Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വനിയമ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതും ഭരണഘടനാ വിരുദ്ധവും; പ്രവാസികൾക്ക് ഇടയിലും നിയമം ആശങ്ക ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു പിണറായി വിജയൻ; കേന്ദ്ര വിജ്ഞാപനം തടയണമെന്ന പ്രതിപക്ഷ ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തിയില്ല; പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് എതിർപ്പുമായി ബിജെപി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു സംസ്ഥാനം പ്രമേയം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യം

പൗരത്വനിയമ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതും ഭരണഘടനാ വിരുദ്ധവും; പ്രവാസികൾക്ക് ഇടയിലും നിയമം ആശങ്ക ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു പിണറായി വിജയൻ; കേന്ദ്ര വിജ്ഞാപനം തടയണമെന്ന പ്രതിപക്ഷ ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തിയില്ല; പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് എതിർപ്പുമായി ബിജെപി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു സംസ്ഥാനം പ്രമേയം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ ഒരുങ്ങി കേരളാ നിയമസഭ. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. പ്രധാന അജണ്ടയ്ക്ക് പുറമേ മറ്റു അജൻഡയായി ഈ വിഷയം പരിഗണിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിർമ്മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്.

നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പൗരത്വനിയമ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് ഇടയിലും നിയമം ആശങ്ക ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. രണ്ടുമണിക്കൂർ ചർച്ചയ്ക്കുശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും.

ഈ വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനം തടയണം എന്ന പ്രതിപക്ഷ ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എൽ.ഡി.എഫിനും യു.ഡി.എഫിനും യോജിപ്പായതിനാൽ പ്രമേയം പാസാക്കുന്നതിനു മറ്റു തടസ്സങ്ങളുണ്ടാവില്ല. എതിർക്കാൻ ബിജെപി.ക്ക് സഭയിൽ ഒരംഗമേയുള്ളൂ. ബിജെപി അംഗം ഒ.രാജഗോപാൽ സഭയിലുണ്ടെങ്കിൽ ഒരംഗത്തിന്റെ എതിർപ്പോടെ പ്രമേയം പാസാകും. അതേസമയം, പ്രമേയം പാസാക്കിയാൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭയിലെയും നിയമസഭകളിലെയും പട്ടികജാതി-വർഗ സംവരണം പത്തുവർഷംകൂടി നീട്ടാനുള്ള ഭരണഘടനാ ഭേദഗതി നിയമം അംഗീകരിക്കുന്നതാണ് അജൻഡയായി ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ അറിയിച്ചിട്ടുള്ളത്. ഇതിനുപുറമേ കേന്ദ്രം ഒഴിവാക്കിയ ആംഗ്ലോ ഇന്ത്യൻ സംവരണം തുടരണമെന്ന പ്രമേയവും പാസാക്കും. അതിനുശേഷമായിരിക്കും പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ചർച്ചയ്ക്കെടുക്കുക.

പട്ടികജാതി/വർഗ സംവരണം 10 വർഷത്തേക്കു നീട്ടാനുള്ള പ്രമേയം വായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ ബിജെപി അംഗം ഒ. രാജഗോപാൽ എതിർത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയമാണെന്നു കരുതിയാണു രാജഗോപാൽ എഴുന്നേൽക്കുകയും എതിർക്കുകയും ചെയ്തത്.

ഈ വിഷയം ചർച്ച ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും ഭരണഘടനയ്ക്കു യോജിച്ചതല്ലെന്നുമായിരുന്നു രാജഗോപാൽ പറഞ്ഞത്. എന്നാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. 'ഇതു വേറൊരു കാര്യമാണ്. അങ്ങ് മനസ്സിലാക്കിയിട്ടില്ല. ദയവായി ഇരിക്കൂ. അങ്ങ് ഉദ്ദേശിച്ചതുപോലല്ല, അങ്ങ് പറഞ്ഞതുപോലല്ല. സ്റ്റാറ്റിയൂട്ടറിയായി ചെയ്യേണ്ട കാര്യമാണ്,' സ്പീക്കർ പറഞ്ഞു.

പ്രമേയത്തിൽ പറഞ്ഞിരിക്കുന്ന പ്രസക്തഭാഗങ്ങൾ:

'മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ, മതരാഷ്ട്ര സമീപനമാണ് ഇതിൽ ഉൾച്ചേർന്നിരിക്കുന്നത്. ഇതു ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ല. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കപ്പെടുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദർഭമാണിത്.

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവെയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ 2019-ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ നിയമസഭ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP