Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുക്കം കൂളിമാട് പാലം തകർന്നതിന് ഉത്തരവാദിത്വം മന്ത്രിക്കോ? പാലാരിവട്ടം പാലം തകർന്നതിന് ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയവർക്ക് എന്ത് പറയാനുണ്ട്? ഊരാളുങ്കലിനെതിരെ കേസെടുക്കാൻ മന്ത്രി റിയാസ് തയ്യാറാകുമോ? സർക്കാരിനെ വെട്ടിലാക്കി പാലം വിവാദം

മുക്കം കൂളിമാട് പാലം തകർന്നതിന് ഉത്തരവാദിത്വം മന്ത്രിക്കോ? പാലാരിവട്ടം പാലം തകർന്നതിന് ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയവർക്ക് എന്ത് പറയാനുണ്ട്? ഊരാളുങ്കലിനെതിരെ കേസെടുക്കാൻ മന്ത്രി റിയാസ് തയ്യാറാകുമോ? സർക്കാരിനെ വെട്ടിലാക്കി പാലം വിവാദം

എം എസ് സനിൽ കുമാർ

കോഴിക്കോട്: കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്ത്. കൊച്ചി പാലാരിവട്ടം പാലത്തിന് നിർമ്മാണത്തിൽ ക്രമക്കേടുകളും അറ്റകുറ്റപണിയും നടത്തേണ്ടി വന്നപ്പോൾ അതിനുത്തരവാദി അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്ന് വാദം ഉന്നയിച്ച ഇടതുപക്ഷം എന്തുകൊണ്ട് ഇപ്പോൾ മുക്കം പാലം തകർന്ന സംഭവത്തിൽ പഴയ ന്യായം എന്തുകൊണ്ട് ഉയർത്തുന്നില്ല എന്നാണ് മുസ്ലിം ലീ?ഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നത്. പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി.

ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലമാണ് കനത്ത മഴയെ തുടർന്ന് തകർന്നിരിക്കുന്നത്.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങിനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ.

പാലാരിവട്ടം മേൽപ്പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷം കഴിഞ്ഞപ്പോൾ പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തിയിരുന്നു. മേൽപ്പാല നിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷയത്തിനിടയാക്കിയതെന്ന് വിദഗ്ദ്ധർ ചൂണ്ടികാട്ടിയിരുന്നു. നിർമ്മാണത്തിലെ അഴിമതിയുടെ പേരിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനും, സെക്രട്ടറി ടി.ഒ സൂരജിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസ് കേസെടുത്തിരുന്നു. പാലം നിർമ്മാണത്തിലെ അഴിമതിക്ക് ഉത്തരവാദി മന്ത്രിയാണെന്ന് പറഞ്ഞായിരുന്നു അറസ്റ്റും മറ്റ് വിവാദങ്ങളും. അന്ന് സിപിഎം ഉയർത്തിയ വാദങ്ങളുടെയും വിവാദങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയും കരാർ കമ്പനിയും പാലം തകർച്ചയ്ക്ക് ഉത്തരവാദികളാണ്. എന്തുകൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ല എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യം.

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി റിയാസ് നിർദ്ദേശിച്ചു. കെആർഎഫ്ബി (KRFB) പ്രൊജക്ട് ഡയറക്ടറോടും ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് താൽക്കാലികമായി സ്ഥാപിച്ച തൂണുകൾ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാർ കാരണമാണ് അപകടമുണ്ടായതെന്നാണ് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി (ULCC) വിശദീകരിച്ചു. ഉടൻ തന്നെ ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു.

ചാലിയാറിന് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ ഇന്ന് രാവിലെ 9 മണിയോടെയാണ് തകർന്നു വീണത്. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമ്മിച്ച തൂണുകൾക്ക് മുകളിലെ ബീമുകളാണ് വീണത്. അപകടത്തിൽ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്.

2019 മാർച്ചിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമ്മാണം പ്രളയകാലത്ത് പൂർണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടർന്നാണ് നിർമ്മാണം നിലച്ചത്. പിന്നീട് ഡിസൈനിങ് വിഭാഗം പരിശോധനകൾ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിർമ്മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയർത്തുകയായിരുന്നു. ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP