Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടിയേരിക്ക് പിന്നാലെ സർക്കാരിന്റെ വിലയിരുത്തൽ വാദമുയർത്തി വിഎസും; മലപ്പുറത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ ചർച്ചയാക്കുന്നത് ഐസ്‌ക്രീം പാർലർ വാണിഭക്കേസും; ബിജെപിയേയും ലീഗിനേയും കടന്നാക്രമിച്ച് പ്രചരണ രംഗത്ത് എത്തുന്നത് വ്യക്തമായ ലക്ഷ്യത്തോടെ; പിണറായിയ്‌ക്കെതിരെ സിപിഎമ്മിൽ പുതിയ സമവാക്യങ്ങൾ

കോടിയേരിക്ക് പിന്നാലെ സർക്കാരിന്റെ വിലയിരുത്തൽ വാദമുയർത്തി വിഎസും; മലപ്പുറത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ ചർച്ചയാക്കുന്നത് ഐസ്‌ക്രീം പാർലർ വാണിഭക്കേസും; ബിജെപിയേയും ലീഗിനേയും കടന്നാക്രമിച്ച് പ്രചരണ രംഗത്ത് എത്തുന്നത് വ്യക്തമായ ലക്ഷ്യത്തോടെ; പിണറായിയ്‌ക്കെതിരെ സിപിഎമ്മിൽ പുതിയ സമവാക്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാവണമെന്ന് വി എസ് അച്യുതാനന്ദൻ പറയുന്നത് സിപിഎമ്മിലെ പുതിയ ചേരിതിരിവുകളുടെ സൂചനയാണ് നൽകുന്നത്. നേരത്തെ ഇത്തരം അഭിപ്രായ പ്രകടനം കോടിയേരി ബാലകൃഷ്ണനും നടത്തിയിരുന്നു. എന്നാൽ പിണറായിയെ ലക്ഷ്യമിട്ടുള്ള സൂചനയായി വിലയിരുത്തപ്പെട്ടതോടെ കോടിയേരി പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോയി. എന്നാൽ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ നിരാഹാരവും പൊലീസ് നടപടിയുമെല്ലാം സർക്കാരിനെ കൂടുതൽ ദുർബലമാക്കി. ഇതിനിടെയാണ് സർക്കാരിന്റെ വിലയിരുത്തലെന്ന വാദവുമായി അച്യുതാനന്ദൻ എത്തുന്നത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകുമെന്നാണ് വി എസ് അച്യുതാനന്ദൻ പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ മന്ത്രിമാർ ഇപ്പോഴും അഴിമതിക്കേസുകളിൽപെട്ട് നടക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ 55 വർഷത്തിനുള്ളിൽ വന്ന പൊതുകടത്തിനു തുല്യമാണ് അഞ്ചു വർഷം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ വരുത്തിവച്ചത്. കേന്ദ്രത്തിൽ മോദി തുടരുന്ന മുതലാളിത്ത പ്രീണനം ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വി എസ് പറഞ്ഞു. ഐസ്‌ക്രീം പാർലർ കേസും പ്രചാരണ വിഷയമാക്കാൻ പരോക്ഷ പരാമർശവും വി എസ് നടത്തി. 'കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലെ മൊഴികളെ കുറിച്ച് കൂടുതൽ പറയുന്നില്ല. അമ്മ പെങ്ങമ്മാർ ഇരിക്കുന്നതിനാൽ കൂടുതൽ പറയാൻ കഴിയില്ലെന്നായിരുന്നു വി.എസിന്റെ പരാമർശം. അങ്ങനെ മലപ്പുറത്ത് എല്ലാ അർത്ഥത്തിലും താരമായി വി എസ് അച്യുതാനന്ദൻ.

മലപ്പുറത്ത് ലീഗ് സ്ഥാനാർത്ഥി ജയിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഭരണ വികാരം ഇവിടെ ചർച്ചയാക്കാൻ പിണറായി ക്യാമ്പ് ആഗ്രഹിക്കുന്നില്ല. ഇതാണ് കോടിയേരിയും അച്യുതാനന്ദനും തകർക്കുന്നത്. പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമാണ് ഇതെന്ന വിലിയരുത്തലുമുണ്ട്. നേരത്തെ ജിഷ്ണു കേസിൽ എംഎ ബേബിയും പിണറായി സർക്കാരിനെ കടന്നാക്രമിച്ചു. എന്നാൽ ബേബിയെ തള്ളി പിണറായിയും എത്തി. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സർക്കാർ. അതിനിടെയാണ് അച്യുതാനന്ദൻ ഭരണ വികാരം മലപ്പുറത്ത് ചർച്ചയാക്കുന്നത്. ഇത് വ്യക്തമായ പദ്ധതിയോടെയാണെന്നാണ് വിലയിരുത്തൽ. പിണറായി സർക്കാരിനെതിരായ ജനവിരുദ്ധതയുടെ പ്രതിഫലനം മലപ്പുറത്തുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷത്തെ കൊണ്ട് പറയിക്കാനാണ് നീക്കം. സി.പി.എം കേന്ദ്ര നേതൃത്വവും പിണറായിയുടെ നിലപാടുകളിൽ അതൃപ്തരാണ്. ഇത് മനസ്സിലാക്കിയാണ് വിഎസിന്റെ നീക്കം.

ജിഷ്ണു പ്രണോയുടെ അമ്മയക്ക് എതിരായ നടപടികൾ അതിരുവിട്ടതാണെന്ന് സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. അതിന് ശേഷവും സർക്കാർ നിലപാട് മാറ്റിയില്ല. ഈ സാഹചര്യത്തിൽ പിണറായിക്ക് എതിരായ നിലപാടിലേക്ക് സീതാറാം യെച്ചൂരി മാറി കഴിഞ്ഞു. എംഎ ബേബിയും കടുത്ത പ്രതിഷേധത്തിലാണ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബേബിയുടെ നിലപാടുകളും കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കും. പത്ത് മാസത്തെ പിണറായി സർക്കാരിന്റെ ഭരണം ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഭരണതലത്തിൽ അടിമുടി മാറ്റമെന്ന ആശയവും മുന്നോട്ട് വച്ചു കഴിഞ്ഞു. ഈ മാറ്റത്തിന് ചുണ്ടുപലകയാകാനാണ് വി എസ് മലപ്പുറത്ത് ഭരണ വിലയിരുത്തൽ വാദം ഉയർത്തുന്നത്.

മലപ്പുറത്ത് ബിജെപിക്ക് വലിയ വോട്ട് കിട്ടുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ മോദി ഫാക്ടറിനെ വിമർശിക്കാം. ഇതിനൊപ്പം സി.പി.എം സ്ഥാനാർത്ഥിക്ക് മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിൽ പിണറായി സർക്കാരിനേയും പ്രതിസ്ഥാനത്ത് നിർത്താം. ഇതാണ് വിഎസും കോടിയേരിയുമൊക്കം ആഗ്രഹിക്കുന്നത്. ആഭ്യന്തര വകുപ്പ് പൂർണ്ണപരാജയമാണെന്നും അതുകൊണ്ട് തന്നെ പിണറായി വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നതുമടക്കമുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാണ് ഇതിൽ പുതു മാനം നൽകുന്നതാണ് വിഎസിന്റെ പ്രസ്താവന. മലപ്പുറത്ത് പ്രചരണം അന്തിമ ഘട്ടത്തിലേക്ക് എത്തി. പക്ഷേ ഒരു സി.പി.എം നേതാവും കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചില്ല. വളരെ മൃദുവായ പ്രതികരണമാണ് നടത്തുന്നത്. ഇതിനാണ് വി എസ് അന്ത്യമിടുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരായ തുറുപ്പ് ചീട്ട് വി എസ് മലപ്പുറത്ത് ആളിക്കത്തിച്ചു. ഐസ് ക്രീംകേസ് ചർച്ചയാകാത്ത നേതൃത്വത്തിന് എതിരായ വിർശനം കൂടിയാണ് ഇത്.

ഐസ്‌ക്രീം പാർലർ കേസിൽ ഇപ്പോഴും വിചാരണ തുടരുകയാണ്. ഈ കേസിൽ വിചാരണ നേരിടുന്ന ആളെയാണ് യുഡിഎഫ് പുലിയെന്ന് വിശേഷിപ്പിക്കുന്നത്. ഈ പുലിയെ ഒരിക്കൽ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയിട്ടുണ്ടെന്നും വി എസ് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനാർത്ഥി നിർത്തിയിട്ടുണ്ട്. മലപ്പുറത്തുകാർക്ക് നല്ല ബീഫ് വിതരണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നതെന്നറിയാൻ കഴിഞ്ഞു. തോൽക്കാൻ വേണ്ടി ബിജെപി കൊണ്ടു നിർത്തിയ ആ സ്ഥാനാർത്ഥിയെ ഓർത്ത് ദുഃഖമുണ്ടെന്നും വി എസ് പറഞ്ഞു. അങ്ങനെ ലീഗിനേയും ബിജെപിയേയും സമർത്ഥമായി പ്രതിക്കൂട്ടിൽ നിർത്തി തൊണ്ണൂറ്റിനാലാം വയസ്സിലും വി എസ് പ്രചരണത്തിൽ താൻ താരമാണെന്ന് തെളിയിക്കുകയാണ്. ഇനിയും അധികാര കേന്ദ്രങ്ങളിൽ എത്താനുള്ള കരുത്ത് തനിക്കുണ്ടെന്ന് കൂടി വി എസ് പറയാതെ പറയുകയാണ്.

മതനിരപേക്ഷ വികസന കേരളമെന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ചത്. കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷ സർക്കാരുകളാണെന്നും അത് തിരിച്ചറിഞ്ഞ് ജനങ്ങൾ മലപ്പുറത്ത് എൽഡിഎഫിന് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിശക്തമായ ഈ നിലപാട് പ്രഖ്യാപനത്തിന് പിന്നിൽ കേന്ദ്രകമ്മറ്റിയുടെ പിന്തുണയും വിഎസിന് ഉണ്ട്. സർക്കാരിനെതിരെ തിരുത്തൽ ശക്തികൾ രൂപപ്പെടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അല്ലാത്ത പക്ഷം ഏകപക്ഷീയ നിലപാടുമായി സർക്കാർ മുന്നോട്ട് പോകും. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ പരാജയവും സമ്മാനിക്കും. ഈ ഘട്ടത്തിൽ അടിമുടി മാറ്റവും ജനപക്ഷ നിലപാടുകളും പിണറായി സർക്കാർ കൈക്കൊള്ളണം. അതിനുള്ള അവസരമായി മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലത്തെ മാറ്റാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

മലപ്പുറത്ത് സിപിഎമ്മിന് വലിയ തോൽവി നേരിട്ടാൽ അടിയന്തരമായി തന്നെ കേരളത്തിലെ ഭരണത്തിൽ സി.പി.എം കേന്ദ്രനേതൃത്വം ഇടപെടും. മന്ത്രിസഭാ അഴിച്ചു പിണയും നടത്തും. കാര്യങ്ങൾ അതിന് ശേഷവും കൈവിട്ടു പോയാൽ കടുത്ത നിലപാടുകൾ കേന്ദ്ര നേതൃത്വം എടുക്കുമെന്നാണ് സൂചനകൾ. മിടുക്കരായ നേതാക്കളെ മന്ത്രിമാരാക്കാത്തത് സർക്കാരിന് തിരിച്ചടികൾ നൽകുന്നുണ്ട്. ഈ തെറ്റ് തിരുത്താൻ കേന്ദ്ര നേതൃത്വം പിണറായിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഭരണത്തിൽ കൂടുതൽ നിയന്ത്രണം പാർട്ടിക്ക് കൈവരുന്ന തരത്തിലേക്ക് മാറ്റങ്ങൾ കൊണ്ടു വരാനാണ് ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP