Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎം കേഡറിനെ അതിജീവിച്ച സെമി കേഡറുമായി സതീശനും സുധാകരനും ഇനി മുന്നോട്ടു നീങ്ങാം; മുതിർന്നവരെയും യൂത്തിനെയും ഒരുമിച്ചു നയിച്ച തൃക്കാക്കര കോൺഗ്രസ് ഐക്യത്തിന്റെ വിജയക്കൂട്ടായി മാറി; വിഡി- കെഎസ് കൂട്ടുകെട്ട് കരുത്താർജ്ജിച്ച ആവേശത്തിൽ അണികളും; കോൺഗ്രസ് തെരഞ്ഞെടുപ്പു ശൈലിയിലും ഇനി അടിമുടി മാറ്റം

സിപിഎം കേഡറിനെ അതിജീവിച്ച സെമി കേഡറുമായി സതീശനും സുധാകരനും ഇനി മുന്നോട്ടു നീങ്ങാം; മുതിർന്നവരെയും യൂത്തിനെയും ഒരുമിച്ചു നയിച്ച തൃക്കാക്കര കോൺഗ്രസ് ഐക്യത്തിന്റെ വിജയക്കൂട്ടായി മാറി; വിഡി- കെഎസ് കൂട്ടുകെട്ട് കരുത്താർജ്ജിച്ച ആവേശത്തിൽ അണികളും; കോൺഗ്രസ് തെരഞ്ഞെടുപ്പു ശൈലിയിലും ഇനി അടിമുടി മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ശ്രദ്ധ നേടിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും നിലനിൽപ്പിന്റെ പോരാട്ടം എന്ന നിലയിൽ കൂടിയായിരുന്നു. ഗ്രൂപ്പു പരിഗണനകൾ നൽകാതെ കോൺഗ്രസ് നേതൃത്വത്തിലെത്തിയ ഇവർക്ക് തൃക്കാക്കര വിജയം അനിവാര്യമായിരുന്നു. മറിച്ചായിരുന്നെങ്കിൽ തങ്ങളുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും എന്നുറപ്പുണ്ടായിരുന്ന ഇരുവർക്കും തൃക്കാക്കരയിൽ പിഴ്ക്കുന്നത് ചിന്തിക്കാൻ ആകുമായിരുന്നില്ല. എന്തായാലും വിഡി- കെഎസ്‌ കൂട്ടുകെട്ടിന്റെ ഉജ്ജ്വല വിജയം കൂടിയായി മാറി തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം.

പരാജയപ്പെട്ടിരുന്നെങ്കിൽ കോൺഗ്രസ് പാർട്ടിയും മുന്നണിയും കൂടുതൽ പ്രതിസന്ധിയിലേക്കു പോകുമായിരുന്നു. ഇരു നേതാക്കളുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടേനെ. വോട്ടു കുറഞ്ഞാൽപോലും പാർട്ടിയിൽ തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയാണ് കഴിഞ്ഞ തവണത്തേക്കാൾ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് തൃക്കാക്കരയിൽ ഇരുവരും പാർട്ടിയെ നയിച്ചത്.

വ്യത്യസ്തമായ പ്രവർത്തനശൈലിയാണ് സ്ഥാനമേറ്റതു മുതൽ ഇരു നേതാക്കളും സ്വീകരിച്ചത്. ശൈലീമാറ്റം സംബന്ധിച്ചു പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നെങ്കിലും തൃക്കാക്കരയിലും ആ പുതുമ തുടർന്നു. ഒറ്റ ദിവസം കൊണ്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ റെക്കോർഡും ഇരു നേതാക്കളുടെ പേരിലും കുറിക്കപ്പെട്ടു. സ്ഥാനാർത്ഥി പ്രഖ്യാപനം ഒരു ദിവസം കൊണ്ടു നടത്തിയതോടെ സീറ്റിനുവേണ്ടിയുള്ള പടലപിണക്കങ്ങൾ ഒഴിവാക്കുന്നതിനൊപ്പം പ്രവർത്തകരിൽ ആത്മവിശ്വാസവും വളർത്താനായി.

164 ബൂത്ത് കമ്മിറ്റികളാണ് തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസിനുള്ളത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് പ്രചാരണത്തിൽനിന്ന് മാറി നിൽക്കേണ്ടി വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സാരഥ്യം ഏറ്റെടുത്തു. കോൺഗ്രസിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികളെ സജീവമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഒരു ദിവസം മാത്രമാണ് പ്രതിപക്ഷ നേതാവ് തലസ്ഥാനത്തെത്തിയത്, രാഷ്ട്രപതിയെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ. മറ്റുള്ള ദിവസങ്ങളിലെല്ലാം രാവിലെ 8 മുതൽ രാത്രി 11 വരെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചു. പ്രവർത്തകരോടൊപ്പം വീടുകൾ കയറിയിറങ്ങി.

തൃക്കാക്കരയിൽ വീഴ്ചയുണ്ടായാൽ അത് തന്റെ വീഴ്ചയാണെന്നും നേട്ടമുണ്ടായാൽ അത് കൂട്ടായ നേട്ടമാണെന്നും നിലപാട് സ്വീകരിച്ചു. നേതാക്കളെ ഒരുമിപ്പിച്ചു പ്രചാരണത്തിന് ഇറക്കാൻ ഇരു നേതാക്കൾക്കുമായി. പ്രവർത്തനത്തിനു ഫലമുണ്ടായതോടെ രണ്ടു തവണ അധികാരത്തിൽനിന്നു മാറ്റി നിർത്തപ്പെട്ട് പ്രതിസന്ധിയിലായ പാർട്ടിക്കത് പുതിയ ഊർജമായി.

കെ.വി.തോമസിനെ പോലുള്ള നേതാവ് പാർട്ടിയിൽനിന്നും ചുവടു മാറിയിട്ടും മികച്ച വിജയം നേടാനായത് പാർട്ടിയിൽ ഇരുനേതാക്കളുടെയും ഗ്രാഫ് ഉയർത്തും. ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റമുണ്ടാകാം. പാർട്ടിയിലെ എതിർപ്പുകൾക്കും തർക്കങ്ങൾക്കും ഒരിടവേള സമ്മാനിക്കാനും ജയത്തിനാകും. പാർട്ടിയിലെ പരിഷ്‌കരണ നടപടികൾക്കു വേഗം വേണമെന്ന ഇരുനേതാക്കളുടെയും ആവശ്യങ്ങളെ ഇനി കേന്ദ്ര നേതൃത്വത്തിന് അവഗണിക്കാനാകില്ല. പരാജയത്തിൽ വിഷമഘട്ടത്തിലായ യുഡിഎഫിനും അണികൾക്കും പുതിയ ഊർജമാണ് വിജയം നൽകുന്നത്. സർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കാനും ഈ വിജയം നേതൃത്വത്തിനു ശക്തിപകരും.

എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തെ വെല്ലാനുള്ള കരുത്ത് സെമി കേഡർ ബുദ്ധിയിലൂടെ കോൺഗ്രസ് നേടി എന്നതാണ് ഈ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രധാനകാര്യം. എല്ലാം വിഡി സതീശനും കെ സുധാകരനും ചേർന്ന് തീരുമാനിച്ചു. അത് അതേ പോലെ നടപ്പാക്കി. നേതാക്കൾക്ക് ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പക്ഷേ അച്ചടക്കം ലംഘിച്ച കെവി തോമസിനെ പോലുള്ളവരെ തള്ളിക്കളഞ്ഞു. കെവി തോമസിനെ മൈൻഡ് പോലും ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഒരു ചുക്കും സംഭവിക്കില്ലെന്ന് സുധാകരന്റെ വാക്കുകൾ അണികൾക്ക് പ്രതീക്ഷയായി. മാധ്യമങ്ങളോട് വിഡി സതീശന്റെ മുഖം കറുപ്പിച്ച് ഇടപെടലും നടത്തി. ഇതെല്ലാം കോൺഗ്രസിൽ പതിവില്ലാത്തതായിരുന്നു. നിങ്ങൾ മുഖ്യമന്ത്രിയോട് ഇങ്ങനെ ചോദിക്കുമോ എന്ന മറു ചോദ്യം ജനകീയ മുഖവുമായി നിറഞ്ഞ വിഡി സതീശനെ കൊണ്ട് മാധ്യമങ്ങളോട് ചോദിപ്പിച്ചതായിരുന്നു സെമി കേഡറിലേക്ക് കോൺഗ്രസ് മാറ്റത്തിന് ഏറ്റവും വലിയ തെളിവ്.

നേതൃത്വം പറഞ്ഞ ഉത്തരവാദിത്തങ്ങൾ നേതാക്കളെല്ലാം പാലിച്ചു. തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ ജനകീയ പരിവേഷമുള്ള നേതാക്കളാരും സംസാരിച്ചില്ല. സീറ്റ് മോഹിച്ചവർ പോലും ഉമാ തോമസിന് വേണ്ടി വോട്ട് തേടി എത്തി. കുടുംബ വാഴ്ചയിലെ ചർച്ചകൾ ഉമാ തോമസിനെതിരെ ഉയർത്തിയാൽ കെവി തോമസിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പും സുധാകരൻ നൽകിയിരുന്നു. ചെറിയാൻ ഫിലിപ്പിനെ കൊണ്ട് സിപിഎമ്മിന്റെ കൂടെ കിടന്നവനേ രാപ്പനി അറിയൂവെന്ന് പറയിപ്പിച്ചതും തന്ത്രങ്ങളുടെ ഭാഗം. അങ്ങനെ ആവനാഴിയിലെ അസ്ത്രമെല്ലാം സുധാകരൻ കൃത്യമായി വിനിയോഗിച്ചു. കാലുവാരി തോൽപ്പിക്കുന്ന കോൺഗ്രസ് ചരിത്രം അങ്ങനെ തൃക്കാക്കരയിൽ നടക്കാതെ പോയി.

കേരളത്തിൽ കോൺഗ്രസ് അസ്തമിച്ചെന്ന് വിമർശിച്ച് നടന്നവർക്കുമുന്നിൽ ഇനി കെ.സുധാകരനും വി.ഡി സതീശനും ജയം നേടി. പാർട്ടിയുടെ സെമികേഡർ പരിവർത്തനത്തിന്റെ ആദ്യ ഫലമായി അവർ തൃക്കാക്കരയെ കാണുന്നു. ഇനി യുഡിഎഫിലും ചോർച്ചയുണ്ടാകില്ല. ഘടക കക്ഷികളിൽ ചിലരെ അടർത്തിയെടുക്കാൻ സിപിഎം രംഗത്തുണ്ട്. തൃക്കാക്കരയിൽ തോറ്റിരുന്നുവെങ്കിൽ പലരും കോൺഗ്രസിനെ ഉപേക്ഷിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അത്രയ്ക്ക് കെട്ടുറപ്പോടെയായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തനം. ജയം മാത്രമാണ് അവർ ആഗ്രഹിച്ചത്. അത് അതിഗംഭീരമാക്കി ഉമാ തോമസിന്റെ ഇടപെടലുകളും.

കെവി തോമസിനെ ഫോണിൽ വിളിച്ച ഉമാ തോമസിന് കിട്ടിയത് മോശം പ്രതികരണമായിരുന്നു. എങ്കിലും തോമസിനെ നേരിട്ട് കണ്ട് വോട്ട് അഭ്യർ്ത്ഥിക്കണമെന്ന് ഉമാ തോമസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനെ സുധാകരൻ അനുകൂലിച്ചില്ല. അങ്ങനെ പാർട്ടി പറഞ്ഞത് അനുസരിച്ച് സ്ഥാനാർത്ഥിയും പ്രവർത്തിച്ചു. പറഞ്ഞിടത്തെല്ലാം പോയി. എൻ എസ് എസ് ആസ്ഥാനത്ത് അടക്കം ഉമാ തോമസ് എത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. വിഡിയും കെ എസും രാഷ്ട്രീയം പറഞ്ഞപ്പോൾ മാന്യമായി പ്രചരണത്തിൽ ഇടപെട്ട് ഉമാ പിടിയെ ചർച്ചയാക്കി. അത് വിജയമായി.

കോൺഗ്രസ് സിപിഎമ്മിനെ പോലെ സെമി കേഡർ സ്വഭാവത്തിലാകണമെന്നായിരുന്നു കെ.സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം ആദ്യം മുന്നോട്ടുവെച്ച നിലപാട്. എതിർപ്പുകളും വിമർശനങ്ങളും കളിയാക്കലുകളും ഏറെയുണ്ടായെങ്കിലും സെമികേഡറിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയായി പാർട്ടിയിൽ സി.യു.സി(കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) മാറി. ഗ്രാമങ്ങളിലടക്കം സി.യു.സിയുടെ ചുവടുപിടിച്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി പരിപാടികളിൽ അണിനിരന്നു. ഇത് കോൺഗ്രസിന് നൽകിയ ആത്മവിശ്വാസവും ഊർജ്ജവും വലുതായിരുന്നു. ഈ കരുതൽ തൃക്കാക്കരയിലും തുണച്ചു. ക.വി തോമസിനെ പോലെ സഭയ്ക്കുള്ളിലും ചില കേന്ദ്രങ്ങളിലും വലിയ സ്വാധീനമുണ്ടായിരുന്ന നേതാവ് കളം മാറിയിട്ടും സെമി കേഡർ തന്ത്രം കോൺഗ്രസിനെ തുണച്ചു.

കെ.വി തോമസിന്റെ സ്വാധീനം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ് കരുതി. പക്ഷെ കോൺഗ്രസ് നേതാക്കളെ പോലും ഞെട്ടിച്ചു കളഞ്ഞു തൃക്കാക്കര വിജയം. സെക്രട്ടേറിയറ്റ് പോലും എറണാകുളത്തേക്ക് മാറ്റിയതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കളുമടക്കം അണിനിരന്നായിരുന്നു എൽ.ഡി.എഫിന്റെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒട്ടും വിട്ടുകൊടുക്കാതെ കോൺഗ്രസും യു.ഡി.എഫും അണി നിരന്നു. യു.ഡി.എഫിൽ ക്യാപ്റ്റനായി വി.ഡി സതീശൻ മാറി. പിന്നണിയിൽ നിന്ന് സുധാകരൻ ഉപദേശകനായി.

കോൺഗ്രസിൽ വി.ഡി സതീശനും കെ.സുധാകരനും ഒരു പ്രത്യേക കോക്കസായി പ്രവർത്തിക്കുന്നുവെന്നുവരെ പാർട്ടിക്കുള്ളിൽ വിമർശനമുയുർന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയിലെ വിജയം വി.ഡി സതീശനും കെ.സുധാകരനും ഒരു പോലെ പ്രധാനപ്പെട്ടതുമായിരുന്നു. കെ.റെയിൽ സമരം കേരളത്തിൽ കത്തിനിൽക്കുമ്പോൾ തൃക്കാക്കരയിലെ വിജയം കോൺഗ്രസിന് അനിവാര്യമായിരുന്നു. കോൺഗ്രസ് ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയാണ് ഇതോടെ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP