Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി തരംഗത്തിൽ മുങ്ങി അപ്രതീക്ഷിത തിരിച്ചടിയേറ്റ ക്ഷീണത്തിൽ അരവിന്ദ് കെജ്രിവാൾ; ഭരണം ഉറപ്പിച്ച് ഇറങ്ങിയ പഞ്ചാബിൽ നേരിയ വ്യത്യാസത്തിൽ രണ്ടാമത് എത്തിയത് ആവേശമായി; ഗോവയിൽ നിലംതൊടാനാവാതെ പോയതും ആം ആദ്മിക്ക് തിരിച്ചടിയായി: ഇന്ത്യയിലെ ബദൽ രാഷ്ട്രീയത്തിന് അകാലചരമം സംഭവിക്കുമോ?

മോദി തരംഗത്തിൽ മുങ്ങി അപ്രതീക്ഷിത തിരിച്ചടിയേറ്റ ക്ഷീണത്തിൽ അരവിന്ദ് കെജ്രിവാൾ; ഭരണം ഉറപ്പിച്ച് ഇറങ്ങിയ പഞ്ചാബിൽ നേരിയ വ്യത്യാസത്തിൽ രണ്ടാമത് എത്തിയത് ആവേശമായി; ഗോവയിൽ നിലംതൊടാനാവാതെ പോയതും ആം ആദ്മിക്ക് തിരിച്ചടിയായി: ഇന്ത്യയിലെ ബദൽ രാഷ്ട്രീയത്തിന് അകാലചരമം സംഭവിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തെ ചൂലെടുത്ത് വൃത്തിയാക്കാൻ ഉറച്ച് രംഗത്തെത്തിയ പാർട്ടിയായിരുന്നു ആംആദ്മി. രാഷ്ട്രീയ സംശുദ്ധിയെന്ന വാക്ക് ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ഏറെക്കാലത്തിന് ശേഷം ഉയർന്നുകേട്ടപ്പോൾ കേട്ടവരെല്ലാം അന്ന് ചിരിച്ചു. അണ്ണാ ഹസാരേയുടെ നേതൃത്വത്തിൽ രാജ്യത്തെ അഴിമതി മുക്തമാക്കാൻ ഉറച്ച് ഇന്ദ്രപ്രസ്ഥത്തിൽ ഉദയംകൊണ്ട പ്രസ്ഥാനമാണ് പിന്നീട് അരവിന്ദ് കെജ്രിവാൾ എന്ന കൊച്ചുമനുഷ്യനിലൂടെ രാഷ്ട്രീയ പ്രസ്ഥാനമായി വളരുന്നതും ആംആദ്മി എന്ന പാർട്ടിയായി രൂപം പ്രാപിക്കുന്നതും.

കേന്ദ്രം ഭരിച്ചിരുന്ന, പ്രത്യേകിച്ച് ഡൽഹി ഭരിച്ചിരുന്ന ഷീലാ ദീക്ഷിതിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ ആയിരുന്നു ആ പാർട്ടിയുടെ രൂപംകൊള്ളലിലും വളർച്ചയിലും നിർണായക സ്ഥാനം വഹിച്ചത്.

എല്ലാത്തിലും സുതാര്യതയെന്ന നയം വ്യക്തമാക്കി അരവിന്ദ് കെജ്രിവാളും പാർട്ടിയിലും ഡൽഹി ഭരണത്തിലും രണ്ടാമനെന്ന് പറയാവുന്ന മനീഷ് സിസോദിയയും ഡൽഹിയിൽ അധികാരത്തിലെത്തുന്നത് അങ്ങനെയാണ്. വൻ ഭൂരിപക്ഷം നേടി രാജ്യമെമ്പാടും അലയൊലികൾ സൃഷ്ടിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത്ഷാ പാർട്ടി അധ്യക്ഷനും ആയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അവരുടെ മൂക്കിനു കീഴെ നടന്ന തിരഞ്ഞെടുപ്പിലാണ് കുറച്ചുകാലം മുമ്പു മാത്രം രൂപംകൊണ്ട ആംആദ്മിയെന്ന കൊച്ചു പാർട്ടി രാജ്യത്തിന്റെ തലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹി സംസ്ഥാനത്തിന്റെ ഭരണം കൈപ്പിടിയിലൊതുക്കുന്നത്. കോൺഗ്രസും ബിജെപിയും പരസ്പരം എതിരാളികളെന്ന് വിലയിരുത്തി ഏറ്റുമുട്ടിയതിനിടയിൽ ആംആദ്മിയെന്ന പാർട്ടിയെ ആദ്യം ഇരുകൂട്ടരും ശ്രദ്ധിച്ചില്ല.

അതിനാൽ തന്നെ ആദ്യ തിരഞ്ഞെടുപ്പിൽ 2013ൽ ബിജെപി ഡൽഹിയിൽ 32 സീറ്റും കോൺഗ്രസ് എട്ടു സീറ്റും നേടിയപ്പോൾ ആംആദ്മി 28 സീറ്റ് നേടിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി. എന്നാൽ ബിജെപിക്കെതിരെ സർക്കാർ രൂപീകരിക്കുകയെന്ന ഉദ്ദേശത്തോടെ കോൺഗ്രസ് ആംആദ്മിക്ക് പിന്തുണ നൽകുകയും കെജ്രിവാൾ മുഖ്യമന്ത്രിയാവുകയും ചെയ്‌തെങ്കിലും കോൺഗ്രസുമായി ഒത്തുപോകില്ലെന്ന് തീരുമാനിച്ച് ആംആദ്മി സർക്കാർ രാജിവച്ചു.

പിന്നീടാണ് ആ ഐതിഹാസിക മുന്നേറ്റം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സംഭവിച്ചത്. 2014ൽ മോദി വൻ വിജയം നേടി പ്രധാനമന്ത്രിയായതിന് പിന്നാലെ 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ വൻ വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. പക്ഷേ, അവരേയും കോൺഗ്രസ്സിനേയും രാജ്യത്തെ മറ്റെല്ലാ പാർട്ടികളേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് 70ൽ 67 സീറ്റ് നേടിയാണ് ആംആദ്മിയും കെജ്രിവാളും ഡൽഹിയിൽ അധികാരത്തിലെത്തിയത്. യാതൊരു പാരമ്പര്യവും ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് അവകാശപ്പെടാനില്ലാത്ത ഒരു രാഷ്ട്രീയ കക്ഷി ഒരു സംസ്ഥാനത്തിന്റെ അധികാരം പിടിച്ചുകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നേടിയ ഏറ്റവും വലിയ വിജയമായി മാറി അത്.

ബിജെപിക്ക് മൂന്നു സീറ്റുകൾ ലഭിച്ചപ്പോൾ ഒരു സീറ്റുപോലും നേടാനാവാതെ കോൺഗ്രസ് തറപറ്റി. ഈ തിരഞ്ഞെടുപ്പിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവനുമായി 434 സ്ഥാനാർ്ത്ഥികളെ നിർത്തിയാണ് ആംആദ്മി മത്സരരംഗത്ത് എത്തിയത്. പഞ്ചാബിൽ നിന്ന് നാലുപേരെ ലോക്‌സഭയിൽ എത്തിക്കാൻ ആം ആദ്മിക്കായി. ഇതിന് പിന്നാലെയായിരുന്നു ഡൽഹിയിലെ ഐതിഹാസിക ജയം.

ഇത്തരത്തിൽ നേരത്തെ തന്നെ പഞ്ചാബിൽ വേരോട്ടമുണ്ടെന്നതിന്റെ ബലത്തിലാണ് ഇക്കുറിയും ആംആദ്മി ഡൽഹിയുടെ തനിയാവർത്തനം പഞ്ചാബിലും കാഴ്ചവയ്ക്കുമെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. മാത്രമല്ല ഗോവയിലും വൻ നേട്ടമുണ്ടാക്കുമെന്നും പാർട്ടി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞദിവസം എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയും പഞ്ചാബിൽ കോൺഗ്രസ് വിജയിച്ചുകയറുമെന്ന വിവരം പുറത്തുവരികയും ചെയ്തപ്പോഴും അതെല്ലാം തള്ളി കെജ്രിവാൾ രംഗത്തെത്തിയിരുന്നു.

പഞ്ചാബിൽ ആപ് വൻ വിജയം നേടുമെന്നാണ് അദ്ദേഹം തുറന്നടിച്ചത്. എന്നാൽ ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പഞ്ചാബ് പിടിച്ചടക്കാനായില്ലെങ്കിലും കോൺഗ്രസിനെതിരെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് ആംആദ്മി എത്തിയിരിക്കുന്നു. നിലവിൽ ഭരണകക്ഷികളായിരുന്ന ശിരോമണി അകാലിദളിനും ബിജെപിക്കും മുകളിൽ 23 സീറ്റുകൾ ആംആദ്മി നേടുമെന്നും അവർ മുഖ്യ പ്രതിപക്ഷമാകുമെന്നുമുള്ള നിലയിലാണ് കാര്യങ്ങൾ.

രാഷ്ട്രീയരംഗത്ത് ഒറ്റയടിക്ക് വലിയ തരംഗങ്ങൾ ഉണ്ടാക്കാനാവില്ലെന്ന് വ്യക്തമാണെങ്കിലും ആംആദ്മിയെന്ന പാർട്ടി വെറുതെ തള്ളിക്കളയാവുന്ന ഒന്നല്ലെന്ന് അവർ ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലെന്ന് വ്യക്തം. ദശാബ്ദങ്ങളുടെ പ്രവർത്തന പാരമ്പര്യവുമായി രാഷ്ട്രീയ രംഗത്ത് നിലകൊള്ളുന്ന കക്ഷികളെ അപേക്ഷിച്ച് നോക്കിയാൽ ഒട്ടും ചെറുതല്ല ആംആദ്മിയുടെ ഈ നേട്ടം. 2012ൽ ഔപചാരികമായി രാഷ്ട്രീയ കക്ഷിയായി പ്രഖ്യാപിക്കപ്പെട്ട ഒരു കൂട്ടായ്മ അഴിമതിക്കെതിരെ ഉയർത്തുന്ന നിലപാടുകളിലൂടെ രാജ്യത്തെ ബഡാ പാർട്ടികളെ വെള്ളംകുടിപ്പിക്കുന്ന കാഴ്ചയാണ് ഈ അഞ്ചുവർഷത്തിനിടെ കണ്ടത്.

ഇത് എത്രത്തോളം ആവർത്തിക്കപ്പെടുമെന്നും എവിടെയെല്ലാം അവർ ശക്തിപ്രാപിക്കുമെന്നും ഉള്ള ചർച്ചകൾ ഏറെയാണ്. പക്ഷേ, ഈ ചുരുങ്ങിയ കാലത്തിനിടെ ഒരു സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും മറ്റൊരു സംസ്ഥാനത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറുകയും ചെയ്യുമ്പോൾ ആ നേട്ടം അംഗീകരിക്കപ്പെടേണ്ടതു തന്നെയെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. മറ്റു ചെറുകിട, പ്രാദേശിക പാർട്ടികൾക്കിടയിലും ആംആദ്മിയെന്ന പാർട്ടിക്കും കെജ്രിവാളിനും ഈ മുന്നേറ്റം സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

ബിജെപിക്ക്, പ്രത്യേകിച്ച് നരേന്ദ്ര മോദിക്ക് ദേശീയ രാഷ്ട്രീയത്തിൽ വൻ ആരോപണങ്ങളും വിമർശനങ്ങളും നേരിടേണ്ടിവന്നത് പ്രധാനമായും കെജ്രിവാളിൽ നിന്നായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസ് ക്ഷീണിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാന എതിരാളിയെന്ന നിലയിൽ ആംആദ്മി ബിജെപിക്കെതിരെ വളരുമോ എന്ന ആശങ്കയും ബിജെപി നേതൃത്വത്തിന് ഉണ്ടായിരുന്നുവെന്ന് വ്യക്തം. ഒറ്റയടിക്ക് രാജ്യംമുഴുവൻ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും കോൺഗ്രസിന് ബദൽ എന്ന നിലയിൽ മറ്റു ചെറുകിട പാർട്ടികളുമായി ചേർന്ന് ഒരു ഐക്യം കെട്ടിപ്പടുക്കാനുള്ള കെൽപ് കെജ്രിവാളിന് ഉണ്ടെന്ന വിലയിരുത്തലുകൾ നേരത്തേ മുതലേ ഉണ്ടുതാനും.

ഈ സാഹചര്യത്തിൽ ഇപ്പോൾ പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ പുതിയ ഒരു വിമർശനം കൂടി ബിജെപി നേരിടുകയാണ്. ആംആ്ദ്മിയുടെ വളർച്ച തടയുന്നതിനായി ബിജെപി മനപ്പൂർവം കോൺഗ്രസിന് വോട്ടുമറിച്ചെന്ന ആരോപണമാണ് ഉയരുന്നത്. കാരണം പഞ്ചാബിൽ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യത്തിൽ ഭരണം പിടിക്കാനാവില്ലെന്ന് തീർച്ചയായതോടെ ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടുമറിച്ചെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. ഇക്കാര്യം തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ ചർ്ച്ചയായി മാറിക്കഴിഞ്ഞു.

എന്നാൽ വലിയ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി ഗോവയിൽ ആംആദ്മിക്ക് നിലംതൊടാനായില്ലെന്നതും ചർച്ചയായിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ബദൽരാഷ്ട്രീയമെന്ന ചിന്ത ഉയർത്തിക്കൊണ്ടുവന്ന പാർട്ടിക്ക് അകാലചരമമാണോ ഉണ്ടാവുകയെന്ന ചോദ്യവും ഉയരുന്നു. പക്ഷേ, പതിയെപ്പതിയെ ആണെങ്കിലും ആദ്യം സാന്നിധ്യമറിയിക്കുകയും പിന്നീട് വളരുകയും ചെയ്യുന്ന പാർട്ടിയായി ആംആദ്മി വളരുകയാണെന്ന സന്ദേശത്തിന് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന് ശേഷവും മുൻതൂക്കം ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP