Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭാരത് ധർമ്മ ജനസേനാ പാർട്ടിയുടെ പക്ഷം ബിജെപിയെ തോൽപ്പിക്കുന്ന ഹിന്ദുത്വം; മാതൃകയാക്കുന്നത് ശിവസേനയെ; ന്യൂനപക്ഷങ്ങളെ ഈ രാജ്യത്തിന് അവകാശികൾ അല്ലെന്ന സൂചനയോടെ തുഷാറിന്റെ പ്രസംഗം

ഭാരത് ധർമ്മ ജനസേനാ പാർട്ടിയുടെ പക്ഷം ബിജെപിയെ തോൽപ്പിക്കുന്ന ഹിന്ദുത്വം; മാതൃകയാക്കുന്നത് ശിവസേനയെ; ന്യൂനപക്ഷങ്ങളെ ഈ രാജ്യത്തിന് അവകാശികൾ അല്ലെന്ന സൂചനയോടെ തുഷാറിന്റെ പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിക്കൊപ്പം ചേർന്ന് കേരളത്തിൽ മൂന്നാം മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കുക എന്നതാണ് ഭാരത ധർമ്മ ജനസേനാ പാർട്ടിയുടെ ലക്ഷ്യമെന്ന് പാർട്ടി പ്രഖ്യാപനം നടത്തും മുമ്പ് തന്നെ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ചേർന്ന് കേരളത്തിലെ സാമൂദായി അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കുന്ന വിധത്തിലാകുമോ പുതിയ രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യമെന്ന ആശങ്കകൾ പ്രഖ്യാപനത്തോടെ ശക്തമായിട്ടുണ്ട്. ഭൂരിപക്ഷ സമുദായങ്ങള ഒന്നിപ്പിച്ച് ന്യൂനപക്ഷങ്ങൾ എല്ലാം കവർന്നെടുക്കുന്നു എന്ന പ്രചരണത്തോടെ മുന്നോട്ടു പോകാനാണ് ഭാരത് ധർമ്മ ജനസേനാ പാർട്ടി ലക്ഷ്യമിടുന്നത് എന്നതാണ് വിവരം.

പാർട്ടിയുടെ കൊടിയും ചിഹ്നമായി കൂപ്പുകൈയും പ്രഖ്യാപിക്കുകയും ചെയ്ത ഭാരത് ധർമ്മ ജനസേനാ പാർട്ടി ബിജെപിയെയും വെല്ലുന്ന ഹിന്ദുത്വ നിലപാട് കൈക്കൊള്ളുമെന്ന സൂചന ഉദ്ഘാടന വേളയിൽ തന്നെ പുറത്തുവന്നു. തുഷാർ വെള്ളാപ്പള്ളിയുടെ ജാതിപറഞ്ഞുള്ള പ്രസംഗം മഹാരാഷ്ട്രയിലെ ശിവസേനയുടെ വഴിയേ ആണോ ഭാരത് ധർമ്മ ജനസേനയുടെ യാത്രയെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്. പാർട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്തായിരിക്കും എന്ന സൂചന തന്നെ ഇത് നൽകുന്നതാണ്. മഹാരാഷ്ട്രയിൽ ബിജെപി മതേതരത്വ പരിവേഷത്തോടെ നിൽക്കുമ്പോൾ ശിവസേന തീവ്രനിലപാടെടുത്താണ് നിൽക്കുന്നത്. ഈ മാതൃക കേരളത്തിൽ പിന്തുടരാനാണ് മൂന്നാം മുന്നണി ഉദ്ദേശിക്കുന്നത്.

വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയപാർട്ടിയുടെ ലക്ഷ്യത്തിലുള്ള സംശയമാണ് ജി മാധവൻ നായർ വിട്ടുനിൽക്കാൻ കാരണമെന്ന സൂചനയുമുണ്ട്. തീവ്രഹിന്ദുത്വ നിലപാടിലേക്ക് നീങ്ങുന്നതിൽ മാധവൻ നായർക്ക് എതിർപ്പുണ്ട്. അത് തന്നെ പോലൊരു ശാസ്ത്രജ്ഞന് പേരുദോഷം ഉണ്ടാക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ഭയം. ന്യൂനപക്ഷങ്ങൾ അന്യായമായി കാര്യങ്ങൾ നേടുന്നു എന്നത് തന്നെയായിരുന്നു സമത്വ മുന്നേറ്റയാത്രയിൽ ഉടനീളം വെള്ളാപ്പള്ളി പറഞ്ഞത്. ഇതി തുടർന്നും ആവർത്തിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.

ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ അവകാശികൾ അല്ലെന്ന വിധത്തിൽ രൂക്ഷമായ പരാമർശങ്ങളോടെയായിരുന്നു ജാഥയിൽ ഉടനീളം തുഷാർ വെള്ളാപ്പള്ളിയുടെ പ്രസംഗം. ഇപ്പോൾ വെള്ളാപ്പള്ളിയാണ് മുൻനിരയിൽ എങ്കിലും പാർട്ടിയെ നിയന്ത്രിക്കുക തുഷാർ വെള്ളാപ്പള്ളി തന്നെയാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് ഭാരത് ധർമ്മ ജനസേനാ പാർട്ടിയുടെ പ്രധാന വെല്ലുവിളി. പാർട്ടിയുടെ ഭാവിയെ തന്നെ ഇത് ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ബിജെപിയുമായി സഖ്യമായി മൂന്നാം മുന്നണിയെന്ന വിധത്തിൽ ഇളക്കിമറിച്ച് പ്രചരണം നടത്തി ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. ആർ എസ്എസ് അടക്കമുള്ളവർ ഇതിനുള്ള കളമൊരുക്കുകയും ചെയ്യും.

ഭാവിയിൽ ഇടതേക്കും വലതേക്കും നീങ്ങാമെന്ന മോഹവും വെള്ളാപ്പള്ളിക്കുണ്ട്. എന്നാൽ കരുത്ത് തെളിയിച്ച് കൊണ്ടാമാത്രമായിരിക്കും ഇത്തരമൊരു നീക്കം ഉണ്ടാകുക. നേരത്തെ യുഡിഎഫിൽ ചേക്കേറാമെന്ന മോഹവും വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കാരണവശാലും അതിന് സാധിക്കില്ല. കാരണം. ഭരണത്തുടർച്ചയുണ്ടായില്ലെങ്കിലും വേണ്ട വെള്ളാപ്പള്ളി നടേനെപ്പോലൊരു വ്യക്തിയെ യുഡിഎഫുമായി ഒരു തരത്തിലും സഹകരിപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

സമത്വമുന്നേറ്റയാത്ര സമാപിക്കാറായപ്പോഴേക്കും ബിജെപിയെ ഉപേക്ഷിച്ച് യുഡിഎഫുമായി ഒത്തുപോകാൻ വെള്ളാപ്പള്ളി നടേശൻ ചില ശ്രമങ്ങൾ നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് ഇതിനോട് എതിർപ്പില്ലായിരുന്നെങ്കിലും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മന്ത്രി രമേശ് ചെന്നിത്തലയും കർശന നിലപാട് സ്വീകരിച്ചു. ഇതോടെ മൂന്നാം മുന്നണിയാണ് തന്റെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി പരസ്യമായി പ്രഖ്യാപിക്കുകയും ഉണ്ടായി.

ബിജെപി ദേശീയനേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന ബിജെപി ഘടകത്തിന് ഇതിനോട് പൂർണ്ണയോജിപ്പുണ്ടായിരുന്നില്ലെങ്കിലും ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിന് അവർ വഴങ്ങിയിരുന്നു. ഈ കൂട്ടുകെട്ടിന്റെ പരീക്ഷണമാണ് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ നടന്നത്. എന്നാൽ കൂട്ടകെട്ട് നേട്ടമായെന്നാണ് ബിജെപി വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനി കേരളത്തിൽ താമര വിരിയിക്കാൻ വെള്ളാപ്പള്ളിയുടെ പാർട്ടിയെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒപ്പം ചേർക്കുമെന്ന കാര്യം ഉറപ്പാണ്.

അതേസമയം സംഘപരിവാർ സംഘടനകളെക്കാളും വർഗ്ഗീയവിഷം ചീറ്റുന്ന വെള്ളാപ്പള്ളി തങ്ങൾക്ക് ഭീഷണി ആണോ എന്ന സംശയം പോലും ബിജെപി ഒരു വിഭാഗത്തിന് ഉണ്ട്. എന്നാൽ, ഇത്തരം പ്രസ്താവനകളിൽ ആർഎസ്എസും ദേശീയ നേതൃത്വവും സംതൃപ്തരാണ്. മതേരരമായി ചിന്തിക്കുന്നതാണ് കേരളത്തിൽ കാവി രാഷ്ട്രീയ ക്ലച്ചുപിടിക്കാതിരിക്കാൻ കാരണമെന്ന് ബോധ്യമുണ്ട്. വെള്ളാപ്പള്ളിക്ക് അതിന് സാധിക്കുമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്നാണ് ഇവരുടെ മനസിൽ ഇരുപ്പ്. എന്തായാലും ഭാരത് ധർമ്മ ജനസേനാ പാർട്ടിയുടെ നയങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ വെള്ളാപ്പള്ളിയും കൂട്ടരും വ്യക്തമായി പ്രഖ്യാപിക്കും. ഇത് എന്താകുമെന്ന് ആകാംക്ഷയിൽ തന്നെയാണ് കേരളത്തിലെ ഇരു മുന്നണികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP