Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രികോണ മത്സരച്ചൂടിൽ പത്തനംതിട്ടയിൽ പോളിങ് കുത്തനെ ഉയർന്നതിൽ ശബരിമല വിശ്വാസികൾ തുണച്ചെന്ന് ബിജെപി വിലയിരുത്തുമ്പോഴും ജയിച്ചുകയറാൻ കെ.സുരേന്ദ്രനാകുമോ? പത്തുലക്ഷത്തിലധികം വോട്ടുകൾ പോൾ ചെയ്ത മണ്ഡലത്തിൽ ജയിക്കാൻ കഴിയുക മൂന്നര ലക്ഷത്തിലധികം വോട്ടുനേടുന്ന സ്ഥാനാർത്ഥിക്ക് മാത്രം; എൽഡിഎഫിനും യുഡിഎഫിനും വോട്ടുവിഹിതം കുറഞ്ഞപ്പോൾ ബിജെപി ശതമാനമുയർത്തിയെങ്കിലും സുരേന്ദ്രൻ രക്ഷപെട്ടേക്കില്ല

ത്രികോണ മത്സരച്ചൂടിൽ പത്തനംതിട്ടയിൽ പോളിങ് കുത്തനെ ഉയർന്നതിൽ ശബരിമല വിശ്വാസികൾ തുണച്ചെന്ന് ബിജെപി വിലയിരുത്തുമ്പോഴും ജയിച്ചുകയറാൻ കെ.സുരേന്ദ്രനാകുമോ? പത്തുലക്ഷത്തിലധികം വോട്ടുകൾ പോൾ ചെയ്ത മണ്ഡലത്തിൽ ജയിക്കാൻ കഴിയുക മൂന്നര ലക്ഷത്തിലധികം വോട്ടുനേടുന്ന സ്ഥാനാർത്ഥിക്ക് മാത്രം; എൽഡിഎഫിനും യുഡിഎഫിനും വോട്ടുവിഹിതം കുറഞ്ഞപ്പോൾ ബിജെപി ശതമാനമുയർത്തിയെങ്കിലും സുരേന്ദ്രൻ രക്ഷപെട്ടേക്കില്ല

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: രാഷ്ട്രീയ കേരളം ഏറ്റവും ശ്രദ്ധയോടെയും വാശിയോടെയുമാണ് ഇക്കുറി പത്തനംതിട്ടയെ സമീപിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നില്ല. കെ സുരേന്ദ്രന്റെ വിജയത്തോടെ കേരളത്തിൽ തേരോട്ടം ആരംഭിക്കാനാകുമെന്ന് ബിജെപിയും വീണാ ജോർജ്ജിലൂടെ നിലപാടുകളുടെ വിജയം കൊയ്യാനാകുമെന്ന് സിപിഎമ്മും ആന്റോ ആന്റണിയിലൂടെ കോൺഗ്രസ് ആധിപത്യം നിലനിർത്താമെന്ന് കോൺഗ്രസും ആഗ്രഹിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. തോൽവി സംഭവിക്കും എന്ന് നേരംപോക്കിനുപോലും ചിന്തിക്കാൻ ഇവിടെ മൂന്നു മുന്നണികൾക്കും ആകില്ല.

മൂന്നു മുന്നണികളുടെയും വീറും വാശിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമല്ല പ്രതിഫലിച്ചത്. റെക്കോഡ് പോളിംഗിലൂടെ തെരഞ്ഞെടുപ്പിന്റെ വാശിയും പാർട്ടികളുടെ ലക്ഷ്യവും വ്യക്തമായിരുന്നു. മുള്ളെണ്ണം വോട്ടും നുള്ളിപ്പെറുക്കി മൂന്നു മുന്നണികളും ചെയ്യിച്ചപ്പോൾ പത്തനംതിട്ടയിൽ ആകെ പോൾ ചെയ്തത് പത്തു ലക്ഷത്തി ഇരുപതിനായിരത്തി തൊള്ളായിരത്തി അറുപത്തിനാല് വോട്ടുകളാണ്. പത്തനംതിട്ടയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. വോട്ടിംഗിലെ ഈ ജനപങ്കാളിത്തം എങ്ങനെ തങ്ങളുടെ വിജയപ്രതീക്ഷകളെ സ്വാധീനിക്കും എന്ന കണക്കുകൂട്ടലിലാണ് മൂന്നു മുന്നണികളും.

വിശ്വാസത്തോടെ കെ സുരേന്ദ്രൻ

വിജയത്തിൽ കുറഞ്ഞതൊന്നും കെ സുരേന്ദ്രനും ബിജെപിയും ഇത്തവണ പത്തനംതിട്ടയിൽ പ്രതീക്ഷിക്കുന്നില്ല. ശബരിമല വിഷയത്തിൽ ബിജെപി എടുത്ത നിലപാടും കെ സുരേന്ദ്രന്റെ പോരാട്ടവും ജയിൽവാസവുമെല്ലാം അനുകൂല ഘടകമാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പത്തുലക്ഷത്തിലധികം വോട്ടുകൾ നടന്ന പത്തനംതിട്ടയിൽ മൂന്നര ലക്ഷത്തിലധികം വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥിക്കു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവ് ബിജെപി കേന്ദ്രങ്ങളിൽ ആശങ്കയുണർത്തുന്നു. രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ച 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും പത്തനംതിട്ടയിൽ ബിജെപിക്ക് നേടാനായത് ഒന്നര ലക്ഷത്തിൽ താഴെ വോട്ടുകളാണ്. മാറിയ സാഹചര്യവും സ്ഥാനാർത്ഥിയുടെ മേന്മയും എല്ലാം കണക്കിലെടുത്താലും രണ്ടേകാൽ ലക്ഷത്തിലധികം വോട്ടുകൾ കൂടി അധികമായി സമാഹരിക്കാനായാലേ കെ സുരേന്ദ്രന് വിജയിക്കാനാകൂ. ഇത്രയധികം വോട്ടുകൾ സമാഹരിക്കാനാകില്ല എന്നു തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ രസകരമായ വോട്ടിങ് വർദ്ധനവ് ചൂണ്ടിക്കാട്ടി അത്ഭുതകരമല്ലാത്ത വിജയം സാധ്യമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും പത്തനംതിട്ടയിൽ വോട്ടിങ് ശതമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയ ഒരേയൊരു പാർട്ടിയേ ഉള്ളൂ എന്നും അത് ബിജെപിയാണെന്നും കണക്കുകൾ നിരത്തി അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെയും കണക്കെടുത്താൽ ബിജെപി ഒഴികെയുള്ള കക്ഷികൾക്കെല്ലാം പത്തനംതിട്ടയിൽ വോട്ടുകുറഞ്ഞു. കോൺഗ്രസിന്റെ വോട്ടുവിഹിതം 51.21 ശതമാനത്തിൽ നിന്ന് 42.07 ശതമാനത്തിലെത്തി. സിപിഎമ്മിന്റെ വോട്ട് വിഹിതം 37.26 ശതമാനത്തിൽ നിന്ന് 35.48 ആയി. അതേസമയം, ബിജെപിയുടേത് 7.06 ശതമാനത്തിൽ നിന്ന് 16.29 ശതമാനമായി ഉയർന്നു.

2009ൽ ബിജെപി സ്ഥാനാർത്ഥി ബി രാധാകൃഷ്ണമേനോൻ നേടിയത് 56,294 വോട്ട്. 2014ൽ എം ടി രമേശ് പിടിച്ചത് 1,38,954 വോട്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിഹിതത്തിൽ വർധനവുണ്ടായി. ഏഴു നിയമസഭാ മണ്ഡലങ്ങളിലായി 1,91,576 വോട്ടുകളാണ് ബിജെപി നേടിയത്. അതുകൊണ്ടു തന്നെ ഇത്തവണ പത്തനംതിട്ടയിൽ ബിജെപിയുടെ വിജയം വലിയ അത്ഭുതമെന്നുമല്ല എന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്.

ഹാട്രിക് വിജയം നേടാൻ ആന്റോ ആന്റണി

2009ൽ സിപിഎമ്മിലെ കെ അനന്തഗോപനെ പരാജയപ്പെടുത്തിയാണ് ആന്റോ ആന്റണി ലോക്സഭയിലേക്ക് കന്നി ജയം സ്വന്തമാക്കിയത്. 2014ൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പീലിപ്പോസ് തോമസിനെ ഇറക്കിയെങ്കിലും ആന്റോ ആന്റണി വിജയം ആവർത്തിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലത്തിൽ ക്രൈസ്തവ സഭക്ക് വലിയ സ്വാധിനമുണ്ട്. എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾക്കും വേരോട്ടമുണ്ട്. ശബരിമല വിഷയത്തിൽ യുഡിഎഫ് കൈക്കൊണ്ട നിലപാടുകളും പത്തുവർഷമായി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നതിന്റെ മേൽക്കൈയും ആന്റോ ആന്റണിക്ക് വ്യക്തമായ മേൽക്കെ നൽകുന്നുണ്ട. ബിജെപിയോടുള്ള ന്യൂനപക്ഷങ്ങളുടെ അകൽച്ചയും രാഹുൽ തരംഗവും കൂടി ചേരുന്നതോടെ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് ഈസി വാക്കോവറാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

വീണ ഇക്കുറി വീഴുമോ?

പത്തനംതിട്ടയിൽ വീണ ജോർജ്ജ് ജയിച്ചാൽ അതൊരു അത്ഭുതവും ചരിത്രവുമാകും. ഇടതുപക്ഷം നേരത്തേയും വിജയിച്ചിട്ടുള്ള മണ്ഡലമാണ് പത്തനംതിട്ട. എന്നാൽ നിലവിൽ കേരളത്തിലെ ഇടതുപക്ഷം സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നത്. ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് പാർട്ടി അണികളിൽ മാത്രമല്ല, ചെറിയൊരു വിഭാഗം നേതാക്കളിലും അസംതൃപ്തി നിലനിർത്തുന്നുണ്ട്. പത്തനംതിട്ടയിലെ കമ്മ്യൂണിസ്റ്റുകാരെ 'കരയോഗം കമ്മ്യൂണിസ്റ്റുകൾ' എന്ന് കളിയാക്കി വിളിക്കാറുണ്ട്. ഒരേ സമയം നായർ പ്രമാണിമാരായും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായും അറിയപ്പെടുന്ന ഇവർ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നവരുമാണ്. പത്തനംതിട്ടക്ക് മാത്രമായ പല ആചാരങ്ങളും ഇവിടെ നിലനിൽക്കുന്നുമുണ്ട്.

ഈ അവസ്ഥയിൽ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകുകയും അത് തങ്ങൾക്ക് അനുകൂലമാകുകയും ചെയ്യും എന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. ശബരിമല വിഷയത്തിൽ എടുത്ത പുരോഗമനപരമായ നിലപാട് ചെറുപ്പക്കാരെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കും എന്നും സിപിഎം കരുതി. എന്നാൽ രാഹുൽ ഗാന്ധിയുടെ വരവും ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വിജയിക്കും എന്ന പ്രതീതിയും ചെറുപ്പക്കാരെയും ന്യൂനപക്ഷത്തെയും കോൺഗ്രസിന് വോട്ടുചെയ്യാൻ പ്രേരിപ്പിച്ചു എന്നാണ് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP