Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോപണ പ്രത്യാരോപണങ്ങളിൽ പ്രത്യേക സഭാ സമ്മേളനവും മുങ്ങിയപ്പോൾ നവകേരള നിർമ്മാണത്തെ ക്രിയാത്മക ചർച്ചകൾ ഒന്നുമില്ല; മുഖ്യമന്ത്രിയെ 'നേരിട്ടു' എന്ന ആത്മവിശ്വാസത്തിൽ പ്രതിപക്ഷവും 'കുറിക്കു കൊള്ളുന്ന' മറുപടി നൽകിയെന്ന് പറഞ്ഞ് ഭരണപക്ഷവും പിരിഞ്ഞു; സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും; കേന്ദ്രസഹായം നേടുന്നതിൽ അടക്കം ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ പ്രമേയം പാസാക്കി സഭ പിരിഞ്ഞു

ആരോപണ പ്രത്യാരോപണങ്ങളിൽ പ്രത്യേക സഭാ സമ്മേളനവും മുങ്ങിയപ്പോൾ നവകേരള നിർമ്മാണത്തെ ക്രിയാത്മക ചർച്ചകൾ ഒന്നുമില്ല; മുഖ്യമന്ത്രിയെ 'നേരിട്ടു' എന്ന ആത്മവിശ്വാസത്തിൽ പ്രതിപക്ഷവും 'കുറിക്കു കൊള്ളുന്ന' മറുപടി നൽകിയെന്ന് പറഞ്ഞ് ഭരണപക്ഷവും പിരിഞ്ഞു; സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും; കേന്ദ്രസഹായം നേടുന്നതിൽ അടക്കം ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ പ്രമേയം പാസാക്കി സഭ പിരിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ പുനർനിർമ്മിക്കുന്നതിനായി വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനം പ്രതിപക്ഷ-ഭരണപക്ഷ ആരോപണത്തിൽ മുങ്ങി. മുഖ്യമന്ത്രിയെയും വീഴ്‌ച്ച വരുത്തിയ വകുപ്പുകളെയും ലക്ഷ്യമിട്ട് പ്രതിപക്ഷവും ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും രംഗത്തെത്തിയപ്പോൾ നവകേരള നിർമ്മാണത്തെ കുറിച്ചുള്ള ക്രിയാത്മക ചർച്ചകൾ ഒന്നും തന്നെ നടന്നില്ല. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയെന്ന് പറഞ്ഞ് പ്രതിപക്ഷവും ചെന്നിത്തലയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയെന്ന് പറഞ്ഞ് ഭരണപക്ഷവും ആശ്വസിച്ച് മടങ്ങുന്ന കാഴ്‌ച്ചയാണ് ഇന്ന് സഭയിൽ കണ്ടത്.

നവകേരള പുനർനിർമ്മാണം എങ്ങനെയാകണം എന്നകാര്യത്തിൽ ക്രിയാത്മക ചർച്ചകളൊന്നും തന്നെ സമ്മേളനത്തിൽ ഉണ്ടായില്ല. മനുഷ്യ നിർമ്മിത പ്രളയമാണ് കേരളത്തിൽ ഉണ്ടായതെന്നും ഡാം മാനേജ്‌മെന്റിന്റെ വീഴ്‌ച്ചയാണ് എല്ലാപ്രശ്‌നങ്ങൾക്കും കാരണമെന്ന് പറഞ്ഞ് സർക്കാറിനെതിരെ ശക്തമായി സംസാരിച്ചത് ചെന്നിത്തലയും വി ഡി സതീശനുമായിരുന്നു. ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളിൽ സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇന്ന് സഭയിൽ ആവർത്തിച്ചപ്പോൾ ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ചുണ്ടായ വീഴ്‌ച്ചകളിൽ ഊന്നിയാണ് സംസാരിച്ചത്. ഓഖി ഫണ്ട് സംബന്ധിച്ച ചർച്ചകളും സഭയിൽ ഉണ്ടായി.

നവകേരള നിർമ്മാണത്തിൽ പരിസ്ഥിതിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് വി എസ് അച്യുതാനന്ദൻ ചൂണ്ടിക്കാട്ടുകയും പി കെ ബഷീർ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തത് ഒഴിച്ചാൽ കാര്യമായ ചർച്ചകളൊന്നും ഉണ്ടായില്ല. പുനിർമ്മാണത്തിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കാണിച്ച് പ്രമേയം പാസാക്കിയ ശേഷം പിരിയുകയായിരുന്നു സർക്കാർ. അതിനിടെ ചർച്ചകൾക്ക് മറുപടി പറയവേ മുഖ്യമന്ത്രി പിറണായി വിജയൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെതിരെ രംഗത്തുവന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങളിൽ ന്യൂനതകളുണ്ടായതായി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. അത് സംസ്ഥാനത്ത് ഗണ്യമായ പ്രശ്‌നങ്ങൾക്ക് വഴിവെച്ചു. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിലും കൂടുതൽ മഴ കിട്ടി. ഓഗസ്റ്റ് 9 മുതൽ 15 വരെ 9.85 സന്റെീ മീറ്റർ മഴയാണ് പ്രവചിച്ചത്. എന്നാൽ, ഇക്കാലയളവിൽ 35.22 സന്റെീ മീറ്റർ മഴ ലഭിച്ചുവെന്ന് പിണറായി പറഞ്ഞു. ഓഗസ്റ്റ് 1 മുൽ 19 വരെ 362 ശതമാനം അധിക മഴ ലഭിച്ചു. അപ്രതീക്ഷിത മഴയുടെ സൂചന ലഭിച്ചില്ല ഇടുക്കിയിൽ 568 ശതമാനം അധികം മഴ ലഭിച്ചുവെന്നും പിണറായി വ്യക്തമാക്കി.

കേരളത്തിന്റെ പുനർനിർമ്മാണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് നിയമസഭയിൽ നടന്ന ചർച്ചയിൽ ഉണ്ടായില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടന്നില്ല. മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശങ്ങളിൽ നിർമ്മാണം പറ്റുമോ എന്നത് പ്രശ്‌നമാണ്. പുനർനിർമ്മാണം വൈകുന്നത് ജനജീവിതത്തിന് തടസമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. പുനരധിവാസത്തിന് അന്താരാഷ്ട്ര വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാമെന്നും പിണറായി വ്യക്തമാക്കി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നത് പരിഗണിക്കുമെന്നും പിണറായി അറിയിച്ചു.

ഇടുക്കി അണക്കെട്ടിൽ ഷട്ടർ തുറക്കാവുന്ന ഏറ്റവും കുറഞ്ഞ ഉയരം 2373 അടിയാണ്. ആദ്യമായി ഈ ലെവലിൽ വെള്ളമെത്തുന്നത് ജൂലായ് 17-നാണ് .അതുകൊണ്ടു തന്നെ വെള്ളം തുറന്ന് വിടുന്നുണ്ടെങ്കിലും ജൂലായ് 17-നെ കഴിയുമായിരുന്നുള്ളു. ഓഗസ്റ്റ് ഒന്നുമുതൽ ഏഴുവരെയുള്ള ഘട്ടത്തിൽ സാധാരാണ പ്രതീക്ഷിക്കുന്നതിൽ നിന്നും 38 ശതമാനം കുറവായിരുന്നു മഴ ലഭിച്ചത്. പിന്നീട് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് വലിയ മഴ പെയ്യുകയായിരുന്നു. ഓഗസ്റ്റ് 13 മുതൽ 19 വരെ 362 ശതമാനം അധികമാണ് കേരളത്തിൽ മഴ ലഭിച്ചത്. ഇടുക്കിയിലത് 568 ശതമാനം അധികമായിരുന്നു ഈ കാലയളവിൽ. ഈ കാലഘട്ടത്തിൽ അപ്രതീക്ഷിത മഴ ലഭിക്കുന്ന ഒരു സൂചനയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ നിന്നുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതോണി ഡാം തുറന്നത് വേലിയിറക്കം പരിഗണിക്കാതെയാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതീവ ഗൗരവപരമായ ചർച്ചയാണ് ഇന്ന് സഭയിൽ നടന്നത്. ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനം. പുനർനിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളിലേക്ക് ഇന്നത്തെ ചർച്ച നടന്നില്ല എന്നത് ദൗർബല്യം. സാമ്പത്തികം എങ്ങനെ സ്വരൂപിക്കാം എന്നകാര്യത്തിൽ ഒരു നിർദേശവും ഉയർന്നുവന്നില്ല-മുഖ്യമന്ത്രി പറഞ്ഞു

ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ ഇനിയും താമസം വേണോ എന്ന കാര്യത്തിൽ പുനരാലോചന വേണ്ടതുണ്ട്. ഉരുൾപൊട്ടൽ പ്രദേശങ്ങളെ കുറിച്ച് ശാസ്ത്രീയ അന്വേഷണം വേണം. അവിടുത്തെ നിർമ്മാണപ്രവർത്തനങ്ങൾ പ്രോത്സാഹനം തടയുന്നത് പരിഗണിക്കും. നമ്മുടെ നാടിന് ഗുണകരമാകുന്ന എല്ലാ ഉപദേശങ്ങളും സ്വീകരിക്കും. റിസർവോയർ പരിപാലന പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടത്തും. കനത്ത മഴകളെ അതിജീവിക്കാൻ സാധിക്കുന്ന റോഡുകൾ കൂടുതൽ ഇടങ്ങളിലേക്ക് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ കൃഷി അനുവദിക്കും, താമസം വേണമോ എന്ന കാര്യത്തിലാണ് ആലോചന നടത്തുന്നത്. എന്നാൽ ഇടുക്കി മുഴുവൻ ഉരുൾപൊട്ടലുകളാണെന്നും അവരെല്ലാം പുറത്ത് പോണോയെന്നും കെ.എം.മാണി ഇതിനോട് പ്രതികരിച്ചു. എന്നാൽ താഴ്ന്ന രീതിയിലാണ് മാണി കാര്യങ്ങൾ കാണുന്നതെന്നും ആടിനെ പട്ടിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ജനങ്ങളെ കൊലക്ക് കൊടുക്കാൻ പറ്റില്ല, അതിന് വേണ്ടിയുള്ള പഠനം നടത്തമെന്നാണ് ഞാൻ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞ്.

റവന്യൂ വകുപ്പ് പുറത്തിറക്കിയ സർക്കുലറിനെ കുറിച്ചാണ് മാണി പറഞ്ഞതെന്ന വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അങ്ങ് പറഞ്ഞതിനോടുള്ള എതിർപ്പല്ല അദ്ദേഹം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല വിശദമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത കുറവുണ്ടെന്നും അതിനെകുറിച്ചുള്ള നിർദേശങ്ങളും വന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നിശ്ചിത സഹായം ഉണ്ടാകും. പ്രളയക്കെടുതിയെ കുറിച്ച് സർക്കാർ വലിയ രീതിയിൽ അന്വേഷണം നടത്തും. ഫയർഫോഴ്സിന് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. ജനങ്ങളെ ദുരന്തനിവാരണത്തിൽ ഭാഗമാക്കുന്നതിനുള്ള പദ്ധതികൾ കൊണ്ടുവരും. കമ്മ്യൂണിറ്റി റസ്‌ക്യൂ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും.

മത്സ്യത്തൊഴിലാളികളെയടക്കം പ്രദേശികമായി വൈദഗ്ദ്ധ്യം നേടിയ തൊഴിൽ രംഗത്തുള്ളവരെ ഇതിന്റെ ഭാഗമാക്കും. പൊലീസിനെയും ആധുനികവത്ക്കരിക്കും. പൊലീസിനും ദുരന്തനിവാരണ രംഗത്തെ പരിശീലനം നൽകും. മത്സ്യത്തൊഴിലാളികളിൽ നിന്ന് വിദഗ്ദ്ധരെ കണ്ടെത്തി തീരദേശ സേനയായി നേരത്തെ തയ്യാറാക്കിയ പദ്ധതി വഴി നിയമിക്കും. ഇരുന്നൂറോളം പേരെയാണ് ഇങ്ങനെ നിയമിക്കുക. രേഖകൾ നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായി രേഖകൾ ശരിയാക്കി നൽകും. ഡാം സേഫ്റ്റി അഥോറിറ്റി എല്ലാ മാസവും യോഗം ചേരുകയും പരിശോധന നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ കേസിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും. ബാണാസുര സാഗർ തുറന്നിതിലും വീഴ്ചയില്ല. വയനാട്ടിൽ പ്രളയം ഉണ്ടായത് ഡാം തുറന്നതുകൊണ്ട് മാത്രമല്ലെന്നും അദ്ദേഹം പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP