Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകരക്കാരനാവാൻ കൂടുതൽ സാധ്യത മുരളീധരനും തിരുവഞ്ചൂരിനും; ഇടിച്ചു നോക്കാൻ കെ സുധാകരനും രംഗത്ത്; നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി റെഡി; ആരെത്തിയാലും ഐ ഗ്രൂപ്പിന് നേട്ടമില്ല; നിർണ്ണായകവാവുക ആന്റണിയുടെ മനസ്സ് തന്നെ; സുധീരന് പകരം എത്തുന്നതയാളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് പ്രവർത്തകർ

പകരക്കാരനാവാൻ കൂടുതൽ സാധ്യത മുരളീധരനും തിരുവഞ്ചൂരിനും; ഇടിച്ചു നോക്കാൻ കെ സുധാകരനും രംഗത്ത്; നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി റെഡി; ആരെത്തിയാലും ഐ ഗ്രൂപ്പിന് നേട്ടമില്ല; നിർണ്ണായകവാവുക ആന്റണിയുടെ മനസ്സ് തന്നെ; സുധീരന് പകരം എത്തുന്നതയാളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് പ്രവർത്തകർ

ബി രഘുരാജ്‌

 തിരുവനന്തപുരം: വീണ്ടും പന്ത് എകെ ആന്റണിയുടെ കോർട്ടിൽ. വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആരോടും ആലോചിക്കാതെയാണ് സ്ഥാനമൊഴിയുന്നതെന്ന് സുധീരൻ പറയുമ്പോഴും കോൺഗ്രസിൽ ആരും അത് വിശ്വസിക്കുന്നതുമില്ല. ആന്റണിയോട് ചോദിക്കാതെ സുധീരൻ ഒന്നും ചെയ്യില്ല. അതുണ്ടായിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ. ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചപ്പോൾ മുൻതൂക്കം കിട്ടിയത് ഐ ഗ്രൂപ്പിനാണ്. ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും അപമാനിതരായി. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറാകില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിശക്തനായ കെപിസിസി അധ്യക്ഷനെ നിയമിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ സുധീരന്റെ രാജി പ്രഖ്യാപനം വന്നതോടെ കോൺഗ്രസിൽ ചർച്ച സജീവമാകുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാത്രമേ പുതിയ കെപിസിസി അധ്യക്ഷനെ നിയമക്കൂ. ചികിൽസ കഴിഞ്ഞ് 16ന് സോണിയ ഡൽഹിയിലെത്തും. അതുകൊണ്ട് തന്നെ ഇനിയുള്ള ഒരാഴ്ച കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്താൻ കോൺഗ്രസ് നേതാക്കൾ കരുനീക്കം നടത്തുമെന്ന് ഉറപ്പാണ്. ഏതായാലും രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പ്രസിഡന്റിനെ നിയമിക്കും. എല്ലാവർക്കും പൊതു സ്വീകാര്യനായ പേരിലേക്ക് ചർച്ചയെത്തിക്കാനും ഹൈക്കമാണ്ട് ശ്രമിക്കും. ഇവിടെയെല്ലാം നിർണ്ണായകമാവുക ആന്റണിയുടെ നിർദ്ദേശങ്ങൾ തന്നെയാകും.

കോൺഗ്രസിൽ എന്നും സ്ഥാനമാനങ്ങൾ വീതംവയ്‌പ്പാണ്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് കരുതുന്നവരുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐയിലെ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ ഉമ്മൻ ചാണ്ടി നിയമസഭാ നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ ചെന്നിത്തല നേതാവായി. അങ്ങനെ ഐ ഗ്രൂപ്പിന് നിയമസഭാ കക്ഷി നേതൃസ്ഥാനം കിട്ടി. അതിനാൽ ഒഴിവു വന്ന കെപിസിസി അധ്യക്ഷ സ്ഥാനം എ ്ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് ഉമ്മൻ ചാണ്ടി അനുകൂലികൾ പറയുന്നു. അവർക്ക് മുമ്പിൽ ഉയർത്തിക്കാട്ടാനുള്ള ഉമ്മൻ ചാണ്ടിയുടെ പേര് തന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ എതിർ നിലപാട് എടുക്കുമോ എന്ന ആശങ്കയും അണികൾക്കുണ്ട്. സുധീരനുമായുള്ള ഉമ്മൻ ചാണ്ടിയുടെ തർക്കവും അതിൽ ഹൈക്കമാണ്ട് എടുത്ത നിലപാടുകളുമാണ് ഈ സംശയത്തിന് കാരണം.

ഉമ്മൻ ചാണ്ടിക്ക് കെപിസിസി അധ്യക്ഷനാവാൻ വേണ്ടിയാണ് സുധീരനെതിരെ എ ഗ്രൂപ്പ് കലാപമുണ്ടാക്കിയതെന്ന വാദം സജീവമായിരുന്നു. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷനായി എത്തുന്നത് ഉമ്മൻ ചാണ്ടിക്ക് ചീത്ത പേരുണ്ടാക്കും. പഴയ ആരോപണം ശരിയാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ഇതെല്ലാം ഉമ്മൻ ചാണ്ടിയെ അലോസരപ്പെടുത്തുന്നതാണ്. അതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി സ്വയം ഉയർത്തിക്കാട്ടിക്കില്ലെന്ന അഭിപ്രായവും സജീവമാണ്. അങ്ങനെ വന്നാൽ പിന്നെ ആരെന്നതാണ് ഉയരുന്ന ചോദ്യം. എ ഗ്രൂപ്പിലെ രണ്ടാമനെ ഉയർത്തിക്കാട്ടണം. അങ്ങനെ വന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ് അങ്ങനെ പല പേരുകാരുമുണ്ട്. ഇതിൽ തിരുവഞ്ചൂരിനാണ് കൂടുതൽ സാധ്യത. പക്ഷേ എല്ലാവരും കൂടി നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി തന്നെ അധ്യക്ഷനായി എത്തുകയും ചെയ്യും. കെപിസിസി അധ്യക്ഷ സ്ഥാനം ഇതുവരെ വഹിക്കാൻ ഉമ്മൻ ചാണ്ടിക്കായിട്ടില്ല. അതിനാൽ ഈ പദവിയിൽ ഉമ്മൻ ചാണ്ടിക്കും നോട്ടമുണ്ടെന്നാണ് സൂചന.

ഐ ഗ്രൂപ്പിനൊപ്പമാണ് കെ മുരളീധരൻ. നേരത്തെ മുരളി, കെപിസിസി അധ്യക്ഷനായിരുന്നു. അന്ന് കെപിസിസി നേതൃത്വം ഊർജ്ജ്വസലമായിരുന്നു. ഈ മികവ് ഉയർത്തിക്കാട്ടിയാകും മരുളിക്ക് വേണ്ടിയുള്ള ചരടു വലികൾ. എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് മുരളിയോട് താൽപ്പര്യക്കുറവുണ്ട്. വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ചില കോൺഗ്രസുകാർ ശ്രമിച്ചെന്ന് മുരളി ആരോപിച്ചിരുന്നു. ഇത് ചെന്നിത്തലയെ ലക്ഷ്യമിട്ടായിരുന്നു. അതിനാൽ മുരളിക്ക് വേണ്ടി ചെന്നിത്തല കടുത്ത രീതിയിൽ വാദിക്കില്ലെന്നാണ് സൂചന. എന്നാൽ അണികളുടെ വികാരം മുരളിക്ക് അനുകൂലമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്വയം ഉയർത്തിക്കാട്ടാൻ ചെന്നിത്തലയ്ക്ക് കഴിയില്ല. പ്രതിപക്ഷ നേതാവായതു കൊണ്ടാണ് അത്. അതിനാൽ മനസ്സില്ലാ മനസ്സോടെ മുരളിയെ തന്നെ ഉയർത്തിക്കാട്ടേണ്ടി വരും.

ഇതിലെല്ലാം പ്രധാനം ആന്റണിയുടെ മനസ്സാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. എക്‌സിറ്റ് പോളുകളൊന്നും കോൺഗ്രസിന് അനുകൂലമല്ല. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധി ഏറെ സമ്മർദ്ദത്തിലുമാണ്. അതിനാൽ കേരളത്തിലെ കാര്യത്തിൽ ആൻണിക്ക് ഏകപക്ഷീയ തീരുമാനം എടുക്കാമെന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്. അതുകൊണ്ട് ഇത്തരം ചർച്ചകൾ അസ്ഥാനത്താകുമെന്ന് കരുതുന്നവരും ഉണ്ട്. ഐ ഗ്രൂപ്പിലെ കണ്ണൂരിലെ ശക്തൻ കെ സുധാകരനും കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നുണ്ട്. ഐ ഗ്രൂപ്പിൽ കെസി വേണുഗോപാൽ എംപിക്കും ഈ പദവിയോട് താൽപ്പര്യമുണ്ട്. ഇരുവരും കരുനീക്കം തുടങ്ങി. എന്നാൽ കേരളത്തിലെ മറ്റ് നേതാക്കൾ ഇവരെ അംഗീകരിക്കാൻ സാധ്യത കുറവാണ്.

ഡൽഹി ബന്ധങ്ങളിലൂടെ പദവിയിലെത്താൻ കെവി തോമസും കരുക്കൾ നീക്കം. രാഹുൽ ഗാന്ധിയുടെ കോർ ടീം അംഗമായ വിഡി സതീശനും നല്ല സാധ്യതയുണ്ട്. സതീശന് വേണ്ടി രാഹുൽ വാശി പിടിക്കുമെന്നും അതിന് ആന്റണിക്ക് വഴങ്ങേണ്ടി വരുമെന്നും കരുതുന്ന കോൺഗ്രസുകാരും ഏറെയാണ്. മത-ജാതി പരിഗണനകളും നിർണ്ണായകമാകും. അതുകൊണ്ട് തന്നെ അവസാന നിമിഷം ചില അപ്രതീക്ഷിത പേരുകാരും കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഏത്താൻ സാധ്യത ഏറെയാണ്. ശശി തരൂരിനെ പോലൊരു ഗ്രൂപ്പുകൾ അതീതനായ വ്യക്തിയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. പക്ഷേ ഇതൊന്നും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ഗ്രൂപ്പുകൾ അംഗീകരിക്കില്ല. തമ്മിൽ സ്ഥാനത്തിന് വേണ്ടി അടിക്കുമ്പോഴും അധികാരം രണ്ട് ഗൂപ്പുകളിൽ ഒന്നിൽ നിൽക്കാനാകും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ശ്രമിക്കുക.

ഐ ഗ്രൂപ്പിന്റെ പേരിൽ മുരളി അധ്യക്ഷനായാലും ചെന്നിത്തലയ്ക്ക് ഗുണമുണ്ടാകില്ല. സുധാകരൻ അധ്യക്ഷനായെത്തിയാലും സ്വന്തം വഴിക്ക് നീങ്ങാനാണ് സാധ്യത. ഇതെല്ലാം ചെന്നിത്തലയെ അലോസരപ്പെടുത്തുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിലെ ഒന്നാമനായ ചെന്നിത്തലയ്ക്ക് കുടത്ത വെല്ലുവിളിയാകും സുധീരന്റെ സ്ഥാനമൊഴിയിൽ സമ്മാനിക്കുക. ഐ ഗ്രൂപ്പിലെ പുതിയ സമവാക്യങ്ങൾക്ക് കാരണമാകുന്ന തരത്തിലേക്കാണ് നിലവിൽ ചർച്ചകളുടെ പോക്ക്. ഇതിൽ കരുതലോടെ തീരുമാനമെടുക്കാൻ ചെന്നിത്തലയും നിർബന്ധിതമാകും.

അതിനിടെ ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചാൽ ആരും എതിർക്കില്ലെന്നും സൂചനയുണ്ട്. എന്നാൽ തന്നെ നിർബന്ധിച്ചാൽ മാത്രമേ പദവി ഏറ്റെടുക്കൂവെന്ന നിലപാട് ഉമ്മൻ ചാണ്ടി എടുത്താൽ കെപിസിസി അധ്യക്ഷനായി മറ്റൊരു പേരുകാരനെത്തും. ഉമ്മൻ ചാണ്ടി സ്വന്തം നിലയിൽ അവകാശവാദം ഉന്നയിക്കില്ലെന്ന പ്രതീക്ഷയിലാണ് മറ്റ് നേതാക്കൾ കോൺഗ്രസിന്റെ അമരക്കാരനാകാൻ നീക്കം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP