Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

പ്രിയദർശിനിയേക്കാൾ പ്രിയങ്കരി ആകുമോ പ്രിയങ്ക? പ്രഖ്യാപനങ്ങൾ ഒക്കെ എവിടെപ്പോയി എന്ന് മോദിയെ വെല്ലുവിളിച്ച പ്രിയങ്ക ഇനി കോൺഗ്രസിന്റെ 'പവർ ബാങ്ക്'; രാഹുലിന്റെ പിഴവുകൾ നീക്കി എല്ലാം കിറുകൃത്യമാക്കി പ്രവർത്തക സമിതിയിലും ഇടപെടൽ; കർഷകരേയും ഗ്രാമീണരേയും കൂടെ നിർത്താനുള്ള ഉറച്ച പ്രകടനപത്രിക തയ്യാറാക്കുക വനിതാ നേതാവ് നേരിട്ട്; കർഷകർക്ക് ആറായിരം പ്രഖ്യാപിച്ച മോദിയെ കടത്തിവെട്ടാൻ ഗ്രാമീണർക്കെല്ലാം നിശ്ചിത വരുമാനം ഉറപ്പിക്കാൻ പ്രിയങ്ക

പ്രിയദർശിനിയേക്കാൾ പ്രിയങ്കരി ആകുമോ പ്രിയങ്ക? പ്രഖ്യാപനങ്ങൾ ഒക്കെ എവിടെപ്പോയി എന്ന് മോദിയെ വെല്ലുവിളിച്ച പ്രിയങ്ക ഇനി കോൺഗ്രസിന്റെ 'പവർ ബാങ്ക്'; രാഹുലിന്റെ പിഴവുകൾ നീക്കി എല്ലാം കിറുകൃത്യമാക്കി പ്രവർത്തക സമിതിയിലും ഇടപെടൽ; കർഷകരേയും ഗ്രാമീണരേയും കൂടെ നിർത്താനുള്ള ഉറച്ച പ്രകടനപത്രിക തയ്യാറാക്കുക വനിതാ നേതാവ് നേരിട്ട്; കർഷകർക്ക് ആറായിരം പ്രഖ്യാപിച്ച മോദിയെ കടത്തിവെട്ടാൻ ഗ്രാമീണർക്കെല്ലാം നിശ്ചിത വരുമാനം ഉറപ്പിക്കാൻ പ്രിയങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ജനമനസ്സുകളിൽ നേരത്തെ ഇടംപിടിച്ച പ്രിയങ്കാഗാന്ധി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റശേഷമുള്ള ആദ്യ റാലിയും കോൺഗ്രസ് പ്രവർത്തകസമിതി യോഗവുമാണ് ഇന്നലെ നടന്നത്. ആദ്യ പ്രവർത്തകസമിതി യോഗത്തിൽ തന്നെ വ്യക്തമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും റാലിയിൽ രാഹുലിനേക്കാളും തിളങ്ങുകയും ചെയ്തതോടെ ദേശീയതലത്തിൽ കോൺഗ്രസിന്റെ മുഖച്ഛായതന്നെ വരും ദിനങ്ങളിൽ പ്രിയങ്ക മാറ്റുമെന്ന് ഉറപ്പായി.

മോദിയേയും ബിജെപിയെയും ഞെട്ടിക്കുന്ന ജനപങ്കാളിത്തമാണ് കഴിഞ്ഞദിവസം ഗുജറാത്തിൽ ഉണ്ടായ കോൺഗ്രസ് റാലിയിൽ ദൃശ്യമായത്. ഇന്ദിരാജീ.. ഇന്ദിരാജീ വിളികളുമായാണ് സ്ത്രീകളും വൃദ്ധരുമെല്ലാം അടങ്ങുന്ന വലിയ ജനസമൂഹം മൂവർണ്ണക്കൊടി വീശിയും കയ്യുയർത്തിക്കാട്ടിയും പ്രിയങ്കയെ അഭിവാദ്യം ചെയ്തത്. റാലിയിൽ പങ്കെടുത്ത മറ്റെല്ലാ നേതാക്കളേയും പിന്തള്ളുന്ന പ്രസംഗവും പ്രിയങ്ക കാഴ്ചവച്ചതോടെ വരും ദിനങ്ങളിൽ വലിയ മാറ്റം കോൺഗ്രസിന്റെ പ്രചരണരംഗത്ത് പ്രിയങ്ക വരുത്തുമെന്ന രീതിയിൽ ചർച്ചകൾ സജീവമാകുകയാണ് ദേശീയ രാഷ്ട്രീയത്തിൽ.

തിരഞ്ഞെടുപ്പിൽ എന്തു തന്ത്രം സ്വീകരിക്കണമെന്ന കാര്യത്തിലും ഇനി ആസൂത്രണത്തിന്റെ ചുമതല പ്രിയങ്കയ്ക്ക് ആയിരിക്കുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം നടത്തിയ ആദ്യ വർക്കിങ് കമ്മിറ്റിയിലും പ്രിയങ്കയുടെ ഇടപെടൽ. ഇക്കുറി കോൺഗ്രസ് പ്രകടന പത്രിക എന്താവണമെന്നും ഏതെല്ലാം വിഷയങ്ങൾ ഊന്നിയാകണം തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും പ്രിയങ്ക ശക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.

അതിനാൽ തന്നെ പാർട്ടിയിൽ സ്ഥാനം നൽകിയ ശേഷം യുപിയിലേയും അസമിലേയും ചില ഭാഗങ്ങളുടെ പ്രവർത്തന ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയത് എന്നായിരുന്നു പ്രചരണമെങ്കിലും അങ്ങനെയല്ല പ്രിയങ്ക കോൺഗ്രസിൽ ഇടപെടൽ നടത്തുക എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇക്കുറി പ്രകടനപത്രിക തയ്യാറാക്കുന്നതിലും അതിലെ ആശയങ്ങൾ എങ്ങനെ വേണമെന്നതിലും നേരിട്ട് നേതൃത്വം നൽകുക പ്രിയങ്കയായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു. അതിനാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം നേടാനായാൽ അത് പ്രിയങ്കയുടെ ആശയങ്ങളുടെ വിജയമായി വിലയിരുത്തപ്പെടും. മുമ്പ് കോൺഗ്രസുമായി പിളർന്നതിന് പിന്നാലെ ഇന്ദിരാഗാന്ധി സീനിയർ നേതാക്കളുമായി പിണങ്ങി തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയം കൊയ്യുകയും ചെയ്ത സാഹചര്യത്തിന് സമാനമാകും അത്.

ഏതായാലും ഇക്കുറി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ മോദിയെ എതിർക്കുക എന്നതിലുപരി സാധാരണക്കാരുടേയും കർഷകരുടേയും ഗ്രാമീണരുടേയും മനസ്സിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലാമെന്നും ഭാവി ഇന്ത്യ എന്താവണമെന്നും വ്യക്തമായ സന്ദേശമാണ് ഇന്നലെ പ്രിയങ്ക പ്രസംഗത്തിൽ മുന്നോട്ടുവച്ചത്. ഇതിലൂന്നിയാകും പ്രകടന പത്രിക.

മോദിയുടെ 15 ലക്ഷം വാഗ്ദാനം പൊളിച്ചടുക്കും

എല്ലാവർക്കും വരുമാനമെന്ന പരിപാടിയിലൂടെ പൊളിക്കാൻ ഉദ്ദേശിക്കുന്നത് കർഷകർക്ക് ആറായിരം രൂപ നൽകിയുള്ള മോദിയുടെ തീരുമാനം തന്നെയാകും. എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവരുടെ മിനിമം വേതനം പ്രഖ്യാപിക്കുന്നതാകും കോൺഗ്രസ് പ്രകടന പത്രികയുടെ ഹൈലറ്റ് എന്നാണ് സൂചന. ഇത് വെറുമൊരു പ്രഖ്യാപനം എന്ന രീതിയിൽ അവതരിപ്പിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ പ്രിയങ്ക കൂടുതൽ വ്യക്തതയും വിശ്വാസ്യതയും ഉ്ള്ള തരത്തിൽ ഇത ജനങ്ങൾക്ക് മുന്നിൽ വയ്ക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്.

എല്ലാവർക്കും വരുമാനമെന്ന ലക്ഷ്യമാകും കോൺഗ്രസ് ഇത്തവണ പ്രചരണ ആയുധമാക്കുക. മിനിമം വേതന രേഖ കൂടുതൽ വ്യക്തതയോടെ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. വിദേശത്ത് നിന്ന് കള്ളപ്പണം പിടിച്ചെടുത്ത് എല്ലാ ഇന്ത്യാക്കാരുടെ അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തിൽ പാഴായ വാഗ്ദാനം ആകരുത് കോൺഗ്രസ് പ്രഖ്യാപിക്കേണ്ടതെന്ന് വർക്കിങ് കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. ഇത്തരത്തിൽ പാർട്ടിയെ വെട്ടിലാക്കുന്ന പ്രഖ്യാപനങ്ങൾ അവതരിപ്പിക്കാതെ ജയിച്ചാൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളേ കോൺഗ്രസ് ഉന്നയിക്കാവൂ എന്നതാണ് പ്രധാന കാഴ്ചപ്പാട്. എന്നാൽ ഒന്നും നടന്നില്ല. അഞ്ച് കൊല്ലത്തിന് ശേഷം ബിജെപിയെ വെട്ടിലാക്കുന്നതാണ് മോദിയുടെ പഴയ പ്രഖ്യാപനം. ഈ പഴുതുകൾ അടച്ചാകും എല്ലാവർക്കും വരുമാനം എന്ന ആശയവുമായി കോൺഗ്രസ് മുന്നോട്ട് പോകുക.

എല്ലാവർക്കും മിനിമം വേതനം നൽകുന്നത് എങ്ങനെയെന്ന പദ്ധതിയോടെ വേണം തുടങ്ങാനെന്നും നേതൃത്വത്തിന് മുന്നിൽ നിർദ്ദേശം വച്ചത് പ്രിയങ്കാ ഗാന്ധിയാണ്. പ്രവർത്തക സമിതിയിൽ ആദ്യമായി പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശത്തെ കൈയടിയോടെയാണ് ഏവരും സ്വീകരിച്ചത്. എല്ലാവർക്കും നിശ്ചിത തുക പ്രതിമാസം കിട്ടുന്ന വിധത്തിൽ മിനിമം കൂലി ഉറപ്പാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ദാരിദ്ര നിർമ്മാർജ്ജനത്തിലേക്കുള്ള നിർണ്ണായക ചുവടു വയ്‌പ്പാണ് ഇതെന്ന രീതിയിൽ വിശദീകരണവും ഉണ്ടായി. ഇത് നടപ്പാക്കുമ്പോൾ ആളുകൾക്ക് കൊടുക്കേണ്ട ഫണ്ട് ലഭ്യതയെ കുറിച്ചെല്ലാം കോൺഗ്രസ് ചർച്ചയാക്കും. എങ്ങനെയാകും ഫണ്ട് കണ്ടെത്തുന്നതെന്ന് ജനങ്ങളോടും വിശദീകരിക്കും. പഴുതുകളില്ലാതെ പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ ഭാവിയിൽ പ്രഖ്യാപനത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുമെന്നാണ് പ്രിയങ്കയുടെ വിലയിരുത്തൽ.

റാലിയിലെ പ്രസംഗത്തിലും പുതു കാഴ്ചപ്പാടുകളുമായി പ്രിയങ്ക

മോദിയെ കടന്നാക്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പ്രിയങ്ക കാര്യങ്ങൾ റാലിയിൽ വിശദീകരിച്ചത്. മുൻകാലങ്ങളിൽ വലിയ വലിയ വാഗ്ദാനങ്ങളാണ് ഇവർ നിങ്ങൾക്ക് നൽകിയത്. എവിടെയാണ് രണ്ട് കോടി ജോലി. ബാങ്ക്. എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നിങ്ങളോട് പ്രസംഗിക്കാൻ ഉദ്ദേശിച്ചല്ല ഞാൻ വന്നത്. പക്ഷേ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകൾ കൊണ്ട് ഞാൻ നിങ്ങളോട് ചോദിക്കുന്നു. ഇപ്പോൾ രാജ്യത്തുള്ള അന്തരീക്ഷം കണ്ട് എനിക്ക് ഞെട്ടലാണ് ഉണ്ടാകുന്നത്. ഏറ്റവും ദുഃഖകരമായ കാര്യമാണ് നടക്കുന്നത്. എല്ലാവരേയും പരസ്പരം വെറുപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. രാജ്യത്തെ സ്ഥാപനങ്ങളെ ഒന്നൊന്നായി നശിപ്പിക്കുന്നു.

പക്ഷേ, ഇതിനെയെല്ലാം ചെറുക്കാൻ ജനങ്ങൾക്ക് കഴിയും പരസ്പരം സ്നേഹത്തോടെയും സൗഹാർദത്തോടെയും കഴിഞ്ഞുകൊണ്ട് ഈ വെറുപ്പിന്റെ കാറ്റിനെ തുടച്ചുനീക്കാൻ നിങ്ങൾക്കാകും- ഗോധ്രസംഭവവും ഗുജറാത്തിൽ മുൻകാലങ്ങളിൽ നടന്ന കൂട്ടക്കൊലകളും ഓർമിപ്പിച്ചുകൊണ്ട് പ്രിയങ്ക ജനങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. പഴയകാലത്ത് ബിജെപി ജനങ്ങളെ തമ്മിലടിപ്പിക്കാൻ സ്വീകരിച്ച തന്ത്രങ്ങളെ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചതോടെ വരും ദിവസങ്ങളിലും തിരഞ്ഞെടുപ്പ് റാലികളിൽ മോദിക്ക് താൻ ശക്തയായ എതിരാളിയെന്ന് വ്യക്തമാക്കുകയായിരുന്നു പ്രിയങ്ക.

രാജ്യത്തിന് ഏറ്റവും വേണ്ടപ്പെട്ട തിരഞ്ഞെടുപ്പാണ് മുന്നിൽ വന്നതെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ആയുധം. ആവശ്യമില്ലാത്ത വിഷയങ്ങൾ ഉയർത്തുന്നവരെ തിരിച്ചറിയുക. നിങ്ങൾക്കുവേണ്ടി സംസാരിക്കേണ്ടവർ ആരാണെന്ന് നിങ്ങൾ ആലോചിച്ച് തീരുമാനിക്കുക. ഓരോ പൗരനും ജാഗ്രതയോടെ ഇരിക്കുക. - പ്രിയങ്ക പറഞ്ഞു. നമ്മൾ രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ വികസനത്തിൽ ശ്രദ്ധചെലുത്തുകയും വേണമെന്ന് പറഞ്ഞ പ്രിയങ്ക അതിനായി സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കണം രാജ്യത്തെന്നും വ്യക്തമാക്കി. ബാലിശമായ വിഷയങ്ങളല്ല നമ്മൾ ചർച്ചചെയ്യേണ്ടതെന്ന് മോദിയെ ഉദ്ദേശിച്ച് പ്രിയങ്ക പറഞ്ഞു.

ഇതോടൊപ്പമാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിലെ നിലപാടിന്റെ സൂചനകളും പ്രിയങ്ക നൽകിയത്. രാജ്യത്തെ വികസിപ്പിച്ചതും പുരോഗതിയിലേക്ക് നയിച്ചതും കർഷരാണ്, പകലന്തിയോളം ജോലി ചെയ്യുന്ന എന്റെ സഹോദരിമാരാണ്, എന്റെ രാജ്യത്തെ വികസിപ്പിച്ച സഹോദരന്മാരാണ്. മറ്റാരുമല്ല ഈ രാജ്യത്തെ നിർമ്മിച്ചത്. അത്തരത്തിൽ നമ്മളുടെ ഉത്തരവാദിത്തം ഓരോരുത്തരും തിരിച്ചറിയണം - പ്രിയങ്ക പറഞ്ഞു. ഇതൊരു രണ്ടാം സ്വാതന്ത്ര്യ പ്രക്ഷോഭമെന്ന് പറഞ്ഞുകൊണ്ടാണ് നിങ്ങളുടെ വോട്ട് ഉത്തരവാദിത്തത്തോടെ ചെയ്യണമെന്ന് പ്രിയങ്ക ആഹ്വാനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP