Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊളിഞ്ഞത് വർഗ്ഗീയ വളം നൽകി ബിജെപിയെ വളർത്തി ഭരണ തുടർച്ച ഉറപ്പാക്കാനുള്ള നീക്കമോ? രാഹുൽ തരംഗവും എൻ എസ് എസിന്റെ രാഷ്ട്രീയ തന്ത്രവും വിനയായി; ഹൈ സ്പീഡിൽ കുതിക്കാനാഗ്രഹിച്ച പിണറായി എക്സ്‌പ്രസിന് പാളം തെറ്റിയത് മൂന്നു സ്റ്റേഷനുകളിൽ; മാധ്യമങ്ങൾ റൂട്ട് മാറ്റി ഓടിത്തുടങ്ങിയപ്പോൾ മുഖ്യന്റെ വക റെഡ് സിഗ്‌നലും; ''മാറി നിൽക്കങ്ങോട്ട്'' വന്ന വഴിയിങ്ങനെ: എല്ലാത്തിനും കാരണം ശബരിമലയിലെ സർജിക്കൽ സ്‌ട്രൈക്ക് തിരിഞ്ഞു കൊത്തുമോ?

പൊളിഞ്ഞത് വർഗ്ഗീയ വളം നൽകി ബിജെപിയെ വളർത്തി ഭരണ തുടർച്ച ഉറപ്പാക്കാനുള്ള നീക്കമോ? രാഹുൽ തരംഗവും എൻ എസ് എസിന്റെ രാഷ്ട്രീയ തന്ത്രവും വിനയായി; ഹൈ സ്പീഡിൽ കുതിക്കാനാഗ്രഹിച്ച പിണറായി എക്സ്‌പ്രസിന് പാളം തെറ്റിയത് മൂന്നു സ്റ്റേഷനുകളിൽ; മാധ്യമങ്ങൾ റൂട്ട് മാറ്റി ഓടിത്തുടങ്ങിയപ്പോൾ മുഖ്യന്റെ വക റെഡ് സിഗ്‌നലും; ''മാറി നിൽക്കങ്ങോട്ട്'' വന്ന വഴിയിങ്ങനെ: എല്ലാത്തിനും കാരണം ശബരിമലയിലെ സർജിക്കൽ സ്‌ട്രൈക്ക് തിരിഞ്ഞു കൊത്തുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: രണ്ടു വർഷം കഴിഞ്ഞാൽ നേരിടേണ്ട നിയമ സഭ തിരഞ്ഞെടുപ്പിന് ഇന്ധനം നിറച്ചു മറ്റൊരു അഞ്ചു വർഷം കൂടി കൂകിപ്പായാൻ മോഹിച്ച പിണറായി എക്സ്‌പ്രസിന് മൂന്നു സ്റ്റേഷനുകളിൽ പാളം തെറ്റിയതായി സൂചന. ലോക് സഭ വോട്ടിങ് കഴിഞ്ഞപ്പോൾ പോളിങ് പാറ്റേൺ അനുസരിച്ചുള്ള ജനമനസിന്റെ വിലയിരുത്തലിൽ തിരുവനന്തപുരം, പത്തനംത്തിട്ട, തൃശൂർ എന്നിവിടങ്ങളിൽ പിണറായിക്കു പാളം തെറ്റി എന്നു തന്നെയാണ് കഴിഞ്ഞ ദിവസം എറണാകുളം ഗെസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ നേർക്കുണ്ടായ മെക്കിട്ടു കയറ്റവും നൽകുന്ന സൂചന.

ചില വിദേശ നിക്ഷേപങ്ങൾക്ക് വേണ്ടി ശ്രമം നടത്തിയ പിണറായിയുടെ ഉപദേശക സംഘത്തിന് ലഭിച്ച മറുപടിയാണ് കേരളത്തിന്റെ മതേതര സ്വഭാവം നഷ്ടമാകും വിധം ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ ഉപയോഗിക്കാൻ പിണറായി സർക്കാരിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. കോർപറേറ്റ് നിക്ഷേപകർ മൂലധനം തിരിച്ചു പിടിക്കാൻ ഭരണ തുടർച്ച ഉറപ്പാക്കുന്നത് ലോകമൊട്ടാകെ പതിവുള്ള ഫോർമുലയാണ്. ഈ ഫോർമുല തലയ്ക്കു പിടിച്ച പിണറായി കേരളത്തിൽ ഇടതു പക്ഷത്തിന്റെ മൂലക്കല്ല് പറിച്ചെടുക്കും വിധം കാരണമാകുന്ന രാഷ്ട്രീയ മണ്ടത്തരമാണ് ശബരിമല വിഷയത്തിലൂടെ ഏറ്റെടുത്തതു എന്ന് കൂടി തെളിയിച്ചാകും മെയ് 23 ലോക് സഭ ഫലങ്ങൾ പുറത്തു വരിക എന്നും വ്യക്തമാണ്.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ തകർന്നടിയും വിധമുള്ള പ്രവർത്തനം കാഴ്ചവച്ച കോൺഗ്രസിനെയും വലതു പക്ഷ കക്ഷികളെയും എക്കാലത്തും മൂലയ്ക്കിരുത്തി അൽപം വർഗീയ വളം നൽകിയാൽ ഒരു എതിരാളിയായി ബിജെപി യെ വളർത്തിയെടുക്കാം എന്ന പിണറായിയുടെ അതിമോഹം കൂടിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞത്. കാര്യങ്ങൾ ഏറെക്കുറെ പിണറായി ആഗ്രഹിച്ച പോലെ മുന്നേറവെയാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതും എൻഎസ്എസ് തികഞ്ഞ രാഷ്ട്രീയ തന്ത്രത്തോടെ രണ്ടു മണ്ഡലങ്ങളിൽ ഒഴികെ സമദൂരം എന്ന പേരിൽ പറയാതെ പറഞ്ഞു യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതും. കൂടെ തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കാൻ അമിത ഷാക്ക് കഴിഞ്ഞപ്പോൾ മതില് പണിയാൻ കൂടെക്കൂട്ടിയ വെള്ളാപ്പള്ളി മേസ്തിരി കള്ളപ്പണി ചെയ്ത ദുരനുഭവം കൂടി എൽഡിഎഫിൽ നിന്നും ഇപ്പോൾ പങ്കു വയ്ക്കപ്പപ്പടുകയാണ്. ലാഭമായാലും നഷ്ടമായാലും ഈ തിരഞ്ഞെടുപ്പിലെ മുഴുവൻ ജയാ പരാജയങ്ങളും പിണറായിയെ തേടി എത്തും എന്നും ഉറപ്പാണ്.

സ്ഥാനാർത്ഥി നിർണയത്തിൽ മേൽക്കൈ നേടിയ എൽഡിഎഫ് ഒരു ഘട്ടത്തിൽ പത്തു സീറ്റിലധികം നേടിയേക്കും എന്ന ധാരണ പൊളിച്ചു വീണ്ടും ശബരിമല വിഷയം കത്തിക്കയറിയതാണ് പിണറായിയുടെ കണക്കുകൾ അമ്പേ തെറ്റിച്ചത്. കൂടെ നാമജപം കേട്ടാൽ മുഖം കറുത്ത് കരുവാളിക്കും വിധം അദ്ദേഹത്തിന് തിരഞ്ഞെടുപ്പു വേദിയിൽ അടക്കം പെരുമാറേണ്ടി വന്നതും ഒക്കെ ബിജെപി ഗുണമാക്കി മാറ്റിയെങ്കിലും ഒടുവിൽ ഫലം വരുമ്പോൾ പിണറായിയെ ഞെട്ടിച്ചു ഭൂരിഭാഗം സീറ്റുകളും കോൺഗ്രസ് കൈക്കലാക്കും എന്നതാണ് ശബരിമല നൽകുന്ന രാഷ്ട്രീയ ട്വിസ്റ്റ്. തിരഞ്ഞെടുപ്പു ഗോദയിൽ ബിജെപിക്കു പകരം എൽഡിഎഫുമായി ഏറ്റുമുട്ടാൻ യുഡിഎഫ് ശക്തി നേടിയത് എൻ എസ് എസ് ന്റെ ചടുല നീക്കങ്ങൾ കൂടിയാണ് എന്നത് എക്കാലവും പിണറായി എന്ന രാഷ്ട്രീയക്കാരന്റെ മനസിലെ കയ്‌പ്പേറിയ അനുഭവം തന്നെ ആയിരിക്കും.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപി 20 ലേറെ മണ്ഡലങ്ങളിൽ ശക്തി തെളിയിച്ചതാണ് അവരെ എൽഡിഎഫിന് എക്കാലവും ഭൂരിപക്ഷം കിട്ടും വിധം വളർത്തിയെടുക്കാൻ പിണറായിയേയും അനുചര വൃന്ദത്തെയും പ്രേരിപ്പിച്ചത്. എന്നാൽ ബിജെപി പക്ഷത്തേക്ക് ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളിൽ നിന്നും വലതു പക്ഷ വോട്ടുകൾ മാത്രമായിരിക്കും മറിയുക എന്ന അൽപ ബുദ്ധി തികച്ചും തെറ്റാണെന്നു കൂടി ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പു തെളിയിച്ചിട്ടുണ്ട്. ജാതീയ ചിന്തകൾക്ക് മുന്നിൽ ഒരു രാഷ്ട്രീയ കൊടിയും ഇനി ഉയരത്തിൽ പാറില്ലെന്നും കേരളം തെളിയിക്കുകയാണ്. കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റെങ്കിൽ അതിനു കാരണക്കാർ ആരെന്നല്ല കാരണക്കാരൻ മാത്രമേയുള്ളൂ എന്നും ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ലോക് സഭ മണ്ഡലങ്ങളിൽ ഉൾപ്പെട്ട നിയമ സഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടിങ് പാറ്റേൺ ഈ നിഗമനം ശരിവയ്ക്കുന്നതുമാണ്. ബിജെപി വ്യക്തമായ മുൻതൂക്കം നേടിയ മണ്ഡലങ്ങളിൽ ഹിന്ദു ഭൂരിപക്ഷ നിയമ സഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടു വർധനയ്ക്ക് കാരണം കണ്ടെത്താൻ എൽഡിഎഫ് തൽക്കാലം മഷിയിട്ടു നോക്കേണ്ട കാര്യമില്ല, കഴിഞ്ഞ സെപ്റ്റംബർ മുതൽ ഉള്ള കേരളത്തിന്റെ ചിന്തകളിലൂടെ ഒന്ന് വിശകലനം ചെയ്താൽ മാത്രം മതിയാകും.

ബിജെപി തുടക്കത്തിൽ ഏക പ്രതീക്ഷ നൽകിയ തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ടയും തൃശൂരും അവർക്കു ത്രികോണ മത്സരം സാധ്യമായി എന്നത് യുഡിഎഫിനേക്കാൾ എൽഡിഎഫിനാണ് ഞെട്ടൽ സമ്മാനിക്കേണ്ടത്. ആറ്റിങ്ങലും പാലക്കാടും കാസർഗോഡും കൂടി ബിജെപി നേടുന്ന വോട്ടുകളും അടുത്ത നിയമ സഭയുടെ വിധി നിർണയിക്കാൻ പര്യാപതമാണ്. ലോക് സഭ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തിരുവനതപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ ഇടതു വലതു സ്ഥാനാർത്ഥികളുടെ സ്ഥാനവും ഏറെ പ്രധാനമാണ്. ബിജെപിക്ക് ജയിക്കാൻ കഴിയില്ലെങ്കിൽ പോലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും അവർ രണ്ടാം സ്ഥാനം എങ്കിലും ഉറപ്പിക്കും എന്ന് വ്യക്തമാണ്. ഇതോടെ മൂന്നാം സ്ഥാനത്തു പോകുന്ന പാർട്ടിയുടെ അവസ്ഥ ആത്മഹത്യപരമായിരിക്കും എന്നുറപ്പിക്കാം. തൃശൂരിൽ അപ്രതീകിഷിതമായി ദിവസങ്ങൾ കൊണ്ട് ബിജെപി ത്രികോണ മത്സരത്തിന് ശക്തി കാട്ടിയെങ്കിൽ അവിടെ രണ്ടാം സ്ഥാനം എത്തുന്നത് ആരായാലും അതിനു കാരണമായി മാറുക ബിജെപി ഉയർത്തിയ വെല്ലുവിളി തന്നെ ആയിരിക്കും.

ഇതിനു വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. തിരുവനതപുരം മണ്ഡലത്തിൽ അഞ്ചു ശതമാനം പോളിങ് ഉയർന്നപ്പോൾ ബിജെപിക്ക് നിർണയാക സ്വാധീനം ഉള്ള അസംബ്ലി സെഗ്മെന്റുകൾ കാഴ്ചവച്ച വീറുറ്റ പ്രകടനം പിണറായിയുടെ മുഖം വരും ദിവസങ്ങളിൽ കൂടുതൽ കരുവാളിക്കാൻ പര്യാപതമാണ്. നേമത്തു മാത്രം അഞ്ചു ശതമാനം വോട്ടാണ് അധികരിച്ചത്, ബിജെപിയുടെ സിറ്റിങ് നിയമ സഭ സീറ്റും എവിടെയാണെന്ന് കൂട്ടി വായിക്കണം. ഹിന്ദു വോട്ടുകൾ കൂടുതൽ ഏകീകരിക്കാൻ സാധ്യതയുള്ള വട്ടിയൂർക്കാവിലും പോളിങ് ഉയർന്നിരിക്കുകയാണ്. തിരുവനതപുരം ലോക്‌സഭാ സീറ്റിൽ കഴക്കൂട്ടവും ബിജെപി പക്ഷത്തോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ്, ഇവിടെയും വോട്ടു ഉയർന്നത് ശബരിമല വിഷയം എത്രത്തോളം ഭൂരിപക്ഷ സമുദായമായ ഹൈന്ദവ വോട്ടുകളെ സ്വാധീനിച്ചു എന്നാണ് തെളിയിക്കുന്നത്.

ഇതേ തരത്തിൽ നോക്കിയാൽ പത്തനംതിട്ടയിലെ പോളിങ്ങും പിണറായിയുടെ കണക്കുകൾ തെറ്റിക്കാൻ കാരണമായി വിലയിരുത്താം. ശബരിമലയുടെ സിരാകേന്ദ്രമായ ഈ മണ്ഡലത്തിൽ ഏഴു ശതമാനം പോളിങ് ആണ് ഉയർന്നത്. ശബരിമല സമര നായകൻ എന്ന് പിണറായി സർക്കാർ മുദ്ര ചാർത്തി നൽകി ജയിലിൽ ഇട്ട കെ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥി ആയി എത്തിയപ്പോൾ ഹൈന്ദവ വോട്ടുകൾ എത്രത്തോളം അദ്ദേഹത്തിന്റെ പെട്ടിയിൽ വീണു എന്നത് ഇടതു വലതു സ്ഥാനാർത്ഥികളിൽ ഒരാളെ മൂന്നാം സ്ഥനത്തേക്കു വലിച്ചിടാൻ കാരണമാണ്. ആദ്യമായി പത്തു ലക്ഷത്തിൽ അധികം വോട്ടു വീണ ഇവിടെ സുരേന്ദ്രൻ ജയിക്കുക എന്നത് അത്ര എളുപ്പമല്ല ക്രിസ്ത്യൻ വോട്ടുകളിൽ വളരെ ചെറിയ പങ്കു മാത്രമേ തനിക്കു ലഭിച്ചിരിക്കൂ എന്ന് സുരേന്ദ്രൻ തന്നെ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇവിടെ ലഭിക്കുന്ന രണ്ടാം സ്ഥാനം പോലും ബിജെപിയുടെ വരുംകാല വളർച്ചയ്ക്കുള്ള വളമാണ്. വീണ ജോർജോ ആന്റോ ആന്റണിയോ മൂന്നാം സ്ഥാനത്തേക്ക് വീണാൽ അവർ തോൽക്കുന്നത് ബിജെപിയുടെ മുന്നിൽ ആണെന്നതാണ് വലിയ നാണക്കേടായി മാറുക. അധികമായി വീണ ഒരു ലക്ഷത്തോളം വോട്ടിൽ ഭൂരിഭാഗവും സുരേന്ദ്രൻ കൊണ്ട് പോയിരിക്കും എന്നത് തർക്കമറ്റ കാര്യമാണ്. ഇവിടെയാണ് പിണറായിയുടെ തന്ത്രങ്ങൾ അപ്പാടെ തെറ്റുന്നത്. മതവികാരം ഉയർന്നാൽ കോൺഗ്രസിന്റെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കാം എന്ന ചിന്തക്ക് അന്ത്യം കുറിച്ച് ഇടതു മണ്ഡലങ്ങളിൽ നിന്ന് പോലും വലിയ ഒഴുക്കുണ്ടായതിനു താൽക്കാലിക പ്രതിഭാസം എന്നൊക്കെ പറഞ്ഞു ആശ്വാസം കൊള്ളാൻ ആയിരിക്കും ഇനിയുള്ള നാളുകളിൽ ഇടതു പക്ഷം ശ്രമിക്കുക. ഹിന്ദു ഭൂരിപക്ഷ മണ്ഡലം എന്ന് പറയാൻ കഴിയാത്ത പത്തനംതിട്ട വഴി ലഭിക്കുന്ന പിന്തുണ ബിജെപി കേരളം ഒന്നാകെ വരുംകാല തിരഞ്ഞെടുപ്പുകളിൽ വീശിയടിക്കാൻ ഉള്ള കരുത്തു നേടിയെടുക്കുകയാണ്.

ഇതേ കാഴ്ചയാണ് തൃശൂരിലും ലഭ്യമാകുന്നത്. പുതുക്കാട് പോലെ ഹിന്ദു ഭൂരിഭാഗമുള്ള നിയമ സഭ മണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ് ആണ് നടന്നിരിക്കുന്നത്. ഇവിടെ 80 ശതമാനത്തിൽ ഉയർന്ന പോളിങ്ങിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇടതു വലതു മുന്നണികളെ ഞെട്ടിക്കും വിധം വോട്ടു നേടാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കോൺഗ്രസ്സ് ഗ്രാഫ് താഴേക്കിറങ്ങുന്ന മണ്ഡലം കൂടിയാണ് പുതുക്കാട്. മുൻ കാലങ്ങളിൽ തൃശൂർ രൂപതയുടെ താൽപ്പര്യം നോക്കി സ്ഥാനാർത്ഥി എത്തിയിരുന്ന ഇവിടെ ഇത്തവണ ആ ആനുകൂല്യം നേരിയ തോതിൽ എങ്കിലും ഇടതു സ്ഥാനാർത്ഥിക്കു ലഭിക്കേണ്ടി ഇരുന്നെങ്കിലും സുരേഷ് ഗോപിയുടെ വരവ് ചിത്രം അപ്പാടെ മാറ്റിവരയ്ക്കുകയാണ്. ഇവിടെ പിണറായി ആഗ്രഹിച്ച പോലെ കൂടുതൽ ഹിന്ദു വോട്ടുകളും യുഡിഎഫ് ക്യാമ്പിൽ നിന്ന് ചോർന്നിരിക്കാമെങ്കിലും സുരേഷ് ഗോപിയുടെ താരപരിവേഷം ഇടതു സ്ത്രീ വോട്ടർമാരിൽ നിന്നും ചെറിയ തോതിൽ എങ്കിലും നഷ്ടപ്പെടുത്താൻ സാധ്യത ഏറെയാണ്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ നിയമ സഭ സീറ്റുകളിൽ ഇടതു മുന്നണി 2016 ൽ നേട്ടം ഉണ്ടാക്കിയെങ്കിലും ഇത്തവണ ആ നേട്ടം നിലനിർത്താൻ സാധിച്ചില്ല എന്ന് പോളിങ് ട്രെന്റ് വ്യക്തമാക്കുന്നു. ശബരിമലയുടെ രാഷ്ട്രീയം പിണറായിയുടെ ചിന്തകൾക്കും അപ്പുറമാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

തൊട്ടടുത്ത മണ്ഡലമായ ചാലക്കുടി നൽകുന്ന ചിത്രവും സമാനതകൾ ഉള്ളതാണ്. ഇവിടെ എൻഡിഎ സ്ഥാനാർത്ഥി അപ്രസക്തം ആയിരുന്നതിനാൽ വോട്ടൊഴുക്കു ഉണ്ടായതു യുഡിഎഫിന് ആണെന്ന് പോളിങ് ട്രെന്റ് നൽകുന്ന സൂചന. ഇടതു സ്വാധീന മേഖലകളായ കൊടുങ്ങല്ലൂർ, കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളിൽ പോളിങ് താഴ്ന്നു നിന്നപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളായ അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നിടങ്ങളിലെ പോളിങ് യുഡിഎഫ് ട്രെന്റിലേക്കു എന്ന സൂചന നൽകുന്നു. ഇടതു പക്ഷത്തിനു മുൻകൈ പറയാവുന്ന മണ്ഡലം ആയ പെരുമ്പാവൂരിൽ ഉയർന്ന വോട്ടിങ് ഉണ്ടെങ്കിലും ഇവിടെ യുഎഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാന്റെ വ്യക്തി പ്രഭാവവും സാമുദായിക വോട്ടുകളും ചേർന്നപ്പോൾ 82 ശതമാനം വോട്ടർമാരെയും ഈ അസെംബ്ലി സെഗ്മെന്റ് പോളിങ് ബൂത്തിൽ എത്തിച്ചു. ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ് ഇവിടെ പരാജയമായാൽ പഴയ മുകുന്ദപുരം മണ്ഡലത്തിലെ ശക്തമായ വോട്ട് ബാങ്കായ എൻ എസ് എസ് നും ബെന്നി ബെഹന്നാന്റെ വിജയത്തിൽ ഒരു പങ്കു അവകാശപ്പെടാൻ കഴിയും.

ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ സാധ്യത ഉള്ള സ്ഥലം ആണെങ്കിലും കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്‌സഭാ സീറ്റിലെ ഒരു മണ്ഡലത്തിലും ബിജെപി നിർണായകമായിരുന്നില്ല. ആ ട്രെന്റ് ഇത്തവണയും അവർത്തിച്ചേക്കാം. കോൺഗ്രസ് പ്രതീകശയോടെ അവതരിപ്പിച്ച പുതുമുഖം രമ്യ ഹരിദാസ് വ്യക്തമായ മുൻതൂക്കം നേടിയെടുത്ത പ്രചാരണ ശേഷം കോൺഗ്രസ് ആധിപത്യം അവകാശപെടാൻ ചിറ്റൂർ അടക്കമുള്ള സ്ഥലങ്ങളിൽ പോളിങ് ഉയർന്നത് ഇടതുപക്ഷത്തിന്റെ നെഞ്ചിടിപ്പ് കൂട്ടാൻ കാരണമാണ്. വെറും കാഴ്‌ച്ചക്കാരന്റെ റോളിൽ ഒതുങ്ങിപോയ എൻഡിഎ സ്ഥാനാർത്ഥിക്കു ലഭിക്കേണ്ട വോട്ടും ഇവിടെ രമ്യയെ തേടി എത്തുമെങ്കിൽ ഇടതുപക്ഷത്തിന് ഉറപ്പുള്ള ഒരു മണ്ഡലം കൂടിയാകും കൈവിട്ടു പോകുന്നത്.

കേരളത്തിലെ മുഴുവൻ അസംബ്ലി സീറ്റുകൾ തിരിച്ചുള്ള പോളിങ് ശതമാനം പുറത്തുവരുമ്പോൾ ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുപ്പു ആദ്യം നടത്തുക ഇടതുപക്ഷ ബുദ്ധി കേന്ദ്രങ്ങൾ തന്നെ ആയിരിക്കും. ഈ മണ്ഡലങ്ങളിൽ ബിജെപി എത്ര വോട്ടുകൾ അധികം നേടി, അതിൽ തങ്ങൾക്കു പോയതെത്ര, കോൺഗ്രസ് കൈക്കലാക്കിയത് എത്ര എന്നൊക്കെയുള്ള കണക്കുകളാകും വരും നാളുകളിലെ രാഷ്ട്രീയ കളികൾ നിർണയിക്കുക. തങ്ങൾ ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ പോയതെങ്കിൽ നവോത്ഥാനവും സ്ത്രീ മുന്നേറ്റവും ശബരിമലയിൽ സ്ത്രീ പ്രവേശനവും അട്ടത്തു കയറ്റാൻ സിപിഎമ്മും പിണറായിയും ഒരു മടിയും കാട്ടില്ല. കാരണം, അധികാര രാഷ്ട്രീയം നന്നായി ആസ്വദിക്കുന്ന പാർട്ടി കൂടിയാണ് സമീപകാല സിപിഎം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP