Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി 4000 കോടി; പ്രവാസികളുടെ മൃതദേഹങ്ങൾ നോർക്ക വഴി നാട്ടിലെത്തിക്കും; തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൂറ് കോടിയുടെ ധനസഹായം; നവകേരള നിർമ്മാണത്തിന് 25 പദ്ധതികളുടെ പ്രഖ്യാപനം; തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം സ്ഥാപിക്കും; അതിവേഗ റെയിൽവേപാത നിർമ്മാണം ഈ വർഷം തുടങ്ങും; മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസത്തിനായി കൂടുതൽ ഫ്‌ളാറ്റുകൾ; തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ പുറത്തിറക്കും; ഐസക്കിന്റെ പത്താം ബജറ്റിലെ പ്രഖ്യാപനങ്ങൾ

ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി 4000 കോടി; പ്രവാസികളുടെ മൃതദേഹങ്ങൾ നോർക്ക വഴി നാട്ടിലെത്തിക്കും; തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൂറ് കോടിയുടെ ധനസഹായം; നവകേരള നിർമ്മാണത്തിന് 25 പദ്ധതികളുടെ പ്രഖ്യാപനം; തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം സ്ഥാപിക്കും; അതിവേഗ റെയിൽവേപാത നിർമ്മാണം ഈ വർഷം തുടങ്ങും; മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസത്തിനായി കൂടുതൽ ഫ്‌ളാറ്റുകൾ; തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ പുറത്തിറക്കും; ഐസക്കിന്റെ പത്താം ബജറ്റിലെ പ്രഖ്യാപനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2019-20 വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു. ഐസക്കിന്റെ പത്താമത്തെ ബജറ്റിൽ പൊതുവേ ജനപ്രിയമായ പ്രഖ്യാപനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നവകേരള നിർമ്മാണത്തിനാണ് ഊന്നൽ. കാർഷിക മേഖലയെയും റോഡ് വികസനങ്ങളുടെ കാര്യത്തിലും കാര്യമായ പ്രഖ്യാപനങ്ങൾ ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമല പ്രക്ഷോഭങ്ങളുടെയും പ്രളയത്തെയും പരാമർശിച്ചു കൊണ്ടായിരുന്നു ഐസക്ക് പ്രസംഗം തുടങ്ങിയത്.

നവോത്ഥാനത്തെ കുറിച്ച് അറിയാനും പഠിക്കാനുമായി സമഗ്ര മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. പ്രളയത്തിന് ശേഷമുള്ള പുനർ നിർമ്മാണത്തിന്റെ ഘട്ടമാണ് ഇതെന്നും ഐസക്ക് പറഞ്ഞു. കേന്ദ്രസർക്കാറിനെയും അദ്ദേഹം വിമർശിച്ചു. കേരളത്തോട് എന്തിനാണ് ഈ ക്രൂരതയെന്ന് അദ്ദേഹം ബജറ്റിൽ ചോദിച്ചു. വായ്‌പ്പാ പരിധി ഉയർത്താൻ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിലും കേന്ദ്ര സർക്കാറിന് വീഴ്‌ച്ച പറ്റി. പ്രളയ പുനരുദ്ധാരണത്തനായാണ് ബജറ്റിൽ മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് മാസത്തെ ചർച്ചകൾക്ക് ശേഷം 1800 രൂപ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എന്തിന് കേരളത്തോട് ഈ ക്രൂരത ഈ സമീപനം സംസ്ഥാനസർക്കാരിനെ സാമ്പത്തികപ്രതിസന്ധിയിലാക്കി. ആറായിരത്തിൽപ്പരം കോടി രൂപ വായ്പ ഇനത്തിൽ സമാഹരിക്കാനായിരുന്നു പദ്ധതി. ചരിത്രത്തിലേറ്റവും വലിയ പ്രളയം നേരിട്ട കേരളത്തെ കര കയറ്റാൻ വായ്പാ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇത് അനുവദിക്കപ്പെട്ടില്ല.

നവകേരള നിർമ്മാണത്തിന് 25 പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടാണ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. ബജറ്റിന്റെ അടങ്കൽ പദ്ധതി 39,807 കോടി രൂപയുടേതാണ്. ദുരിതാശ്വാസ നിധിയിൽ നിന്നും 1131 കോടി ചിലവഴിച്ചെന്നും പ്രഖ്യാപനം നടത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടി. ഇതിനകം നിധിയിൽ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിർമ്മാണത്തിന്, വായ്പാസഹായം ഉൾപ്പടെയുള്ള ചെലവുണ്ട്, പുനർനിർമ്മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചു.

കൃഷി ഉൾപ്പടെയുള്ള വരുമാനമാർഗവും തകർച്ചയിലായി. ജീവനോപാധികൾ കണ്ടെത്താൻ ഒരു വാർഷികപദ്ധതി നടപ്പാക്കും. ഇതിനായി 118 സ്‌കീമുകളുണ്ട്. ഇതിനായി 4700 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനവിഹിതമായി 210 കോടി രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 75 കോടിയാക്കി. ഈ വർഷത്തെ ജില്ലാ ക്രെഡിറ്റ് സ്‌കീമുകളുടെ വിഹിതം കൂട്ടി. ഇതിൽ 75 ശതമാനം കൃഷിക്ക് സഹായം നൽകുന്നെന്ന് ഉറപ്പ് വരുത്തും. 20 ശതമാനം ചെറുകിട വ്യവസായമേഖലയ്ക്ക്. പ്രളയ ബാധിത പഞ്ചായത്തുകൾക്കായി 250 കോടി രൂപ വകയിരുത്തി.

കുട്ടനാട് പുനർനിർമ്മിക്കാൻ 1000 കോടി

പ്രളയത്തിൽ തകർന്ന കുട്ടനാടിനെ പുനർനിർമ്മിക്കാൻ 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കുട്ടനാട് ശുചീകരണത്തിനായി പ്രത്യേക പദ്ധതികൾ രൂപീകരിക്കും. പാക്കേജിന്റെ ഭാഗമായി പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് കായലും ജലാശയങ്ങളും ശുചീകരിക്കും. കായലിലെ ചളി നീക്കും. എക്കൽ അടിഞ്ഞ് കായൽ തട്ടിന്റെ ഉയരം കൂടിയിട്ടുണ്ട്. പുറം ബണ്ടിന്റെ അറ്റകുറ്റപ്പണിക്കായി 47 കോടിയും വകയിരുത്തി. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങൾ പ്രളയത്തെ നേരിടാൻ സാധിക്കും വിധം പുനർനിർമ്മിക്കും. 16 കോടിയുടെ താറാവ് ബ്രീഡിങ് ഫാമും കുട്ടനാടിനു വേണ്ടി പ്രഖ്യാപിച്ചു.

കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 230 കോടിയുടെ കുട്ടനാട് കുടിവെള്ളപ്പദ്ധതി നടപ്പ് സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും.കനാൽ പ്രദേശത്ത് ഉറവിടമാലിന്യസംസ്‌കരണം വ്യാപിപ്പിക്കും. കായലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ മീൻ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും. മത്സ്യകൃഷിക്കായി അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേ ആഴവും വീതിയും കൂട്ടാൻ 49 കോടി വകയിരുത്തി.

പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെൽട്ടറുകൾ സ്ഥാപിക്കും. പെറ്റ്‌ലാൻഡ് അഥോറിറ്റി സഹായത്തോടെ അഞ്ഞൂറ് കോടിയെങ്കിലും കുട്ടനാട് പാക്കേജിന് വിനിയോഗിക്കും. 150 കോടി ചെലവിൽ ഹെലിപാഡോട് കൂടി പുളിങ്കുന്നിൽ ബഹുനില ആശുപത്രി നിർമ്മിക്കും. സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള റൈസ് പാർക്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് റൈസ് പാർക്കുകൾ സ്ഥാപിക്കുക. അരി, അരിപ്പൊടി തുടങ്ങിയവ ഈ പാർക്കുകളിൽ നിന്ന് ബ്രാൻഡ് ചെയ്ത് ഇറക്കും. മലബാർ എന്ന പേരിൽ വയനാട്ടിൽ നിന്ന് കാപ്പി വിപണിയിൽ ഇറക്കും. വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കും. റബ്ബർ പുനരുദ്ധാരണത്തിന് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. റബ്ബറിന് താങ്ങുവിലയായി 400 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പദ്ധതികൾ

പ്രളയത്തിൽ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചുയർത്തിയ കേരളത്തിന്റെ സൈന്യത്തിനായി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. തീരദേശ മേഖലക്കായി 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മത്‌സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്‌ളാറ്റുകൾ അനുവദിക്കും. വീടിന് പുറമെ 10 ലക്ഷം രൂപയും നൽകും. തീരദേശത്തെ താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 90 കോടി രൂപ വകയിരുത്തി. തീരദേശ മേഖലയിലെ ആശുപത്രികൾ ഈ വർഷം തന്നെ നവീകരിക്കും. മത്‌സ്യത്തൊഴിലാളികൾക്ക് പലിശ രഹിത വായ്പ നൽകും. അതിനായി മത്‌സ്യ ഫെഡിന് ഒൻപത് കോടി രൂപ അനുവദിക്കും. സംസ്ഥാനത്ത് കൂടുതൽ പുതിയ ഹാർബറുകൾ സ്ഥാപിക്കും. പൊഴിയൂരിൽ മത്‌സ്യബന്ധന തുറമുഖവും കൊല്ലത്ത് ബോട്ട് ബിൾഡിങ് യാഡും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അഞ്ച് വർഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിർമ്മിക്കും

റോഡ് വികസനത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നതാണ് ഡോ. തോമസ് ഐസക്കിന്റെ ബഡ്ജറ്റ്. അടുത്ത 5 വർഷംകൊണ്ട് കേരളത്തിൽ 6000 കിലോമീറ്റർ റോഡ് നിർമ്മിക്കും. 2 വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറും. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനർ റോഡുകൾ നിർമ്മിക്കാനും തുടക്കമാകും. പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. ഇവയ്ക്ക് റോഡ് നികുതിയിലും ഇളവ് നൽകും. കൂടുതൽ സ്ത്രീകൾക്ക് വരുമാനത്തിനുള്ള മാർഗമുണ്ടാക്കും. കുടുംബശ്രീ വഴി 12 പുതിയ ഉൽപ്പന്നങ്ങൾ പുതുതായി പുറത്തിറക്കും. വിപണിയിൽ ഇതിന് ആവശ്യക്കാരെ സൃഷ്ടിക്കും. 1000 കോടി കുടുംബശ്രീക്കായി വകയിരുത്തിയിട്ടുണ്ട്.

പ്രവാസികളുടെ മൃതദേഹം നോർക്ക നാട്ടിലെത്തിക്കും

പ്രവാസികൾക്ക് ആശ്വാസ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത് ബജറ്റ്. വിദേശ രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഇനി മുതൽ നോർക്ക വഹിക്കും. വിദേശത്തു നിന്ന് തൊഴിൽ നഷ്ടപ്പെട്ടു വരുന്നവർക്കായി 'സാന്ത്വനം പദ്ധതി' നടപ്പാക്കും. ഇതിനായി 25 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. പ്രവാസി സംരംഭകർക്ക് പലിശ സബ്‌സിഡിയോടെ വായ്പ അനുവദിക്കും. കേരള ബാങ്കിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താൻ അവസരം നൽകുമെന്നും തോമസ് ഐസക് അറിയിച്ചു. 

ക്ഷേമപെൻഷനുകൾ നൂറ് രൂപവീതം വർധിപ്പിച്ചു

ക്ഷേമപെൻഷനുകൾ എല്ലാം 100 രൂപ വീതം പ്രതിമാസം വർധിപ്പിച്ചുള്ള പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായി. ഇതോടെ 1100 രൂപയായിരുന്നത് 1200 രൂപയാകും. ഇന്ന് പെൻഷൻ വാങ്ങുന്ന 42 ലക്ഷം പേരിൽ നാലിലൊന്ന് പേരും ഈ സർക്കാരിന്റെ കാലത്താണ് ആദ്യമായി പെൻഷൻ വാങ്ങുന്നത്. കുടിശക തീർത്ത് പെൻഷൻ 600 രൂപയിൽ നിന്ന് 1100രൂപയായി വർധിപ്പിച്ചതും ഈ സർക്കാരാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശരാശരി പ്രതിവർഷം 1964 കോടിരൂപയാണ് ക്ഷേമപെൻഷന് ചെലവഴിച്ചത്. 2018-19ൽ 7533 കോടിരൂരപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് കേന്ദ്രസർക്കാർ ധനസഹായം കഴിഞ്ഞ വർഷം ലഭിച്ചത് 150 കോടി മാത്രമാണ്.

2020 ൽ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വീടുകളിൽ എൽ ഇഡി ബൾബ്

ഇലക്ട്രീക് വാഹനങ്ങൾ നികുതി ഇളവ് പ്രഖ്യാപിക്കുമെന്നും 2020 ഓടെ ഇത്തരം വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുമെന്നും ധനമന്ത്രി. ബജറ്റ് അവതരണത്തിൽ തലസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി സർവീസുകളും ഇലക്ട്രിക് ബസുകളാക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും വൈദ്യൂതി സംരക്ഷണത്തിനായി എൽഇഡി ബൾബുകൾ നൽകും. പഴയ ബൾബുകൾക്ക് പകരം എൽ ഇ ഡി ബൾബുകൾ കുടുംബശ്രീ വഴി വീടുകളിൽ എത്തിക്കും. സൗരോർജ്ജ പാനൽ സ്ഥാപിക്കാൻ കിഫ്ബി പണം ചെലവഴിക്കുമെന്നും പറഞ്ഞു.

കടലാക്രമണമുള്ള തീരത്ത് നിന്നും മാറിത്താമസിക്കുന്നവർക്കായി വീടിന് 10 ലക്ഷം വീതം പുനരധിവാസത്തിനായി 100 കോടി. തിരുവനന്തപുരത്ത് വനിതാ മത്സ്യത്തൊഴിലാളികൾക്ക് കിയോക്സ്. ഇതിനായി പലിശരഹിത വായ്പ നൽകും. ഇതിന് മത്സ്യഫെഡിന് ഒമ്പത് കോടി. കേരം ഗ്രാമ പദ്ധതിക്ക് 43 കോടിയും വിലയിരുത്തി. വയനാട്ടിലെ കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കാൻ 10 കോടി നൽകുമെന്നും പ്രഖ്യപിച്ചു.

കുടുംബശ്രീക്കായി കൂടുതൽ പദ്ധതികൾ

കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. 12 ഉൽപ്പന്നങ്ങൾ ഫലപ്രദമായി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാൻ പദ്ധതി. മാർക്കറ്റിങ് വിങ് സ്ഥാപിക്കും. പുതിയ ആറ് സേവന മേഖലകൾ വിപുലീകരിക്കും. ഇവന്റ് മാനേജ്മെന്റും കെട്ടിട നിർമ്മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. 25,000 സ്ത്രീകൾക്ക് 400-600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികൾ. 4 ശതമാനം പലിശക്ക് 3500 കോടി വായ്പ. കുടുംബശ്രീക്ക് ആകെ 1000 കോടി രൂപയുടെ ബജറ്റ്. ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാൻ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി. ഇവയ്ക്ക് സാധനങ്ങൾ സഹായ വിലയ്ക്ക് നൽകാൻ 20 കോടി.

ശബരിമല വികസനത്തിന് 739 കോടി; റോഡുകൾക്ക് 200 കോടി

ശബരിമല വികസനത്തിന് 739 കോടിരൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തിൽ തിരുപ്പതി മാതൃകയിൽ സംവിധാനം ഒരുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പറഞ്ഞു. ഭക്തരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ഇതിൽ ഉണ്ടാകും. പമ്പയിൽ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകൾക്ക് 200 കോടി അനുവദിച്ചു. പമ്പ, നിലയ്ക്കൽ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടി അനുവദിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യം ഒരുക്കും. തിരുവിതാംകൂർ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടിയും നൽകും.

മദ്യത്തിനും സിനിമാടിക്കറ്റിനും വിലകൂടും

മദ്യത്തിനും സിനിമാടിക്കറ്റിനും വിലകൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കാൽ ശതമാനം സെസ് ഏർപ്പെടുത്തും. സിനിമാ ടിക്കറ്റിന് 10% വിനോദനികുതി ഈടാക്കും. ബീയർ, വൈൻ ഉൾപ്പെടെ മദ്യനികുതി 2% കൂട്ടി. 3000 ചതുരശ്ര അടിക്കുമുകളിൽ വിസ്തീർണമുള്ള വീടുകൾക്ക് അധിക നികുതിയുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലകൂടും. കമ്പ്യൂട്ടർ, സോപ്പ് എന്നിവയ്ക്കും വിലകൂടും. സ്വർണം, വെള്ളി ആഭരണങ്ങൾക്ക് 0.25 ശതമാനം സെസ്. അഞ്ചു ശതമാനവും അതിൽ താഴെയും സ്ലാബിൽപ്പെട്ട ചരക്കുകൾക്ക് സെസ് ഇല്ല. ഉയർന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉൽപന്നങ്ങൾക്കാണു സെസ്. 

പ്രളയ സെസ്: സകല സാധനങ്ങൾക്കും വില കൂടും

പ്രളയം കേരളത്തിലുണ്ടായ തകർച്ച മറികടക്കുന്നതിനായി പ്രത്യേക സെസ് ഏർപ്പെടുത്തി കൊണ്ടായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. ഇതോടെ വിപണിയിൽ വലിയ വിലക്കയറ്റിന് ഇടയാക്കും. ജി.എസ്.ടിയിൽ 12, 18, 28 നികുതി നിരക്കുകളിൽ വരുന്ന ഉൽപന്നങ്ങൾക്ക് രണ്ട് വർഷത്തേക്ക് ഒരു ശതമാനം നിരക്കിലാവും സെസ് പിരിക്കുക. സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവക്ക് 0.25 ശതമാനം നിരക്കിൽ സെസ് പിരിക്കാനും നിർദ്ദേശമുണ്ട്. സെസ് പിരിക്കാൻ ജി.എസ്.ടി കൗൺസിൽ നേരത്തെ കേരളത്തിന് അംഗീകാരം നൽകിയിരുന്നു.

നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ഏർപ്പെടുത്താത്തത് സാധാരണക്കാർക്ക് ആശ്വാസമാകും. സ്വർണ്ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കൂടും. ബിയറിനും വൈനിനും രണ്ട് ശതമാനം അധിക നികുതി ഏർപ്പെടുത്താനും തീരുമാനമുണ്ട്. ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ, കാറുകൾ, സിമന്റ്, പ്ലൈവുഡ്, പെയിന്റ്, സ്വർണം, സോപ്പ്, ശീതളപാനീയം, മൊബൈൽഫോണുകൾ, സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ, കമ്പ്യൂട്ടർ, ഇരുചക്രവാഹനങ്ങൾ തുടങ്ങി എതാണ്ട് എല്ലാ ഉൽപന്നങ്ങൾക്കും പ്രളയ സെസ് പിരിക്കുന്നതോടെ ഭൂരിപക്ഷം ഉൽപന്നങ്ങൾക്കും വില ഉയരും. ഇതോടൊപ്പം ജി.എസ്.ടി നികുതി വരുമാനത്തിൽ 30 ശതമാനം വർധനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്തർസംസ്ഥാനത്ത ചരക്ക് നീക്കത്തിന്റെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി ഓൺലൈൻ സബ്ഡിക്ടറേഷൻ സംവിധാനമൊരുക്കും.

2019-20 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് പൂർണരൂപം ഇവിടെ വായിക്കാം

ബജറ്റിലെ പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ 

• നവകേരള നിർമ്മാണത്തിന് ബജറ്റിൽ 25 പരിപാടികൾ
• വരുമാനം ഉയർത്തി ധനദൃഢീകരണത്തിന് ഊന്നൽ
• ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചു
• കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികൾ
• പ്രളയദുരിതം കടക്കാൻ ജീവനോപാധി പാക്കേജ് 4700 കോടി രൂപ,
• വൻകിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിക്കും വിപുലമായ പരിപാടികൾ
• തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി
• കെഎസ്ആർടിസിക്ക് 1000 കോടി
• ശമ്പളപരിഷ്‌കരണ നടപടികൾക്ക് തുടക്കം
• ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ഗഡു കുടിശിക ഡിഎ
• 42 ലക്ഷം കുടുംബങ്ങൾക്ക് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്
• സാധാരണ രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും മാരക രോഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെയും കവറേജ്
• ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷ്വറൻസ് പദ്ധതി മെയ് മാസത്തിൽ നടപ്പിലാകും
• എൻഡോസൾഫാൻ ദുരിതബാധിതർക്കായി 20 കോടി
• 20,000 കോടിയുടെ കിഫ്ബിപദ്ധതികൾ ഈ സാമ്പത്തികവർഷം നടപ്പിലാകും
• വെസ്റ്റ് കോസ്റ്റ് ജലപാതയും എലവേറ്റഡ് റെയിൽ പാതയും, ഗതാഗതസൗകര്യങ്ങളിൽ വമ്പൻ കുതിപ്പ്
• കേരള ബാങ്ക് ഇക്കൊല്ലം നിലവിൽ വരും
സാമ്പത്തിക സൂചകങ്ങൾ
• മൊത്തം ചെലവുകളിൽ 13.88 ശതമാനം വർദ്ധന.
• റവന്യൂ ചെലവിൽ 9.81 ശതമാനം വർദ്ധന.
• റവന്യു വരുമാനം 15.35 ശതമാനം ഉയരും
• റവന്യൂ കമ്മി 1.68 ശതമാനത്തിൽ നിന്ന് 1 ശതമാനമായി താഴും.
• മൂലധനച്ചെലവിൽ 53.3 ശതമാനം വർദ്ധന.
• മൂലധനച്ചെലവ് 12.6 ശതമാനം.
• വായ്പയിൽ നിന്നുള്ള റെവന്യൂചെലവിന്റെ തോത് 56.03 ശതമാനത്തിൽ നിന്ന് 33.40 ശതമാനമായി കുറയും
• ധനക്കമ്മി 3 ശതമാനം

പ്രധാന പ്രഖ്യാപനങ്ങൾ
• തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം.
• എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകൾ.
• സ്ത്രീശാക്തീകരണ പ്രവർത്തകയ്ക്ക് ദാക്ഷായണി വേലായുധൻ അവാർഡ്.
• 2018-19 ൽ 10 കോടി തൊഴിൽ ദിനങ്ങൾ, വേതനം കൊടുക്കാൻ 2500 കോടി.
• അയ്യങ്കാളി തൊഴിലുറപ്പ്പദ്ധതിക്ക് 75 കോടി.
• പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി പ്രത്യേക സഹായം.
• വ്യവസായ പാർക്കുകൾക്ക് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും
• ഭൂമി ഏറ്റെടുക്കാൻ 15600 കോടി
• കണ്ണൂർ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല.
• വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഔട്ടർ റിങ് റോഡും ഗ്രോത്ത് കോറിഡോറും
• കൊച്ചിയിൽ പെട്രോ കെമിക്കൽ പാർക്കിനായി 600 ഏക്കർ ഭൂമി ഏറ്റെടുക്കും.
• ഐടി പാർക്കുകളിൽ രണ്ടുവർഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം
• ടെക്നോപാർക്കിൽ നിസാൻ കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം. 2000 പേർക്കു പ്രത്യക്ഷ തൊഴിൽ.
• ടോറസ് ഇൻവെസ്റ്റ്മെന്റ്, എച്ച് ആർ ബ്ലോക്ക് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ ടെക്നോപാർക്കിൽ
• മൂവായിരം പേർക്കു തൊഴിൽ നൽകാൻ സ്പേസ് ആൻഡ് എയ്റോ സെന്റർ ഓഫ് എക്സെലൻസ്
• കോഴിക്കോട് സൈബർ പാർക്കിൽ 2000 പേർക്കു തൊഴിൽ
• ഏണസ്റ്റ് ആൻഡ്യംങ് കമ്പനിയും കേരളത്തിലേയ്ക്ക്.
• ടെറാനെറ്റ് എന്ന കനേഡിയൻ കമ്പനി തിരുവനന്തപുരത്തേയ്ക്ക്
• തിരുവനന്തപുരത്ത് എയർ ബസ് കമ്പനിയുടെ ബിസ് ലാബ്
• കൊച്ചിയിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികൾ.
• തേജസ്, യൂണിറ്റി, ആൾട്ടെയർ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ കൊച്ചിയിലേയ്ക്ക്.
• ലൈഫ് സയൻസ്പാർക്കിൽ 230 കോടിയുടെ മെഡ്സ്പാർക്ക്.
• ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേയ്ക്ക്.
• ഐടി പാർക്കുകളിൽ ഒരു ലക്ഷം തൊഴിലവസരം
• കേരള സ്റ്റാർട്ടപ്പ് മിഷന് 70 കോടി
• യുവ സംരംഭകർക്ക് സീഡ് ഫണ്ടിങ്
• വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാർ ബ്രാൻഡിൽ
• വയനാട്ടിൽ150 കോടി രൂപയുടെ കിൻഫ്രാ മെഗാ ഫുഡ് പാർക്ക്
• കാർബൺ ക്രെഡിറ്റ് നേടാൻ പദ്ധതി.
• കുരുമുളക് കൃഷിക്ക് വയനാടിന് 5 കോടി
• നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ 170 കോടി.
• വർഷംതോറും 10 ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും.
• കേരഗ്രാമം സ്‌കീമിന് 43 കോടി രൂപ
• നെൽകൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും.
• 20 കോടിയുടെ റൈസ്പാർക്കുകൾ
• നെൽകൃഷിക്ക് 91 കോടി
• റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി
• മൂല്യവർദ്ധിത റബ്ബർ ഉൽപന്നങ്ങൾക്ക് സിയാൽ മോഡലിൽ ഒരു കമ്പനി.
• ആയിരംകോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്
• കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി
• കുട്ടനാട്ടിൽ 16 കോടിയുടെ താറാവ് ബ്രീഡിങ് ഫാം.
• ആലപ്പുഴ ചങ്ങനാശേരി കനാൽ നവീകരണത്തിനും തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ് ചാനൽ പുനരുദ്ധാരണത്തിനും വകയിരുത്തൽ
• നദി പുനരുജ്ജീവനത്തിനും നീർത്തട വികസനത്തിനും പ്രത്യേക പദ്ധതി. പുനർജനിക്കുന്നത് 24 പുഴകൾ, ദൈർഘ്യം 1017 കിലോമീറ്റർ വകയിരുത്തൽ 25 കോടി
• തീരദേശപുനരധിവാസത്തിന്റെ അടിയന്തര ചെലവുകൾക്കായി 100 കോടി. തീരദേശത്ത് എല്ലാവർക്കും ലൈഫ് മിഷനിൽ നിന്ന് വീട്, കടലാക്രമണം തടയാൻ 227 കോടി
• ചെത്തി ഹാർബർ കിഫ്ബി ഏറ്റെടുക്കും. പൊഴിയൂരിൽ പുതിയ തുറമുഖം
• മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കിൽ സാറ്റ്ലൈറ്റ് ഫോൺ നൽകാൻ 13 കോടി
• തീരദേശത്തെ അടിസ്ഥാനസൗകര്യങ്ങൾക്ക് 103 കോടി രൂപ. തീരദേശ റോഡുകൾക്കു 200 കോടി.
• തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം.
• പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാൻ 20 കോടി
• പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി.
• തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകൾക്ക് കിയോസ്‌കുകൾ
• മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക് 10 കോടിയുടെ പ്രത്യേക സഹായം, പറവൂരിലെ യാൺ ട്വിസ്റ്റിങ് യൂണിറ്റിന് 5 കോടി
• മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ
• പൊതുമേഖലാ വിറ്റുവരുമാനത്തിൽ 1000 കോടിയുടെ വർദ്ധന
• വൻകിട ഇടത്തരം വ്യവസായങ്ങൾക്ക് 527 കോടി
? കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ - 27 കോടി
? മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് - 25 കോടി
? ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് - 24 കോടി രൂപ
? കെൽട്രോൺ - 19 കോടി
? ഓട്ടോകാസ്റ്റ് - 17 കോടി
? കേരള സിറാമിക്സ് - 17 കോടി
? കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് - 13 കോടി
• സിഡ്കോ - 11 കോടി
• കെൽട്രോൺ കംപോണെന്റ്സ് - 10 കോടി
• കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിങ് കമ്പനി - 10 കോടി
• ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ്, കേരള - 10 കോടി
• ട്രാക്കോ കേബിൾ കമ്പനി - 9 കോടി
• യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്- 9 കോടി
• സ്റ്റീൽ ഇൻഡസ്ട്രീസ്, കേരള - 8 കോടി
• ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് - 7.5 കോടി
• കോട്ടയം മിൽസ് - 7 കോടി
• കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് - 6 കോടി
• സീതാറാം ടെക്സ്റ്റൈൽസ് - 5 കോടി
• പ്രഭുറാംമിൽ - 5 കോടി
• സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് - 3.5 കോടി
• ഇടരിക്കോട് മിൽസ് - 3 കോടി
• കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് - 2.5 കോടി
• കേരള ക്ലേയ്സ്ആൻഡ്സിറാമിക്സ്പ്രോഡക്ട്സ് - 2 കോടി
• ഫോറസ്റ്റ് ഇൻഡസ്ട്രീസ്ട്രാവൻകൂർ - 2 കോടി
• കേരള ആർടിസാൻസ്ഡെവലപ്പ്മെന്റ് കോർപറേഷൻ - 1 കോടി
• കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ - 50 ലക്ഷം
• കെൽപാം - 50 ലക്ഷം
• കെ.എസ്.ഡി.പി.യുടെ നോൺബീറ്റാ ലാക്ടം പ്ലാന്റ്, 54 കോടിയുടെ ഇഞ്ചെക്ടബിൾ ഫാക്ടറി.
• ഓങ്കോളജിപാർക്കിന്റെ നിർമ്മാണം ഈ വർഷം ആരംഭിക്കും.
• കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2.0.
• വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാൻ ദ്യുതി 2020-21. 8 കോടി സിഎഫ്എല്ലിനു പകരം എൽഇഡി ബൾബുകൾ. എൽഇഡിബൾബുകൾ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബി സഹായം.
• വൈദ്യുതി മേഖലയ്ക്ക് 1781 കോടി
• മുഖഛായ മാറ്റാൻ ഡിസൈൻഡ്റോഡുകൾ
• പൊതുമരാമത്തിന് 1367 കോടി. 10000 കോടിയുടെ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിർമ്മാണഘട്ടങ്ങളിൽ
• കേരളം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക്.
• ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. 12 കോടിയുടെ ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ട്. ഈ വർഷം 10000 ഇലക്ട്രിക് ഓട്ടോകൾക്ക് സബ്സിഡി
• കെഎസ്ആർടിസിയിൽ ഇലക്ട്രിക് ബസുകൾ
• 585 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ
• മാഹി- വളപട്ടണം കനാൽ നിർമ്മിക്കുന്നതിന് 600 കോടി
• തെക്ക് - വടക്ക് സമാന്തര റെയിൽപാത
• വരുന്നു, കേരള ബോട്ട് ലീഗ്
• തടിക്കു പകരം കയറിന്റെ ബോർഡുകൾ. ആലപ്പുഴയിൽ 20 കോടിയുടെ ഫാക്ടറി.
• ചകിരി ഉൽപാദനം പത്തു മടങ്ങായും കയർ ഉൽപാദനം മൂന്നു മടങ്ങായും കയർ ഉൽപന്ന ഉൽപാദനം രണ്ടു മടങ്ങായും ഉയർത്തും. പുതിയ 400 ചകിരി മില്ലുകൾ.
• 5000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ.
• പ്രവാസിക്ഷേമത്തിന് 81 കോടി
• പ്രവാസികൾക്ക് അടിയന്തിരഘട്ടങ്ങളിൽ ധനസഹായം നൽകാൻ 25 കോടി. പ്രവാസികൾക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി. പ്രവാസി ചിട്ടി എല്ലാ ഗൾഫ് രാജ്യങ്ങളിലേയ്ക്കും
• കേരള ബാങ്ക് ഇക്കൊല്ലം, രൂപം കൊള്ളുന്നത് കേരളത്തിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖല
• വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കും
• സ്ത്രീകൾക്കുള്ള സ്‌കീമുകൾക്ക് 1420 കോടി.
• കുടുംബശ്രീയുടെ കീഴിൽ കേന്ദ്രീകൃത ബ്രാൻഡിംഗും മാർക്കറ്റിംഗും
• ജെറിയാട്രിക് കെയറിന് 2000 സ്ത്രീകൾക്ക് പ്രൊഫഷണൽ പരിശീലനം.
• കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് 3500 കോടിയുടെ ബാങ്കുവായ്പ. കടക്കെണിയിൽപ്പെട്ട കുടുംബശ്രീ സംഘങ്ങൾക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതി.
• 10000 പട്ടികവിഭാഗക്കാർക്ക് പ്ലെയ്സ്മെന്റ്
• ഭൂരഹിതഭവനരഹിതർക്കുള്ള ഭവന സമുച്ചയങ്ങൾക്കായി 1296 കോടി
• കേരളത്തിന് സാർവ്വത്രിക ആരോഗ്യ സുരക്ഷാപദ്ധതി. മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷ
• ആശാപ്രവർത്തകരുടെ ഹോണറേറിയത്തിൽ 500 രൂപ വർദ്ധന.
• 30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പ്രവർത്തനപഥത്തിലേയ്ക്ക്
• കാർഷികമേഖലയിൽ 2500 കോടി
• സംസ്ഥാന ക്രോപ്പ് ഇൻഷ്വറൻസ് സ്‌കീം നടപ്പാക്കാൻ 20 കോടി
• മൃഗപരിപാലന മേഖലയ്ക്ക് 450 കോടി. ഡയറി ഡിപ്പാർട്ട്മെന്റിന് 108 കോടി.
• ഈ സീസണിൽ ഒരു ലക്ഷം ടൺ തോട്ടണ്ടി ലഭ്യമാക്കും. കാഷ്യൂ ബോർഡിന് സർക്കാർ ഗ്യാരണ്ടിയിൽ 250 കോടിയുടെ വായ്പ. കശുവണ്ടി കോർപറേഷനും കാപ്പെക്സും ആധുനീകരിക്കാൻ 19 കോടി
• കയർ വ്യവസായത്തിന് 142 കോടി. എൻസിഡിസിയിൽ നിന്ന് 89 കോടിയുടെ വായ്പ
• കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്ക് 170 കോടി. കൈത്തറി, പവർലൂം മേഖലയ്ക്ക് 56 കോടി രൂപ. ഖാദി വ്യവസായത്തിന് 14 കോടി രൂപ. ഹാൻഡിക്രാഫ്റ്റ് വികസന സ്‌കീമുകൾക്കായി 3.5 കോടി
• ഐടി മേഖലയ്ക്ക് 574 കോടി
• ടൂറിസം മേഖലയ്ക്ക് 372 കോടി
• ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാൻ 132 കോടി
• ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിങ് സെന്റർ
• വയോജന സംരക്ഷണത്തിന് ബൃഹദ് പദ്ധതി.
• 20000 വയോജന അയൽക്കൂട്ടങ്ങൾ. ഓരോ അയൽക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റ്. സായംപ്രഭ, വയോമിത്രം പരിപാടികൾക്ക് 30 കോടി. ആശുപത്രികൾ വയോജനസൗഹൃദമാക്കാൻ 10 കോടി
• ക്ഷേമപെൻഷനുകൾ 100 രൂപ വർദ്ധിപ്പിക്കും. പെൻഷൻ ഇനി 1200 രൂപ.
• ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി
• പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി. പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കൽ 1649 കോടി
• ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ. ന്യൂനപക്ഷക്ഷേമ വികസന കോർപ്പറേഷന് 15 കോടി. കോഴിക്കോട് സർവ്വകലാശാലയിൽ ന്യൂനപക്ഷ പഠനകേന്ദ്രം. ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കായി ഒരു പ്രത്യേക ബ്ലോക്ക്
• പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി. ഒഇസി സ്‌കോളർഷിപ്പിന് 53 കോടി രൂപ. ഒ.ബി.സി.ക്കുള്ള സ്‌കോളർഷിപ്പിന് 50 കോടി
• കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെൽഫെയർ കോർപ്പറേഷന് 42 കോടി
• ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം. ശബരിമല റോഡുകൾക്ക് 200 കോടി
• തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം. മലബാർ, കൊച്ചി ദേവസ്വങ്ങൾക്കായി 36 കോടി
• ആരോഗ്യമേഖലയ്ക്ക് 4000 കോടി. ആശുപത്രികൾക്ക് 1000 കോടി കിഫ്ബി മുതൽ മുടക്ക്. മെഡിക്കൽ കോളജുകൾക്ക് 232 കോടി
• ഹോംകോ പുതിയ മരുന്നു ഫാക്ടറി ഇക്കൊല്ലം പ്രവർത്തനം ആരംഭിക്കും. 10 കോടിയുടെ വകയിരുത്തൽ
• റീജണൽ കാൻസർ സെന്ററിന് 73 കോടി. ആർസിസിയിൽ 14 നിലയുള്ള പുതിയ ബ്ലോക്ക് 2020ൽ പൂർത്തിയാക്കും. വിസ്തൃതി രണ്ടേമൂക്കാൽ ലക്ഷം ചതുരശ്രയടി.
• വിദ്യാഭ്യാസമേഖലയിൽ 4000 കോടിയുടെ റെക്കോഡ് ചെലവ്. സർവകലാശാലകൾക്ക് 1513 കോടി.
• കിഫ്ബി ധനസഹായത്തോടെ കോളേജ് കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി
• കലാസംസ്‌ക്കാര മേഖലയ്ക്ക് 157 കോടി
• അമ്പലപ്പുഴ തകഴി സ്മാരകനവീകരണത്തിന് 5 കോടി, വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് 1 കോടി, കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകം പൂർത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാൻ 1 കോടി, കുമാരഗുരുവിന്റെ സ്മരണയ്ക്കുള്ള പി.ആർ.ഡി.എസ് കോളേജിന്റെ കെട്ടിടം പൂർത്തീകരിക്കുന്നതിന് 1 കോടി
• കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്റെ ഡിജിറ്റലൈസേഷന് ആർക്കേവ്സിന് 2 കോടി
• ലൈബ്രേറിയന്മാരുടെ അലവൻസ് 20 ശതമാനം ഉയർത്തും
• സ്പോർട്സ് മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായം
• ചെങ്ങന്നൂർ ബൈപ്പാസ്, ആറ്റിങ്ങൽ നഗരറോഡിന്റെ വീതി കൂട്ടൽ, കൊല്ലത്തെ ബൈപ്പാസിലെ ചെങ്കോട്ട റോഡ് ജംഗ്ഷനിൽ ഫ്ലൈഓവർ.
• തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഗ്രാന്റിൽ 500 കോടിയുടെ വർദ്ധന.
• സർക്കാർ ഓഫീസുകൾ സ്ത്രീ സൗഹൃദമാക്കാൻ 50 കോടി
• ജൂൺ 1 മുതൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നേഷൻ സംവിധാനം (എ.എൻ.പി.ആർ) വഴി കേരളത്തിലേയ്ക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തൽസമയം ഇ-വേബിൽ പരിശോധന
• ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർദ്ധന.
• റവന്യു വകുപ്പിൽ സർട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കുന്നതിന് 5 രൂപ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളയുന്നു.
• പാട്ടക്കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ

2019-20 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് പൂർണരൂപം ഇവിടെ വായിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP