Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റണിയുടെ മുമ്പിൽ മോദി പൊളിഞ്ഞ കഥ പറഞ്ഞ് കൊടുത്ത് രാഹുലിനെ വിസ്മയിപ്പിച്ച് യുവനേതാക്കൾ ഡൽഹിയിൽ; അവസാന നിമിഷം ബാബുവും പ്രകാശും കെസി ജോസഫും അടക്കമുള്ള പ്രമുഖരുടെ തല ഉരുണ്ടേക്കും; സുധീരനും ആന്റണിയും ചിന്തിക്കുന്നത് ഒരേ വഴിയിൽ

ആന്റണിയുടെ മുമ്പിൽ മോദി പൊളിഞ്ഞ കഥ പറഞ്ഞ് കൊടുത്ത് രാഹുലിനെ വിസ്മയിപ്പിച്ച് യുവനേതാക്കൾ ഡൽഹിയിൽ; അവസാന നിമിഷം ബാബുവും പ്രകാശും കെസി ജോസഫും അടക്കമുള്ള പ്രമുഖരുടെ തല ഉരുണ്ടേക്കും; സുധീരനും ആന്റണിയും ചിന്തിക്കുന്നത് ഒരേ വഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിലെ യുവാക്കളുടെ നീക്കം ഫലിച്ചു. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടുകളെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി
തീരുമാനിച്ചുവെന്നാണ് സൂചന. എ-ഐ ഗ്രൂപ്പിലെ പല പ്രമുഖരും അതുകൊണ്ട് തന്നെ പ്രതിസന്ധിയിലായി. കോൺ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിലെ യുവാക്കൾ കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു. മധ്യപ്രദേശ് മോഡലിനെ പിടിച്ചുള്ള നിലപാട് വിശദീകരണം രാഹുലിന് നന്നേ പിടിച്ചു. ഇതോടെ ജയിക്കാവുന്ന സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും കിട്ടാനുള്ള അവസരം ഒരുങ്ങുകയാണ്.

മധ്യപ്രദേശിൽ 1998ൽ ദിഗ്‌വിജയ് സിങ് അധികാരം നിലനിർത്തിയതെങ്ങനെ? കാരണം രണ്ടായിരുന്നുവെന്നാണു കേരളത്തിൽ നിന്നുള്ള യുവനേതാക്കൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയത്. ഒന്ന്. ആരോപണ വിധേയരെ ഒഴിവാക്കി. രണ്ട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകി. അന്നു മധ്യപ്രദേശിന്റെ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എ.കെ. ആന്റണിയായിരുന്നു. മധ്യപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ബിജെപി ജനറൽ സെക്രട്ടറിയാകട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കോൺഗ്രസ് അവസരം നൽകിയതാണു ബിജെപിയുടെ തോൽവിക്കു കാരണമെന്നു പാർട്ടി നേതൃത്വത്തിനു മോദി നൽകിയ വിശദീകരണത്തോടെ അന്നു പത്രങ്ങൾ പ്രസിദ്ധീകരിച്ച രാഷ്ട്രീയ വിശകലനവും യുവാക്കൾ രാഹുലിനു കൈമാറി. അതായത് മോദിയെ തോൽപ്പിച്ച ആന്റണിയുടെ മാതൃക കേരളത്തിൽ അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം.

വിവിധ മണ്ഡലങ്ങളിൽ പരിഗണനയിലുള്ള മാത്യു കുഴൽനാടൻ, സജീവ് ജോസഫ്, അനിൽ തോമസ്, ദീപ്തി മേരി വർഗീസ്, എം.എ!ൻ. ഗോപി, ഷാജി കോടങ്കണ്ടത്ത്, പി.എസ്. സുധീർ എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഇതിനൊപ്പം വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരും രാഹുലിനെ സന്ദർശിച്ചു സ്ത്രീകളോടു തുടരുന്ന അവഗണനയിൽ പ്രതിഷേധമറിയിച്ചു. ഇതോടെ രാഹുൽ ഗാന്ധി കാര്യങ്ങളിൽ ഇടപെട്ടു. ആന്റണിയുമായി കൂടിയാലോചിച്ചു. യുവാക്കൾ പറയുന്നതിൽ സത്യമുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെ കെപിസിസി അധ്യക്ഷൻ സുധീരന്റെ നിലപാടുകളോട് അടുക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് തീരുമാനിക്കുകയും ചെയ്തു. സ്‌ക്രീനിങ് കമ്മറ്റി നൽകിയ പാനലിൽ നിന്ന് അന്തിമ പട്ടിക ഹൈക്കമാണ്ട് തയ്യാറാക്കുമ്പോൾ യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കും. സ്ഥിരം വിജയികളെ വെട്ടുകയും ചെയ്യും.

റിവൈവ് കോൺഗ്രസ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയ്ക്ക് ലഭിച്ച സ്വീകാര്യതയും രാഹുലിനെ അമ്പരപ്പിച്ചിട്ടുണ്ട്. പണ്ടുകാലത്ത് കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വതന്ത്രരായിരുന്നു. എന്നാൽ ഇന്ന് ഏതെങ്കിലും ഗ്രൂപ്പുകാരനായാലേ വിദ്യാർത്ഥി-യുവജന സംഘടനകളിൽ നിൽക്കാൻ പറ്റൂ. ഈ അവസ്ഥ മാറണം. യൂത്ത് കോൺഗ്രസിനും കെ എസ് യുവിനും സ്വന്തം നിലപാടുകളെടുത്ത് മുന്നോട്ട് പോകാൻ കഴിയണം. എങ്കിൽ മാത്രമേ കോൺഗ്രസിന് പുതിയ ദിശാ ബോധം നൽകാൻ യുവാക്കൾക്ക് കഴിയൂ. ഇതെല്ലാം രാഹുൽ ഗാന്ധിയും അംഗീകരിച്ചു. ഇത്തരം നിലപാടുകൾ തുടർന്ന് കോൺഗ്രസിനെ തിരുത്തലുകൾക്ക് വിധേയമാക്കാൻ രാഹുൽ ഗാന്ധി ഇവർക്ക് നിർദ്ദേശവും നൽകി.

അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്. ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും പോണ്ടിച്ചേരിയിലും ഭരണതലപ്പത്ത് എത്താൻ കോൺഗ്രസിന് കഴിയില്ല. ഇവിടെയെല്ലാം നിലമെച്ചപ്പെടുത്തുക. ഒപ്പം കേരളത്തിൽ അധികാരത്തിലെത്തുക. ഇതാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ലക്ഷ്യം. ഇത് ഉറപ്പാക്കുന്ന വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് ഹൈക്കമാണ്ട് തയ്യാറാണ്. കരുതലോടെയുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് ആഗ്രഹിക്കുന്നത്. സ്ഥാനാർത്ഥിയുടെ മികവ് കൊണ്ടാണ് പല മണ്ഡലങ്ങളിലും തുടർച്ചയായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നതെന്ന് പറയാൻ കഴിയില്ല. ഇവിടെയെല്ലാം ശക്തമായ സംഘടനാ സംവിധാനം കോൺഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾ ഭരണ നഷ്ടത്തിന് കാരണമാകില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പക്ഷം. അത്തരം മണ്ഡലങ്ങൾ ക്ലീൻ ഇമേജുള്ള യുവാക്കൾക്കും സ്ത്രീകൾക്കും നൽകുകയെന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

എകെ ആന്റണിയും ഇതേ പക്ഷക്കാരനാണ്. കെ ബാബുവും അടൂർ പ്രകാശും കെസി ജോസഫും സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളിൽ നല്ല സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും സിപിഎമ്മിന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഇവർ മാറിയാലും കോൺഗ്രസ് ജയിക്കും. ഭാവിയെ നോട്ടമിടുമ്പോൾ യുവാക്കൾ ഈ സീറ്റുകളിൽ പ്രിയങ്കരരായി മാറുന്നതാണ് നല്ലതെന്നാണ് ആന്റണിയുടെ പക്ഷം. ഇത് തന്നെയാണ് വി എം സുധീരനും പറഞ്ഞുവയ്ക്കുന്നത്. ജനങ്ങളുമായി അടുത്ത് നിൽക്കുന്ന യുവാക്കളെ വളർത്തിയെടുത്തില്ലെങ്കിൽ ഭാവിയിൽ പ്രതിസന്ധിയുണ്ടാകും. ആന്റണിയും ഉമ്മൻ ചാണ്ടിയും താനുമെല്ലാം ഇങ്ങനെ വളർന്നുവന്നവരാണ്. അതിന് സമാനമായി യുവാക്കൾക്ക് സാധ്യത നൽകണമെന്നാണ് സുധീരന്റെ പക്ഷം. ഇത് രാഹുൽ ഗാന്ധിയും ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കൂടുതൽ അവസരം നൽകാനാണ് രാഹുലിന്റേയും ആലോചന.

നാല് തവണയിൽ അധികം സ്ഥിരം മണ്ഡലങ്ങളിൽ നിന്ന് ജയിക്കുന്നവർ മത്സരിക്കുന്നതിനെ സുധീരനും പൂർണ്ണമായും എതിർക്കില്ല. ഇത്തരമക്കാർ കോൺഗ്രസിന് വിജയസാധ്യതയുള്ള എന്നാൽ മത്സരം കടുപ്പമാകുന്നിടത്ത് മത്സരിക്കട്ടേ എന്നാണ് സുധീരന്റെ ഫോർമുല. വികസന നായകരെന്ന് പേരെടുത്ത മുഖങ്ങൾ എത്തുമ്പോൾ അവർക്ക് അത്തരം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകൾ ഉയർത്താനാകും. ഇത് വിജയസാധ്യത കൂട്ടും. ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയും. ഇതിലൂടെ യുഡിഎഫിലും കൂടുതൽ സീറ്റുകൾ ജയിച്ച് പിടിമുറുക്കാൻ കോൺഗ്രസിന് കഴിയും. അല്ലാത്ത പക്ഷം ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിമാത്രമേ ഭരിക്കാനാകൂ എന്നാണ് സുധീരന്റെ വിലയിരുത്തൽ. ഇതിനെ ആന്റണിയും അനുകൂലിക്കുന്നുണ്ട്.

ഇതിനൊപ്പമാണ് വലിയ ആരോപണ വിധേയരായവരെ സുധീരൻ ലക്ഷ്യമിടുന്നത്. തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനെ മാറ്റണമെന്നാണ് സുധീരന്റെ നിലപാട്. ബെന്നി ബഹന്നാനും അടുർ പ്രകാശും ഭീതിയുടെ നിഴലിലാണ്. ഇവർക്കെതിരെ പ്രാദേശിക വികാരം ശക്തമാണെന്ന് വരുത്താനാണ് സുധീരന്റെ പക്ഷം. ഇതിൽ വിജയിച്ചിട്ടുമുണ്ട്. യുവനേതാക്കളോട് രാഹുലിനുള്ള താൽപ്പര്യവും ഇതിന് കാരണമായി. ആന്റണിയുടെ മൗന അനുവാദവും ഇതിനെല്ലാം ഉണ്ട്. അതുകൊണ്ട് തന്നെ സുധീരന്റെ നിലപാടുകളെ വെട്ടാനുള്ള എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം പൊളിയുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ സമൂലമായ മാറ്റങ്ങളും സാധ്യതകളും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികിയിൽ ഉണ്ടാകും. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ മുന്നോട്ടുവച്ച മത്സരമാനദണ്ഡങ്ങളോടു ഇന്നലെ നടന്ന കേരളത്തിലെ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ആദ്യയോഗത്തിൽ വിയോജിപ്പുയർന്നിരുന്നു. ആരോപണവിധേയരും തുടർച്ചയായി മത്സരിക്കുന്നവരും മാറിനിൽക്കേണ്ടതുണ്ടെന്ന അഭിപ്രായമാണു സുധീരൻ സ്‌ക്രീനിങ് കമ്മിറ്റിയിലും ആവർത്തിച്ചത്.

പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകണമെങ്കിൽ ഈ മാനദണ്ഡം പാലിക്കേണ്ടിവരുമെന്നാണ് സുധീരന്റെ പക്ഷം. ഇതിന് ഹൈക്കമാണ്ടും പച്ചക്കൊടി കാണിക്കുമ്പോൾ പല പ്രമുഖരുടേയും തല ഉരുളുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP