Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള പിണറായിയുടെ സ്വാഭാവിക സാധ്യത ചോദ്യം ചെയ്യപ്പെടും; ആർഎസ്‌പി-ദൾ-ജോസഫ് വിഭാഗങ്ങൾ വീണ്ടും ഇടതുമുന്നണിയിൽ എത്താൻ സാധ്യത; യെച്ചൂരി ഇഫക്ട് കേരളത്തിലും പ്രതിഫലിക്കും

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള പിണറായിയുടെ സ്വാഭാവിക സാധ്യത ചോദ്യം ചെയ്യപ്പെടും; ആർഎസ്‌പി-ദൾ-ജോസഫ് വിഭാഗങ്ങൾ വീണ്ടും ഇടതുമുന്നണിയിൽ എത്താൻ സാധ്യത; യെച്ചൂരി ഇഫക്ട് കേരളത്തിലും പ്രതിഫലിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ(എം) ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെത്തുമ്പോൾ അതുകണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കും. സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി യെച്ചൂരിക്ക് നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. സെക്രട്ടറിയായിരിക്കെ പിണറായി ചെയ്ത പല നടപടികളും തെറ്റാണെന്ന് യെച്ചൂരിക്ക് അഭിപ്രയാമുണ്ട്. ഇവ തിരുത്താനുള്ള നടപടികളിലേക്ക് യെച്ചൂരി ഉടൻ കടക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജയം ഉറപ്പാക്കാൻ തെറ്റു തിരുത്തൽ അനിവാര്യമാണെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. ആർഎസ്‌പി, വീരേന്ദ്രകുമാറിന്റെ ജനതാദൾ, കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗം എന്നിവരെ ഇടത് മുന്നണിയിൽ മടക്കിക്കൊണ്ട് വരാൻ യെച്ചൂരി ശ്രമിക്കും.

ഇതിനൊപ്പം മുഖ്യമന്ത്രിയാകാനുള്ള പിണറായി വിജയന്റെ സാധ്യതകളേയും ഇത് ബാധിക്കും. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ അത് ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക സജീവമാണ്. മുന്നണിയിലെ ഘടക കക്ഷികൾക്ക് പോലും ഈ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ പിണറായിയെ മുഖ്യമന്ത്രിയായി ഉർത്തിക്കാട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കാമെന്ന അവസ്ഥ വരും. ഇതിലൂടെ സ്വാഭാവിക മുഖ്യമന്ത്രിയായി മാറാനുള്ള പിണറായിയുടെ സാധ്യത അടയും. സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ പിണറായി പാർലമെന്ററീ രംഗത്ത് സജീവമായി മുഖ്യമന്ത്രിയാകാനാണ് ശ്രമിക്കുന്നത്. ലാവ്‌ലിൻ കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ പാർലമെന്ററീ രംഗത്ത് മടങ്ങിയെത്താൻ പിണറായിക്കാകും. ഈ നീക്കങ്ങൾക്കാണ് യെച്ചൂരിയുടെ സെക്രട്ടറി സ്ഥാനത്തോടെ കരിനിഴൽ വീഴുന്നത്.

ജനങ്ങളുടെ ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്ന പാർട്ടിയായി സിപിഐ(എം) മാറണമെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. വീരേന്ദ്ര കുമാറിന്റെ ജനതാദള്ളിനേയും ആർഎസ്‌പിയേയും മുന്നണിയിൽ നിന്ന് പുറത്താക്കിയത് ജനതാൽപ്പര്യത്തിന് യോജിച്ച വിധമായിരുന്നില്ല. പിണറായി വിജയന്റെ വ്യക്തി താൽപ്പര്യമാണ് പ്രതിഫലിച്ചത്. അത് കേരളത്തിൽ സിപിഎമ്മിന് ഭരണത്തുടർച്ച നഷ്ടമാക്കി. വി എസ് അച്യുതാനന്ദൻ വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാനായിരുന്നു ഇതെന്ന വിലയിരുത്തൽ യെച്ചൂരിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജനതാദള്ളിനേയും ആർഎസ്‌പിയേയും മടക്കിക്കൊണ്ടുവരാൻ നീക്കം. ആർഎസ്‌പിയുടെ ദേശീയ നേതൃത്വവുമായി യെച്ചൂരി തന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന. ജനതാ പരിവാറിന്റെ ലയനത്തിലൂടെ വീരേന്ദ്രകുമാർ സ്വാഭാവികമായി ഇടതു പക്ഷത്ത് എത്തുമെന്ന് യെച്ചൂരിക്ക് അറിയാം. ഈ മടങ്ങി വരവ് സുഗമമാക്കാനാണ് യെച്ചൂരിയുടെ ശ്രമം.

കെഎം മാണിയെ ഇടതു മുന്നണിയുടെ ഭാഗമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റമാണ് പിണറായി വിജയൻ ലക്ഷ്യമിട്ടത്. എന്നാൽ മാണിയെ കൂട്ടരുതെന്ന അഭിപ്രായം തുടക്കം മുതലേ വി എസ് അച്യുതാനന്ദൻ എടുത്തിരുന്നു. ഇത് തന്നെയാണ് യെച്ചൂരിയുടേയും അഭിപ്രായം. കേരളാ കോൺഗ്രസിൽ നിന്ന് മാണിയെ കൂട്ടുന്നതിന് പകരം പിജെ ജോസഫിനെ വീണ്ടും ഇടതു പക്ഷത്ത് എത്തിക്കണം. ഇതിലൂടെ കേരളാ കോൺഗ്രസ് മേഖലകളിൽ നുഴഞ്ഞു കയറാം. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ പിസി ജോർജ്ജിന്റെ ഇടതുമുന്നണി പ്രവേശനത്തിലും യെച്ചൂരിയുടെ നിലപാടാകും നിർണ്ണായകം. എന്നും വിവാദങ്ങൾക്കൊപ്പം നീങ്ങുന്ന ജോർജിനെ ഇടതു പക്ഷത്ത് അടുപ്പിക്കേണ്ടെന്ന വിലയിരുത്തലിനൊപ്പമാണ് യെച്ചൂരിയുടെ മനസ്സെന്നും സൂചനയുണ്ട്. ഗണേശ് കുമാറിന്റെ കാര്യത്തിലും ഇടതുമുന്നണിക്ക് തീരുമാനം എടുക്കേണ്ടതുണ്ട്. യെച്ചൂരിയുടെ കൂടി നിലപാടുകൾ ഇവിടെയെല്ലാം നിർണ്ണായകമാകും.

ഇതിനൊപ്പം സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ജനാധിപത്യ കേന്ദ്രീകൃതമായ ചർച്ച തിരികെ കൊണ്ടു വരും. ഭൂരിപക്ഷത്തിന്റെ കരുത്തിലുള്ള വെട്ടി നിരത്തലിന് ആരേയും അനുവദിക്കില്ല. കഴിഞ്ഞ ആറു വർഷമായി ഇത്തരത്തിലുള്ള പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് യെച്ചൂരിക്ക് അഭിപ്രായമുണ്ട്. ബംഗാളിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതോടെ കേന്ദ്ര നേതൃത്വത്തെ കേരളത്തിലെ ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് യെച്ചൂരിക്ക് അറിയാം. ഇത് അനുവദിക്കില്ല. സംസ്ഥാന സമിതിയുടെ എല്ലാ തീരുമാനത്തേയും കണ്ണടച്ച് അനുകൂലിച്ച പ്രകാശ് കാരാട്ടിന്റെ രീതിയാകില്ല യെച്ചൂരി പിന്തുടരുക. വി എസ് അച്യുതാനന്ദനെ വിശ്വാസത്തിലെടുത്താകും യെച്ചൂരിയുടെ മുന്നോട്ട് പോക്കെന്നും ഉറപ്പാണ്.

കേരളത്തിൽ നിന്ന് നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളാണുള്ളത്. ഇതിൽ എസ് രാമചന്ദ്രൻ പിള്ളയും പിണറായി വിജയനും ഒരുമിച്ച് നീങ്ങുമെന്ന് യെച്ചൂരിക്ക് അറിയാം. എന്നാൽ എംഎ ബേബിയും മനസ്സ് യെച്ചൂരിയ്‌ക്കൊപ്പമാണ്. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും ജനറൽ സെക്രട്ടറിയെ തള്ളാൻ കഴിയില്ല. അതിനാൽ ബേബിയേയും കോടിയേരിയേയും ഒപ്പം നിർത്തി കേരളത്തിൽ സംഘടനാ സംവിധാനത്തെ കരുത്ത് പിടിപ്പിക്കാനാകും യെച്ചൂരി ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP