Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഭയെ സിപിഎമ്മുമായി അടുപ്പിക്കാൻ യെച്ചൂരി; ഓർത്തഡോക്‌സിനെ ചാണ്ടിയുമായി തെറ്റിക്കാൻ ജോർജ്ജും; ക്രൈസ്തവ സഭാ രാഷ്ട്രീയം അനുകൂലമാക്കി മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കനുള്ള തന്ത്രം ഫലം കാണുമോ?

സഭയെ സിപിഎമ്മുമായി അടുപ്പിക്കാൻ യെച്ചൂരി; ഓർത്തഡോക്‌സിനെ ചാണ്ടിയുമായി തെറ്റിക്കാൻ ജോർജ്ജും; ക്രൈസ്തവ സഭാ രാഷ്ട്രീയം അനുകൂലമാക്കി മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കനുള്ള തന്ത്രം ഫലം കാണുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഫ്ളാക്‌സിബിളാണ്. ആരുമായും ആശയ വിനിമയമാണ് യെച്ചൂരിയുടെ സ്റ്റൈൽ. രാഷ്ട്രീയത്തിലെ അഭിപ്രായ ഭിന്നതകൾ ആരുമായും പറഞ്ഞു തീർക്കാം. ബംഗാളിൽ പാർട്ടിയുടെ അടിത്തറയ്ക്ക് കോട്ടം വന്നിരിക്കുന്നു. കേരളത്തിൽ കൂടി തിരിച്ചടിയുണ്ടായാൽ ദേശീയ രാഷ്ട്രീയത്തിലെ സർവ്വ പ്രസക്തിയും പോകും. അതുകൊണ്ട് തന്നെ കേരളത്തിൽ വോട്ടുറപ്പിക്കാനുള്ള പ്രായോഗിക രാഷ്ട്രീയമാണ് യെച്ചുരിയുടെ ലക്ഷ്യം. അതിനായി ക്രൈസ്തവ സഭകളെ പാർട്ടിയോട് അടുപ്പിച്ച് നിർത്തും. തെക്കൻ-മധ്യ കേരളത്തിൽ ഈ പിന്തുണ സിപിഎമ്മിന് മുന്നേറ്റത്തിന് അനിവാര്യമാണെന്നാണ് യെച്ചൂരിയുടെ തിരിച്ചറിവ്. ഈ സാഹചര്യത്തിലാണ് പതിവ് രീതികളെല്ലാം വിട്ട് യെച്ചൂരി മാർത്തോമസഭ പരമാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കരുത്ത് ക്രൈസ്ത വോട്ട് ബാങ്കാണ്. അതിൽ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യം. അങ്ങനെ ഇടതു മുന്നണിയുടെ ജനസ്വാധീനം കൂട്ടാമെന്നാണ് യെച്ചൂരിയുടെ പ്രതീക്ഷ. ഇതിനൊപ്പമാണ് ഉമ്മൻ ചാണ്ടിയുടെ സ്വാധീന ശക്തി കുറയ്ക്കാനുള്ള പിസി ജോർജിന്റെ നീക്കങ്ങൾ. ക്രൈസ്തവ സഭകളിൽ ഉമ്മൻ ചാണ്ടി വിരുദ്ധരെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. ഓർത്തഡോക്‌സ്-പാത്രിയാക്കീസ് പക്ഷങ്ങളെയാണ് ജോർജ് ലക്ഷ്യമിടുന്നത്. ഇരു സഭകളും തമ്മിലെ ഭിന്നത പരിഹരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന പരാതി അവർക്കുണ്ട്. ഇത് മുതലെടുത്ത് ഉമ്മൻ ചാണ്ടി വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ലക്ഷ്യം. മധ്യകേരളത്തിലെ ഒട്ടേറെ നിയമസഭാ സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയ-പരാജയങ്ങൾ നിശ്ചയിക്കാൻ ഈ സഭകൾക്ക് കഴിയുമെന്നതിനാലാണ് ഇത്.

ഇന്നലെ ഡൽഹിയിലത്തെിയ മെത്രാപ്പൊലീത്തയെ സിപിഐ(എം) ജനറൽ സെക്രട്ടറി യെച്ചൂരി മാർത്തോമസഭ ആസ്ഥാനത്ത് ചെന്ന് കാണുകയായിരുന്നു. സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി മെത്രാപ്പൊലീത്തയെ ചെന്നുകണ്ടത് ക്രിസ്ത്യൻ സഭകളുമായുള്ള പാർട്ടിയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. സൗഹൃദ സന്ദർശനം മാത്രമാണിതെന്നാണ് കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. മെത്രാപ്പൊലീത്ത ചുവന്ന ഷാളണിയിച്ച് യെച്ചൂരിയെ സ്വീകരിച്ചു. പാവങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വിമോചനത്തിനായി കമ്യൂണിസ്റ്റുകാർക്കും ക്രൈസ്തവസഭകൾക്കും ഒന്നിച്ചുപ്രവർത്തിക്കാൻ കഴിയുമെന്ന് കൂടിക്കാഴ്ചക്കുശേഷം ഇരുവരും പ്രതികരിച്ചു. സിപിഎമ്മുമായി സഹകരിക്കാൻ മാർത്തോമാ സഭ തയ്യാറാണെന്നതിന്റെ സൂചന തന്നെയായിരുന്നു കൂടിക്കാഴ്ച.

കമ്യൂണിസ്റ്റുകാരും ക്രൈസ്തവസഭകളും ഒരേലക്ഷ്യത്തിനായി വ്യത്യസ്തവഴികളിലൂടെ പ്രവർത്തിക്കുന്നവരാണെന്ന് യെച്ചൂരി പറഞ്ഞു. ഞങ്ങൾ മാർക്‌സിസത്തിൽ വിശ്വസിക്കുമ്പോൾ സഭ ദൈവശാസ്ത്രമാണ് പിന്തുടരുന്നത്. ഇരുകൂട്ടരുടെയും ലക്ഷ്യം വിമോചനമാണ്. ഇരുകൂട്ടർക്കുമിടയിൽ മുൻകാലങ്ങളിലുണ്ടായ തെറ്റിദ്ധാരണകൾ പരിഹരിക്കേണ്ടതുണ്ട്. അത് ചർച്ചകളിലൂടെ സാധ്യവുമാണ്. ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ കേരളത്തിലെ പാർട്ടി ഒരുക്കമാണ്. ഡൽഹിയിൽ സിപിഐ(എം) ഓഫിസിന് തൊട്ടടുത്താണ് മാർത്തോമ സഭയുടെ ഡൽഹി ആസ്ഥാനം. അന്നുമുതൽ നല്ല അയൽബന്ധമാണെന്നും യെച്ചൂരി പറഞ്ഞു.

ജനകീയപ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഒന്നിച്ചുനീങ്ങേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. പാവങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമാണ് സഭ നിലകൊള്ളുന്നത്. കർഷകരും തൊഴിലാളികളും കടന്നാക്രമണങ്ങൾ നേരിടുകയാണ്. അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനുള്ള പ്രവർത്തനങ്ങളിൽ സഭക്കും കമ്യൂണിസ്റ്റുകാർക്കും സഹകരിക്കാൻ കഴിയും. പി.കെ. വാസുദേവൻ നായർ, ജെ. ചിത്തരഞ്ജൻ എന്നിവർ തന്റെ സഹപാഠികളാണ്. പിണറായി വിജയൻ, വി എസ്. അച്യുതാനന്ദൻ എന്നിവരുമായി നല്ല ബന്ധമുണ്ടെന്നും മെത്രാപ്പൊലീത്ത തുടർന്നു. ഇത്തരം സൗഹൃദ സംഭാഷണങ്ങൾ തുടരാനാണ് സിപിഐ(എം) തീരുമാനം. കേരളത്തിൽ യെച്ചൂരി വരുമ്പോഴും ഇത്തരം കൂടിക്കാഴ്ചകൾ സംഘടിപ്പിക്കപ്പെടും. പള്ളികളുടെ പരിപാടികളിലും സജീവമായി സഹകരിക്കാൻ സിപിഐ(എം) തയ്യാറാകും.

ഈ രാഷ്ട്രീയ നീക്കത്തിന് പിന്നാലെയാണ് പി.സി ജോർജ് എംഎ‍ൽഎ ഓർത്തഡോക്‌സ് സഭ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയത്. കോട്ടയം ദേവലോകം അരമനയിൽ വച്ചായിരുന്നു ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടന്നത്. സഭ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചർച്ചയ്ക്കു ശേഷം ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സൂന്നഹദോസിൽ തീരുമാനമെടുത്തിരുന്നൂവെന്ന് സഭാ വക്താവും വ്യക്തമാക്കി. സഭയുടെ ചടങ്ങുകളിൽ മന്ത്രിമാരെ പങ്കെടുപ്പിക്കരുതെന്നാണ് സൂന്നഹദോസിലെ തീരുമാനം. സഭയ്ക്ക് സർക്കാരിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്ന് സഭാധികാരികൾ വിട്ടുനിന്നിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു ജോർജിന്റെ സന്ദർശനം.

ലത്തീൻ കത്തോലിക്ക, സിഎസ്‌ഐ സഭകളെ മുഖ്യമന്ത്രിയുമായി അകറ്റുന്നതിനുള്ള തന്ത്രങ്ങളും പിസി ജോർജ് അണിയറയിൽ ഒരുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിർണ്ണായക സ്വാധീനമുള്ള ഈ രണ്ട് സഭകൾക്കും അരുവിക്കര നിയോജക മണ്ഡലത്തിൽ ജയപരാജയങ്ങളെ സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കിയാണ് ജോർജിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP