Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിയുടെ ബിജെപി ലൈൻ സിപിഎമ്മിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കുമോ? മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന മുൻനിലപാട് പുനഃപരിശോധിക്കാൻ ഒരുങ്ങി പാർട്ടി; കേരളത്തിലെ സിപിഎമ്മിന് 'ബംഗാൾ' ഗതി വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ സഹായിക്കുമെന്നും വിലയിരുത്തൽ

വെള്ളാപ്പള്ളിയുടെ ബിജെപി ലൈൻ സിപിഎമ്മിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കുമോ? മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന മുൻനിലപാട് പുനഃപരിശോധിക്കാൻ ഒരുങ്ങി പാർട്ടി; കേരളത്തിലെ സിപിഎമ്മിന് 'ബംഗാൾ' ഗതി വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ സഹായിക്കുമെന്നും വിലയിരുത്തൽ

ബി രഘുരാജ്

തിരുവനനന്തപുരം: എസ്എൻഡിപി ബിജെപിയുമായി സഹകരിച്ചു നീങ്ങുമെന്ന വിധത്തിലേക്ക് കേരള രാഷ്ട്രീയം മാറിമറിയുമ്പോൾ ഏറ്റവും അധികം ആശങ്കയുള്ളത് സിപിഎമ്മിനാണെന്നത് പകൽപോലെ വ്യക്തമാണ്. ഹിന്ദു സമുദായത്തിലെ ഈഴവർ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളാണ് പാർട്ടിയുടെ ശക്തിയെന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ഇപ്പോഴത്തെ നിലയിൽ പോയാൽ കേരളത്തിലെ സിപിഎമ്മിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വെള്ളാപ്പള്ളി ബിജെപിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വിലയരുത്തലിലേക്ക് രാഷ്ട്രീയ കേന്ദ്രങ്ങൾ എത്തിയത്. എന്നാൽ, അങ്ങനെയല്ല സംഭവിക്കുകയെന്നും സിപിഎമ്മിലേക്ക് ന്യൂനപക്ഷ വോട്ടുകൾ എത്തിച്ചേരാൻ ഇത് ഇടയാക്കുമെന്ന വിധത്തിലുള്ള വിശകലനങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്.

നിരവിലെ സാമുദായിക വോട്ടുകളുടെ ക്രമം അനുസരിച്ച് മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ യുഡിഎഫിന് ലഭിക്കുന്നുണ്ട്. യുഡിഎഫിന്റെ രൂപീകരണം തന്നെ ഇങ്ങനെ സമുദായ ശക്തികളുടെ കൂട്ടുകെട്ടലിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും വെള്ളാപ്പള്ളി തുറന്ന പിന്തുണ ബിജെപിക്ക് ലഭിച്ചതോടെ വെള്ളാപ്പള്ളിയെ എതിർക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി നേടാൻ സാധിക്കുമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നുണ്ട്. ഇത് കൂടാതെ ഹിന്ദു വോട്ടുകൾ ഏകീകരിച്ച് ബിജെപിക്ക് ശക്തിവർദ്ധിക്കാൻ ഇടയാക്കുന്ന സാഹചര്യത്തോട് ന്യൂനപക്ഷങ്ങൾ അനുകൂലമായി പ്രതികരിച്ചേക്കില്ല. ലോകസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയമാണ് ഇതിന് പ്രത്യക്ഷമായ തെളിവ്.

ബിജെപി മുന്നേറ്റത്തിന് തടയിടാൻ ന്യൂനപക്ഷ വോട്ടുകൾ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിന് കേരളത്തിൽ മികച്ച നേട്ടം കൊയ്യാൻ സാധിച്ചതും. ഇപ്പോൾ കേരളത്തിൽ ബിജെപി അതിവേഗം വളരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിപിഎമ്മിന് ബംഗാളിലെ പാർട്ടിയുടെ ഗതി വരരുതെന്ന് ആഗ്രഹിക്കുന്നവരിൽ നല്ലൊരു ശതമാനം മുസ്ലിം - ക്രിസ്ത്യൻ വിഭാഗക്കാരുണ്ട്. പുരോഗമന പ്രസഥാനമായ സിപിഎമ്മിന്റെ തകർച്ച കേരളത്തിലെ സാമുദായിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നാണ് പൊതു വിലയിരുത്തൽ. യാക്കൂബ് മേമൻ വധക്കേസിൽ അടക്കം കേരളത്തിലെ മുസ്ലിം വിഭാഗങ്ങളിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ ഒരു പ്രസ്താവന പോലും ഉണ്ടാകാത്ത സാഹചര്യത്തിൽ സിപിഐ(എം) നിലപാട് ഏറെ പ്രസക്തമാണ്. മേമൻ വിഷയത്തിൽ തങ്ങൾക്കെതിരെ ആരോപണങ്ങൾ നിരവധി ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും പരസ്യമായ നിലപാടാണ് സിപിഐ(എം) സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിക്കാൻ മറ്റൊരു പാർട്ടിയും ധൈര്യപ്പെട്ടതുമില്ല.

അതിനിടെ എസ്എൻഡിപി ബിജെപിയോട് അടുക്കുന്നതിനെ കേരളത്തിലെ മുസ്ലിംങ്ങളും ആശങ്കയോടെയാണ് കാണുന്നത്. ഇത് തിരിച്ചറിഞ്ഞ പാർട്ടി വെള്ളാപ്പള്ളിയുടെ നിലപാടിലൂടെ ചോരുന്ന വോട്ട് ന്യൂനപക്ഷങ്ങളിലൂടെ നികത്താൻ കഴിയുമെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുന്നു. മുസ്ലിം ലീഗിനോട് പോലും അത്രയ്ക്ക് എതിർപ്പ് വേണ്ടെന്ന നിലപാടിൽ പാർട്ടി എത്തിയിട്ടുണ്ട്. ജനകീയ വിഷയങ്ങളിൽ മുസ്ലിം ലീഗുമായി സഹകരിക്കാൻ ഒരുക്കമാണെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞത് ഇതിന് തെളിവാണ്.

കേരളത്തിൽ ഇടതുമുന്നണി വിപുലീകരിക്കാനാണ് സിപിഐ(എം) തീരുമാനം. ഐഎൻഎല്ലിനെ അടക്കം കൂടുതൽ സഹകരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരും. ആവശ്യമെങ്കിൽ മുസ്‌ലിം ലീഗുമായി സഹകരിക്കും. ജനകീയ പ്രശ്‌നങ്ങളിൽ മുസ്‌ലിം ലീഗ്, കോൺഗ്രസ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെങ്കിൽ അവരെ ജനകീയ പ്രക്ഷോഭങ്ങളിൽ കൂടെച്ചേർക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം ദുബായിൽ വച്ച് പറഞ്ഞു.

എസ്എൻഡിപി യോഗത്തെ ആർഎസ്എസ് കൊടിക്ക് കീഴിൽ അടിയറവ് വയ്ക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കം സമുദായം തിരിച്ചറിയും. സ്വാർഥലാഭത്തിനായുള്ള ഈ ചതിക്ക് കനത്ത വില നൽകേണ്ടി വരും. അത്രയും വലിയ കുറ്റവും തെറ്റുമാണ് വെള്ളാപ്പള്ളി ചെയ്തത്. സവർണ സമ്പന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആർഎസ്എസിലേക്ക് എസ്എൻഡിപിയെ കൊണ്ടുപോവുന്ന വെള്ളാപ്പള്ളിയെ സമുദായം തിരിച്ചറിയുമെന്നും ജയരാജൻ പറഞ്ഞു.

അരുവിക്കര തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ പൊതുചിത്രമല്ല. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെ.പിയെ അനുവദിക്കില്ല. കേരളത്തിന്റേത് മതനിരപേക്ഷ മനസ്സാണ്. അവിടെ വർഗീയ ധ്രുവീകരണം ഉണ്ടാക്കി ലാഭം കൊയ്യാനാണ് സംഘപരിപാർ ലക്ഷ്യമിടുന്നത്. എന്നാൽ, മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒരു കാലത്തും ഇത് അനുവദിച്ചുകൊടുക്കില്ല. ബൂർഷ്വാ കുത്തകകളെ പ്രീണിപ്പിക്കുന്ന നയങ്ങൾ പിന്തുടരുന്ന കോൺഗ്രസ്സുമായി സിപിഐ(എം) ബന്ധം ഉണ്ടാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

മുഖ്യമന്ത്രിയുടെ നഗ്‌നമായ അധികാര ദുർവിനിയോഗവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അലംഭാവവും അരുവിക്കരയിൽ വ്യാപകമായി നടന്നു. ഇതിന് പുറമേ ധാരാളം പണവും യുഡിഎഫ് ഒഴുക്കി. വോട്ടുകൾ പണം നൽകി വിലക്കെടുക്കുകയായിരുന്നു. ബിജെപിയാകട്ടെ ശക്തമായ വർഗീയ പ്രചാരണവും സംഘടിപ്പിച്ചു. സ്വാർഥലാഭം പ്രതീക്ഷിച്ച് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എൻഡിപി യുടെ കുറെ വോട്ടുകൾ ബിജെപിക്ക് മറിച്ചുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

അതിനിടെ ബിജെപി-എസ്.എൻ.ഡി.പി കൂട്ടുകെട്ട് കേരളത്തിലെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ(എം) നേതാവ് ജി. സുധാകരൻ എംഎ‍ൽഎയും അഭിപ്രായപ്പെട്ടു. പുതിയ കൂട്ടുകെട്ട് കൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ല. കിട്ടുന്നതെല്ലാം വാങ്ങുമെന്ന് പറയുന്നത് രാഷ്ട്രീയ അടിമത്തമാണെന്നും സുധാകരൻ വ്യക്തമാക്കി. പി.ബി അംഗം പിണറായി വിജയനെതിരായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശം പാർട്ടി ചർച്ച ചെയ്യേണ്ടതില്ല. ഓരോ വ്യക്തികൾക്കും ഓരോ സവിശേഷതകളുണ്ട്. പിണറായിയുടെ ശൈലി കേരള സമൂഹത്തിൽ സ്വാധീനം ചെലുത്തിയെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ നിലപാടിനെ പാർട്ടിയിലുള്ള ഒരു വിഭാഗം തന്നെ തള്ളിക്കളയുകയും ന്യൂനപക്ഷങ്ങൾ കൂടുതലായി സിപിഎമ്മിലേക്ക് അടുക്കുകയും ചെയ്താൽ പാർട്ടിക്ക് ബംഗാളിലെ ഗതി വരില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP