Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൗരിയമ്മയെ കൈവിട്ടു; ഇനി രാജൻ ബാബുവിന്റെ ജെഎസ്എസിനെ വളർത്താൻ വെള്ളാപ്പള്ളി; എസ്എൻഡിപിയുടെ ആൾബലത്തിൽ പ്രഥമസമ്മേളനം

ഗൗരിയമ്മയെ കൈവിട്ടു; ഇനി രാജൻ ബാബുവിന്റെ ജെഎസ്എസിനെ വളർത്താൻ വെള്ളാപ്പള്ളി; എസ്എൻഡിപിയുടെ ആൾബലത്തിൽ പ്രഥമസമ്മേളനം

ആലപ്പുഴ: ഗൗരിയമ്മയെ വെള്ളാപ്പള്ളി കൈവിട്ടോ? സമരഭൂമിയിൽ വിപ്ലവത്തിന്റെ കനലെരിയിച്ച ഈഴവ സമുദായത്തിലെ ആദ്യവനിത, അഭിഭാഷക കൂടിയായ ഗൗരിയമ്മയെയാണ് യോഗം ജനറൽ സെക്രട്ടറി കൈയൊഴിഞ്ഞത്.

ഗൗരിയമ്മയെക്കാൾ വലിയ സംഭവമാണു രാജൻ ബാബുവെന്നു കരുതിയിട്ടോ ഗൗരിയമ്മ കാലഹരണപ്പെട്ടുവെന്ന തോന്നലുണ്ടായിട്ടോ എന്തോ, എസ്എൻഡിപി യോഗത്തിന്റെ എല്ലാ പിന്തുണയും രാജൻ ബാബുവിന്റെ വിഭാഗത്തിനു കൈയൊഴിഞ്ഞുനല്കുകയാണു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

രാജൻ ബാബുവിന്റെയും കെ കെ ഷാജുവിന്റെയും നേതൃത്വത്തിൽ ഇന്നലെ ആലപ്പുഴയിൽ നടന്ന വിഘടിത ജെ എസ് എസിന്റെ സ്‌പെഷൽ സമ്മേളനത്തിലാണ് വെള്ളാപ്പള്ളി അനുയായികൾ കൂട്ടത്തോടെ പങ്കെടുത്തത്. പൊതുവേ ഇടത് ആഭിമുഖ്യമുള്ള ജനറൽ സെക്രട്ടറി, ഗൗരിയമ്മ യു ഡി എഫ് വിട്ടതോടെ അവരെ അകമഴിഞ്ഞു സഹായിക്കേണ്ടതായിരുന്നു. എന്നാൽ ഇക്കുറി അതുണ്ടായില്ല. എസ് എൻ ഡി പി യോഗത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന ആളെന്ന നിലയിൽ രാജൻ ബാബുവിനെ സഹായിക്കാനാണ് വെള്ളാപ്പള്ളി തീരുമാനമെടുത്തത്.

പാർട്ടിയെ ഗൗരിയമ്മയിൽനിന്നും അടർത്തിയെടുത്തശേഷം ആദ്യമായി നടക്കുന്ന സമ്മേളനം വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്നു വെള്ളാപ്പള്ളിയെ വ്യക്തമായി ബോധ്യപ്പെടുത്തിക്കൊണ്ടാണു രാജൻബാബു സെക്രട്ടറിയെ പാട്ടിലാക്കിയത്. പ്രത്യേകിച്ചും ആലപ്പുഴ സമ്മേളനം.

പണ്ട്, സിപിഎമ്മിൽനിന്നും പുറത്താകപ്പെട്ട ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചശേഷം പ്രഥമ സമ്മേളനം നടത്തിയത് ആലപ്പുഴ കടപ്പുറത്തായിരുന്നു. സി പി എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള സമ്മേളനമായിരുന്നു അത്. അന്ന് കടപ്പുറത്തേക്കൊഴുകിയെത്തിയത് ലക്ഷക്കണക്കിന് ജനങ്ങളായിരുന്നു.

എന്നാൽ രാജൻബാബു പാർട്ടി പിളർത്തി ആലപ്പുഴയിൽത്തന്നെ ഇന്നലെ നടത്തിയ പ്രഥമ സമ്മേളനം ഗൗരിയമ്മയുടെ അത്രയും ഏറ്റില്ല. രാജൻബാബുവിന്റെ പിടിപ്പുകേടോ അതോ എസ് എൻ ഡി പിയുടെ ജനകീയാടിത്തറയ്ക്ക് വിള്ളൽ വീണതോയെന്നറിയില്ല. സമ്മേളനത്തിൽ പങ്കെടുക്കാൻ എസ്എൻഡിപി, യൂത്ത്മൂവ്‌മെന്റ് എന്നിവയുടെ യോഗങ്ങൾ പ്രാദേശികതലത്തിൽ അടിയന്തരമായി വിളിച്ചുചേർത്താണ് തീരുമാനങ്ങൾ എടുത്തത്. എസ്എൻഡിപി പ്രവർത്തകരെ കൂടാതെ യൂണിയന്റെ നേതൃത്വത്തിലുള്ളവരും സമ്മേളനത്തിൽ പങ്കെടുത്തു.

ജില്ലയിലെ എല്ലാ താലൂക്ക് യൂണിയനുകളിലും നിന്നായി നിരവധി പ്രവർത്തകരെത്തിയിരുന്നു. ജെഎസ്എസ് പിളർത്തിയതിനുശേഷം ആദ്യമായി നടക്കുന്ന യോഗമെന്ന നിലയിൽ സമ്മേളനത്തിൽ പരമാവധിയാളുകളെ പങ്കെടുപ്പിച്ചു പാർട്ടിയുടെ ശക്തി തെളിയിക്കുക എന്നതായിരുന്നു പദ്ധതി. എസ്എൻഡിപി യൂത്ത് മൂവ്‌മെന്റിന്റെ പ്രാദേശികനേതാക്കളടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സമ്മേളനത്തിൽ നേരിട്ടെത്തിയില്ലെങ്കിലും യൂണിയൻ നേതാക്കൾ രാജൻ ബാബുവിന് ആവശ്യമായ സഹായങ്ങൾ എത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP