Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

സർവ സർവേകളേയും കവച്ചുവച്ച് യുപിയിൽ കുതിച്ചുകയറി രണ്ടാമൂഴത്തിലും യോഗി മാജിക്ക്; പാവപ്പെട്ടവരിലേക്ക് കോവിഡ് കാലത്ത് എത്തിച്ച സൗജന്യ റേഷനൊപ്പം അഴിമതിയും അക്രമവും ഇല്ലാതാക്കിയെന്ന പ്രചാരണവും നിർണായകമായി; കർഷകവിരുദ്ധ വികാരം ആളിക്കത്താതെ നോക്കി മുന്നേറ്റം; ഇന്ത്യൻ രാഷ്ട്രീയത്തിൽ യോഗി യുഗം വരുമ്പോൾ

സർവ സർവേകളേയും കവച്ചുവച്ച് യുപിയിൽ കുതിച്ചുകയറി രണ്ടാമൂഴത്തിലും യോഗി മാജിക്ക്; പാവപ്പെട്ടവരിലേക്ക് കോവിഡ് കാലത്ത് എത്തിച്ച സൗജന്യ റേഷനൊപ്പം അഴിമതിയും അക്രമവും ഇല്ലാതാക്കിയെന്ന പ്രചാരണവും നിർണായകമായി; കർഷകവിരുദ്ധ വികാരം ആളിക്കത്താതെ നോക്കി മുന്നേറ്റം; ഇന്ത്യൻ രാഷ്ട്രീയത്തിൽ യോഗി യുഗം വരുമ്പോൾ

കെ എം വിനോദ് കുമാർ

ന്യൂഡൽഹി: രാജ്യത്തിന്റെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ചരിത്രത്തിലാദ്യമായി ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ രണ്ടാമതും തുടർച്ചയായി അധികാരത്തിലെത്തുമ്പോൾ ബിജെപിയുടെ ദേശീയ നേതൃത്വം ആർക്കെന്ന ചോദ്യംകൂടി സജീവമാകുന്നു. തുടർച്ചയായി പന്ത്രണ്ടുവർഷവും 277 ദിവസവും ഗുജറാത്ത് ഭരിച്ച മെയ് വഴക്കത്തിന്റെ ബലത്തിൽ തികച്ചും അപ്രതീക്ഷിതമായാണ് നരേന്ദ്ര ദാമോദർദാസ് മോദിയെന്ന അതികായനെ ബിജെപി രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുന്നത്. സമാന രീതിയിൽ യുപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി സർക്കാർ തുടർഭരണം നേടുന്നത്. അതും യോഗി ആദിത്യനാഥ് എന്ന 49കാരന്റെ രാഷ്്ട്രതന്ത്ര മികവിൽ.

1988 മുതൽ സജീവരാഷ്ട്രീയ രംഗത്ത് സംഘപരിവാറിന് ബലമായി ഉണ്ടായിരുന്നു എംപി എന്ന നിലയിൽ യോഗി. അവിടെ നിന്നാണ് തികച്ചും അപ്രതീക്ഷിതമായി 2017ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകപോലും ചെയ്യാതിരുന്ന യോഗി ആദിത്യനാഥിനെ ബിജെപി യുപിയുടെ മുഖ്യമന്ത്രിയാക്കുന്നത്. അതോടെ വഴി തീവ്രഹിന്ദുത്വ നിലപാടുകൾക്ക് ബിജെപി പരസ്യമായി അംഗീകാരം നൽകുക കൂടിയാണ് ചെയ്തത്. അന്ന് 44 വയസുകരാനായ യോഗി ആദിത്യനാഥ് ദേശീയ രാഷ്ട്രീയത്തിൽ എക്കാലവും അറിയപ്പെട്ടത് തീവ്രസ്വഭാവത്തിലുള്ള പ്രസംഗങ്ങളുടെ പേരിലായിരുന്നു. മുന്നോക്ക രജപുത് വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് അതുവരെ ന്യൂനപക്ഷ രാഷ്്ട്രീയം കളിച്ചുവന്ന എസ്‌പി, ബിഎസ്‌പി തുടങ്ങിയ പ്രാദേശിക കക്ഷികളേയും കോൺഗ്രസിനേയും ഒരുപോലെ തൂത്തെറിഞ്ഞാണ് ബിജെപി യുപി പിടിക്കുന്നത്. യുപി പിടിച്ചാൽ കേന്ദ്രം പിടിച്ചു എന്നാണ് ദേശീയ രാഷ്ട്രീയത്തിലെ വിശ്വാസം.

അതുകൊണ്ടുതന്നെ രണ്ടാംതവണയും മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് പിന്നിൽ യുപിയുടെ പിൻബലം ഉണ്ടെന്നത് ഉറപ്പിക്കുകയും ചെയ്തു ബിജെപി. പ്രത്യേകിച്ചും രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ യുപിയിൽ തോൽവി നേരിടേണ്ടിവന്ന ഘട്ടത്തിൽ. ഇതിന് പിന്നാലെ രണ്ടാമൂഴത്തിലും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി യുപിയിൽ അധികാരം പിടിക്കുമ്പോൾ അത് ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുന്ന അലയൊലികൾ വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ മോദിയുഗത്തിന് പിന്നാലെ തുടങ്ങുന്ന യോഗി യുഗത്തിന്റെ നാന്ദികൂടി ആകുമോ ഇത്തവണത്തെ യുപി തിരഞ്ഞെടുപ്പ് എന്നതുമാത്രമാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

ഹിന്ദുത്വ അജണ്ടയുടെ ഏറ്റവും വലിയ പ്രചാരകൻ

ഏറ്റവും പ്രായംകുറഞ്ഞ എംപിയായി രാഷ്ട്രീയം തുടങ്ങിയ ആളാണ് യോഗി ആദിത്യനാഥ്. 1998ൽ വെറും 26 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. വികസന മുദ്രാവാക്യങ്ങളിൽ പൊതിഞ്ഞ ഹിന്ദുത്വ അജണ്ടയുടെ രാജ്യത്ത് ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കുന്ന ആളാണ് യോഗിയെന്ന് നിസ്സംശയം പറയാം. അതുതന്നെയാണ് യോഗിയുടെ വിജയത്തിന്റെ മർമ്മവും. 2002ൽ യോഗി ആദിത്യനാഥ് രൂപം കൊടുത്ത സംഘടനയായിരുന്നു ഹിന്ദുത്വ യുവ വാഹിനി. നിരവധി കലാപങ്ങളിലും പശു സംരക്ഷണം മറയാക്കി നടത്തിയ ആക്രമണങ്ങളിലും ലൗവ് ജിഹാദിന്റെ പേരിൽ നടത്തിയ ആക്രമണങ്ങളിലും മുൻനിരയിലുണ്ടായിരുന്ന സംഘമാണ് ഹിന്ദുത്വ യുവവാഹിനി. അന്നുമുതൽ യുവവാഹിനിയിലൂടെ നടപ്പാക്കിയ നയങ്ങൾ തന്നെയാണ് 15 വർഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയെന്ന നിലയിൽ അധികാരം കയ്യിലെത്തിയപ്പോൾ മുതൽ യോഗി ഉത്തർ പ്രദേശിൽ നടപ്പാക്കിയതും. ഇത് വലിയൊർത്ഥത്തിൽ വിജയിച്ചുവെന്നത് ആർഎസ്എസിനും ബിജെപി നേതൃത്വത്തിനും തള്ളിക്കളയാനാവില്ല. അതിനാൽ തന്നെ മോദിക്കുശേഷം ആര് എന്ന ചോദ്യം ഉയരുമ്പോൾ അതിന്റെ മുന്നിൽ തന്നെ തന്റെ പേരും ഉറപ്പിച്ചുനിർത്തുകയാണ് യുപിയിലെ രണ്ടാമൂഴത്തിലൂടെ യോഗി.

എച്ച്.എൻ.ബി ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ആളാണ് യോഗി. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അജയ് സിങ് ഭിഷ്ട് എന്നാണ്. യുപിയിൽ മൂന്നുവർഷം അധികാരത്തിൽ തികച്ചപ്പോൾ തന്നെ യോഗി വലിയൊരു കടമ്പയാണ് കടന്നത്. സം്സ്ഥാനത്തിന്റെ ചരിത്രത്തിൽ ബിജെപിക്ക് അതിൽ കൂടുതൽ കാലം ഒരിക്കലും ഭരിക്കാൻ കഴിഞ്ഞിരുന്നില്ല. 2017ൽ യോഗി ഉത്തർപ്രദേശിന്റെ ഇരുപത്തൊന്നാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അങ്ങനെ ചെയ്യുന്ന നാലാമത്തെ ബിജെപി നേതാവായിരുന്നു അദ്ദേഹം. കല്യാൺ സിങ്, റാം പ്രകാശ് ഗുപ്ത, രാജ് നാഥ് സിങ് എന്നിവർ ബിജെപി മുഖ്യമന്ത്രിമാർ ആയിരുന്നു. രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുണ്ട് കല്യാൺ സിങ്. ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായത് 1991 ജൂൺ 24 -നാണ്. അത് 1992 ഡിസംബർ 6 വരെ തുടർന്നു. തന്റെ രണ്ടാമൂഴത്തിൽ 1997 ലാണ് അദ്ദേഹം ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ബിജെപി നേതാവാകുന്നത്. അന്ന് രണ്ടുവർഷത്തിലധികം അദ്ദേഹം മുഖ്യമന്ത്രിയായി. 1999 നവംബറിൽ കല്യാൺ സിങ് രാജിവെച്ച ശേഷം, റാം പ്രകാശ് ഗുപ്ത മുഖ്യമന്ത്രിയായെങ്കിലും അത് ഒരു വർഷക്കാലം മാത്രമാണ് നീണ്ടു നിന്നത്. 2000 ഒക്ടോബറിൽ റാം പ്രകാശ് ഗുപ്ത രാജിവെച്ചപ്പോൾ അടുത്ത ഒന്നരവർഷത്തേക്ക് രാജ് നാഥ് സിംഗായി മുഖ്യമന്ത്രി.

ഇതിന് പിന്നാലെയാണ് യോഗി തികച്ചും അപ്രതീക്ഷിതമായി 2017ൽ അധികാരത്തിലെത്തുന്നത്. എംഎൽഎപോലും അല്ലാത്ത യോഗിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ അതി നിർണായകമായ ഒരു നീക്കമാണ് ആർഎസ്എസും ബിജെപിയും നടത്തിയത്. ദേശീയ രാഷ്ട്രീയത്തിൽ ഈ പരീക്ഷണം വലിയൊരു ചലനം സൃഷ്ടിച്ചുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. 'യോഗി ആദിത്യനാഥ് സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വന്നയാളാണ്. രാഷ്ട്രീയത്തിൽ ഒരു കുടുംബപാരമ്പര്യമോ, ഗോഡ്ഫാദർമാരുടെ അനുഗ്രഹമോ ഒന്നും കൊണ്ടല്ല അദ്ദേഹം വളർന്നത്. സ്വന്തം അധ്വാനം ഒന്നുമാത്രമാണ് യോഗിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഗോരഖ്പൂരിൽ ജാപ്പനീസ് എൻസഫലൈറ്റിസിനോട് പോരാടിയ അതേ വീര്യത്തോടെ അദ്ദേഹം യുപിയിൽ അഴിമതിയോടും പൊരുതി... ഇതായിരുന്നു ബിജെപിയുടെ യുപി കോർഡിനേറ്റർ രാകേഷ് ത്രിപാഠി മുമ്പൊരിക്കൽ പറഞ്ഞത്. യോഗി ഭരണകാലത്ത് വെറും നുണപ്രചാരകനെന്നും ന്യൂനപക്ഷ വിരോധിയെന്നും പാവപ്പെട്ടവരുടെ അന്തകനെന്നുമെല്ലാം കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും കൊണ്ടുപിടിച്ച് പ്രചരണം നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇതാ യോഗി വീണ്ടും യുപിയിലെ യാഗാശ്വമായി മാറുന്നു.

അജയ് മോഹൻ ബിഷ്ടിൽ നിന്ന് യോഗി ആദിത്യനാഥിലേക്ക്

1972 -ൽ ഇന്നത്തെ ഉത്തരാഖണ്ഡിൽ, അന്നത്തെ ഉത്തർപ്രദേശിലെ പൗരി ഗർവാൾ ജില്ലയിലെ പഞ്ചുർ ഗ്രാമത്തിലായിരുന്നു അജയ് മോഹൻ ബിഷ്ട് ജനിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഉത്തരാഖണ്ഡിലെ ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. 1993 -ൽ, തന്റെ ഇരുപത്തൊന്നാം വയസ്സിൽ മഹന്ത് യോഗി അവൈദ്യനാഥ് എന്ന സന്യാസിയുടെ ശിഷ്യനായി ദീക്ഷ സ്വീകരിച്ച്, യോഗി ആദിത്യനാഥ് എന്ന പേരും സ്വീകരിച്ചു അദ്ദേഹം. പിന്നീട് അയോദ്ധ്യക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയുള്ള രാമജന്മഭൂമി പോരാട്ടത്തിലേക്കായിരുന്നു യോഗിയുടെ രാഷ്ട്രീയ ചുവടുവയ്പെന്ന് പറയാം. അവൈദ്യനാഥ് എന്ന തന്റെ ആധ്യാത്മിക ഗുരുവിന്റെ മരണശേഷം, ഗോരഖ്‌നാഥ് മഠത്തിന്റെയും, മഠം വക മഹാക്ഷേത്രത്തിന്റെയും സർവ്വാധിപതിയായിരുന്നു യോഗി ആദിത്യനാഥ് എന്ന ഹൈന്ദവ സന്യാസി. അതിനും മുമ്പ്, ഹിന്ദു യുവ വാഹിനി എന്നൊരു അതിതീവ്ര ഹൈന്ദവ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു.

അവൈദ്യനാഥിന്റെ ശിഷ്യനായി, സന്തത സഹചാരിയായി നടന്ന ആദിത്യനാഥ് ഒടുവിൽ ആശ്രമത്തിൽ അവൈദ്യനാഥിന്റെ പിന്തുടർച്ചാവകാശിയായി പീഠാധീശ്വരനായും മാറിയതോടെ ബിജെപിക്ക് കരുത്തനായ ഒരു നേതാവെന്ന നിലയിൽ യോഗി വളരുകയായിരുന്നു. 1998 തന്റെ ഇരുപത്താറാം വയസ്സിൽ, ഗോരഖ്പൂരിൽ നിന്ന് പന്ത്രണ്ടാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചുവട്ടം പാർലമെന്റിലെത്തി. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി യോഗി യുപിയുടെ മുഖ്യമന്ത്രിയാകുന്നത്. അതിനുമുമ്പ് സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണത്തിന്റെ കോർഡിനേറ്റർ ആയിരുന്നു എന്നതാണ് യുപിയിലെ രാഷ്ട്രീയ രംഗത്ത് യോഗിയുടെ പഠനകാലമെന്ന് പറയാം. യുപിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യോഗി പഠിച്ചത് ഈ കാലഘട്ടത്തിലാണ്.

യുവവാഹിനിയിലൂടെ പയറ്റിയ ഭിന്നിപ്പിന്റെ രാഷ്ട്രീയം

1998 -ൽ ആദ്യമായി തെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിൽ എത്തിയതിന് പിന്നാലെ ജനപ്രീതി നേടുകയെന്ന മുഖ്യ അജണ്ട യോഗിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് 2002 ഫെബ്രുവരിയിൽ മതേതര ഇന്ത്യയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവെന്ന് പറയാവുന്ന, ഗുജറാത്തിൽ, ഗോധ്രാ തീവണ്ടി കത്തിക്കൽ സംഭവവും പിന്നീട് വലിയ വർഗീയ കലാപങ്ങളും നടക്കുന്നത്. ആയിരക്കണക്കിന് മുസ്ലീങ്ങൾ വധിക്കപ്പെട്ടു. സാമുദായിക ധ്രുവീകരണം എന്ന പ്രക്രിയയുടെ രാഷ്ട്രീയ സാദ്ധ്യതകൾ അന്നാണ് യോഗിക്കുമുന്നിൽ അനാവൃതമായത് അക്കാലത്താണ്. ഇതിലെ പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇന്നും യോഗി ഭിന്നിപ്പിന്റെ രാഷ്ട്രീയം സമർത്ഥമായി കളിക്കുന്നതും യുപിയിൽ രണ്ടാമതും അധികാരത്തിലേറുന്നതും. ഗുജറാത്തിൽ കലാപങ്ങൾ നടന്ന് ആഴ്ചകൾക്കകമാണ്, യോഗി ആദിത്യനാഥ് തന്റെ ഹിന്ദു യുവ വാഹിനി എന്ന അതിതീവ്ര സംഘടനയ്ക്ക് രൂപം നൽകുന്നത്. അത് ഒരു സാംസ്‌കാരിക സംഘടന എന്ന പേരിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിലും അതിന്റെ സ്വഭാവം ഏറെ തീക്ഷ്ണമായിരുന്നു. മുസ്ലിങ്ങളുടെ പേരും പറഞ്ഞ് ഹിന്ദു ഭൂരിപക്ഷജനതയ്ക്കിടയിൽ ഭീതി പരത്തുക, രണ്ടു വ്യക്തികൾക്കിടയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ ഉടൻ അതിൽ ഇടപെട്ട്, എരിതീയിൽ എണ്ണ കോരിയൊഴിച്ച് അതിനെ ഒരു മിനി സാമുദായിക ലഹളയാക്കി മാറ്റുക എന്നിങ്ങനെ സമൂഹത്തിൽ സാമുദായിക സ്പർദ്ധ വളർത്താൻ നിരവധി പരീക്ഷണങ്ങളാണ് യുവവാഹിനിയും യോഗിയും പയറ്റിയത്. ഇതിൽനിന്ന് ഉരുത്തിരിഞ്ഞ സമവാക്യങ്ങളാണ് യുപി മുഖ്യമന്ത്രിയായതിന് പിന്നാലെ യോഗി വിജയകരമായി പരീക്ഷിക്കുന്നതും.

മൂന്നുമാസത്തെ പ്രവർത്തനങ്ങൾ പിന്നിട്ടപ്പോഴേക്കും വാഹിനിക്ക് ആദ്യത്തെ ബ്രേക്ക് കിട്ടി. മുണ്ടേര എന്ന മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ ഒരു ഹിന്ദു പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടു. അവിടത്തെ ഒരു മുസ്ലിം കുടുംബത്തിലെ ജോലിക്കാരനുമേലാണ് യുവതിയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചത്. അയാൾ പിന്നീട് പൊലീസിനാൽ അറസ്റ്റു ചെയ്യപ്പെടുന്നു, കേസിൽ ശിക്ഷിക്കപ്പെടുന്നു. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോൾ യോഗി ആദിത്യനാഥ് തന്റെ അനുയായികൾക്കൊപ്പം മുണ്ടേര സന്ദർശിച്ച്, വളരെ പ്രകോപനപരമായ ഒരു കവലപ്രസംഗം നടത്തുന്നു. ഇത് അവിടത്തെ ഗ്രാമീണർക്കിടയിൽ സാമുദായിക വേർതിരിവിന് കാരണമാകുകയും, ഒരു കലാപത്തിന് വഴിവെക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അവിടെ അഗ്നിക്കിരയാക്കപ്പെട്ടത് 47 മുസ്ലിം ഭവനങ്ങളാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഹിന്ദു യുവ വാഹിനി രൂപീകരിക്കപ്പെട്ട് ആറുമാസത്തിനകം ഗോരഖ്പൂറിന് ചുറ്റുവട്ടത്തായി നടന്നത് ആറിലധികം സാമുദായിക ലഹളകളാണ് എന്ന രാഷ്ട്രീയ പഠനങ്ങളും കഴിഞ്ഞകാലങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം മാസ്റ്റർമൈൻഡ് ആയിരുന്നത് യോഗി ആദിത്യനാഥും യോഗിയുടെ ഗോരഖ്‌നാഥ് ട്രസ്റ്റുമായിരുന്നുവെന്നത് യുപിയിലെ പരസ്യമായ രഹസ്യം. ഹിന്ദു യുവവാഹിനി പ്രവർത്തകർ യോഗിയെ ' ഗോരക്ഷാ പീഠാധീശ്വർ പരംപൂജ്യ യോഗി ആദിത്യനാഥ്ജി മഹാരാജ് ' എന്നാണ് വിളിക്കുന്നത്. ഇതിൽ ഒരു കുറവുപോലും വരാൻ അവർ ഒരുകാലത്തും സമ്മതിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ യോഗിയും ഖൊരക്പൂരും തമ്മിലുള്ള ആത്മബന്ധം എത്രയെന്ന് വ്യക്തം. കിഴക്കൻ ഉത്തർപ്രദേശിലെ ഗ്രാമങ്ങൾതോറും വാഹിനിയുടെ യുവസേന വിളിച്ചുനടന്നത് 'പൂർവാഞ്ചൽ മേം രെഹ്നാ ഹേ, യോഗി യോഗി കെഹ്നാ ഹേ...' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു. അങ്ങനെയാണ് യുപിയുടെ മനസ്സിലേക്ക് യോഗിയെന്ന പുതിയ രാഷ്ട്രീയനേതാവിനെ പ്രതിഷ്ഠിക്കുന്നത്.

യുപിയിലെ ചാണക്യനായി യോഗി

2017ലെ തിരഞ്ഞെടുപ്പിൽ 300ലേറെ സീറ്റുകൾ നേടി ബിജെപി യുപി തൂത്തുവാരിയതിന് പിന്നാലെ യോഗി ആദിത്യനാഥിനെ സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിൽ അവരോധിച്ചു. അത് ഹിന്ദു യുവ വാഹിനിക്ക് ഒരു വൻ ഉത്തേജകമായിമാറി. രണ്ടുലക്ഷത്തിലധികം അംഗങ്ങളുള്ള ആ സംഘടനയിലെ അംഗസംഖ്യ ബിജെപിയെ വെല്ലുവിളിക്കും വിധത്തിൽ വളർന്നുവെന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ഇടക്കാലത്ത് യോഗിക്ക് ഇഷ്ടമില്ലാത്തവരെ ഖൊരക്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ നടത്തിയ നീക്കങ്ങൾ ബിജെപി ദേശീയനേതൃത്വത്തിന് വലിയ തിരിച്ചടിയായത് നമ്മൾ കണ്ടതാണ്. ഖൊരക്പൂരിലെ നേതാവ് എന്ന നിലയിൽ നിന്ന് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലെ 325 നിയമസഭാ സാമാജികരിൽ ഏറ്റവും ജനപ്രിയനായ നേതാവ് എന്ന അവസ്ഥയിലേക്ക് മാത്രമല്ല, യുപിയിൽ അതിമാനുഷമായ ഒരു പ്രതിച്ഛായയുള്ള രാഷ്ട്രീയ ചാണക്യൻ കൂടിയാണ് എന്ന് തെളിയിച്ചിരിക്കുന്നു.

ആരോഗ്യരംഗത്തെ പ്രശ്നങ്ങളും പൗരത്വ നിയമഭേദഗതിയെ തുടർന്നുണ്ടായ പ്രശ്നങ്ങളും മുസ്ലിം വിരുദ്ധനിലപാടുകൾക്ക് എതിരെ ഉയർന്ന ശബ്ദങ്ങളും കർഷകപ്രക്ഷോഭത്തിന്റെ തിരിച്ചടികളുമെല്ലാം അതിജീവിച്ച് ഇപ്പോൾ യോഗി ചരിത്രത്തിലാദ്യമായി യുപിയിൽ ബിജെപിക്ക് രണ്ടാമൂഴം സമ്മാനിച്ചിരിക്കുകയാണ്. യോഗി ഭരിച്ചിരുന്ന കാലത്ത് ഉത്തർപ്രദേശിലെ ആരോഗ്യപരിപാലന രംഗം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് കൂപ്പുകുത്തി. ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച, പിന്നീട് ഡോ. കഫീൽ ഖാനെ അറസ്റ്റു ചെയ്ത് ജയിലിലടച്ച കേസൊക്കെ ഉണ്ടായി. സംസ്ഥാനത്തെ നിരവധി കശാപ്പുശാലകൾ അടച്ചു പൂട്ടാൻ യോഗി തീരുമാനിച്ചു. ഈ കാലയളവിൽ തന്നെ കടുത്ത സദാചാരപൊലീസിങ്ങിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. സാമുദായിക വൈരമുണ്ടാക്കുന്ന നിരവധി പ്രസ്താവനകൾ മുഖ്യമന്ത്രിയിൽ നിന്നുണ്ടായിയെന്ന് ആക്ഷേപങ്ങൾ ഉയർന്നു. തന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ വേണ്ടിയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നുപറഞ്ഞ് യോഗി തിരിച്ചടിച്ചു. താൻ സാമുദായിക ധ്രുവീകരണം നടത്തുന്നു എന്ന് ആരോപിക്കുന്നവരോട്, 'പോയി കടലിൽ ചാടി ചത്തോളൂ' എന്നാണ് യോഗി ഒരിക്കൽ പരസ്യമായിത്തന്നെ പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതിയെത്തുടർന്നുണ്ടായ അക്രമങ്ങളിൽ ഇന്ത്യയിൽ ഏറ്റവുമധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടത് ഉത്തർപ്രദേശിലാണ്. പ്രതിഷേധങ്ങളെ യോഗി ആദിത്യനാഥിന്റെ പൊലീസ് ക്രൂരമായി അടിച്ചമർത്തി അക്രമം നടന്ന പ്രദേശങ്ങളിലുള്ള മുസ്ലിം വീടുകളിൽ നിരന്തരം റെയ്ഡുകൾ നടത്തിയും, യാതൊരു വിവേചനബുദ്ധിയും കൂടാതെ പ്രതിഷേധക്കാരെ ഒന്നടങ്കം അറസ്റ്റുചെയ്ത് ജയിലിൽ തള്ളിയും, പ്രതിഷേധക്കാരുടെ പേരും വിലാസവും ഫോട്ടോയും സഹിതം വലിയ ഫ്ളക്സുകൾ അടിച്ച് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചുമൊക്കെ യോഗി പയറ്റിയ പുതിയ രാഷ്ട്രീയതന്ത്രങ്ങൾ വിജയിച്ചുവെന്നാണ് ഇപ്പോഴത്തെ ഫലം തെളിയിക്കുന്നത്. ഇതിന് പിന്നാലെ കോവിഡ് കാലത്ത് യോഗി നൽകിയ സൗജന്യറേഷൻ ഉൾപ്പെടെയുള്ള സഹായങ്ങളും ദരിദ്ര, പിന്നോക്ക വിഭാഗങ്ങൾക്ക് നൽകിയ സംവരണമുൾപ്പെടെയുള്ള ആനുകൂല്യങ്ങളും അനുകൂല വോട്ടായി മാറി എന്ന് വ്യക്തം. ഇതോടൊപ്പം മുസ്ലിം വോട്ടുകൾ എല്ലാ പ്രതിപക്ഷ പാർട്ടികളിലേക്കുമായി ഭിന്നിച്ചുപോവുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ.

ഏതായാലും യുപിയിൽ രണ്ടാമൂഴം നേടി അഞ്ചുവർഷംകടന്ന് യോഗിഭരണം തുടരുമെന്ന് ഉറപ്പാകുമ്പോൾ ബിജെപിയുടെ അടുത്ത ദേശീയ നേതാവാര് എന്നും മോദിയുടെ പിൻതുടർച്ചക്കാരൻ ആര് എന്നുമുള്ള ചോദ്യങ്ങൾക്ക് ഏറെക്കുറെ ഉത്തരമാകുകയാണ്. മോദി വളർന്നുവന്ന രീതിയിൽ തന്നെയാണ് ആർഎസ്എസ് കണക്കുകൂട്ടലുകൾക്കുമപ്പുറം യോഗി വളരുന്നതെന്ന് വ്യക്തം. വരും നാളുകളിൽ തന്നെ ഇതിന്റെ അലയൊലികൾ തെളിയുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP