Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവ്വ പിന്നോക്കക്കാരുടേയും പ്രധാന നേതാവാകാൻ കരുക്കൾ നീക്കി വെള്ളാപ്പള്ളി; പിസി ജോർജിനേയും ഒപ്പം നിർത്താൻ നീക്കം; നിലനിൽപ്പിനായുള്ള സമരത്തിൽ വെള്ളാപ്പള്ളിയെ മുഖ്യശത്രുവായി കാണാൻ സിപിഐ(എം)

സർവ്വ പിന്നോക്കക്കാരുടേയും പ്രധാന നേതാവാകാൻ കരുക്കൾ നീക്കി വെള്ളാപ്പള്ളി; പിസി ജോർജിനേയും ഒപ്പം നിർത്താൻ നീക്കം; നിലനിൽപ്പിനായുള്ള സമരത്തിൽ വെള്ളാപ്പള്ളിയെ മുഖ്യശത്രുവായി കാണാൻ സിപിഐ(എം)

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിന്നോക്ക സമുദായത്തിന്റെ നേതാവായി മാറി കേരള രാഷ്ട്രീയത്തിൽ കരുത്ത് കാട്ടാനാണ് വെള്ളാപ്പള്ളി നടേശന്റെ നീക്കം. എസ്എൻഡിപി യൂണിയന്റെ സംഘടനാ ശേഷി മുഴുവൻ ഇതിനായി ഉപയോഗിക്കും. ഇതിനൊപ്പം കിട്ടാവുന്ന നേതാക്കളെ എല്ലാം ഒപ്പം കൂട്ടാനാണ് നീക്കം. ഇടത്-വലത് മുന്നണികളുമായി തെറ്റി നിൽക്കുന്ന പിസി ജോർജിനേയും വെള്ളാപ്പള്ളി മനസ്സിൽ കാണുന്നുണ്ട്.

കേരളാ കോൺഗ്രസിൽ നിന്ന് തെറ്റിയ പിസി ജോർജ്ജ്, ഇടതു പാളയമാണ് ലക്ഷ്യമിടുന്നത്. എന്നാൽ അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ കരുതലോടെയാണ് സിപിഐ(എം) നീക്കം. അതുകൊണ്ട് തന്നെ ജോർജ്ജിന് അനുകൂലമായ മറുപടിയൊന്നും സിപിഐ(എം) ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ജോർജ് ബിജെപിയോട് അടുക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് ബിജെപിയോട് ജോർജിനെ അടുപ്പിച്ച് അതിന്റെ നേട്ടമുണ്ടാക്കാൻ വെള്ളാപ്പള്ളിയുടെ ശ്രമം. വെള്ളാപ്പള്ളിക്ക് കെ എം മാണിയുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാണിയുടെ അടുപ്പം വെള്ളാപ്പള്ളിക്ക് നേട്ടമാകില്ല. ഇത് തിരിച്ചറിഞ്ഞാണ് ജോർജിനെ അടുപ്പിക്കാനുള്ള നീക്കം.

ഡിഎച്ച്ആർഎം, വി എസ്ഡിപി തുടങ്ങിയതു പോലുള്ള പിന്നാക്ക സംഘടനകളിൽ ജോർജിന് സ്വാധീനമുണ്ട്. ഇത് മനസ്സിലാക്കിയാണ് വെള്ളപ്പാള്ളിയുടെ കരുനീക്കം. ജോർജിനെ കൂടെ കൂട്ടുന്നതിലൂടെ പിന്നോക്കകാരുടെ നേതാവായി മാറാൻ കഴിയുമെന്നാണ് കണക്കു കൂട്ടൽ. ഒരു മുന്നണിയിലും സ്ഥാനമില്ലാത്ത ജോർജിനെ എളുപ്പത്തിൽ കൂടെ കിട്ടുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. ബിജെപിയും ജോർജിന് അനുകൂലമാണ്. നേരത്തെ നരേന്ദ്ര മോദിയുടെ കൂട്ടയോട്ടത്തിൽ ഉദ്ഘാടനകനായി ജോർജ് എത്തുകയും ചെയ്തിരുന്നു. മോദിയെ പ്രകീർത്തിക്കുന്ന രീതി ജോർജ് എന്നും തുടരുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിജെപിക്ക് ജോർജിനോട് താൽപ്പര്യവുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ.

ഇതെല്ലാം മനസ്സിലാക്കി കരുതലോടെയാണ് സിപിഐ(എം) നേക്കം. ശിവഗിരി മഠത്തിന്റെ പിന്തുണയോടെ വെള്ളാപ്പള്ളിയുടെ നീക്കത്തെ ചെറുക്കാനാണ് സിപിഐ(എം) തീരുമാനം. സിപിഎമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ബിജെപിയോട് ഈഴവരെ അടുപ്പിക്കാനുള്ള നീക്കത്തെ തന്ത്രപരമായി നേരിടാനാണ് നീക്കം. ശിവഗിരി മഠത്തിനു കീഴിലുള്ള ഗുരുധർമ പ്രചാരണസഭയുടെ പിന്തുണയാണ് സിപിഎ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ പിണറായി വിജയൻ തന്നെ ലേഖനവുമായെത്തിയത്. വെള്ളാപ്പള്ളിയുടെ നീക്കം സാധാരണ പ്രവർത്തകരും ഈഴവ സമുദായവും തള്ളിക്കളയും എന്ന നിലയ്ക്കുള്ള രാഷ്ട്രീയ പ്രചാരണത്തിലൂടെ ഇതിനെ ചെറുക്കാനാണു പാർട്ടി തീരുമാനം.

അതിനിടെയാണു ശിവഗിരി മഠത്തിന്റെ ഗുരുധർമ പ്രചാരണസഭ ബിജെപി ആഭിമുഖ്യത്തിൽ വിയോജിപ്പിന്റെ സൂചന നൽകിയത്. രാഷ്ട്രീയ ലക്ഷ്യത്തിനായി ശിവഗിരി മഠത്തിന്റെയും സന്യാസിമാരുടെയും പേരുകൾ വഴിച്ചിഴയ്‌ക്കേണ്ട എന്ന പ്രമേയമാണ് അവർ പാസാക്കിയത്. ശിവഗിരി ധർമസംഘം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണു ഗുരുധർമ സഭയുടെയും ഭാരവാഹികൾ. വെള്ളാപ്പള്ളിയോട് എന്നും കൃത്യമായ അകലം പാലിച്ചിരുന്നവരാണ് സന്യാസിമാർ. മാറിയ സാഹചര്യത്തിൽ ഇവരുടെ പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്. കാരണം ബിജെപിയുമായി ഏറ്റവും അടുത്തു നിന്നത് ശിവഗിരി മഠമായിരുന്നു.

പ്രധാനമന്ത്രിയാകുന്നതിനു മുമ്പു നരേന്ദ്ര മോദിയെ ശിവഗിരിയിലേക്ക് ആനയിച്ചതിലും ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ സമീപകാലത്തു പ്രധാനമന്ത്രിയെ സന്ദർശിച്ചതിലും ബിജെപി വ്യക്തമായ താൽപ്പര്യങ്ങൾ മുന്നിൽ കണ്ടിരുന്നു. ഇതെല്ലാമാണ് വെള്ളാപ്പള്ളിബിജെപി സഖ്യ സാധ്യതയെ പ്രകാശാനന്ദ സ്വാമികൾ തള്ളിപ്പറഞ്ഞിതിലൂടെ സംഭവിച്ചത്. ഇതിനൊപ്പം വെള്ളാപ്പള്ളിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സഖ്യ നീക്ക സാധ്യത പൂർണമായും ഉരുത്തിരിഞ്ഞിരുന്നില്ല. ബിജെപി കേന്ദ്ര നേതൃത്വവും വിഎച്ച്പിയുമാണ് അതിനു മുൻകൈ എടുത്തത്. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശക്തിയാണോ രാഷ്ട്രീയ പാർട്ടിയാണോ വേണ്ടതെന്നു യോഗ നേതൃത്വത്തിൽ തന്നെയുള്ള ഭിന്നത ബിജെപി മനസ്സിലാക്കുന്നു. രാഷ്ട്രീയ ശക്തിയായി അവർ തങ്ങളുടെ കുടക്കീഴിൽ നിൽക്കണമെന്നാണു ബിജെപി താൽപര്യം.

തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പായി ലക്ഷങ്ങൾ പങ്കെടുക്കുന്ന സമ്മേളനം വിളിച്ച് അവരെല്ലാം ബിജെപി അംഗങ്ങളായി മാറുന്നുവെന്ന പ്രഖ്യാപനത്തിനു യോഗ നേതൃത്വം മുൻകൈ എടുക്കണം എന്നാണ് ആവശ്യം. ഇതിന് വെള്ളാപ്പള്ളി തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയം. മകൻ തുഷാറിനെ രാജ്യസഭാ അംഗമാക്കണമെന്നും തന്നെ ഗവർണ്ണറാക്കണമെന്നുമാണ് വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തിന് മുന്നിൽ വയ്ക്കുന്ന ആവശ്യം. എസ്എൻഡിപിയുടെ മൈക്രോ ഫിനാൻസ് സംഘങ്ങളുടെ കരുത്തിൽ പഞ്ചായത്ത് തരെഞ്ഞെടുപ്പിൽ ബിജെപിയെ മുന്നിലെത്തിക്കാമെന്നാണ് വാഗ്ദാനം. കേരളത്തിൽ ചുവടുറപ്പിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങളുടെ ഭാഗമായാണ് വെള്ളാപ്പള്ളിയെ ബിജെപിയുമായി അടുപ്പിച്ചത്.

അടുത്ത മാസം കേരളത്തിൽ പ്രധാനമന്ത്രി മോദിയെത്തും. ആർ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മോദി പങ്കെടുക്കും. അതോടെ ബിജെപി-വെള്ളാപ്പള്ളി സഖ്യത്തിനും തുടക്കമിടും. അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുകളിൽ സിപിഐ(എം) വോട്ടുകൾ വൻ തോതിൽ ബിജെപിക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതായിരുന്നു രാജഗോപാലിന്റെ രണ്ടാം സ്ഥാനത്തിന് നിർണ്ണായകമായത്. വെള്ളാപ്പള്ളിയെ പരസ്യമായി ഒപ്പം നിർത്തിയാൽ ഇനിയും വോട്ടുകൾ കിട്ടുമോ എന്നതാണ് ബിജെപി പരീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യം വിജയം കണ്ടാൽ നിയമസഭയിലേക്ക് അത് വ്യാപിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ കുറഞ്ഞത് ജയിക്കണമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ.

അതിന് സിപിഐ(എം) വോട്ട് ബാങ്കിൽ വിള്ളലുണ്ടാവുകയും ഹൈന്ദവ ധ്രുവീകരണം സാധ്യമാവുകയും ചെയ്താൽ മുന്നേറ്റം സാധ്യമാകുമെന്നാണ് ബിജെപി പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP