Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയെ പേടിച്ച് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാത്ത മുഖ്യമന്ത്രി! അനുയായികളുടെ പ്രിയപ്പെട്ട ഒ.പി.എസ്; പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി പനീർശെൽവത്തെ അറിയുക..

ജയലളിതയെ പേടിച്ച് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാത്ത മുഖ്യമന്ത്രി! അനുയായികളുടെ പ്രിയപ്പെട്ട ഒ.പി.എസ്; പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി പനീർശെൽവത്തെ അറിയുക..

ചെന്നൈ: അവിചാരിതമായി രണ്ട് തവണ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചേരുക.. രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതാണ് ശരിക്കും രാജയോഗം! എന്നാൽ ഭയഭക്തി ബഹുമാനമുള്ള നേതാവായ ഒ പനീർശെൽവം തലൈവിയെ അനുസരണയുള്ള മുഖ്യമന്ത്രി എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ജയലളിതയുടെ വിനീത വിധേയത്വമാണ് വീണ്ടുമൊരു തവണ കൂടി തമിഴ്‌നാട് മുഖ്യമന്ത്രി എന്ന പദവി പനീർശെൽവത്തെ തേടിയെത്താൻ കാരണം. വാക്കിലും നോക്കിലും നടത്തത്തിലും വിനീത വിധേയത്വം തുളുമ്പുന്ന പനീർശെൽവം ജയലളിതയെ സാഷ്ടാംഗം പ്രണമിക്കുന്ന ചിത്രം ലോക മാദ്ധ്യമങ്ങളിൽ പോലും പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെയൊരു പാവമന്ത്രിയുണ്ടോ എന്ന ചോദ്യമായിരുന്നു ലോകം അന്ന് പനീർശെൽവത്തെ നോക്കി ചോദിച്ചത്. എന്നാൽ തലൈവി 'നല്ല ഉണ്ണി'യായി അറിയപ്പെടാൻ അത് ധാരാളം മതിയായിരുന്നു പനീർശെൽവത്തിന്. അതുകൊണ്ടാണ് വീണ്ടും ജയിലിലേക്ക് പോകുമ്പോൾ പനീർശെൽവത്തെ തന്നെ മുഖ്യമന്ത്രിയായി ജയലളിത നിയമിച്ചതും.

ജയലളിത കഴിഞ്ഞാൽ അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവാണ് ഒ പനീർശെൽവം. കേവലമൊരു ചാടയക്കടക്കാരനിൽ നിന്നാണ് രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയുമായി പനീർശെൽവം വളർന്നത്. തമിഴ്‌നാട്ടിലെ പ്രബല സമുദായമായ തേവർ സമുദായംഗമാണ് പനീർ ശെൽവം. തേവർ വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയായ ഏക വ്യക്തിയാണ് ഒ.പനീർസെൽവം. നിലവിൽ ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു.

2001 സെപ്റ്റംബർ മുതൽ ആറുമാസക്കാലമാണ് പനീർസെൽവം തമിഴ്‌നാട് മുഖ്യമന്ത്രി പദവി ഭരിച്ചത്. അന്ന് ജൂനിയറായിരുന്ന പനീർശെൽവത്തെ അധികാരത്തിലെത്തിക്കാൻ ജയലളിത മുതിർന്ന നേതാക്കളെ തഴഞ്ഞു. വിശ്വസ്തതയായിരുന്നു മുഖ്്യമന്ത്രി പദവിക്കുള്ള യോഗ്യതയായ തലൈവി കണ്ടത്. എന്നാൽ പകരക്കാരനായ മുഖ്യമന്ത്രി പദവിയിൽ എത്തിയ പനീർ അക്ഷരാർത്ഥത്തിൽ താനൊരു പാവ മുഖ്യമന്ത്രിയാണെന്ന് തെളിയിക്കുകയായിരുന്നു.

ആറ് മാസത്തിനിടെ മുഖ്യമന്ത്രിയുടെ കസേരയിൽ ഒരിക്കൽപ്പോലും ഇരിക്കാൻ പനീർശെൽവം തയ്യാറായില്ല. മാത്രമല്ല, കസേരയിൽ ഇരിക്കുന്നതിന് പകരം ജയലളിതയുടെ ഫോട്ടോവച്ച് പൂജിക്കുകയായിരുന്നു പനീർ ചെയ്തത്. മുഖ്യമന്ത്രിയെന്ന നിലയിൽ യാതൊരു നടപടിയും എടുക്കാൻ തയ്യാറായില്ല. ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ വേണ്ടുന്ന ഫയലുകളിൽ മാത്രം ഒപ്പിട്ട് പനീർ ജയലളിതയോടുള്ള കൂറ് വീണ്ടും ആവർത്തിച്ചു പ്രഖ്യാപിച്ചു. ജയലളിത കുറ്റവിമുക്തയായി എത്തിയതോടെ കസേര പൊൻതളികയിൽ വച്ച് തന്നെ സെൽവം ജയക്ക് വച്ചുനീട്ടി.

ജയലളിതയോട് ഭയഭക്തി ബഹുമാനം ഉണ്ടെങ്കിലും അണികളുടെ പ്രിയപ്പെട്ട ഒ.പി.എസാണ് പനീർശെൽവം. ജനപിന്തുണയുള്ള നേതാക്കളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് അദ്ദേഹം. പെരിയകുളം മുനിസിപ്പാലിറ്റി അധ്യക്ഷനായി 1996ൽ സജീവ രാഷ്ട്രീയത്തിലിറങ്ങിയ പനീർശെൽവം 2001ൽ പെരിയകുളത്ത് നിന്ന് നിയമസഭയിലെത്തി. കന്നിവിജയത്തിൽ തന്നെ ജയലളിത മന്ത്രിസഭയിൽ റവന്യുമന്ത്രിയായി. തുടർന്നാണ് മുഖ്യമന്ത്രി പദവിയിലും എത്തിയത്. പിന്നീട് 2006ൽ ഭരണം നഷ്ടപ്പെട്ടപ്പോൾ രണ്ടാഴ്ചക്കാലം പ്രതിപക്ഷനേതാവാകാനുള്ള അവസരവും ജയലളിത പനീർസെൽവത്തിന് നൽകിയിരുന്നു.

ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി കസേരയിൽ എത്തുമ്പോൾ പനീർശെൽവം എന്തുചെയ്യുമെന്ന ആകാംക്ഷയിലാണ് തമിഴകം. പഴയതുപോലെ പാവ മുഖ്യമന്ത്രിയായി തുടരുമോ അതോ സ്വന്തം കൈയൊപ്പ് അവശേഷിപ്പിക്കാൻ ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്. ജയലളിതയ്ക്ക് പത്ത് വർഷത്തോളമെങ്കിലും രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ പനീർ മികച്ച മുഖ്യമന്ത്രിയാകുമെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP