Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദേശത്തിലെ 'സുധീര' വിജയം ചെന്നിത്തലയ്ക്ക് പിടിച്ചില്ല; പരാതിയുമായി ഹൈക്കമാണ്ടിൽ; നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിന് മാനദണ്ഡം കൊണ്ടുവരുന്നതിനെതിരെ കരുനീക്കം; രണ്ട് തവണ തോറ്റവർക്ക് സീറ്റ് നൽകേണ്ടെന്ന നിർദ്ദേശത്തെ എതിർക്കും; ഗ്രൂപ്പ് മാനേജർമാരുടെ ഭയപ്പാട് വ്യക്തം

തദ്ദേശത്തിലെ 'സുധീര' വിജയം ചെന്നിത്തലയ്ക്ക് പിടിച്ചില്ല; പരാതിയുമായി ഹൈക്കമാണ്ടിൽ; നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിന് മാനദണ്ഡം കൊണ്ടുവരുന്നതിനെതിരെ കരുനീക്കം; രണ്ട് തവണ തോറ്റവർക്ക് സീറ്റ് നൽകേണ്ടെന്ന നിർദ്ദേശത്തെ എതിർക്കും; ഗ്രൂപ്പ് മാനേജർമാരുടെ ഭയപ്പാട് വ്യക്തം

ബി രഘുരാജ്‌

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയി കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരനാണ്. ജയിച്ച വാർഡുകളുടെ കണക്കെടുത്താൽ കോൺഗ്രസിന് തോൽവി പണഞ്ഞിട്ടുണ്ടാകാം. എന്നാൽ പാർട്ടിയിൽ കെപിസിസി അദ്ധ്യക്ഷൻ വാക്കിനുള്ള വില ആദ്യമായി കോൺഗ്രസുകാർ തിരിച്ചറിഞ്ഞു. ഗ്രൂപ്പ് മാനേജർമാരുടെ മോഹങ്ങൾക്ക് തടയിട്ട് പലതും സുധീരൻ ചെയ്തു. കൊച്ചിയിലും കളമശ്ശേരിയിലും സുധീരൻ ആഗ്രഹിച്ചത് മാത്രമേ നടന്നുള്ളൂ. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പൊതു തത്വം അങ്ങനെ കൊച്ചിയിൽ അട്ടിമറിക്കപ്പെട്ടു. ഗ്രൂപ്പ് കരുത്ത് കാട്ടി ഒന്നിച്ചു നിന്നാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുധീരൻ നിലപാട് എടുത്തതോടെ കളമശ്ശേരിയിലും കളി മാറി. അങ്ങനെ കെപിസിസി അധ്യക്ഷൻ ആഗ്രഹിച്ചത് മാത്രമാണ് തദ്ദേശത്തിലെ അധികാര കസേരിയിലേക്കുള്ള യാത്രയിൽ കോൺഗ്രസിൽ സംഭവിച്ചത്. എങ്ങനേയും എല്ലാം അട്ടിമറിച്ച് സുധീരന് പണികൊടക്കാനുള്ള തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണക്കരുത്തിൽ നീങ്ങുന്ന സുധീരൻ അങ്ങനെ സംഘടന കൈപ്പിടിയിൽ ഒതുക്കി.

അതിനിടെ സുധീരനെതിരെ രമേശ് ചെന്നിത്തല നേരിട്ട് രംഗത്തു വന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയകാരണം സുധീരനെന്ന് ആഭ്യന്ത്രമന്ത്രി കോൺഗ്രസ് ഹൈക്കമാണ്ടിന് പരാതി നൽകി. പാർട്ടിയിലെ വിമത പ്രശ്‌നം പരിഹരിക്കുന്നതിൽ സുധീരൻ പരാജയപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയതിന് കാരണവും കെപിസിസിയുടെ പിഴവാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. മുമ്പ് വിമത പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിച്ചിരുന്നു. ഇത്തവണ അതിന് കഴിഞ്ഞില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി. ഫലത്തിൽ കൊച്ചിയിലേയും കളമശ്ശേരിയിലേയും കെപിസിസി പ്രസിഡന്റിന്റെ ഇടപെടൽ ഐ ഗ്രൂപ്പിന് പടിച്ചില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസിയുടെ ഇടപെടൽ ഒഴിവാക്കാനാണ് ചെന്നിത്തലയുടെ ശ്രമം. ഗ്രൂപ്പുകളുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന കെപിസിസി കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന സൂചനയാണ് ഹൈക്കമാണ്ടിന് ചെന്നിത്തല നൽകുന്നു.

കോൺഗ്രസിൽ എന്നും ഗ്രൂപ്പ് ആണ് പ്രധാനം. ഗ്രൂപ്പുകളുടെ തമ്മിലടി പ്രശ്‌നങ്ങൾ രൂക്ഷമാക്കുമ്പോൾ തീരുമാനവുമായി ഹൈക്കമാണ്ട് എത്തും. അതേ സമയം രണ്ട് ഗ്രൂപ്പുകളും ചേർന്നിരുന്ന് തീരുമാനം എടുത്താൽ അത് മാറുകയുമില്ല. ഈ പതിവ് തെറ്റിയത് കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലാണ്. എയും ഐയും ഒന്നിച്ചിരുന്ന് ജി കാർത്തികേയന്റേ പേര് എഴുതി നൽകിയിട്ടും പാർട്ടിയെ നിയക്കാൻ ഹൈക്കമാണ്ട് നിയോഗിച്ചത് സുധീരനെ. അതുകൊണ്ട് തന്നെ സ്വന്തം കാലിൽ നീങ്ങാൻ കെപിസിസി അധ്യക്ഷനായി. സർക്കാരിന്റെ പല നയങ്ങളേയും തുറന്ന് എതിർത്തു. ബാറുകൾ പൂട്ടിപ്പിച്ചതും സുധീര നേട്ടം തന്നെ. കെ എം മാണിയുടെ രാജിയിലും കെപിസിസി അധ്യക്ഷന്റെ ഒറ്റയാൾ സ്പർശം കാണാം. ഇതൊക്കെ കോൺഗ്രസുകാർ സഹിക്കും. എന്നാൽ തദ്ദേശത്തിൽ സുധീരൻ നടത്തിയ കടുത്ത ഇടപെടലായിരുന്നു. സ്ഥാനാർത്ഥിയാകാൻ മാർഗ്ഗ നിർദ്ദേശം കെപിസിസി പുറത്തിറക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിന് സമിതിയും വന്നു. എന്നാൽ ഗ്രൂപ്പു മാനേജർമാർ ഒന്നിച്ചിരുന്ന് സ്ഥാനങ്ങൾ തർക്കങ്ങളില്ലാതെ വീതിച്ചെടുത്തു. ഇതിന്റെ പ്രതിഫലനമായിരുന്നു തോൽവിയിലേക്ക് കാര്യങ്ങളെത്തിയത്. എന്നാൽ തദ്ദേശത്തിലെ അധികാര സ്ഥാനങ്ങളിൽ പേമെന്റ് സീറ്റ് വിവാദമെത്താതിരിക്കാൻ സുധീരന് കഴിഞ്ഞു. കളമശ്ശേരിയിലും കൊച്ചിയിലും ഈ കടുംപിടിത്തം വിജയിക്കുകയും ചെയ്തു.

ഇതോടെ ആശങ്കയിലായത് ഗ്രൂപ്പ് മാനജർമാരാണ്. എങ്ങനേയും നിയമസഭയിലേക്ക് മത്സരം ഉറപ്പാക്കാൻ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെ ചിലർ നീക്കം സജീവമായിരുന്നു. ഇതിനെയൊക്കെയാണ് സുധീരൻ ആശങ്കയിലാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കെപിസിസി മാനദണ്ഡങ്ങൾ തയ്യാറാക്കുകയാണെന്നാണ് സൂചന. വിജയ സാധ്യത മാത്രമാകും മുൻഗണന. ഇതിനൊപ്പം സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കമ്മറ്റികളും രൂപം നൽകും. ഇത് പരിശോധിക്കാൻ രണ്ട് തല മേൽതട്ടമുണ്ടാകും. ഇതിന് ശേഷം മാത്രമേ ഹൈക്കമാണ്ടിന് ലിസ്റ്റ് അയയ്ക്കൂ. ഏതെങ്കിലും മണ്ഡലം കമ്മറ്റികൾ സ്ഥാനാർത്ഥിയായി ഒറ്റ പേരു മാത്രം മുന്നോട്ട് വച്ചാൽ ആ വ്യക്തി തന്നെയാകും സ്ഥാനാർത്ഥി. മണ്ഡലത്തിലെ എല്ലാ കീഴ് ഘടകങ്ങളുടേയും അഭിപ്രായം അറിയാനും സംവിധാനമുണ്ടാകും. അതായത് ഗ്രൂപ്പ് നേതാക്കൾ മാത്രം തീരുമാനിച്ചാൽ സ്ഥാനാർത്ഥിയുണ്ടാകില്ല.

നിയമസഭയിൽ നാല് ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കാനും ആലോചനയുണ്ട്. എന്നാൽ ഭരണതുടർച്ചയെന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ പരമാവധി ആളുകൾ ജയിച്ചു വരണം. ഇതിന് നാല് ടേം വ്യവസ്ഥ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അത് ഒഴിവാക്കാൻ സാധ്യതയുണ്ട്. നാല് ടേം വന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പോലും മത്സരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ രണ്ട് തവണ നിയസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ മത്സരിപ്പിക്കാതിരിക്കാനാണ് ആലോചന. സ്ഥാനാർത്ഥികൾക്കായുള്ള മാർഗ്ഗ നിർദ്ദേശത്തിൽ ഈ വ്യവസ്ഥയുണ്ടാകും. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനും നിരോധനം വരും. അക്കാര്യങ്ങളെല്ലാം കെപിസിസിയാകും നിയന്ത്രിക്കുക. ഫണ്ട് പരിവിന് കെപിസിസിയുടെ രസീത് കുറ്റി നിർബന്ധമാക്കും. ബാർ ഉടമകളിൽ നിന്നും പിരിവ് അനുവദിക്കില്ല. സ്ഥാനാർത്ഥിയുടെ ചെലവും വരുമെല്ലാം കെപിസിസിയെ അറിയിക്കേണ്ടി വരും. ഈ ശുപാർശകൾ തയ്യാറാക്കാനായി ഉപസമിതിയെ സുധീരൻ നിയോഗിക്കാനാണ് സാധ്യത. തന്റെ അടുപ്പക്കാരെയാകും ഉപസമിതിയിലേക്ക് നിയോഗിക്കുക. ഇതിനെ എതിർക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.

തെരഞ്ഞെടുപ്പ് ഫണ്ട് ജനകീയമായി പരിക്കുന്നതും കെപിസിസിയുടെ ആലോചനയിലുണ്ട്. എല്ലാ വീടുകളിലും നേരിട്ടെത്തി പിരവ് വാങ്ങുകയെന്നാണ് ലക്ഷ്യം. ഇതിലൂടെ ജനസമ്പർക്കവും നടക്കും. തദ്ദേശത്തിലെ തിരിച്ചടിയെ മറികടക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഗ്രൂപ്പ് പരിഗണന വേണ്ടെന്ന് വച്ചാൽ തന്നെ എല്ലാം ശരിയാകുമെന്നാണ് സുധീരന്റെ പക്ഷം. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ നീക്കങ്ങളെ പിന്തുണയ്ക്കും. എന്നാൽ ഐ ഗ്രൂപ്പ് ആശങ്കയിലാണ്. കോൺഗ്രസിന്റെ നിയമസഭാ കക്ഷിയിൽ ഐ ഗ്രൂപ്പിന് എങ്ങനേയും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങളെയാണ് ഇത് പൊളിക്കുക. എന്നാൽ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചാൽ അതിനെ രമേശ് ചെന്നിത്തലയ്ക്ക് എതിർക്കാനും കഴിയില്ല. മാനദണ്ഡങ്ങളും മേൽനോട്ട സമിതിയും ആയാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കള്ളക്കളിയും നടക്കില്ലെന്ന് തിരിച്ചറിവിലാണ് ഐ ഗ്രൂപ്പ്. ഹൈക്കമാണ്ടിന്റെ കെട്ടിയറിക്കലുകളേയും ഈ മനദണ്ഡങ്ങളുപയോഗിച്ച് സുധീരൻ തടയും. അതുകൊണ്ട് തന്നെ ഡിസിസി പുനഃസംഘടനയിൽ സുധീരന്റെ നീക്കങ്ങളെ തടയിടാനാണ് ഐ ഗ്രൂപ്പിന്റെ നീക്കങ്ങൾ. അതിന്റെ ആദ്യപടിയാണ് ചെന്നിത്തലയുടെ ഹൈക്കമാണ്ടിനോടുള്ള പരാതി.

സുധീരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കുള്ള സ്വീകരണ സമ്മേളനങ്ങളിൽ നോട്ടുമാല അണിയിക്കാൻ കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയേക്കുമെന്നും സൂചനയുണ്ട്. സുധീരന് പുഷ്പഹാരവും മറ്റ് ഉപഹാരങ്ങളും ഒഴിവാക്കി പകരം നോട്ടുമാല അണിയിക്കുന്ന കാര്യം കെപിസിസിയുടെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച സർക്കുലർ വൈകാതെ ജില്ലാ പ്രസിഡന്റുമാർക്കു കൈമാറും.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യാത്ര പൂർത്തിയാകുമ്പോൾ നോട്ടുമാല ഇനത്തിൽ 25 ലക്ഷം രൂപയെങ്കിലും കണ്ടെത്തണമെന്നാണു നിർദ്ദേശം. ജനരക്ഷാ യാത്രയ്ക്കുള്ള ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണു നോട്ടുമാല പരിഗണിക്കുന്നത്. മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളാണു യാത്രയ്ക്കു സ്വീകരണം ഒരുക്കേണ്ടത്. ഓരോ കമ്മിറ്റിയും നിശ്ചിത തുകയ്ക്കുള്ള നോട്ടുമാലകൾ നൽകിയാൽ മതിയാകും. വൻ തുകയുടെ നോട്ടു മാലകൾ ആരും നൽകേണ്ടെന്നും പ്രത്യേക നിർദ്ദേശമുണ്ടാകും.

കഴിഞ്ഞ വർഷം നവംബർ നാലു മുതൽ ഡിസംബർ മൂന്നു വരെ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ നടത്തിയ ജനപക്ഷയാത്രയ്ക്ക് നോട്ടു മാല ഇനത്തിൽ 14 ലക്ഷം രൂപ മാത്രമാണു ലഭിച്ചത്. കൂടാതെ പിരിവിനത്തിൽ ഒരു കോടിയോളം രൂപ കെപിസിസിക്കു ലഭിച്ചിരുന്നു. ബാറുടമകൾ അടക്കമുള്ളവരുടെ വൻകിട പിരിവുകൾ സ്വീകരിക്കേന്റെന്നു ജില്ലാ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളോടു കെപിസിസി പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഇത്തവണയും ബാറുടമകൾ അടക്കമുള്ളവരുടെ വൻകിട പിരിവുകൾ വേണ്ടെന്നാണു നിർദ്ദേശം. ഈ മാതൃക തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ച് ഗ്രൂപ്പ് മാനേജർമാരുടെ പിരിവ് മോഹങ്ങളെ തടയിടാനാണ് നീക്കം. തദ്ദേശത്തിൽ കൊച്ചിയിലെ മേയറേയും കളമശ്ശേരിയിലെ ചെയർമാനേയും ഇഷ്ടം പോലെ നിയമിക്കാനായില്ലെന്ന വേദനകളെ ഇത് വീണ്ടും കൂട്ടുകയേ ഉള്ളൂ. പക്ഷേ എന്തു ചെയ്യാനെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലും അണികളോട് ചോദിക്കുന്നത്. സുധീരനെ എതിർത്താൽ ഹൈക്കമാണ്ട് പിണങ്ങുമോ എന്നാണ് പേടി.

തദ്ദേശത്തിൽ കൊച്ചിയിലും കളമശ്ശേരിയിലും വിജയിച്ചത് സുധീരന്റെ മാത്രം നീക്കമായിരുന്നു. കെപിസിസി. നേതൃത്വം ശക്തമായി ഇടപെട്ടതിനെത്തുടർന്ന് കൊച്ചി കോർപ്പറേഷൻ സ്ഥാനാർത്ഥിയായി സൗമിനി ജെയിനിനെ മത്സരിപ്പിക്കാൻ കോൺഗ്രസിലെ എ വിഭാഗം തീരുമാനമെടുത്തു. രണ്ടര വർഷം വീതം ഷൈനി മാത്യുവിനും സൗമിനി ജെയിനിനും പങ്കുവെയ്ക്കാനായിരുന്നു മാരത്തോൺ ചർച്ചകൾക്ക് ശേഷം എ വിഭാഗം തീരുമാനിച്ചിരുന്നത്. എന്നാൽ കെപിസിസി. മാനദണ്ഡങ്ങൾക്ക് നിരക്കാത്ത നടപടികൾ ഉണ്ടാവരുതെന്ന് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ ശക്തമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് എ വിഭാഗത്തിന് തീരുമാനം മാറ്റേണ്ടി വന്നു. ആദ്യമായി കൗൺസിലറായ ഷൈനി മാത്യുവിനു പകരം മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൗമിനി ജെയിനിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ എ വിഭാഗത്തിന് മനസ്സില്ലാ മനസ്സോടെ തീരുമാനിക്കേണ്ടി വന്നു.

കളമശ്ശേരിയിൽ കോൺഗ്രസ് ഗ്രൂപ്പ് പോരിനെത്തുടർന്ന് ഇന്നലെ മുടങ്ങിയ കൊച്ചി കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ചെയർ പേഴ്‌സൺ തെരഞ്ഞെടുപ്പ് ഇന്നുനടന്നപ്പോൾ കെപിസിസി നിലപാട് പ്രകാരം ജെസ്സി പീറ്റർ അധ്യക്ഷയായി. വോട്ട് രേഖപ്പെടുത്തിയതിനുശേഷം ഐഗ്രൂപ്പ് അംഗങ്ങളെല്ലാം ഇറങ്ങിപ്പോയി. ജെസി പീറ്റർക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയതിനെത്തുടർന്ന് എതിർത്ത് വോട്ട് ചെയ്യാനും ഐ ഗ്രൂപ്പ് അംഗങ്ങൾക്ക് കഴിഞ്ഞില്ല. ചെയർ പേഴ്‌സൺ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയിലെത്താൻ ആകാതിരുന്നതുകൊണ്ട് ഇന്നലെ തെരഞ്ഞെടുപ്പിൽനിന്ന് യുഡിഎഫ് വിട്ടുനിൽക്കുകയായിരുന്നു. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് കെപിസിസി അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കെപിസിസി അന്ത്യശാസനം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗം ഐ ഗ്രൂപ്പിലെ റുഖിയ ജമാലിനെ നഗരസഭാ അധ്യക്ഷയാക്കാൻ തീരുമാനിച്ചിരുന്നു. ഡിസിസി നേതൃത്വത്തിന്റേയും പിന്തുണ റുഖിയക്കായിരുന്നു. എന്നാൽ ഭരണപരിചയമില്ലാത്ത റുഖിയ ജമാലിനെ ചെയർ പേഴ്‌സണാക്കുന്നത് കെപിസിസി മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണ് എന്ന് എ വിഭാഗം എതിർവാദം ഉയർത്തി. കെപിസിസി പ്രസിഡന്റ് കടുത്ത നിലപാടെടുത്തതോടെ ഭരണപരിചയമുള്ള എ വിഭാഗത്തിന്റെ ജെസി പീറ്ററെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായി. യുഡിഎഫിന്റെ ഔദ്യോഗിക തീരുമാനം വന്നതോടെ മുസ്ലിം ലീഗും ജെസിക്ക് പിന്തുണ പ്രഖ്യാപിച്ചു.റുഖിയയെ ചെയർ പേഴ്‌സൺ ആക്കിയില്ലെങ്കിൽ സ്വന്തം കൗൺസിലർമാർ ഒന്നടങ്കം രാജിവയ്ക്കുമെന്നായിരുന്നു ഇന്നലെ ഐ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. എന്നാൽ വിട്ടുവീഴ്ചയ്ക്ക് സുധീരൻ വഴങ്ങില്ലെന്ന് ഉറപ്പായതോടെ ഐ ഗ്രൂപ്പ് മോഹങ്ങൾ തകിടം മറിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP