Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മാവെ വണങ്ങാതെ ഉയിർ ഇല്ലവേ..! ജയലളിതയെ ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് പനീർശെൽവം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കൂട്ടക്കരച്ചിലിന്റെ വേദിയായി തമിഴ്‌നാട് രാജ്ഭവൻ

അമ്മാവെ വണങ്ങാതെ ഉയിർ ഇല്ലവേ..! ജയലളിതയെ ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് പനീർശെൽവം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കൂട്ടക്കരച്ചിലിന്റെ വേദിയായി തമിഴ്‌നാട് രാജ്ഭവൻ

ചെന്നൈ: സാധാരണ ഗതിയിൽ ഒരാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയിൽ പ്രവർത്തകരുടെ നേതാക്കളുടെയും ആഹ്ലാദപ്രകടനങ്ങൾ കൊണ്ട് വീർപ്പുമുട്ടേണ്ടതാണ്. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ പനീർശെൽവം സത്യപ്രതിജ്ഞ ചെയത് അധികാരം ഏറ്റപ്പോൾ ലോകം കണ്ടത് മറ്റൊരു കാഴ്‌ച്ചയായിരുന്നു. അഴിമതി കേസിൽ അഴിക്കുള്ളിലായ ജയലളിതയ്ക്ക് പകരക്കാരനായി വിശ്വസ്തൻ പനീർശെൽവം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. മുഖ്യമന്ത്രി തന്നെ പൊട്ടിക്കരഞ്ഞപ്പോൾ പിന്നെ മറ്റ് മന്ത്രിമാരുടെ കാര്യം പറയണോ? അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാരും കണ്ണുകൾ നിറച്ചു.

തമിഴ്‌നാടിന്റെ ഇരുപത്തിയെട്ടാമത് മുഖ്യമന്ത്രിയായാണ് ഒ.പനീർശെൽവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉച്ചയ്ക്ക് 1.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ജയലളിത മന്ത്രിസഭയിലുണ്ടായിരുന്ന 32 മന്ത്രിമാരും വീണ്ടും ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിമാരായ വൈത്ത്യലിംഗം. എടപ്പാടി കെ.പളനിസ്വാമി, വലർമതി, ശെന്തിൽ ബാലാജി, ഗോകുല ഇന്ദിര, മുക്കൂർ എൻ.സുബ്രഹ്മണ്യൻ എന്നിവരും, ജയലളിതയെ ജയിലിൽ അടച്ചതിന്റെ ദുഃഖം താങ്ങാനാവാതെ വിതുമ്പുന്നുണ്ടാിരുന്നു. അഴിമതിക്കേസിൽ ബാംഗ്‌ളൂർ കോടതി നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജയലളിത അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ധനമന്ത്രിയായ പനീർ ശെൽവത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ജയലളിതയുടെ വിശ്വസ്തനായ പനീർശെൽവം ഇത് രണ്ടാം തവണയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. അതിനിടെ അഴിമതിക്കേസിൽ ശിക്ഷിച്ച ബാംഗ്ലൂർ പ്രത്യേക കോടതിയുടെ വിധിക്കെതിരെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത കർണാടക ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പിഴത്തുക റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ രാം ജഠ്മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാവുക.അവധിയായതിനാൽ കോടതി നാളെ മാത്രമെ ഹർജി പരിഗണിക്കുകയുള്ളൂ.

കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നുള്ള അഭിഭാഷക സംഘം ജയിലിലെത്തി ജയലളിതയുമായി ചർച്ച നടത്തിയിരുന്നു. പൊതുപ്രവർത്തകൻ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ സ്റ്റേ ചെയ്യാൻ ഉയർന്ന കോടതികൾക്ക് അധികാരമുണ്ടെന്ന് പല കേസുകളിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP