Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇങ്ങട് വാടാ മിടുക്കാ.. ഒരു മുത്തം തരട്ടെ! രാഹുൽ മാങ്കൂട്ടത്തിലിന് സതീശന്റെ സ്‌നേഹമുത്തം; ഉമയ്‌ക്കൊപ്പം നിഴലായി നിന്ന് പ്രചരണം നടത്തി ഷാഫിയും ഹൈബിയും; എണ്ണയിട്ട യന്ത്രംപോലെ പാർട്ടിയെ ചലിപ്പിച്ച് മുഹമ്മദ് ഷിയാസ്; തൃക്കാക്കര വിജയത്തോടെ കോൺഗ്രസിനെ വീണ്ടെടുത്ത് യുവനിര

ഇങ്ങട് വാടാ മിടുക്കാ.. ഒരു മുത്തം തരട്ടെ! രാഹുൽ മാങ്കൂട്ടത്തിലിന് സതീശന്റെ സ്‌നേഹമുത്തം; ഉമയ്‌ക്കൊപ്പം നിഴലായി നിന്ന് പ്രചരണം നടത്തി ഷാഫിയും ഹൈബിയും; എണ്ണയിട്ട യന്ത്രംപോലെ പാർട്ടിയെ ചലിപ്പിച്ച് മുഹമ്മദ് ഷിയാസ്; തൃക്കാക്കര വിജയത്തോടെ കോൺഗ്രസിനെ വീണ്ടെടുത്ത് യുവനിര

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പു ഫലം യുഡിഎഫ് ക്യാമ്പിൽ വിതച്ച ഊർജ്ജം ഒട്ടും കുറവല്ല. പിണറായി വിജയൻ യുഡിഎഫ് നേതാക്കളെ ചാക്കിട്ടു പടിച്ചും കോൺഗ്രസിനെ ദുർബലപ്പെടുത്താൻ വേണ്ടി പരമാവധി ശ്രമങ്ങൾ നടത്തി വരുമ്പോഴാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് എത്തിയത്. കെ വി തോമസ് മറുകണ്ടം ചാടിയതു കൊണ്ട് കോൺഗ്രസിന് വൻ തിരിച്ചടിയാകും എന്നു പ്രചരിപ്പിച്ചു കൊണ്ടായിരുന്നു സിപിഎം പ്രചരണം കൊഴിപ്പിച്ചത്. എന്നാൽ, ഒടുവിൽ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ മലപോലെ വന്നത എലി പോലെ പോയി എന്ന അവസ്ഥയിലായി കാര്യങ്ങൾ.

ഇത്തുറി കാര്യമായ എതിർപ്പില്ലാതെ ഒറ്റക്കെട്ടായാണ് ഉമ തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിക്കിയത്. പി ടിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം കൊണ്ട് വിജയിച്ചു കയറാം എന്നതായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാൽ, ഡൊമിനിക് പ്രസന്റേഷൻ അടക്കമുള്ളവർ സ്ഥാനാർത്ഥിത്വം മോഹിച്ച് രംഗത്തുവന്നു. സമുദായത്തിന്റെ പേരു പറഞ്ഞായിരുന്നു അവരുടെ രംഗപ്രവേശനം. എന്നാൽ, ഈ എതിർപ്പിനെയും മറികടക്കാൻ കോൺഗ്രസിന് സാധിച്ചു. വി ഡി സതീശനോട് എതിർപ്പുള്ള നേതാക്കൾ പോലും മണ്ഡലത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ കോൺഗ്രസിന്റെ യുവനിരയാണ് ശരിക്കും ഉണർന്നു പ്രവർത്തിച്ചത്.

യൂത്ത് കോൺഗ്രസ് ശരിക്കും മണ്ഡലത്തിലെ പ്രചരണം ഏറ്റെടുക്കുകയായിരുന്നു. തൃക്കാക്കര യുഡിഎഫ് മണ്ഡലമാണ് തോറ്റാൽ പോലും പിന്നീട് തിരിച്ചു പിടിക്കാലമല്ലോ എന്ന മനോഭാവം പുലർത്തിയ നേതാക്കളിൽ പോലും ഈ വിജയം കൂടിയേ തീരൂ എന്ന നിലപാടിലേക്ക് എത്തിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നിലപാടായിരുന്നു. ജോ ജോസഫിന് തോറ്റാൽ ഡോക്ടർ പണിക്ക് പോകാം. മറിച്ച് കോൺഗ്രസുകാർ എങ്ങോട്ടു പോകുമെന്ന ചോദ്യമായിരുന്നു ഷാഫി ഉന്നയിച്ചത്. ഇതോടെ മണ്ഡലത്തിൽ തമ്പടിച്ച് ഷാഫിയുടെ നേതൃത്വത്തിൽ യുവനേതാക്കൾ പ്രചരണം തുടങ്ങി.

സിപിഎം മെഷിണറി എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേ മാതൃകയിൽ തന്നെയാണ് ഇവിടെ കോൺഗ്രസും നയിച്ചത്. പ്രചരണത്തിന്റെ തുടക്കം മുതൽ ഹൈബി ഈഡൻ എംപിയും ഉമക്കൊപ്പം പ്രചരണത്തിന് ഉണ്ടായിരുന്നു. ഇങ്ങനെ ഹൈബിയും ഷാഫിയും കളത്തിൽ ഇറങ്ങിക്കളിച്ചപ്പോൾ ടെലിവിഷനിലും സൈബറിടങ്ങളിലും ഇടതു പ്രചരണങ്ങളുടെ മുനയൊടിച്ചത് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. രാഹുലിന്റെ ചാനൽ ചർച്ചകളിലെ മറുപടികൾ കോൺഗ്രസ് സൈബറിടങ്ങൾ ഏറ്റെടുത്തു പ്രചരിപ്പിച്ചു. വി ടി ബൽറാം, അൻവർ സാദത്ത്, റോജി എം ജോൺ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, കെഎസ് ശബരീനാഥ് അനിൽ അക്കര, കെഎം അഭിജിത്ത്, വി എസ് ജോയ് അടക്കം യുവനേതാക്കളെല്ലാം മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമായിരുന്നു.

സോഷ്യൽ മീഡിയയിൽ ഒച്ചപ്പാടുണ്ടാക്കിയില്ലെങ്കിലും കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷും ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാമ്പു ചെയ്തു പ്രചരണം നയിച്ചു. ടി സിദ്ദിഖ് ആകട്ടെ കുടുംബത്തോടൊപ്പം എത്തിയാണ് പ്രിയപ്പെട്ട് പി ടി തോമസിന്റെ ഭാര്യക്കായി വോട്ടു തേടി എത്തിയത്. അതേസമയം ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും മുമ്പ് തന്നെ മണ്ഡലത്തെ സജ്ജമാക്കിയത് മുഹമ്മദ് ഷിയാസ് എന്ന ഡിസിസി അധ്യക്ഷനായിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ മികവിൽ ഒന്നാമതുള്ള ഷിയാസിന്റെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലയാണ് സംഘടന ഇവിടെ പ്രവർത്തിച്ചത്. വോട്ടർ ലിസ്റ്റിൽ പേരു ചേർക്കുമ്പോൾ തുടങ്ങിയ ജാഗ്രത വോ്ട്ടർമാരെ ബൂത്തിൽ എത്തിക്കുന്നത് വരെ തുടർന്നു.

ഇവരെയെല്ലാം മുന്നിൽ നിന്നു നയിച്ചത് പ്രതിപക്ഷ നേതാവായ വി ഡി സതീശനായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അത്രയ്ക്ക് സജീവമായിരുന്നില്ല. സുധാകരന്റെ അഭാവത്തിൽ തൃക്കാക്കരയിൽ യുഡിഎഫിന്റെ പ്രചാരണം നയിച്ചത് വിഡി സതീശനും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചേർന്നായിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയതിലും മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസ് എത്തിയതോടെ പ്രതിപക്ഷ നേതാവിന്റെ ഗ്രാഫ് പാർട്ടിയിൽ ഉയരുകയാണ്. യഥാർഥ ക്യാപ്ടൻ സതീശനാണെന് ഹൈബി അടക്കമുള്ളവർ പറഞ്ഞു തുടങ്ങുമ്പോൾ കോൺഗ്രസിലെ യുവനിര കൂടുതലായി സതീശന്റെ പിന്നിൽ അണി നിരക്കുകയാണ്. ഗ്രൂപ്പുകൾക്ക് അതീതമായാണ് ഈ കൂട്ടായ്മ രൂപം കൊള്ളുന്നത് എന്നതും ശ്രദ്ധേയമാണ്.

ഉമ തോമസിന്റെ വിജയം എറണാകുളം ഡിസിസി ഓഫീസിൽ ഇരുന്ന് ടെലിവിഷനിൽ കാണുമ്പോൾ ഷാഫി പറമ്പിലിനെ കെട്ടിപ്പിടിച്ചും രാഹുൽ മാങ്കൂട്ടത്തിലിന് മുത്തം കൊടുത്തുമാണ് സതീശൻ വിജയം ആഘോഷിച്ചത്. യുവാക്കളുടെ ഊർജ്ജമാണ് ഉയുടെ വിജയിത്തിൽ തൃക്കാക്കര തെരഞ്ഞെടുപ്പിൽ നേട്ടമായതെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാകുന്നുമുണ്ട്. സർക്കാരിന്റേയും സിപിഎമ്മിന്റേയും മുഴുവൻ സംഘടനാ സംവിധാനവും ഇറക്കുക വഴി തൃക്കാക്കരയെ ഇളക്കി മറിച്ച പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രചാരണം നയിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും മന്ത്രി പി.രാജീവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജും പ്രചാരണത്തിന് ചുക്കാൻ പിടിച്ചു.

തൃക്കാക്കരയെ ഇളക്കി മറിച്ചു കൊണ്ട് എൽഡിഎഫ് നടത്തിയ പ്രചാരണത്തെ തുടർന്ന് ശക്തികേന്ദ്രമായ തൃക്കാക്കരയിൽ യുഡിഎഫ് പിന്നോട്ട് പോയേക്കാം എന്ന തരത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കോൺഗ്രസിലെ ചില നേതാക്കളടക്കം ഭൂരിപക്ഷം കുറഞ്ഞാലും ഉമ ജയിക്കും എന്ന തരത്തിൽ ആത്മവിശ്വാസം ചോർന്ന നിലയിലേക്ക് വന്നെങ്കിലും ഏറ്റവും മികച്ച വിജയം ഉമ നേടും എന്ന് ഉറച്ച് വിശ്വസിക്കുകയും പരസ്യമായി പറയുകയും ചെയ്തയാൾ വിഡി സതീശനാണ്.

ഇവരെ കൂടാതെ എകെ ആന്റണി, ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നീ സീനിയർ നേതാക്കളും യുഡിഎഫിന്റെ മുഴുവൻ എംപിമാരും എംഎൽഎമാരും മണ്ഡലത്തിൽ പ്രാചരണത്തിന് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുൻപേ തന്നെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബൂത്ത് കമ്മിറ്റികൾ പ്രവർത്തന സജ്ജമാക്കിയിരുന്നു. യുഡിഎഫിലെ മറ്റു എംഎൽഎമാരും ഘടകക്ഷി നേതാക്കളും തൃക്കാക്കരയിൽ സജീവമായി ഇറങ്ങി. അഭിപ്രായ ഭിന്നതകളില്ലാതെ പാർട്ടിയും മുന്നണിയും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയിൽ കണ്ടെതെന്ന് പറയാമെങ്കിലും കോൺഗ്രസിന്റേയും യുഡിഎഫിന്റേയും തലപ്പത്തേക്ക് വന്ന ശേഷം ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പ് പോരാട്ടം മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറാനായി എന്നത് പാർട്ടിയിൽ വിഡിയുടെ കരുത്തേറ്റും. വിജയത്തിന് പിന്നാലെ യുവനേതാക്കൾ ഒന്നാകെ സതീശന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പാർട്ടിയിൽ സതീശനുണ്ടാക്കിയ സ്വാധീനത്തെ കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP