Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വളരെ സങ്കടം തോന്നുന്നു സർ.. ഇത് കേരളം മുഴുവൻ കാണുന്നുണ്ട്; ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിൽ ഭരണ - പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല; നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്‌ച്ചകൾ ഉണ്ടാകും; ബാത്ത്‌റൂമിൽ പോകണമെന്ന് തോന്നിയിട്ടും പോയില്ല, മനസുനിറയെ ബേജാറായിരുന്നു; ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ? എനിക്ക് ആരോടും പരിഭവമില്ല.. കുറ്റപ്പെടുത്തിയിട്ടുമില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി കെ കെ ഷൈലജ

വളരെ സങ്കടം തോന്നുന്നു സർ.. ഇത് കേരളം മുഴുവൻ കാണുന്നുണ്ട്; ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിൽ ഭരണ - പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല; നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്‌ച്ചകൾ ഉണ്ടാകും; ബാത്ത്‌റൂമിൽ പോകണമെന്ന് തോന്നിയിട്ടും പോയില്ല, മനസുനിറയെ ബേജാറായിരുന്നു; ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ? എനിക്ക് ആരോടും പരിഭവമില്ല.. കുറ്റപ്പെടുത്തിയിട്ടുമില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി കെ കെ ഷൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 അതിജീവന പോരാട്ടത്തിൽ കേരളം ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ലോക ആരോഗ്യ സംഘടനയും കേന്ദ്രസർക്കാറും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതും. കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന നിലയിൽ വകുപ്പിനെ ഏകോപിപ്പിച്ചു കൊണ്ടു പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിൽ കെ കെ ഷൈലജ മുന്നിൽ തന്നെയാണ്. നിപ്പയെ അതിജീവിക്കുന്നതിൽ മുന്നിൽ നിന്ന ആരോഗ്യമന്ത്രി കോവിഡ് വിഷയത്തിലും കേരളത്തിന് ഒപ്പം നിന്നു. എന്നാൽ, ഇതിന്റെ പേരിലും അവർക്കെതിരെ വിമർശനങ്ങൾ ഉയർന്നു. മന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.

ഈ ആരോപണത്തിന് പിന്നാലെ ഇന്ന് നിയമസഭയിലും മന്ത്രിക്കെതിരെ വിമർശനം ഉയർത്തി. ഇറ്റലിയിൽ നിന്നും റാന്നിയിൽ എത്തിയ കുടുംബത്തെ പരിശോധിക്കുന്ന കാര്യത്തിൽ വീഴ്‌ച്ച വരുത്തി എന്ന ആക്ഷേപമാണ് ചെന്നിത്തലയും പ്രതിപക്ഷവും ഉന്നയിച്ചത്. ഇന്ന് ഈ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവും പ്രതിപക്ഷം കൊണ്ടുവന്നു. കെ കെ ഷൈലജക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കേന്ദ്ര നിർദ്ദേശം വന്നത് ഫെബ്രുവരി 26നാണെന്ന കാര്യം ചൂണ്ടിയായിരുന്നു വിമർശനം ഈ വിമർശനങ്ങൾക്ക് നിയമസഭയിൽ തന്നെ കെ കെ ഷൈലജ മറുപടി നൽകി.

ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയെയാണ് നമ്മൾ നേരിടുന്നതെന്നും 118 ലോക രാഷ്ട്രങ്ങളിൽ അസുഖം ബാധിച്ചെന്നും മികച്ച നിരീക്ഷണ സംവിധാനങ്ങളുള്ള യു.എസും യു.കെയും ഇതിൽപ്പെട്ടു എന്നത് ഭീതിയോടെ കാണുകയാണെന്നും പറഞ്ഞായിരുന്നു ആരോഗ്യമന്ത്രി നിയമസഭയിൽ സംസാരിച്ചു തുടങ്ങിയത്. കേരളം അനുഭവത്തിന്റെ വെളിച്ചത്തിൽ കടുത്ത പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെ ഭീതിയിലാഴ്‌ത്താൻ കഴിയാത്തതുകൊണ്ട് മുഴുവൻ ഭീകരതയും തുറന്നുപറയാൻ കഴിയില്ലെന്നും ഷൈലജ ടീച്ചർ പറഞ്ഞു.

''ഈ രോഗം എങ്ങനെയാണ് പടരുന്നതെന്ന് ഇവിടെ പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും അറിയാം. ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിനിടയിൽ ഭരണ പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല. ഒരുപാട് വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചൈനയിൽ കൂട്ടത്തോടെ ആളുകൾ മരിച്ചുപോകുന്നത്. നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്ചകൾ ഉണ്ടാകും.

അത് ഇല്ലാതിരിക്കാനുള്ള ഭഗീരഥ പ്രയ്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ വഴിയിലൂടെ അന്വേഷിച്ച് ചെന്ന് എന്തെങ്കിലും ഇവരെ കുറ്റപ്പെടുത്താനുണ്ടോ എന്ന് നോക്കുന്നത് ഈ സമയത്ത് ശരിയല്ല. അതിന് പിന്നീട് സമയമുണ്ട്. ഈ പ്രശ്നത്തിന്റ ഗൗരവം പ്രതിപക്ഷം കാണണമെന്നേ പറഞ്ഞിട്ടുള്ളൂ. ആരോഗ്യമന്ത്രി മന്ത്രി ഒറ്റക്കോ വകുപ്പോ വിചാരിച്ചാൽ ഇതിനെ നേരിടാൻ കഴിയില്ല. മുഴുവൻ ഡിപാർട്മെന്റുകളേയും സംയോജിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്. പക്ഷേ ഈ വിഷയം പറയേണ്ടത് ഞാനായതുകൊണ്ട് പറയുന്നു എന്ന് മാത്രം. അതിലേക്ക് ഞാൻ കടക്കുന്നില്ല.

ഒന്നാം ഘട്ടം സമർത്ഥമായി നമ്മൾ വിജയിച്ചു. എയർപോർട്ടിൽ വെച്ച് തന്നെ വുഹാനിൽ നിന്ന് വരുന്നവരെ കണ്ടെത്തി. എയർപോർട്ടിനകത്ത് കയറി നമുക്ക് പരിശോധിക്കാൻ പറ്റില്ല. അന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. തുടക്കത്തിൽ തന്നെ വുഹാൻ നിന്നുള്ളവരെ ചികിത്സിക്കാനായതുകൊണ്ട് മറ്റൊരാൾക്ക് അസുഖം കിട്ടിയില്ല. 26ാം തിയതി മുതൽ ഇറ്റലിയിൽ രോഗം പടർരുന്നു എന്ന ആ സർക്കുലർ വന്നു. എയർപോർട്ടിനകത്ത് യൂണിവേഴ്സൽ സർവലൈൻസ് നടത്തി ഈ ഫോറം പൂരിപ്പിക്കേണ്ടത് നിർബന്ധമാണെന്ന ഓർഡർ വരുന്നത് മാർച്ച് നാല് മാത്രമാണ്. അപ്പോൾ മാത്രമേ ഇറ്റലിക്കാർ പൂരിപ്പിക്കേണ്ടതുണ്ട് എന്ന് നമുക്ക് പറയാൻ കഴിയൂ. പക്ഷേ എന്നിട്ടും ഇറ്റലിക്കാർ ഉണ്ടെങ്കിൽ ഹെൽപ് ഡെസ്‌ക്കിൽ ബന്ധപ്പെടണമെന്ന് വിമാനത്തിൽ അനൗൺസ്മെന്റ് ചെയ്തിരുന്നു.

ഞാൻ ഇറ്റലി കുടുംബത്തെ കുറ്റപ്പെടുത്തിയില്ല. പക്ഷേ അവർ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞു. മറച്ചുവെച്ചുവെന്ന് മാത്രമല്ല വീട്ടിലെത്തിയിട്ട് പനി വന്നിട്ടും അത് പറഞ്ഞില്ല. പുറത്തുപോയി ഡോക്ടറെ കാണിച്ചപ്പോഴും ഇറ്റലിയിൽ നിന്ന് വന്നതാണെന്ന് പറഞ്ഞില്ല. ഫ്ളൈറ്റിൽ അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡെസ്‌കിൽ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടും അവർ അത് ചെയ്തില്ല ഇത് നമ്മൾ പറയേണ്ട സർ, ഇനിയാരെങ്കിലും അങ്ങനെ വരാതിരിക്കണമെങ്കിൽ ഇത് ശരിയല്ല എന്ന് തന്നെ പറയേണ്ട. ഇത് വാർത്താ സമ്മേളത്തിലും പറഞ്ഞിരുന്നു.

സൂത്രത്തിൽ കണ്ടുപിടിച്ചതാണെന്നാണ് പറഞ്ഞത്, സൂത്രത്തിൽ ചാടിപ്പോയി എന്നല്ല. തൊട്ടടുത്ത വീട്ടിലെ കുടുംബത്തിന് പനി വന്നപ്പോൾ അവരാണ് പറഞ്ഞത് അടുത്ത വീട്ടിൽ നിന്ന് ഇറ്റലിക്കാർ വന്നു എന്ന്. എന്നിട്ടും ഇറ്റലിയിൽ നിന്ന് വന്നവരാണ് എന്ന് അവർ പറഞ്ഞില്ല. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് പ്രതിപക്ഷം ഇങ്ങനെ പറഞ്ഞ് ആക്രമിക്കുകയാണ്. ഇത് എളുപ്പമല്ല. പതിനായിരിക്കണക്കിന് ആളുകൾ ഗൾഫിൽ നിന്നും തിരിച്ചുവരാനിരിക്കുകയാണ്. എത്ര വലിയ സന്നാഹം എയർപോർട്ടിൽ ഒരുക്കിയാലും അവിടെ റിപ്പോർട്ട് ചെയ്യാതെ ചിലർ പോകാനുള്ള സാധ്യതയുണ്ട്.

എയർപോർട്ടിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉണ്ടായില്ലെന്ന് പറഞ്ഞു. അറിയാത്ത കാര്യങ്ങൾ അസംബ്ലിയിൽ പറയരുത്. ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ. 27ാം തിയതി മുതൽ 7 ഡോക്ടർമാർ അവിടെ ഉണ്ട്. മാർച്ച് 3 മുതൽ 12 ഡോക്ടർമാർ ഉണ്ട്. ആളുകൾ കൂടുന്നതിനസരിച്ച് സ്റ്റാഫിനെ പോസ്റ്റ് ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങൾ സഭയിൽ പറയാതിരിക്കുക. എനിക്ക് ആരോടും പരിഭവമില്ല. കുറ്റപ്പെടുത്തിയിട്ടുമില്ല. ഞാൻ മറുപടി പറയുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കാതിരുന്നപ്പോൾ ശബ്ദമുയർത്തി ഞാൻ പറഞ്ഞു. അദ്ദേഹത്തിന് വിഷമമുണ്ടാക്കിയോ എന്ന് കരുതി അതിന് ശേഷം അടുത്ത് ചെന്ന് പിന്നീട് സംസാരിച്ചു. കുഴപ്പമില്ലെന്നും ഞങ്ങൾ ഒപ്പമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ചൂണ്ടിക്കാട്ടി ഇതിനെ ആക്രമിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെ ചെറുക്കാൻ കഴിയില്ല. കോൺടാക്സ് ചാർട്ട് തയ്യാറാക്കുക എളുപ്പമല്ല. ഇവർ പറയാത്തപക്ഷം ചാർട്ട് പുറത്തുവിടുകയേ നിവൃത്തിയുള്ളൂ. ചാർട്ടിലെ ചെറിയ തെറ്റ് പോലും പ്രതിപക്ഷം വലുതാക്കി കാണിച്ചു. വളരെ സങ്കടം തോന്നുന്നു. കേരളം മുഴുവൻ ഇത് കാണുന്നുണ്ട്. അനിൽ അക്കര എംഎ‍ൽഎ ഇവിടെ എന്തൊക്കെയാണ് പറഞ്ഞത്. ഏഴാം തിയതി വൈകീട്ട് സംശയം വന്ന് എട്ടാം തിയതി കൺഫേം ചെയ്തു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞിരുന്നു. സഭ അവസാനിച്ച ശേഷമാണ് തൃശൂരേക്ക് പോകാൻ തീരുമാനിച്ചത്. രാത്രി 9. 30 ന്റെ ഫ്ളൈറ്റിലാണ് പോയത്.

നിങ്ങൾ അറിയുമോ ബാത്റൂമിൽ പോകാൻ തോന്നിയിട്ട് പോലും ആരും പോയില്ല. നേരെ ആശുപത്രിയിലേക്കാണ് പോയത്. നെടുമ്പാശേരിയിൽ നിന്നും ഒന്നര മണിക്കൂർ യാത്രയുണ്ട്. കഴിയാവുന്നത്ര വേഗത്തിൽ എത്തി. എത്തുമ്പോൾ 12 മണിയായി. എന്തൊക്കെ ചെയ്ണമെന്ന് തീരുമാനിക്കമായിരുന്നു. അത് കഴിയുമ്പോഴേക്കും 2.30 കഴിഞ്ഞു. ഞങ്ങൾക്കൊപ്പമുള്ള മാധ്യമങ്ങളോട് തിരിച്ചുപോകാൻ പറഞ്ഞു. രാവിലെ ബ്രീഫ് ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ അവർ പറഞ്ഞത് മഹാമാരിയാണ് വരുന്നതെന്നും എത്ര സമയം വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു.

ആദ്യമായാണ് പത്രം അച്ചടി നിർത്തി ഒരു വാർത്തയുടെ സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുന്നതെന്ന് മനോരമ പത്രാധിപൻ മാമ്മൻ മാത്യു പറഞ്ഞു. മീഡിയ ഇത്തരത്തിൽ സഹകരിച്ചതിൽ സന്തോഷമുണ്ട്. തൃശൂരിൽ നിന്ന് വിവരം നൽകിയിട്ടേ ഞങ്ങൾ വാർത്ത നൽകുന്നുള്ളൂവെന്ന് എല്ലാ പത്രങ്ങളും നിലപാടെടുത്തു. പിറ്റേ ദിവസം ഇറങ്ങിയ പത്രത്തിൽ ഇക്കാര്യമെല്ലാം വിശദമായി അവർ നൽകി. അത് നൽകുന്ന സഹായം ചെറുതല്ല. ഇനിയുള്ള ദിവസങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എല്ലായിടത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എല്ലാവരിൽ നിന്നും സഹകരണം ഉണ്ടെങ്കിലേ ചെറുക്കാനാവൂ.

ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരന്റെ കൂടെ നിൽക്കുകയും ചെയുന്ന രീതി പ്രതിപക്ഷം സ്വീകരിക്കരുത്. നിങ്ങൾ മിണ്ടരുത് മിണ്ടിയാൽ ഭീതിയെന്ന് പറയുന്നു. അതേ സമയം തന്നെ ഞങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നില്ലഎന്ന് പറയുന്നു. എങ്ങനെ പഠിപ്പിക്കും ഓരോ വീട്ടിലും ഫോൺ ചെയ്ത് പറഞ്ഞ് പഠിപ്പിക്കാനാവുമോ?. പഞ്ചായത്ത് തലത്തിൽ വാർഡ് തലത്തിൽ കുടുംബശ്രീ തലത്തിൽ എല്ലാം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നുണ്ട്. എല്ലാവരും കൂടെ നിന്ന് മഹാമാരിയെ ചെറുക്കാമെന്ന് കരുതുന്നു'', കെ. കെ ഷൈലജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP