Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202414Friday

കേരള നിയമസഭയിൽ മോദി ശൈലി അനുവദിക്കില്ല; തദ്ദേശ വാർഡ് പുനർനിർണയ ബിൽ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെ; കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളം; സർക്കാർ നടപടി തെറ്റായിരുന്നുവെന്ന് സ്പീക്കറുടെ വാക്കുകളിൽ വ്യക്തമെന്നും വി ഡി സതീശൻ

കേരള നിയമസഭയിൽ മോദി ശൈലി അനുവദിക്കില്ല; തദ്ദേശ വാർഡ് പുനർനിർണയ ബിൽ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെ; കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളം; സർക്കാർ നടപടി തെറ്റായിരുന്നുവെന്ന് സ്പീക്കറുടെ വാക്കുകളിൽ വ്യക്തമെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർനിർണയ ബിൽ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും കേരള നിയമസഭയിൽ മോദി ശൈലി അനുവദിക്കില്ലെന്നും സഭയിൽ ക്രമപ്രശ്‌നം അവതരിപ്പിക്കവേ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ:

നിയമസഭ നടപടി ക്രമങ്ങളുടെ ഭാഗമായി 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുമെന്നായിരുന്നു അജണ്ടയിലുണ്ടായിരുന്നത്. ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ ചട്ടം 76, 77, 237 എന്നിവ ഇളവ് ചെയ്തുകൊണ്ട് ഇന്നലെ (10.6.2024) സഭ പാസാക്കിയ ദൗർഭാഗ്യകരമായ നടപടിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

ഇന്നലെ നൽകിയ റൂൾ 50 നോട്ടീസിൽ അന്വേഷണം നടത്തില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. അങ്ങനെ സമരം നടത്തുന്നത് ഈ സഭയിൽ ആദ്യമായല്ല. യു.ഡി.എഫ് ഭരണകാലത്ത് ബാർ കോഴയുമായി ബന്ധപ്പെട്ട് ഒരു ഡസനിൽ അധികം തവണ അന്നത്തെ പ്രതിപക്ഷം നടത്തളത്തിൽ ഇറങ്ങിയിട്ടുണ്ട്.

എന്നാൽ, സഭാതലത്തിൽ പ്രതിഷേധം നടക്കുമ്പോൾ തന്നെ അജണ്ടയിൽ വ്യക്തമാക്കിയതിൽ നിന്നും വ്യത്യസ്തമായി ബില്ലുകൾ പരിഗണനയ്ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ മന്ത്രിക്ക് അനുമതി നൽകുകയും ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയും ചെയ്തു. പ്രതിഷേധിച്ചു എന്നതിന്റെ പേരിൽ ബിൽ പാസാക്കുന്നതിന്റെ നടപടിക്രമങ്ങളൊക്കെ കാറ്റിൽപ്പറത്തി. പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതു പോലെ മോദി ശൈലിയിലാണ് കേരള നിയമസഭയിൽ ഇന്നലെ ബിൽ പാസാക്കിയത്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

കേരള നിയമസഭയ്ക്ക് ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തെ കളഞ്ഞുകുളിച്ചും ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കിയും ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ ആഘാതം കിട്ടിയിട്ടും ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പ്രതിപക്ഷത്തിന് മാത്രമല്ല, എല്ലാ സാമാജികർക്കും ഭേദഗതികൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. അനാവശ്യ ധൃതിയാണ് സർക്കാർ കാട്ടിയത്. നിയമസഭയ്ക്ക് തന്നെ അപമാനകരമായ സംഭവമാണ് നടന്നത്. ഇക്കാര്യത്തിൽ സ്പീക്കർ കൃത്യമായ റൂളിങ് നൽകണം.

ഞങ്ങളുമായി ഒരു തരത്തിലുള്ള ചർച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തിൽ ബിൽ പാസാക്കാൻ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഞങ്ങളുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. നിങ്ങൾ ആരോടാണ് ഈ വാശി കാണിക്കുന്നത്. നിയമസഭയുടെ പേരാണ് മോശമായത്. എന്ത് നേട്ടമാണ് നിങ്ങൾക്കുണ്ടായത്. നിങ്ങൾക്ക് നിങ്ങളുടെ ഭൂരിപക്ഷം കൊണ്ട് തന്നെ ബിൽ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

ഡീ ലിമിറ്റേഷൻ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപെ ഈ ബിൽ കൊണ്ടു വരാമായിരുന്നില്ലേ? എത്രയോ അവസരങ്ങളുണ്ടായിരുന്നു. അപ്പോൾ നിങ്ങൾക്ക് നിഷ്‌ക്രിയത്വമാണ്. സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുൻ സഭയിൽ ഈ ബിൽ പരിഗണിച്ചപ്പോൾ ഇല്ലാതിരുന്ന നിരവധി പേർ ഇപ്പോഴത്തെ സഭയിലുണ്ട്. അവർക്കും ഭേദഗതികൾ അവതരിപ്പിക്കാനുണ്ടാകും. പെട്ടന്ന് പാസാക്കേണ്ടതായിരുന്നെങ്കിൽ പ്രതിപക്ഷത്തോട് പറയാമായിരുന്നു. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞേനെ. ഇന്ന് വൈകുന്നേരം പാസാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങൾ സഹകരിക്കുമായിരുന്നല്ലോ. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് അജണ്ടയിൽ ഉൾപ്പെടുത്തിയ ബിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നത്. അത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. മന്ത്രിയുടെ ന്യായവാദങ്ങളൊന്നും നിലനിൽക്കുന്നതല്ല. മോദി സ്റ്റൈലിലാണ് ബില്ലുകൾ പാസാക്കുന്നതെങ്കിൽ നിങ്ങൾ സബ്ജക്ട് കമ്മിറ്റികളൊക്കെ പിരിച്ചു വിട്.

ഭേദഗതി തന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞതും തെറ്റാണ്. പ്രതിപക്ഷത്ത് നിന്നും സണ്ണി ജോസഫ് ജനറൽ അമൻഡ്മെന്റ് തന്നിരുന്നു. ബിൽ സർക്കുലേറ്റ് ചെയ്ത ശേഷമാണ് പ്രധാന ഭേഗദതികൾ അവതരിപ്പിക്കുന്നത്. പ്രതിപക്ഷവുമായി സമവായമുണ്ടാക്കിയും അടിയന്തര സാഹചര്യത്തിലും മാത്രമാണ് കേരള നിയമസഭ ഇത്തരത്തിൽ ബിൽ പാസാക്കിയിട്ടുള്ളത്. എന്നാൽ ഇതുപോലൊരു സംഭവം സഭാചരിത്രത്തിൽ ആദ്യമായാണ്.

സ്പീക്കറുടെ വിഷമം പരിമിതമായ വാക്കുകളിലൂടെ പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ട്. സർക്കാർ നടപടി തെറ്റായിരുന്നുവെന്ന് സ്പീക്കറുടെ വാക്കുകളിൽ വ്യക്തമാണ്. പ്രതിപക്ഷ നേതാവ് കസേരയിൽ നിന്നും എഴുന്നേറ്റ് പറഞ്ഞില്ലെന്നു പറഞ്ഞ മന്ത്രി ഭാവിയിൽ പ്രതിപക്ഷം ഇതൊക്കെ കേട്ട് അടങ്ങിയിരുന്നെന്നും പറയും. കേന്ദ്രത്തിൽ സംഘപരിവാർ സർക്കാർ ചെയ്യുന്ന അതേ നടപടി നിയമസഭയിലും തുടരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP