേന്ദ്രത്തിന് സെൻസസ് നടപ്പാക്കാൻ കഴിയില്ല. സെൻസസിൽ നിന്ന് പിന്മാറാൻ സർക്കാർ തയ്യാറാകണം. ഭൂരിപക്ഷം വച്ച് കേന്ദ്രസർക്കാർ നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി സമ്മതിച്ചു. കേരളത്തിലെ ജനം ഒരുമിച്ച് നിൽക്കുന്നു എന്ന സന്ദേശമാണ് അത് രാജ്യമൊട്ടാകെ നടക്കുന്നത്. സർവകക്ഷി നിവേദക സംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ സംസ്ഥാന സർക്കാർ കക്ഷിചേരണമെന്ന ആവശ്യവും രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളോടുള്ള ശക്തമായ വിയോജിപ്പും രമേശ് ചെന്നിത്തല നിയമസഭയിൽ രേഖപ്പെടുത്തി.

ഇന്നലെകളിലെ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കാൻ ഗവർണർ കഴിയണം. പദവിയുടെ ഔന്നത്യം മനസിലാക്കി വേണം ഗവർണർ പ്രവർത്തിക്കാനെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ ഓർമ്മിപ്പിച്ചു. എല്ലാം ഹിന്ദുക്കൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമം അറബിക്കടിലാണെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് ഏക ബിജെപി അംഗം ഒ. രാജഗോപാൽ പ്രമേയത്തെ എതിർത്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നിർത്തിവെക്കണമെന്ന പ്രമേയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും കത്ത് നൽകിയിരുന്നു. ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് നിയമസഭ ചേരണമെന്ന നിർദ്ദേശം ഉയർന്നത്. തുടർന്ന്, അടിയന്തര മന്ത്രിസഭ ചേർന്ന് ഗവർണർക്ക് ശിപാർശ നൽകുകയായിരുന്നു.

രാജ്യത്ത് മനുസ്മൃതി നടപ്പാക്കാൻ ശ്രമമെന്ന് എം.കെ മുനീർ

പൗരത്വ ഭേദഗതി നിയമം മുസ് ലിംകളുടെ മാത്രം പ്രശ്‌നമല്ലെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ. മുനീർ. ഇത് വരുംനാളുകളിൽ ദലിതുകൾ, ക്രിസ്ത്യാനികൾ, മൂന്നാംലിംഗക്കാർ അടക്കമുള്ളവരുടെ പ്രശ്‌നം കൂടിയാവും. കൂടാതെ, നായർ, ഈഴവൻ എന്നിവരെയും പ്രതികൂലമായി ബാധിക്കും. മനുസ്മൃതിയാണ് ആർ.എസ്.എസിന്റെ ഭരണഘടന. രാജ്യത്തെ ഭരണഘടന മാറ്റി മനുസ്മൃതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മറ്റ് വിഭാഗങ്ങൾ ഒരു പ്രശ്‌നമല്ലെന്നും മുനീർ ചൂണ്ടിക്കാട്ടി.

അടിവേരുകളോളം അഭിപ്രായ വ്യത്യാസമുള്ള സംസ്‌കാരങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് ആർഎസ്എസ് നേതാവ് ഗോൾവാർക്കർ പറഞ്ഞിട്ടുണ്ട്. ജർമനിയിൽ നിന്ന് പാഠം പഠിക്കണമെന്നും ഹിന്ദുവല്ലാത്തവർക്ക് യാതൊരു ആനുകൂല്യവുമില്ലാതെ ഇന്ത്യയിൽ ജീവിക്കാമെന്നും ഗോൾവാർക്കർ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അന്തസില്ലാതെ ജീവച്ഛവങ്ങളെ പോലെ നിരവധി ആളുകൾ ഗുജറാത്തിൽ കഴിയുന്നുണ്ട്. മതിൽകെട്ടിയാണ് ഇത്തരക്കാരെ വേർതിരിച്ചിരിക്കുന്നതെന്നും മുനീർ പറഞ്ഞു.

ദേശീയതയെ കുറിച്ച് സംസാരിക്കുന്ന സംഘ്പരിവാർ, ദേശീയ പതാകയെ മാനിക്കാൻ തുടങ്ങിയത് 2001ന് ശേഷമാണ്. അതുവരെ കാവി പതാകയാണ് ഉപയോഗിച്ചിരുന്നത്. 1947ൽ ജവഹർ ലാൽ നെഹ് റു ദേശീയപതാക ഉയർത്തുമ്പോൾ നാഗ്പൂരിൽ നാഥുറാം ഗോദ്‌സെ അടക്കമുള്ളവർ കാവി പതാക ഉയർത്തിയ സാഹചര്യം രാജ്യത്തുണ്ട്. അത്തരക്കാരാണ് ഇന്ത്യയിലെ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്നത്. നരേന്ദ്ര മോദി ദേശീയത പഠിപ്പിക്കാൻ വരുന്നു. പൗരത്വ രേഖ ചോദിക്കുന്നത് മുമ്പ് മോദി ഇന്ത്യയുടെ ചരിത്രം പഠിക്കട്ടെയെന്നും മുനീർ പറഞ്ഞു. ഹരിത പതാക ഉയർത്തുന്ന മുസ് ലിം ലീഗുകാർ പാക്കിസ്ഥാൻകാരാണെന്ന് പറയുന്ന ബിജെപി നിലപാടിന് മുമ്പിൽ തല കുനിക്കില്ലെന്നും മുനീർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP