Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമൊക്കെ ഇനി പഴങ്കഥ; ചാലക്കുടിയുടെ ശബ്ദം ഡൽഹിയിൽ എത്തിക്കാൻ അവസരം തേടി ബെന്നി ബഹനാൻ; വരാപ്പുഴ ആർച്ച് ബിഷപ്പുമായും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായും കൂടിക്കാഴ്ച; പറവൂർ ചേരമാൻ ജുമാ മസ്ജിദിലും ചിറക്കൽ പടിഞ്ഞാറേ കോവിലകത്തും സന്ദർശനം; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹവും തേടിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വിശേഷങ്ങൾ

സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമൊക്കെ ഇനി പഴങ്കഥ; ചാലക്കുടിയുടെ ശബ്ദം ഡൽഹിയിൽ എത്തിക്കാൻ അവസരം തേടി ബെന്നി ബഹനാൻ; വരാപ്പുഴ ആർച്ച് ബിഷപ്പുമായും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായും കൂടിക്കാഴ്ച; പറവൂർ ചേരമാൻ ജുമാ മസ്ജിദിലും ചിറക്കൽ പടിഞ്ഞാറേ കോവിലകത്തും സന്ദർശനം;  മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹവും തേടിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വിശേഷങ്ങൾ

ആർ പീയൂഷ്

 കൊച്ചി: യുഡിഎഫിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചതോടെ, നഷ്ടപ്പെട്ടുപോയ ദിവസങ്ങൾ പ്രചാരണത്തിൽ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബെന്നി ബഹന്നാൻ. യു.ഡി.എഫ് കൺവീനറും ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാന് വളരെ ആത്മവിശ്വാസം ഉണ്ടാകുന്ന പ്രതികരണമാണ് ജനങ്ങളിൽ നിന്നും കിട്ടുന്നത്. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചാലക്കുടി മണ്ഡലം ജനാധിപത്യ മുന്നണി വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ആദ്യഘട്ട പ്രചരണത്തിന് ഇറങ്ങുന്നത്. സ്ഥാനാർത്ഥി നിർണയത്തിന് ഉണ്ടായ കാലതാമസം രണ്ടുദിവസത്തിനുള്ളിൽ പരിഹരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുൻപന്തിയിൽ വരുന്നതിനുള്ള ശ്രമം തുടങ്ങിയതായും ബെന്നി ബഹനാൻ പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള നേതാക്കന്മാരെയും മറ്റും നേരിൽ കണ്ടും ഫോണിൽ ബന്ധപ്പെട്ടും സംസാരിച്ചു. അവരിൽ നിന്നുമൊക്കെ വളരെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇത് വളരെ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. അവരെല്ലാവരും ഈ തിരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യം ഉൾക്കൊള്ളുന്നുണ്ട്. സംസ്ഥാന തലത്തിലുള്ള പശ്ചാത്തലം മനസ്സിലാക്കുന്നു. കോൺഗ്രസ്സ് വിജയിച്ച് കേന്ദ്രത്തിൽ മതനിരപേക്ഷ ശക്തിയുള്ള ഒരു സർക്കാർ അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അതിന്റെ ഒരു പ്രതിഫലനം നിയോജക മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് ബെന്നി ബെഹനാൻ പറയുന്നത്.

കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാക്കളായ ടി. എച്ച്. മുസ്തഫയെയും പി.പി. തങ്കച്ചനെയും സന്ദർശിച്ചാണ് പ്രചാരണം ആരംഭിച്ചത്. പെരുമ്പാവൂരിലെ വസതികളിലെത്തിയാണ് ബെന്നി ബഹനാൻ ഇരു നേതാക്കളുടെയും അനുഗ്രഹം തേടിയത്. ചാലക്കുടിക്കു ലഭിച്ച മികച്ച സ്ഥാനാർത്ഥിയാണ് ബെന്നിയെന്ന് മുസ്തഫ പറഞ്ഞു. ഉറച്ച യു.ഡി.എഫ്. മണ്ഡലമായ ചാലക്കുടിയിലെ വികസന മുരടിപ്പിനും ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ബെന്നി ബഹനാന് കഴിയുമെന്ന് ഉറപ്പുണ്ടെന്നും മുസ്തഫ പറഞ്ഞു.

ജനപ്രതിനിധിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ബെന്നി ബഹനാൻ ചാലക്കുടിയെ അന്തർദേശീയ നിലവാരത്തിൽ എത്തിക്കാൻ കഴിയുന്ന ജനപ്രതിനിധിയായിരിക്കുമെന്ന് തങ്കച്ചൻ പറഞ്ഞു. കേരള നിയമസഭയിൽ ബെന്നിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടതാണ്. ചാലക്കുടിയുടെ ശബ്ദം ഡൽഹിയിൽ മുഴങ്ങാൻ ഉജ്ജ്വല വാഗ്മി കൂടിയായ ബെന്നി ബഹനാന് കഴിയുമെന്നും തങ്കച്ചൻ പറഞ്ഞു. മാർ ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹം തേടിയെത്തിയ ബെന്നി ബഹനാന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മതേതര ഇന്ത്യയുടെ കരുത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കണമെന്നും കേരളത്തിലെ മികച്ച രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളാണ് ബെന്നി ബഹനാൻ എന്നും ആലഞ്ചേരി പറഞ്ഞു.

ഇവരെ സന്ദർശ്ശിച്ച ശേഷം ന്യൂസീലൻഡിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ആൻസിയുടെ വസതിയിൽ സാന്ത്വനവുമായി ബെന്നി ബഹനാൻ എത്തി. ആൻസിയുടെ ഉമ്മ റസിയയെ ആശ്വസിപ്പിച്ച അദ്ദേഹം മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഡി.സി.സി. സെക്രട്ടറി ടി.എം. നാസർ, മഹിളാ കോൺഗ്രസ് നേതാവ് ചന്ദ്രിക ശിവരാമൻ, ഡി.സി.സി. ജനറൽ സെക്രട്ടറി വി എം. മൊയ്തീൻ, വി എം. ജോണി എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

പിന്നീട് പറവൂർ ചേരമാൻ ജുമാ മസ്ജിദും സന്ദർശിച്ചു. ഖത്തീബ് സൈഫുദ്ദീൻ അൽ ഖാസിമി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ചിറക്കൽ പടിഞ്ഞാറേ കോവിലകത്ത് കെ. സുരേന്ദ്ര വർമയെ സന്ദർശിച്ചു. കോട്ടപ്പുറം ബിഷപ്പ് ഹൗസിലെത്തിയ ബെന്നി ബഹനാനെ വികാരി ജനറൽ ആന്റണി കുരിശിങ്കൽ സ്വീകരിച്ചു. മൂക്കന്നൂർ സെയ്ന്റ് മേരീസ് പള്ളി, കൊക്കുന്ന് സെയ്ന്റ് ജോസഫ് പള്ളി, ദേവഗിരി സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി എന്നിവിടങ്ങളിലെത്തിയ ബെന്നി ബഹനാൻ ഔസേപ്പിതാവിന്റെ ഊട്ടുനേർച്ച സദ്യയിലും പങ്കെടുത്താണ് മടങ്ങിയത്. കടുത്ത മത്സരം തന്നെയാണ് ഇക്കുറിയും ചാലക്കുടി നിയോജക മണ്ഡലത്തിലുണ്ടാകുക. ഇന്നസെന്റ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയാണ്. ചലച്ചിത്ര താരം കൂടിയായതിനാൽ ബെന്നി ബെഹനാൻ കുറച്ചു വിയർപ്പൊഴുക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP