Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തങ്ങളെ ഭീഷണിപ്പെടുത്തി സീറ്റ് തരപ്പെടുത്തിയ് വിനയായി; യുവക്കാളെ അവഗണിച്ച് പഴയ മുഖത്തെ നിർത്തിയത് തിരിച്ചടിയായി; ഇടിക്കെതിര സമസ്ത രംഗത്തുവന്നപ്പോൾ പ്രതിരോധിക്കാനായില്ല; നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചപറ്റി; എസ് ഡി പി ഐയുടെ തീവ്ര നിലപാട് ബിജെപി വോട്ട് എൽ.ഡി്എഫിന് കിട്ടാൻ ഇടയാക്കി; ലീഗ് വേങ്ങര അവലോകനത്തിലെ നിഗമനങ്ങൾ ഇങ്ങനെ

തങ്ങളെ ഭീഷണിപ്പെടുത്തി സീറ്റ് തരപ്പെടുത്തിയ് വിനയായി; യുവക്കാളെ അവഗണിച്ച് പഴയ മുഖത്തെ നിർത്തിയത് തിരിച്ചടിയായി; ഇടിക്കെതിര സമസ്ത രംഗത്തുവന്നപ്പോൾ പ്രതിരോധിക്കാനായില്ല; നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചപറ്റി; എസ് ഡി പി ഐയുടെ തീവ്ര നിലപാട് ബിജെപി വോട്ട് എൽ.ഡി്എഫിന് കിട്ടാൻ ഇടയാക്കി; ലീഗ് വേങ്ങര അവലോകനത്തിലെ നിഗമനങ്ങൾ ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ടുചോർച്ചയുണ്ടായിട്ടിലെന്ന് പുറമെ പ്രചരിപ്പിക്കുമ്പോഴും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതിൽ കടുത്ത ആശങ്കയിലാണ് മുസ്‌ലീം ലീഗ് നേതൃത്വം.ഇന്നലെ കോഴിക്കോട്ട് ചേർന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലും കടുത്ത വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്.

നിയമസഭാതെരഞ്ഞെടുപ്പിൽ തന്നെ യുവാക്കൾക്ക് അവഗണനയായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിലെങ്കിലും അവസരം നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി പഴകിയ മുഖത്തെ തന്നെയാണ് അവതരിപ്പിച്ചതെന്നും യോഗത്തിൽ യൂത്ത്‌ലീഗ് നേതാക്കൾ കുറ്റപ്പെടുത്തലുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സംഘടനതലത്തിൽ ചില മാറ്റങ്ങളുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ ശക്തമായ തിരുത്തൽ ശക്തിയാകാൻ യൂത്ത്‌ലീഗിന് കഴിയണം.

ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കരുത്. വേങ്ങരയിൽ പ്രചാരണത്തിന്റെ മൂർധന്യതയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ സമസ്ത രംഗത്തുവന്നപ്പോൾ ഇതിനെ പ്രതിരോധിക്കാൻ സംഘടന മുതിർന്നില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം, എം.എ. സമദ്, ഫൈസൽ ബാഫഖി തങ്ങൾ, അഡ്വ. സുൽഫിക്കർ സലാം, പി.ജി. മുഹമ്മദ്, ഇ.വി. മുഹമ്മദലി, മുജീബ് കാടേരി, ആശിക് ചെലവൂർ എന്നിവർ സംസാരിച്ചു.

അതേസമയം നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായാണ് കോഴിക്കോട്ട് ഇന്നലെ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയ് വിലയിരുത്തിയത്. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ നേടാനായെങ്കിലും പൊതു വോട്ടുകൾ വേണ്ടത്ര സമാഹരിക്കാൻ കഴിഞ്ഞില്ല. ബിജെപിക്കെതിരായ പോരാട്ടത്തിൽ തങ്ങളാണ് മുന്നിലെന്ന കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു മണ്ഡലത്തിൽ എൽ.ഡി.എഫ് നടത്തിയത്. ഇതിനെ കരുതലോടെ പ്രതിരോധിക്കാൻ സാധിച്ചെങ്കിലും നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്നതിന് ഊർജസ്വലതയോടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുണ്ടായില്ല. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്. നിയോജക മണ്ഡലം കമ്മിറ്റിയും ജില്ല കമ്മിറ്റിയും ബൂത്തുതലത്തിലെ വോട്ടിങ് നില സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ജില്ല കമ്മിറ്റി നൽകുന്ന റിപ്പോർട്ട് വിശദമായി ചർച്ചചെയ്യാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അനിശ്ചിതത്വം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തിയാണ് കെ.എൻ.എ. ഖാദർ സ്ഥാനാർത്ഥിത്വം നേടിയെടുത്തതെന്നു വരെ പ്രചാരണമുണ്ടായി. ഇതൊക്കെ നിഷ്പക്ഷ വോട്ടർമാരെയും സ്വാധീനിച്ചിട്ടുണ്ടാകാം. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വോട്ട് കുറയുന്നതു സംബന്ധിച്ച് ശക്തമായ പരിശോധന ആവശ്യമാണ്. നിലപാടുകളിൽ മാറ്റംവരുത്തേണ്ടതുണ്ടെങ്കിൽ അതും പരിശോധിക്കപ്പെടണമെന്നും അഭിപ്രായമുണ്ടായി.

എസ്.ഡി.പി.ഐയുടെ തീവ്ര നിലപാടുകളോടെയുള്ള പ്രചാരണം ബിജെപി വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് മറിയാൻ കാരണമായതായി ചിലർ ചൂണ്ടിക്കാട്ടി. ഹാദിയ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കിയപ്പോൾ വൈകാരികമായി ചിന്തിക്കുന്ന ചില പൊതു വോട്ടർമാർ എസ്.ഡി.പി.ഐയെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ സുന്നി ഇ.കെ വിഭാഗം രംഗത്തുവന്നതിനെ പരോക്ഷമായി സൂചിപ്പിച്ച ചില നേതാക്കൾ എല്ലാ മുസ്‌ലിം സംഘടനകളോടും സമദൂര നിലപാടാണ് ലീഗിന് അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്ന പോലെ കാന്തപുരം വിഭാഗം ഇത്തവണയും എൽ.ഡി.എഫിനെയാണ് പിന്തുണച്ചതെന്നും യോഗം വിലയിരുത്തി.

പ്രാദേശിക പാർട്ടി മെഷിനറി ശുഷ്‌കാന്തിയോടെ പ്രവർത്തിച്ചില്ലെന്നും വിമർശനമുണ്ടായി. എതിരാളികൾ സകല ശക്തിയും സംഭരിച്ച് ഗോദയിൽ ഇറങ്ങിയിട്ടും പരമ്പരാഗത ശൈലിയിലായിരുന്നു ചില പഞ്ചായത്ത് കമ്മിറ്റികളുടെ പ്രവർത്തനം. പ്രചാരണത്തിന്റെ തുടക്കം മുതൽ ദൃശ്യമായ തണുപ്പ് മാറ്റാൻ നേതാക്കൾ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും സാധ്യമായില്ല. ഒടുവിൽ പ്രവർത്തകരെ ഇളക്കാൻ പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഖാദർ പരാജയപ്പെടുമെന്ന് മുന്നറിയിപ്പ് നൽകേണ്ടി വന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പ്രവർത്തകരുടെ അമിത ആത്മവിശ്വാസമാണ് വിനയായത്. പഠിച്ചുവെച്ച സ്ഥിരം പ്രചാരണ ശൈലിയിലായിരുന്നു ബൂത്തുതലം മുതലുള്ള പ്രവർത്തനമെന്നും വിമർശനമുണ്ടായി. കോഴിക്കോട് ലീഗ് ഹൗസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഘടന തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. ഡിസംബർ ആദ്യവാരം സംസ്ഥാന കമ്മിറ്റി നിലവിൽവരുന്ന വിധമാണ് സമയക്രമം ആസൂത്രണം ചെയ്തത്.

അതേസമയംമുസ്‌ലിം ലീഗിന് നഷ്ടമുണ്ടായില്ലെന്ന് നേതാക്കൾ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടമായിട്ടില്ല. പാർട്ടിയുടെ അടിസ്ഥാന ശക്തിക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ലഭിച്ച കൂടുതൽ വോട്ട് എപ്പോഴും ലഭിക്കണമെന്നില്ലെന്നും ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ചിട്ടും കാബിനറ്റ് മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും എൽ.ഡി.എഫിന് വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല. വേങ്ങരയിൽ ലീഗിന് വോട്ട് ചോർച്ചയുണ്ടായെന്നത് മാധ്യമ സൃഷ്ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

പഞ്ചാബിലെ ഗുരുദാസ്പുരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയതലത്തിൽ യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും പ്രതീക്ഷയുളവാക്കുന്നതാണ് വിജയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗിന് വോട്ടുകുറയുന്നതുപോലും ഇത്രയും വലിയ ചർച്ചയാകുന്നത് പാർട്ടിയുടെ ശക്തിയാണ് തെളിയിക്കുന്നതെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എൻ.എ ഖാദറിന്റെ വിജയം തിളക്കമാർന്നതാണെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.

എൽ.ഡി.എഫിന് വോട്ടുകൂടിയത് അവരുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ എതിർക്കുന്നതിൽ സിപിഎമ്മിന്റെ ശൈലിയല്ല മുസ്‌ലിം ലീഗിനുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ലീഗിന്റെ ശൈലിയാണ് ശരിയെന്ന് വേങ്ങരയിലെ വിജയം തെളിയിച്ചു. ഫാഷിസ്റ്റ് സർക്കാരിനെതിരെ ദേശീയതലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയരുന്ന കൂട്ടായ്മയോടുപോലും മുഖംതിരിക്കുന്ന സിപിഎമ്മിൻേറത് കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP