Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ബാർ കോഴയിൽ ഒന്നുമില്ലെന്ന് പറഞ്ഞും നാണക്കേടുണ്ടാക്കി; ആലത്തൂരിലെ ആ കുട്ടിയെ ചർച്ചയാക്കിയ കുഞ്ഞാലിക്കുട്ടി പരാമർശം; പാണക്കാട്ടെ പിഴയിലും വിജയരാഘവൻ ഒറ്റപ്പെടുന്നു; ആ പഴയ തീപ്പൊരി സിപിഎമ്മിന് ഇന്ന് തലവേദനയോ?

പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ബാർ കോഴയിൽ ഒന്നുമില്ലെന്ന് പറഞ്ഞും നാണക്കേടുണ്ടാക്കി; ആലത്തൂരിലെ ആ കുട്ടിയെ ചർച്ചയാക്കിയ കുഞ്ഞാലിക്കുട്ടി പരാമർശം; പാണക്കാട്ടെ പിഴയിലും വിജയരാഘവൻ ഒറ്റപ്പെടുന്നു; ആ പഴയ തീപ്പൊരി സിപിഎമ്മിന് ഇന്ന് തലവേദനയോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്നു ആലത്തൂർ. ഇവിടെ രമ്യാ ഹരിദാസ് എന്ന കോൺഗ്രസുകാരി ജയിച്ചു കയറിയപ്പോൾ വില്ലനായത് എ വിജയരാഘവൻ എന്ന സഖാവാണ്. പറയാൻ പാടില്ലാത്തത് പറഞ്ഞതിന് ജനം നൽകിയ ശിക്ഷ. കൊടിയ വിമർശനങ്ങളിൽ തളരാതെ രമ്യാ ഹരിദാസ് മുന്നേറിയപ്പോൾ സിപിഎമ്മിന് കോട്ടയിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റി. ഇത് കേരളമാകെ പ്രതിഫലിച്ചു. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് കാലം. മുസ്ലിം വോട്ടുകൾ സിപിഎമ്മിന് അതിനിർണ്ണായകമാണ്. ലീഗ് കോട്ടകളെ തകർക്കാൻ സിപിഎം പദ്ധതികളും ഒരുക്കി. ഇതെല്ലാം പ്രതിസന്ധിയിലാക്കുകയാണ് സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറി. ഈ സാഹചര്യത്തിലാണ് വിജയരാഘവനെ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിക്കുന്നത്. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടാകരുതെന്ന് വ്യക്തമാക്കുകയാണ് പിണറായി.

വിജയരാഘവന്റെ പല പ്രസ്താവനകളും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ബാർ കോഴ ആരോപണം തന്നെ പുളുവാണെന്ന് കേരള കൗമുദിയിലെ വിജയരാഘവന്റെ അഭിമുഖത്തിൽ അടിച്ചു വന്നതുൾപ്പെടെ പലതും. ചാനൽ അവതാരകരെ പരിഹസിച്ചതും ചർച്ചകളിൽ എത്തി. ഇതിനെല്ലാം പുറമേയാണ് ലോക്‌സഭയിൽ സിപിഎമ്മിനെ തോൽപ്പിച്ച രമ്യാ ഹരിദാസ് വിഷയം. സിപിഎം നേതാക്കളുടെ സ്ത്രീ വിരുദ്ധതയെ കണ്ടില്ലെന്ന് പലപ്പോഴും നടിക്കുന്ന വനിതാ കമ്മീഷൻ പോലും തെറ്റു ചൂണ്ടിക്കാട്ടി. എന്നിട്ടും കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ ആക്ടിങ് സെക്രട്ടരിയായി വിജയരാഘവൻ എത്തി. കണ്ണൂർ ലോബിയെ വെട്ടാനുള്ള പിണറായി വിരുദ്ധരുടെ നീക്കത്തിന്റെ വിജയം. അതുകൊണ്ട് തന്നെ വിജയരാഘവന്റെ ഓരോ പ്രസ്താവനയും പിണറായി പക്ഷം ഇനി നിരീക്ഷണത്തിന് വിധേയമാക്കും. തുടർഭരണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അവർ.

യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങൾ മാധ്യമസൃഷ്ടിയാണെന്ന തരത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷ സംഘടനകളെയും അടച്ച് ആക്ഷേപിച്ച് എൽ.ഡി.എഫ് കൺവീനർ ആയിരിക്കെ വിജയരാഘവൻ രംഗത്തു വന്നത് ഏറെ ചർച്ചയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന് കെ.എസ്.ടി.എയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ അവഹേളിച്ചത്. ചാനലുകളെയും പത്രങ്ങളെയും കടന്ന് ആക്രമിച്ച വിജയരാഘവൻ അന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വിമർശിച്ചു. പണ്ടുകാലത്ത് നാട്ടുമ്പുറങ്ങിൽ പണംവാങ്ങി കള്ളം പറയാൻ നടക്കുന്ന സ്ത്രീകൾ കുളിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചാനലുകളിൽ ഇരുന്ന് കള്ളം പറയുന്ന പെണ്ണുങ്ങൾ കുളിച്ച് പൊക്കിളിനു താഴെ സാരിയുടുത്ത്, ചുണ്ടി ലിപ്സ്റ്റിക്കും പുരട്ടിയാണ് പെരും നുണകൾ പറയുന്നത്. ആണുങ്ങൾ പാന്റും കോട്ടുമിട്ട് കള്ളം പാടുന്നു-ഇതായിരുന്നു ആ വിമർശനം.

യു.ഡി.എഫും ബിജെപിയും ചില മാധ്യമ മുതലാളിമാരും ചേർന്ന് പിണറായി സർക്കാരിനെ തർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളുടെ താരാട്ട്പാട്ടു കേട്ടല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളർന്നത്. ഇനിയും ഇത്തരം പ്രചാരണങ്ങൾക്ക് കേട്ട് മിണ്ടാതിരിക്കില്ല. നുണപ്രചരിപ്പിക്കുന്നവരെ പരസ്യമായി വിചാരണചെയ്ത് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്നും വിജയരാഘവൻ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾക്ക് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങളിലെ പ്രവർത്തകർ ഇരയാവുകയാണെന്നും വിജയരാഘവൻ പരിഭവിച്ചു. 30 വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്.യു സമരം നയിക്കുന്നതെന്നും പരിഹസിച്ചു.വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു വിന്റെ സമരത്തിൽ പങ്കെടുക്കുന്നത് മീൻകച്ചവടക്കാരും കുറച്ച് വക്കീലന്മാരുമാണെന്നും വിജയരാഘവൻ പരിഹസിച്ചതും വിവാദമായി.

സെക്രട്ടറിയേറ്റ് മതിൽ ചാടികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവർ എങ്ങനെ കെ.എസ്.യുവിന്റെ സമരത്തിനെത്തി. കെ.എസ്.യു പ്രവർത്തകർ മതിൽ ചാടികടന്നപ്പോൾ അവർ സെക്രട്ടറിയേറ്റിലേക്ക് കയറി എന്നും എസ്.എഫ്.ഐക്കാർ കടന്നാൽ അതിക്രമിച്ച് കയറിയെന്നും എഴുതുന്നവരാണ് മനോരമ. മാതൃഭൂമിയും കള്ളം പ്രചരിപ്പിക്കുന്നതിന് ഒട്ടും പിന്നിലല്ലെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു. യഥാർത്ഥത്തിൽ തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥി നേതാവായിരുന്നു മതിൽ ചാടിക്കടന്നത്. അവർ എൽഎൽബി നേടിയിരുന്നുവെന്നതായിരുന്നു വസ്തുത. ഇതിനെയാണ് തീർത്തും തെറ്റായ രീതിയിൽ വിജയരാഘവൻ അന്ന് വളച്ചൊടിച്ചത്. ഇത് ഏറെ തലവേദനയായി മാറുകയും ചെയ്തു.

ബാർകോഴക്കേസിൽ മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ അന്ന് പ്രതിപക്ഷത്തിരുന്ന തങ്ങൾ സമരം ചെയ്തതെന്നാണ് വിജയരാഘവൻ പറഞ്ഞതും വിവാദമായിരുന്നു. സമരം മാണിയെയല്ല, യുഡിഎഫിനെയാണ് ലാക്കാക്കിയത്. അന്ന് മാണി യുഡിഎഫിലായിരുന്നു. അതുകൊണ്ട് മാണിയെയും ആക്രമിച്ചു എന്ന ന്യായമാണ് കേരള കൗമുദിയിൽ വിജയരാഘവന്റെ അഭിമുഖമായി അടിച്ചു വന്നത്. മാണി ബാർകോഴ ഇടപാട് നടത്തി എന്നൊക്കെ സിപിഎമ്മും എൽഡിഎഫും അന്ന് ചുമ്മാ പുളുവടിച്ചതാണ്. നോട്ട് എണ്ണുന്ന മെഷീൻ വീട്ടിലുണ്ടെന്ന ആരോപണമൊക്കെ തനി രാഷ്ട്രീയം മാത്രമായിരുന്നു. യുഡിഎഫിനെതിരായ സമരത്തിൽ അങ്ങനെയൊക്കെ പറയേണ്ടി വന്നു. അതൊന്നും വ്യക്തിപരമായിരുന്നില്ലെന്നാണ് വിജയരാഘവൻ പറയുന്നത്. ഏതായാലും മാണിയുടെ വേർപാടോടെ ബാർകോഴ വിവാദവും അവസാനിച്ചു. കെ.കരുണാകരനെതിരെ ഉണ്ടായിരുന്ന ആക്ഷേപങ്ങൾ ഇപ്പോൾ പറയാത്തത് പോലെ മാണിക്കെതിരെയുള്ളതും ഇപ്പോൾ പറയുന്നില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമെന്നാണ് വിജയരാഘവന്റെ ന്യായം. ഇത് പിന്നീട് നിഷേധിക്കുകയും ചെയ്തു.

കേരള കൗമുദിയുടെ ഫ്‌ളാഷിൽ സായ്കൃഷ്ണ ആർപിക്ക് നൽകിയ അഭിമുഖത്തിലെ വാചകങ്ങൾ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. 'ബാർ കോഴ എന്ന് പറഞ്ഞൊരു സംഭവമേ ഇപ്പോഴില്ല. അത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സംഭവമാണ്. ആ സർക്കാരിന്റെ സൃഷ്ടിയാണ് ബാർ കോഴ. ഉമ്മൻ ചാണ്ടിയാണ് ആ വിഷയങ്ങളൊക്കെ ഉണ്ടാക്കിയത്. മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻ ചാണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു ബാർകോഴ. അദ്ദേഹത്തിന്റെ ഉത്പന്നമായിരുന്നു ആ കേസ്. മാണി എന്ന രാഷ്ട്രീയ നേതാവിനെ ദുർബലപ്പെടുത്തേണ്ടത് ഉമ്മൻ ചാണ്ടിയുടെ അജണ്ടയായിരുന്നു. മാണിയെ കുടുക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. മാണിക്ക് ശേഷം കേരള കോൺഗ്രസ് നിലനിൽക്കരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആ പാർട്ടിയെ രണ്ട് പീസാക്കിയത് അതിന്റെ ഭാഗമായാണ്. ഉമ്മൻ ചാണ്ടിയടക്കം കോൺഗ്രസുകാരെല്ലാം കുബുദ്ധികളാണ്. മാണിയെ കുടുക്കാൻ അവർ എന്തെല്ലാമാണ് ചെയ്തതെന്ന് ഞങ്ങൾക്ക് പറയാനാകില്ല. മാണിക്കെതിരെ ഗ്രൂപ്പ് കളിച്ചും ഒറ്റുകൊടുത്തുമാണ് അവർ രാഷ്ട്രീയം നടത്തിയത്. കെ.എം മാണിയുടെ പിൻഗാമിയായ അദ്ദേഹത്തിന്റെ മകനെ ദുർബലപ്പെടുത്തുക എന്നതും കോൺഗ്രസ് ലക്ഷ്യമാണ്- വിജയരാഘവൻ പറഞ്ഞിരുന്നു. ഇത് സിപിഎമ്മിന് ഏറെ നാണക്കേടായി. ഇതോടെയാണ് പ്രസ്താവന തെറ്റാണെന്ന് വിജയരാഘവൻ പറഞ്ഞു തടി തപ്പിയത്.

രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമായിരുന്നു. അതേസമയം രാഷ്ട്രീയമായ വിമർശനം തെറ്റിദ്ധാരണയുണ്ടാക്കുംവിധം വ്യാഖ്യാനിക്കപ്പെട്ടുവെന്നായിരുന്നു വിജയരാഘവന്റെ വിശദീകരണം. താൻ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമർശത്തിന് ഉദ്ദേശിക്കാത്ത അർഥം നൽകി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. ആരേയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. രാഷ്ട്രീയനിലപാടിലെ വ്യത്യസ്ഥതയെ കാർക്കശ്യത്തോടെ വിമർശിക്കുന്നത് തുടരും. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത സുഹൃത്താണ്.- വിജയരാഘവൻ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരേ മോശം പരാമർശം നടത്തിയത്. ഇതിനുപിന്നാലെ മാർച്ച് 30-നും അദ്ദേഹം രമ്യക്കെതിരേ നടത്തിയ സമാനപരാമർശത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പൊന്നാനിയിൽ നടന്ന എൽഡിഎഫ് യോഗത്തിനിടെയാണ് എൽഡിഎഫ് കൺവീനർ വിജയരാഘവൻ രമ്യയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പൊന്നാനിയിൽ പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ നേതാക്കൾ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദ പരാമർശം. ഇതിനൊപ്പം വിജയരാഘവന്റെ ഭാര്യ കേരള വർമ്മ കോളേജിലെ പ്രിൻസിപ്പളിനെ മാറ്റിയതുമായി ബന്ധപ്പെട്ടും വിവാദങ്ങളെത്തി. അത്തരത്തിൽ സിപിഎമ്മിന് പലവിധ തലവേദനയുണ്ടാക്കിയ നേതാവാണ് പാണക്കാട്ടെ പരാമർശത്തിന്റെ പേരിൽ ഇപ്പോൾ പ്രതിക്കൂട്ടിലാകുന്നത്.

1956 മാർച്ച് 23ന് മലപ്പുറത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ പമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായാണ് വിജയരാഘവൻ ജനിച്ചത്. ചെറുപ്പകാലത്ത് അദ്ദേഹവും സഹോദനും ചെറിയ ജോലികൾ ചെയ്താണ് കുടുംബം പോറ്റിയത്. ബേക്കറി- ഹോട്ടൽ തൊഴിലാളിയായൊക്കെ അദ്ദേഹം പ്രവർത്തിച്ചു. അക്കാലത്തും രാഷ്ട്രീയ പ്രവർത്തനം ശക്തമായിരുന്നു. എസ്ഫ്ഐയാണ് വിജയരാഘവനെ കൈപടിച്ച് ഉയർത്തിയത്. 1989ലെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ദത്തുപുത്രൻ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ വിജയരാഘവൻ ഒരിക്കലും തന്റെ കഷ്ടതകൾ നിറഞ്ഞ ഭൂതകാലം മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഇത്രയും പൊരുതി വളർന്ന നേതാവാണ് അദ്ദേഹമെന്ന് അധികം ആർക്കും അറിയില്ല. എന്നാൽ നാക്കുപിഴ പലപ്പോഴും വില്ലനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP