Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗൗരിയമ്മയെ സിപിഐ(എം) പാർട്ടിയിലെടുക്കുന്നത് വെള്ളാപ്പള്ളി ബിജെപിയോട് കൂടുതൽ അടുക്കുമ്പോൾ; മാതൃസംഘടനയിലേക്ക് നേതാവ് മടങ്ങുമ്പോൾ പുറംതിരിഞ്ഞ് അണികൾ; ലയനത്തോട് എതിർപ്പുള്ള ജെഎസ്എസ് നേതാക്കൾ എസ്എൻഡിപിയുമായി സഹകരണത്തിന്

ഗൗരിയമ്മയെ സിപിഐ(എം) പാർട്ടിയിലെടുക്കുന്നത് വെള്ളാപ്പള്ളി ബിജെപിയോട് കൂടുതൽ അടുക്കുമ്പോൾ; മാതൃസംഘടനയിലേക്ക് നേതാവ് മടങ്ങുമ്പോൾ പുറംതിരിഞ്ഞ് അണികൾ; ലയനത്തോട് എതിർപ്പുള്ള ജെഎസ്എസ് നേതാക്കൾ എസ്എൻഡിപിയുമായി സഹകരണത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ് പാർട്ടിവിട്ട ഒരാളെ തിരികെ പാട്ടിയിൽ എടുക്കുക എന്നത്. അതും ദ്വീർഘകാലം ഇടതുമുന്നണിക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തുമായി പ്രവർത്തിച്ച നേതാവാവിനെ. കെ ആർ ഗൗരിയമ്മയെ സിപിഐ(എം) പാർട്ടിയിലേക്ക് വീണ്ടും തിരിച്ചെടുക്കുമ്പോൾ അതിൽ മറഞ്ഞിരിക്കുന്നത് സിപിഎമ്മിന്റെ ആശങ്കകളാണെന്നതാണ് മറ്റൊരു വാസ്തവം. പാർട്ടിയുടെ എക്കാലത്തെയും വലിയ അടിത്തറ ഈഴവ വിഭാഗം അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളുമായി ബിജെപി എന്ന ദേശീയ പ്രസ്ഥാനം കൂടുതൽ അടുക്കുന്നതിലുള്ള ആശങ്കയാണ് ഗൗരിയമ്മയുടെ കാര്യത്തിൽ സിപിഎമ്മിനെ തിരുത്തലിന് പ്രേരിപ്പിച്ച ഘടകം.

്അടുത്തകാലത്തായി സിപിഎമ്മിന് ഏറ്റവും തിരിച്ചടിയേറ്റത് അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു. ഇവിടെ ഈഴവ വിഭാഗങ്ങളുടെ അടക്കം പിന്തുണ ബിജെപിക്കായിരുന്നു. ബിജെപി വൻതോതിൽ വോട്ടു പിടിച്ചത് പാർട്ടിക്ക് ക്ഷീണമാകുകയും ചെയ്തിരുന്നു. അടുത്തകാലത്തായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപിക്ക് അനുകൂലമായ വിധത്തിൽ പ്രതികരിക്കുന്നു. ഏറ്റവും ഒടുവിൽ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റു പോലും ബിജെപി നൽകുമെന്ന വിധത്തിൽ പ്രചരണം ശക്തമാക്കുന്നതിന് ഇടെയാണ് ഗൗരിയമ്മയെ സിപിഐ(എം) വീണ്ടും പാർട്ടിയിൽ എടുക്കാൻ തീരുമാനിക്കുന്നത്.

സിപിഐ(എം) എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ പങ്കാളിയായ കെ ആർ ഗൗരിയമ്മയെ വീണ്ടും പാർട്ടിയിൽ എടുക്കുന്നതോടെ ഈഴവ ജനവിഭാഗങ്ങളെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കാൻ സാധിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഈഴവ വിഭാഗങ്ങളെ പാർട്ടി അവഗണിക്കുന്നു എന്ന തോന്നൽ പരിഹരിക്കുന്നതിനോടൊപ്പം അവസാന കാലത്ത് ഗൗരിയമ്മയോട് നീതികാട്ടി എന്ന പ്രതീതി സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. 1987 നിയമസഭാ തെരഞ്ഞെടുപ്പിൽ, സിപിഐ(എം) ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നു സിപിഐ(എം). അന്ന് 'കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യവും ചുവരെഴുത്തും പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് എൽഡിഎഫിനു ഭൂരിപക്ഷം കിട്ടിയപ്പോൾ മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്.

അന്നത്തെ ശക്തമായ ഗൗരിയമ്മയിൽ നിന്നും ഏറെ ദുർബലയാണ് ഗൗരിയമ്മ. എങ്കിലും രാഷ്ട്രീയത്തിന് അതീതമായി ഗൗരിയമ്മയെ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ഗൗരമ്മയമ്മയെ തിരിച്ചെടുക്കുന്നതോടെ സിപിഎമ്മുമായി പിണങ്ങി നിൽക്കുന്ന മറ്റ് നേതാക്കൾക്കും പ്രവർത്തകർക്കും സ്വാഗതമോതുക എന്ന സന്ദേശവും സിപിഐ(എം) മുന്നോട്ടു വെക്കുന്നു. അതേസമയം ഗൗരിയമ്മക്കൊപ്പം സിപിഎമ്മിലേക്ക് ചേക്കേറാൻ അണികളും മറ്റ് നേതാക്കളും ഉണ്ടാകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. രാജൻബാബു അടക്കമുള്ളവർ നേരത്തെ തന്നെ ഗൗരിയമ്മയോട് ഇടഞ്ഞവരാണ്. ഇവർ എസ്എൻഡിപിയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ യുഡിഎഫിനൊപ്പം മത്സരിച്ചപ്പോൾ ലഭിച്ച സീറ്റുകൾ അവർക്കൊപ്പം ചേർന്ന് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നേതാക്കൾ.

രാജൻബാബു ഗൗരിയമ്മയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഗൗരിയമ്മയുടെ നിലപാടുമാറ്റം സ്വാർഥതാൽപര്യത്തിന് വേണ്ടിയാണ്. ജെഎസ്എസ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളോട് മാപ്പു പറഞ്ഞുകൊണ്ടുവേണം ഗൗരിയമ്മ സിപിഎമ്മിലേക്ക് പോകാൻ. സംസ്ഥാനകമ്മറ്റി അംഗത്വവും നിയമസഭാസീറ്റും ലഭിച്ചാൽ പാർട്ടി പിരിച്ചുവിടാമെന്ന ഗൗരിയമ്മയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും രാജൻബാബു പറഞ്ഞു. ഗൗരിയമ്മയുടെ തീരുമാനം അംഗീകരിക്കുന്നില്ലെന്ന് ജെഎസ്്എസ് സംസ്ഥാന പ്രസിഡന്റ് ടി എസ് പ്രദീപും പറഞ്ഞു. പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് സിപിഎമ്മിലേക്ക് പോകാൻ ഗൗരിയമ്മ തീരുമാനിച്ചത്. പാർട്ടി പ്രവർത്തകർക്ക് സിപിഎമ്മിലേക്ക് താത്പര്യമില്ലെന്നും പ്രദീപ് പറഞ്ഞു.

അതേസമയം ഗൗരിയമ്മയുടെ തിരിച്ചുവരവ് പാർട്ടി വിട്ടു പോയവരേയും പാർട്ടിയിൽ നിർജീവരായി നിൽക്കുന്ന പ്രവർത്തകരേയും ഒരുമിച്ച് കൊണ്ട് വന്ന് ഇടത്പക്ഷം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുമെന്നും തോമസ് ഐസക് എംഎൽഎ പ്രതികരിച്ചു. ഗൗരിയമ്മയുടെ സിപിഐഎംമ്മിലേക്കുള്ള തിരിച്ചു വരവ് വളരെ പ്രധാനപ്പെട്ട സംഭമാണെന്ന് പറഞ്ഞ തോമസ് ഐസക് 94 ൽ ഗൗരിയമ്മയെ പാർട്ടി പുറത്താക്കുമ്പോൾ ഉള്ളതിൽ നിന്ന്് വ്യത്യസ്തമാണ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ എന്നു ഐസക് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP