Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കേണ്ടത്; സർക്കാർ താൽപ്പര്യത്തിന് വിരുദ്ധമായി കുടുംബാംഗങ്ങൾ കോടതിയിൽ ഹാജരാകുന്നത് ശരിയല്ല; മുഖ്യമന്ത്രി സംരക്ഷിക്കുന്ന എജിക്കെതിരെ വിമർശനവുമായി സുധീരൻ; ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാൻ തന്നെ

സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കേണ്ടത്; സർക്കാർ താൽപ്പര്യത്തിന് വിരുദ്ധമായി കുടുംബാംഗങ്ങൾ കോടതിയിൽ ഹാജരാകുന്നത് ശരിയല്ല; മുഖ്യമന്ത്രി സംരക്ഷിക്കുന്ന എജിക്കെതിരെ വിമർശനവുമായി സുധീരൻ; ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംരക്ഷിക്കുന്ന അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. സംസ്ഥാന സർക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കേണ്ടതെന്നും കുടുംബാങ്ങൾ സർക്കാറിന് എതിരായ കേസുകളിൽ ഹാജരാകുന്നത് ശരിയല്ലെന്നും സുധീരൻ വിമർശിച്ചു. എജിയെ കോടതി വിമർശിച്ചതിൽ തെറ്റില്ല. സർക്കാറിനെതിരായ കേസുകളിൽ എ.ജിയുടെ ബന്ധുക്കൾ എതിർ കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും വി എം. സുധീരൻ പറഞ്ഞു.

കേസിന്റെ പരിഗണനയിൽ ഇല്ലാത്ത വിഷയങ്ങളിൽ ജഡ്ജിമാർ അഭിപ്രായം പറയുന്നത് തെറ്റാണ്. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ സ്വയം തിരുത്തണം. ഔചിത്യം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിമർശങ്ങളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണം. മുഖ്യമന്ത്രിക്കെതിരായ പരാമർശം ഇത്തരത്തിലുള്ളതാണെന്നും സുധീരൻ വ്യക്തമാക്കി.

ബാർ കേസിൽ ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിനെതിരെ വിമർശനം ഉന്നയിച്ച ശേഷമാണ് പരോക്ഷമായി സുധീരൻ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഒരു സംസ്ഥാനത്തിന്റെ നയത്തിന് വിരുദ്ധമായി ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് സുധീരൻ പറഞ്ഞു. എ.ജി ഹാജരായതിന് ഒരു നീതികരണവുമില്ല. എ.ജി ബാറുടമകൾക്ക് വേണ്ടി ഹാജരായി എന്ന് പറഞ്ഞാൽ ആ സ്ഥാനത്തെ അദ്ദേഹം എത്രമാത്രം ചെറുതാക്കി കാണുകയാണ് എന്നത് വ്യക്തമാണെന്നും കൊച്ചിയിൽ ലോയേഴ്‌സ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സുധീരൻ പറഞ്ഞു.

ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കാൻ മനസിൽ ഒരു വാക്ക് വരുന്നുണ്ട്. എന്നാൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം എന്നതിനാൽ ഞാൻ ആ വാക്ക് മനസിൽ മാത്രം നിറുത്തുകയാണ്. ഇത്രമാത്രം ചെറിയ മനസുള്ളവർ ഒരു സംസ്ഥാനത്തിന്റെ നയമത്തിന് വിരുദ്ധമായി ബാറുടമകൾക്ക് വേണ്ടി ഹാജരായത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബാറുടമകൾക്ക് വേണ്ടി ഹാജരാവാൻ അറ്റോർണി ജനറലിന് അനുമതി നൽകിയ കേന്ദ്ര നിയമമന്ത്രിയോട് സഹതാപമുണ്ട്. സുപ്രീംകോടതി ജഡ്ജിമാരെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് അറ്റോർണി ജനറലും ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലും. ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ അവർ തന്നെ സ്വയം പരിശോധിക്കുകയും തിരുത്തുകയും വേണം.

ജുഡീഷ്യറി ആയാലും ഭരണഘടനാ സ്ഥാപനമായാലും ഓചിത്യം കാത്തുസൂക്ഷിക്കണം. സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ അതിനു വേണ്ടി പ്രവർത്തിക്കുമ്പോൾ കുടുംബാംഗങ്ങൾ വിരുദ്ധമായ തലത്തിലേക്ക് പോവാതിരിക്കണമെന്നും സുധീരൻ പറഞ്ഞു. കേസുമായി പുലബന്ധമില്ലാത്ത കാര്യങ്ങളിൽ ജഡ്ജിമാർ അഭിപ്രായ പ്രകടനം നടത്തുന്നത് തെറ്റാണ്. മുഖ്യമന്ത്രിക്കെതിരായി ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശം ഇത്തരത്തിലുള്ളതാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾക്കില്ലെന്നും സുധീരൻ പറഞ്ഞു.

അതേസമയം അഡ്വക്കേറ്റ് ജനറലിനെതിരെ സുധീരൻ വിമർശനുമായി രംഗത്തെത്തിയത് നിരവധി രാഷ്ട്രീയ മാനങ്ങൾക്കും ഇടനൽകുന്നതാണ്. ദണ്ഡപാണിയെ വിമർശിക്കുമ്പോൾ അമ്പുകൊള്ളുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തന്നെയാണ്. കാരണം കോടതിയിൽ നിന്നും അഭിഭാഷകരിൽ നിന്നും രൂക്ഷമായ വിമർശനം നേരിടുമ്പോൾ തന്നെ ദണ്ഡപാണിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസിൽ തന്നെ കടുത്ത എതിർപ്പ് ഉയരുന്നുണ്ട. ഭരണത്തിൽ അടക്കം പല കാര്യങ്ങളും കെപിസിസി നേതൃത്വവുമായി ആലോചിക്കാൻ ഉമ്മൻ ചാണ്ടി ഇപ്പോഴും വൈമനസ്യം കാണിക്കുന്നുണ്ട്. ഭൂപതിപ്പു ഭേദഗതിയെ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത് പാർട്ടി അറിയാതെയിരുന്നു. മാദ്ധ്യമങ്ങളിൽ ഇത് വാർത്തയായതോടെ സുധീകൻ കർശന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.

മുഖ്യമന്ത്രിയുമായി ഇടഞ്ഞുനിന്നിരുന്ന സുധീരൻ അത് അവസാനിപ്പിച്ച് സന്ധിയിലായിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് അതെന്നാണു പ്രചരിച്ചത്. കോടതിയിൽ നിന്നും നിരന്തരമായി വിമർശനം നേരിടുന്ന മുഖ്യമന്ത്രി പാർട്ടിയെയും അപകീർത്തിപ്പെടുന്നുവെന്ന വിലയിരുത്തൽ പൊതുവിലുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റും ദണ്ഡപാണിയെ ആക്രമിച്ചതിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതും. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ യുഡിഎഫിന് കാര്യങ്ങൾ അനുകൂലമാക്കാൻ നേതൃമാറ്റ ആവശ്യം ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. ഡൽഹിയിൽ എത്തി രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കണ്ടപ്പോൾ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെ ഉമ്മൻ ചാണ്ടി മാറിയാൽ ചെന്നിത്തലയല്ല, തന്നെയും പരിഗണിക്കണമെന്ന ആവശ്യമാണ് സുധീരൻ പറയാതെ പറയുന്നതെന്നാണ് പൊതു വിലയിരുത്തൽ.

ബാർ വിഷയത്തിൽ അടക്കം ഇടഞ്ഞുനിന്ന സുധീരനെയും ഉമ്മൻ ചാണ്ടിയെയും പരസ്പ്പരം ഒരുമിപ്പിച്ചത് ഹൈക്കമാൻഡ് ഇടപെട്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിച്ചാൽ അതൊരു വലിയ ശക്തിയായി മാറാമെന്ന കണക്കുകൂട്ടലായിരുന്നു കാരണം. പാർട്ടിക്കും കേരളത്തിനും നന്നെങ്കിൽ എന്ന ഉപാധിയോടെ ഒന്നിക്കാൻ സുധീരനും യോജിപ്പായിരുന്നു. എന്നാൽ, ഈ ഒത്തുതീർപ്പ് അധികകാലം നീണ്ടേക്കില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP