Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഷൻ 274+ ആവർത്തിക്കാൻ മിഷൻ 120മായി ബിജെപി; മോദിയെ അധികാരത്തിൽ എത്തിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുറയുമ്പോൾ പകരം നിൽക്കാൻ കണ്ടെത്തിയിരിക്കുന്നത് കഴിഞ്ഞ തവണ നഷ്ടമായ 120 സീറ്റുകൾ; വടക്കു കിഴക്കൻ ഫലങ്ങൾ തെളിയിക്കുന്നത് പുതിയ പദ്ധതിയുടെ ഫലപ്രദമായ വിജയം തന്നെ; എന്തുകൊണ്ട് മോദി വീണ്ടും അധികാരത്തിൽ എത്തും?

മിഷൻ 274+ ആവർത്തിക്കാൻ മിഷൻ 120മായി ബിജെപി; മോദിയെ അധികാരത്തിൽ എത്തിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുറയുമ്പോൾ പകരം നിൽക്കാൻ കണ്ടെത്തിയിരിക്കുന്നത് കഴിഞ്ഞ തവണ നഷ്ടമായ 120 സീറ്റുകൾ; വടക്കു കിഴക്കൻ ഫലങ്ങൾ തെളിയിക്കുന്നത് പുതിയ പദ്ധതിയുടെ ഫലപ്രദമായ വിജയം തന്നെ; എന്തുകൊണ്ട് മോദി വീണ്ടും അധികാരത്തിൽ എത്തും?

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഇന്ത്യ രാഷ്ട്രീയ ഭൂപടം പരിശോധിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് എതിരാളികൾ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഗുജറാത്തിലെ കടുത്ത രാഷ്ട്രീയ പരീക്ഷണത്തെ അതിജീവിച്ച ബിജെപി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇനി മോദി- അമിത്ഷാ കൂട്ടുകെട്ടിന് മുന്നിലുള്ളത് കർണ്ണാടക എന്ന കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനവും കേരളവും ബംഗാളുമാണ്. ഇവിടെയും അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായാണ് അമിത് ഷാ പറയുന്നത്.

2019ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഇപ്പോഴെ കരുക്കൾ നീക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മോദി പ്രഭാവത്തിൽ ഭരിക്കാൻ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിഷൻ 350 എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 350 സീറ്റുകൾ പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ മുന്നേറ്റമെങ്കിലും അടുത്ത തവണ ബിജെപിക്ക് ലഭിച്ച ലോകസഭാ സീറ്റുകളിൽ ഇത്തവണ ലഭിച്ചേക്കില്ലെന്ന ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ മിഷൻ 120 എന്ന പേരിൽ ത്തവണ വിജയം ലക്ഷ്യമിടുന്ന സീറ്റുകൾക്കായി പരിശ്രമം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അധികാരത്തിൽ എത്തിച്ചത് ഹിന്ദി ഹൃദയഭൂമിയിലെ കുതിപ്പാണ്. അന്ന് മിക്ക് സംസ്ഥാനങ്ങളിലും ഭരണം മറ്റു കക്ഷികൾക്കായിരുന്നു. എന്നാൽ, ഇന്ന് ചിത്രം മാറി 20 സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരവും മോദിയും കൂട്ടരും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഹിന്ദി ഹൃദയഭൂമിയിൽ നേടി വൻ വിജയം ആവർത്തിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമായി 120 അധികം സീറ്റുകൾ കരസ്ഥമാക്കുക എന്നാണ് ബിജെപിയുടെ ഉന്നം. അതിന് വേണ്ടി ഓരോ മണ്ഡലങ്ങളുടെയും കണക്കെടുത്തു കഴിഞ്ഞു. കേരളത്തിൽ പത്തനംതിട്ടയും, തിരുവനന്തപുരവും ബിജെപിയുടെ പട്ടികയിൽ ഉണ്ടെന്നാണ് വിവരം.

ഉത്തരേന്ത്യയിലെ നഷ്ടം നോർത്ത് ഈസ്റ്റിലും ദക്ഷിണേന്ത്യയിലും പരിഹരിക്കും

യുപിയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലുമായി വലിയ മുന്നേറ്റമാണ് കഴിഞ്ഞ തവണ ബിജെപി നടത്തിയത്. ഉത്തരേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ 150ൽ 140 സീറ്റും ബിജെപി നേടി. ഡൽഹിയിലും ഗുജറാത്തിലും രാജസ്ഥാനിലും മുഴവൻ സീറ്റുകൾ. ഉത്തർപ്രദേശിൽ 72ഉം ഇതെല്ലാം അത്ഭുത വിജയമായിരുന്നു.

എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. ഗുജറാത്തിലും എതിർ സ്വരങ്ങൾ ശക്തം. ഡൽഹി അടക്കമുള്ളിടത്ത് മുഴുവൻ സീറ്റും കിട്ടാനിടയില്ല. ഉത്തരേന്ത്യയിൽ തൂത്തുവാരിയ സീറ്റുകളിൽ കുറഞ്ഞ് 50 എണ്ണമെങ്കിലും ഇത്തവണ നഷ്ടമാകാനാണ് സാധ്യത. അതായത് കഴിഞ്ഞ തവണ നേടിയ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള മാജിക്കൽ പ്രഭാവം മോദിക്ക് ഇന്നില്ല.

ഇത് തിരിച്ചറിഞ്ഞാണ് നോർത്ത് ഈസ്റ്റിലും ദക്ഷിണേന്ത്യയിലും പിടിമുറുക്കാൻ അമിത് ഷാ തന്ത്രങ്ങൾ മെനയുന്നത്. ഉത്തരേന്ത്യയിൽ നഷ്ടമാകാനിടയുള്ള 50 സീറ്റുകൾ രാജ്യത്തിന്റെ മറ്റ് ഭാഗത്ത് നിന്ന് നേടുകയാണ് ലക്ഷ്യം. ത്രിപുര തൂത്തവാരുക ഉൾപ്പെടയുള്ള തന്ത്രങ്ങളാണ് ബിജെപിയുടെ മനസ്സിലുള്ളത്. ത്രിപുരയിൽ വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമേ ഉള്ളൂ. അസമും നാഗാലാന്റും മിസ്സോറാമും അരുണാചലും മേഘാലയയിലും എല്ലാം വിജയം നേടി കുറഞ്ഞത് 15 സീറ്റെങ്കിലും ഉറപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനൊപ്പം കർണ്ണാടകയിലും അന്ധ്രയിലും തെലുങ്കാനയിലും സീറ്റ് കൂട്ടുക. ഗോവയിലും സമ്പൂർണ്ണ വിജയം. കേരളത്തിൽ കുറഞ്ഞത് 3 സീറ്റുകൾ. ഇതെല്ലാം കൂട്ടി 25 ഉം. പിന്നെ ഉത്തരേന്ത്യയിൽ തോറ്റ സീറ്റുകളിലും ശക്തമായ പ്രചരണം. അങ്ങനെ കൈവിട്ടു പോകാനിടയുള്ള 50ഓളം സീറ്റുകൾക്ക് പകരം കണ്ടെത്തുകയാണ് അമിത് ഷായുടെ തന്ത്രം. 

മിഷൻ 120ക്കായി ബൂത്ത് തല പ്രവർത്തനം ശക്തിപ്പെടുത്താൻ ആഹ്വാനം

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ആസാം, ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 120 ലോക്‌സഭാ സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രത്തിന്റെ അധികാരം പരമാവധി ഉപയോഗിക്കാണ് നീക്കം. നിലവിൽ ബിജെപി വിജയിച്ച മണ്ഡലങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തിന് പുറമേയാണ് ഈ നീക്കം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലായി 25 ലോക്‌സഭാ സീറ്റുകളാണുള്ളത്. അടുത്ത വർഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് ഇവിടുത്തെ 25 ലോക്സഭാ സീറ്റുകളും 14 രാജ്യസഭാ സീറ്റുകളും നിർണ്ണായകമാണ്. ഇവിടെ നിലവിൽ ബിജെപിക്ക് എട്ട് ലോക്സഭാ സീറ്റുകളും കോൺഗ്രസിന് ഏഴുമാണ് ഉള്ളത്. 14 രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് ഒരെണ്ണവും കോൺഗ്രസിന് ഒമ്പതു സീറ്റുകളുമുണ്ട്.

ഇപ്പോഴത്തെ നിലയിൽ ബിജെപിക്ക് ഇവിടെ കൂടുതൽ വേരോട്ടമുണ്ടാക്കാൻ സാധിക്കുമെന്നത് ഉറപ്പാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയത്തോടെ അസാധ്യമായി ഒന്നുമില്ലെന്ന് ബിജെപിക്കും ബോധ്യമായിട്ടുണ്ട്. ഇപ്പോൾ തന്നെ ബൂത്ത് തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ബിജെപി നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. കേരളമുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നു. അടുത്തു തന്നെ പുതിയ സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ ഭാരവാഹികളെയും പ്രഖ്യാപിക്കാനായി നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിൽ ബിജെപിയുടെ വളർച്ച 15ൽ നിന്ന് ഒൻപത് ശതമാനത്തിലേക്കു താഴുന്നതായി ഒരു ദേശീയ ചാനലിന്റെ സർവേ ഫലം ഗൗരവമായാണ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. മറ്റു പാർട്ടികളിൽ നിന്ന് മുതിർന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നതായാണ് ബിജെപി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇടഞ്ഞു നിൽക്കുന്ന ജനസ്വാധീനമുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് നീക്കങ്ങൾ.

നേട്ടം മോദിക്ക് സമർപ്പിച്ച് 'മോദി മാജിക്' പ്രതീതി ജനിപ്പിച്ച് തുടക്കം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുന്നേറ്റത്തോടെ ഇടക്കാലം കൊണ്ട് മങ്ങിയ മോദി മാജിക് തിരികെ എത്തിയെന്ന പ്രതീതി വരുത്താൻ ബിജെപി ശ്രമം ശക്തമാക്കിയിട്ടുണ്ട്. മോദി തന്നെയായിരുന്നു ബിജെപിയുടെ മുഖ്യപ്രചാരകൻ. അതുകൊണ്ട് തന്നെ ഈ വിജയം മോദി മാജിക്കിന്റെ ക്രെഡിറ്റിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. മോദി-അമിത് ഷാ മാജിക്കിൽ ബിജെപി ഇനിയും ഏറെ മുന്നോട്ട് കുതിക്കാനാകുമെന്ന് ത്രിപുരയിലെ ഫലം തെളിയിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടി ഇതിനെ ബിജെപി ഉയർത്തിക്കാട്ടും. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആശ്വസിക്കാൻ നോർത്ത് ഈസ്റ്റ് തെരഞ്ഞെടുപ്പ് ഒന്നും നൽകുന്നില്ല. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളർത്തിയില്ല. ശക്തനാക്കുകയും ചെയ്തു.

ഇനി ബിജെപിക്ക് ഒറ്റ നേതൃത്വമേ ഉള്ളൂ. മോദിയുടെ നേതൃത്വം. മോദിക്കായി അമിത് ഷാ കരുനീക്കം നടത്തും. ഇതോടെ ഇന്ത്യ മുഴുവൻ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാൻ മോദി സർക്കാരിന് കഴിയും. കർണാടക, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളവും ഒഴിച്ചാൽ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. നോർത്ത് ഈസ്റ്റിലെ ഫലങ്ങൾ കൂടി പുറത്തു വന്നതോടെ ഇന്ത്യയിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങൾ 15 ആകും.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ 22വർഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിർത്തിയപ്പോൾ ഹിമാചൽ പ്രദേശ് ബിജെപി കോൺഗ്രസ്സിൽ നിന്ന് തിരിച്ചു പിടിച്ചിരുന്നു. നാഗാലാണ്ടിലും ഭരണം പിടിക്കാനുള്ള കേവല ഭൂരിപക്ഷം ബിജെപിക്കുണ്ട്. അതുകൊണ്ട ്തന്നെ ബിജെപിയോ മുന്നണിയോ ഭരിക്കുന്ന സംസ്ഥാനങ്ങൾ 20 ആയി മാറും. നിലവിൽ രാജ്യത്തെ 19 സംസ്ഥാനങ്ങളും ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയോയാണ് ഭരിക്കുന്നത്. ഇതിൽ 15 സംസ്ഥാനങ്ങളിൽ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്. അരുണാചൽ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപിക്ക് ഇപ്പോൾ വ്യക്തമായ മുൻതൂക്കമുള്ളത്.

നാല് സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്. ആന്ധ്രാപ്രദേശ്, ബീഹാർ, ജമ്മുകശ്മീർ, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം നിലനിൽക്കുന്നത്. മോദി അധികാരത്തിലെത്തുമ്പോൾ ഗുജറാത്തും ജാർഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണം പിടിച്ച് ബിജെപി കൂടുതൽ കരുത്തരായി മാറിയത്.

മോദിക്കായി തന്ത്രങ്ങൾ മെനഞ്ഞ ബുദ്ധികേന്ദ്രം പ്രശാന്ത് കിഷോർ വീണ്ടുമെത്തിയേക്കും

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനപ്പെട്ട വിജയം സമ്മാനിച്ച തന്ത്രങ്ങൾ മെനഞ്ഞ ബുദ്ധികേന്ദ്രം പ്രശാന്ത് കിഷോർ എന്നയാളായിരുന്നു. മോദിയെന്ന ബിംബത്തെ ജനങ്ങൾക്ക് മനസിലേക്ക് പ്രതിഷ്ഠിച്ചതിൽ പ്രശാന്തിനുള്ള പങ്ക് വളരെ വലുതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മിഷൻ 350 ലക്ഷ്യമിട്ട് പ്രശാന്തിനെ വീണ്ടും ബിജെപി പാളയത്തിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസക്കാലത്തോളമായി കിഷോറും മോദിയും തമ്മിൽ ചർച്ച നടന്നു വരികയാണെന്നാണ് സൂചനകൾ അടുത്തിടെ പുറത്തുവരുന്നിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കിഷോറും ബിജെപിയും തമ്മിൽ തെറ്റിയിരുന്നു. പിന്നീട് കിഷോറിനെ കണ്ടത് ബീഹാറിൽ കോൺഗ്രസ് അംഗമായ മഹാസഖ്യത്തിനൊപ്പമായിരുന്നു. അവിടെ വിജയം കൊയ്യുകയും ചെയ്തു. എന്നാൽ, യുപിയിൽ കോൺഗ്രസിനൊപ്പം നിന്ന് അമ്പേ പരാജയപ്പെട്ടു. കേന്ദ്രത്തിൽ എന്ത് വിലകൊടുത്തും ഭരണം നിലനിർത്തുക എന്നതാണ് ബിജെപിയും മോദിയും ലക്ഷ്യമിടുന്നത്. അതിനായുള്ള തന്ത്രങ്ങൾ ഇപ്പോഴെ പാർട്ടി ഒരുക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കിഷോറുമായുള്ള പിണക്കം തീർത്തുള്ള ചർച്ചകളെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ആന്ദ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസുമായി സഹകരിച്ചാണ് പ്രശാന്ത് കിഷോർ പ്രവർത്തിക്കുന്നത്.

ഇനി ബിജെപിക്ക് മുന്നിലുള്ളത് ഈ വർഷം തന്നെ നടക്കുന്ന കർണാടകാ, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പുകളാണ്. ഈ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ ബിജെപി തോൽപ്പിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇവിടെയും ബിജെപി തന്നെ ഭരണം നില നിർത്തുമെന്ന് രണ്ട് എക്സിറ്റ് പോളുകൾ പറയുന്നു. എന്നാൽ, ഭരണം കിട്ടിയില്ലെങ്കിലും ഇവിടങ്ങളിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തും. ഇത് ബിജെപിക്ക് ചില ലോക്‌സഭാ സീറ്റുകളിൽ തിരിച്ചടി സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടാണ് മിഷൻ 120 പദ്ധതിയുമായി ബിജെപി രംഗത്തുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP