Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രാദേശിക പാർട്ടി നേതാവായി ഒതുങ്ങുന്നതിൽ വീരന് വിഷമം! ദേശീയതലത്തിൽ ജനതാപാർട്ടിയുമായി ഒന്നിക്കുന്നതിനൊപ്പം കേരളത്തിൽ നോട്ടം ഇടതുപക്ഷത്തേക്കും; മാത്യു ടി തോമസും വീരേന്ദ്ര കുമാറും വീണ്ടും ഭയ്യാ ഭയ്യാ.. ആകുമോ?

പ്രാദേശിക പാർട്ടി നേതാവായി ഒതുങ്ങുന്നതിൽ വീരന് വിഷമം! ദേശീയതലത്തിൽ ജനതാപാർട്ടിയുമായി ഒന്നിക്കുന്നതിനൊപ്പം കേരളത്തിൽ നോട്ടം ഇടതുപക്ഷത്തേക്കും; മാത്യു ടി തോമസും വീരേന്ദ്ര കുമാറും വീണ്ടും ഭയ്യാ ഭയ്യാ.. ആകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സോഷ്യലിസ്റ്റ് നിരയിൽ കേരളത്തിൽ രണ്ട് പാർട്ടികളാണുള്ളത്. ജനതാദൾ സെക്കുലറും സോഷ്യലിസ്റ്റ് ജനതയും. അഞ്ച് കൊല്ലം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് സോഷ്യലിസ്റ്റ് പാർട്ടികൾ രണ്ടായത്. ജനതാദൾ സെക്കുലലറിന്റെ വീരേന്ദ്രകുമാറിന് കോഴിക്കോട് സീറ്റ് നിഷേധിച്ചു. ഇതോടെ വീരനും സംഘവും ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. മാത്യു ടി തോമസും കൂട്ടരും ഇടതിൽ ഉറച്ചും നിന്നു. ഇപ്പോഴും രണ്ട് ചേരിയിലാണ് ഇവർ. പക്ഷേ ദേശീയ രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റുകൾ ഒന്നിക്കുമ്പോൾ കേരളത്തിൽ എന്തു സംഭവിക്കുമെന്നതാണ് ചോദ്യം.

സോഷ്യലിസ്റ്റ് ജനതയുമായി കേരള രാഷ്ട്രീയത്തിലേക്ക് ഒതുങ്ങിയ വീരേന്ദ്രകുമാർ ഒട്ടും തൃപ്തനായില്ല. ദേശീയതലത്തിലേക്ക് തന്റെ പ്രവർത്തനം വീണ്ടുമെത്തണമെന്ന് ചിന്തിച്ചു. പഴയ സുഹൃത്തായ നിതീഷ് കുമാറിനേയും ശരത് യാദവിനേയും കണ്ടു. അങ്ങനെ ജനതാദൾ യുണൈറ്റഡുമായി ലയിക്കാൻ സോഷ്യലിസ്റ്റ് ജനത തീരുമാനിച്ചു. ബീഹാറിൽ കോൺഗ്രസുമായി ജനതാദൾ യുണൈറ്റഡിനുള്ള ബന്ധം കൂടി മനസ്സിലാക്കിയായിരുന്നു ഈ നീക്കം. ചർച്ചയെല്ലാ അർത്ഥത്തിലും പൂർത്തിയായി. ഇതോടെ വീരനും കൂട്ടരും നിതീഷ് കുമാറിന്റെ പാർട്ടിയുടെ ഭാഗമാകും.

സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) ജനതാദൾ (യു)വിൽ ലയിക്കുന്നത് സംബന്ധിച്ച അവസാനവട്ട ചർച്ചയും ബുധനാഴ്ച ഡൽഹിയിൽ നടന്നു. സോഷ്യലിസ്റ്റ് ജനതാ പ്രസിഡന്റ് എംപി. വീരേന്ദ്രകുമാറും ജനതാദൾ യു നേതാക്കളായ ശരത്യാദവും ബിഹാർ മുന്മുഖ്യമന്ത്രി നിതീഷ്‌കുമാറും തമ്മിലായിരുന്നു ചർച്ച. ഡിസംബർ 28ന് തൃശ്ശൂരിലെ അനന്തമൂർത്തി നഗറിൽ നടക്കുന്ന സമ്മേളനത്തിലാണ് ലയനപ്രഖ്യാപനം. തുടർന്ന് ജെ.ഡി.യു. നേതാക്കൾ, ശരത്യാദവും നിതീഷ്‌കുമാറും പാർട്ടി പതാക എംപി. വീരേന്ദ്രകുമാറിന് കൈമാറും. സമ്മേളനത്തിൽ പങ്കെടുക്കാനായി ശരത്യാദവും നിതീഷ്‌കുമാറും 27ന് കേരളത്തിലെത്തും. ലയനസമ്മേളനം കഴിഞ്ഞ് 29ന് അവർ മടങ്ങും.

ഇതിനിടെയാണ് ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായക ചർച്ചകളെത്തുന്നത്. പ്രധാനമായും നാല് സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ഇന്ത്യയിലുണ്ട്. മുലായം സിംഗിന്റെ സമാജ് വാജി പാർട്ടി, നിതീഷിന്റെ ജനതാദൾ യു, ദേവഗൗഡയുടെ ജനതാദൾ എസ്, ലാലു പ്രസാദ് യാദവിന്റെ ആർജെഡി. ഭിന്നിച്ചു നിന്നാൽ മോദി ഭരണകാലത്ത് രക്ഷയില്ലെന്ന് ഇവർ മനസ്സിലാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി പ്രഭാവം ഈ പാർട്ടികളെ തകർത്തിരുന്നു. ഭിന്നിച്ചു നിന്നാൽ രക്ഷയില്ലെന്ന് കണ്ട് ഉപതെരഞ്ഞെടുപ്പിൽ ബീഹാറിൽ ലാലുവും നിതീഷും ഒന്നിച്ചു. ഫലം കാണുകയും ചെയ്തു. ഈ കൂട്ടായ്മ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇനി ഒരുമിച്ച് പ്രവർത്തിക്കും. ഒറ്റപാർട്ടിയായി മാറാനും തീരുമാനമുണ്ട്. പാർലമെന്റിൽ മുലായത്തിന് കീഴിൽ ഒന്നിക്കും. പുതിയ പാർട്ടിപ്പേരും ചിഹ്നവും പോലും സ്വീകരിക്കാനും നീക്കമുണ്ട്.

ഇതാണ് വീരേന്ദ്രകുമാറിന് വിനയാകുന്നത്. ഈ ലയനം യാഥാർത്ഥ്യമാകുമെന്ന് നിതീഷ് കുമാറും പറയുന്നു. അങ്ങനെ വന്നാൽ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നിൽക്കുന്ന സോഷ്യലിസ്റ്റുകളുടെ ഘടകം ആശയക്കുഴപ്പത്തിലാകും. കാരണം ദേവഗൗഡയുടെ നേതൃത്വത്തിലെ ജനതാദൾ എസിന്റെ ഭാഗമാണ് കേരളത്തിൽ മാത്യു ടി തോമസും കൂട്ടരും. വീരേന്ദ്രകുമാർ, നിതീഷിനൊപ്പം ചേരുകയും എല്ലാ ജനതാദൾ ഘടകങ്ങളും ഒന്നിക്കുകയും ചെയ്താൽ കേരളത്തിലും സാങ്കേതികമായി ഒരു പാർട്ടിയായി സോഷ്യലിസ്റ്റ് കുടുംബം മാറും. എന്തായാലും മാത്യു ടി തോമസും കൂട്ടരും യുഡിഎഫിൽ വരികയില്ല. അപ്പോൾ ലയനങ്ങളുടെ ഇടയിൽ വീരന്റെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.

നിലവിൽ മാത്യു ടി തോമസിന്റെ ജനതാദള്ളിന് നാല് അംഗങ്ങളുണ്ട്. വീരനൊപ്പം മന്ത്രി കെപി മോഹനനും ശ്രേയംസ് കുമാറും. വീരന് ഇടത് പക്ഷത്തേക്ക് ചുവട് മാറ്റണമെന്ന ആഗ്രഹമുണ്ട്. എന്നാൽ മന്ത്രിയായ കെപി മോഹനൻ മറുകണ്ടം ചാടുകയുമില്ല. വീരന്റെ രണ്ടു പേർ മറുഭാഗത്ത് എത്തിയാലും ഉമ്മൻ ചാണ്ടി സർക്കാരിന് പ്രതിസന്ധികളൊന്നുമില്ല. അതിനാൽ മോഹനൻ മന്ത്രിപദവുമായി യുഡിഎഫിൽ നിൽക്കും. അല്ലെങ്കിൽ വീരന്റെ പാർട്ടി ലയന നീക്കത്തെ എതിർത്ത് പ്രത്യേക പാർട്ടിയായി യുഡിഎഫിൽ തുടരും.

ഈ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന ചർച്ച വീരേന്ദ്രകുമാറിന്റെ ക്യാമ്പിലും സജീവമാണ്. ഇടതുപക്ഷത്തേക്ക് ചെറിയൊരു ചായ് വും വീരനുണ്ട്. നിതീഷിന്റെ പാർട്ടിയിൽ കൂടി ജനതാ പരിവാരത്തിന്റെ ഭാഗമായി വീണ്ടും സിപിഎമ്മിനോട് അടുക്കാൻ മനസ്സുകൊണ്ട് സോഷ്യലിസ്റ്റ് ജനതയിലെ പല നേതാക്കളും തയ്യാറുമാണ്.

ചിത്രത്തിന് കടപ്പാട് ഹിന്ദുസ്ഥാൻ ടൈംസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP