Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഗിയും ബിജെപിയും കോൺഫിഡന്റ്; മായാവതി ഒളിച്ചു കളി തുടരുന്നു; അട്ടിമറിക്കാൻ ആപ്പിനെ കൂട്ടാൻ അഖിലേഷ്; വിശാല സഖ്യത്തിലൂടെ കോൺഗ്രസിനെ അടക്കം ഒപ്പം നിർത്തി ഹിന്ദി ഹൃദയ ഭൂമിയെ പിടിക്കാൻ പവാറും എത്തിയേക്കും; യുപിയിൽ എല്ലാ കണ്ണുകളും പ്രശാന്ത് കിഷോറിൽ

യോഗിയും ബിജെപിയും കോൺഫിഡന്റ്; മായാവതി ഒളിച്ചു കളി തുടരുന്നു; അട്ടിമറിക്കാൻ ആപ്പിനെ കൂട്ടാൻ അഖിലേഷ്; വിശാല സഖ്യത്തിലൂടെ കോൺഗ്രസിനെ അടക്കം ഒപ്പം നിർത്തി ഹിന്ദി ഹൃദയ ഭൂമിയെ പിടിക്കാൻ പവാറും എത്തിയേക്കും; യുപിയിൽ എല്ലാ കണ്ണുകളും പ്രശാന്ത് കിഷോറിൽ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടിയ ചരിത്രവിജയം ഉത്തർപ്രദേശിൽ പുതിയ സഖ്യങ്ങൾക്ക് വഴി തുറക്കുന്നു. 75 ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകി ബിജെപി വന്മുന്നേറ്റമാണ് നടത്തിയത്. എന്നാൽ ബിജെപി ഭരണ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

കഴിഞ്ഞതവണ ബിജെപിയ്‌ക്കെതിരെ എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസും സഖ്യമായിട്ടാണ് മൽസരിച്ചതെങ്കിലും വലിയ പരാജയമായിരുന്നു അവർക്ക് സംഭവിച്ചത്. കോൺഗ്രസായിരുന്നു മഹാസഖ്യത്തിന് ഇടനിലക്കാരായത്. എന്നാൽ ആജന്മശത്രുക്കൾ കൈകോർത്തത് പരമ്പരാഗത വോട്ടുകൾ ചോർന്നുപോകുന്നതിന് ഇടയാക്കിയെന്ന് എസ്‌പിയും ബിഎസ്‌പിയും ഇപ്പോൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഇത്തവണ എസ്‌പിയും ബിഎസ്‌പിയും കൈകോർക്കാൻ ഇടയില്ല. സഖ്യമുണ്ടാക്കാൻ സ്വധീനമുള്ള ചെറു പാർട്ടികളെ അന്വേഷിക്കുകയാണ് ഇരുപാർട്ടികളും.

ബിജെപി.ക്ക് ബദലായി ദേശീയതലത്തിൽ രൂപമെടുക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ പരീക്ഷണശാലയാവും ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. കൂട്ടായ്മക്ക് രൂപമായില്ലെങ്കിലും ശരദ് പവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ നീക്കങ്ങളിൽ കോൺഗ്രസിന് പ്രമുഖ പങ്കുണ്ടായിരിക്കണമെന്ന ആവശ്യം വിവിധ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയിലാണ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയം കാണുന്നത്. അതിനാൽ അതിനുമുമ്പ് പ്രതിപക്ഷ നിരയിൽ കൂട്ടായ്മ രൂപപ്പെടുത്താനാണ് ആലോചന. ശരദ് പവാർ, യശ്വന്ത് സിൻഹ, രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എന്നിവരുടെ കൂടിയാലോചനയിലാണ് കൂട്ടായ്മ രൂപപ്പെടുന്നത്. യശ്വന്ത് സിൻഹ മൂന്നുവർഷം മുമ്പ് രൂപംകൊടുത്ത രാഷ്ട്രീയ മഞ്ചിന്റെ പേരിൽ ഡൽഹിയിൽ കഴിഞ്ഞദിവസം വിളിച്ച യോഗമായിരുന്നു ആദ്യ പടി.

കൂട്ടായ്മക്ക് വ്യക്തമായ രൂപമായാൽ ആറ് സംസ്ഥാനങ്ങളിൽ പ്രതിപക്ഷനിരയിലെ ദേശീയ നേതാക്കൾ പ്രചാരണത്തിനിറങ്ങും. യു.പി.യിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആർ.എൽ.ഡി. നേതാവ് ജയന്ത് ചൗധരിയും തമ്മിലുണ്ടാക്കിയിരിക്കുന്ന സഖ്യം ഈ പശ്ചാത്തലത്തിൽ വിപുലീകരിക്കാൻ സാധ്യതയുണ്ട്.

ഇതിനിടെ എസ്‌പി ആം ആദ്മി പാർട്ടിയോട് സഖ്യംചേരുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ലൗഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തിയത് അതിന്റെ ഭാഗമാണെന്ന് കരുതുന്നവരുണ്ട്. ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടിയുടെ ചുമതല വഹിക്കുന്ന നേതാവ് കൂടിയാണ് സഞ്ജയ് സിങ്. എന്നാൽ വെറും ഔപചാരികമായ സന്ദർശനം മാത്രമായയിരുന്നുവെന്നാണ് കൂടിക്കാഴ്ചയെ സഞ്ജയ് സിങ് വിശേഷിപ്പിച്ചത്. എന്നാൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പറ്റി ഇരു പാർട്ടികളും ഒരേ അഭിപ്രായമാണ് പങ്കുവച്ചതെന്നത് ശ്രദ്ധേയമാണ്. അയോധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടിലെ ക്രമക്കേട് സംബന്ധിച്ച് ആം ആദ്മി പാർട്ടിയും എസ്‌പിയും ഒരുമിച്ചാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതും.

യു.പി.യിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും യോജിച്ചാണ് 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഇരുപാർട്ടികൾക്കും നഷ്ടം പറ്റി. ബിജെപി. വൻനേട്ടമുണ്ടാക്കി. 2019 ൽ എസ്‌പി.യും ബി.എസ്‌പി.യും ആർ.എൽ.ഡി.യും യോജിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും ഫലം മാറിയില്ല. 1993 ൽ കൻഷിറാമും മുലായം സിങ് യാദവും കൈകോർത്ത് തിരഞ്ഞെടുപ്പിനെ നേരിടുകയും ബിജെപി.യെ തടഞ്ഞുനിർത്തുകയും ചെയ്തതിന് സമാനമായ രാഷ്ട്രീയ സഖ്യങ്ങൾ ഇനി യു.പി.യിൽ രൂപപ്പെടുക പ്രയാസമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.  എങ്കിലും കർഷകസമരവും കോവിഡും ഗംഗാനദിയിലെ മൃതദേഹങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ തുണയ്ക്കുമെന്നാണ് പ്രതിപക്ഷ ക്യാമ്പിന്റെ കണക്കുകൂട്ടൽ.

എന്നാൽ ഈ വിഷയങ്ങളൊക്കെ മറികടക്കാൻ സാധിച്ചെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. അതിന്റെ ഫലമാണ് ജില്ലാ പഞ്ചായത്ത് ചെയർമാന്മാരുടെ തെരഞ്ഞെടുപ്പെന്ന് അവർ കണക്കാക്കുന്നു. പാർട്ടിക്കുള്ളിൽ യോഗിയ്‌ക്കെതിരെ നടക്കുന്ന പടയൊരുക്കമാണ് ബിജെപിയുടെ തലവേദന. എന്നാൽ ആർഎസ്എസ് ദേശീയനേതൃത്വത്തിന്റെ ശക്തമായ പിന്തുണ യോഗിക്കുണ്ട്. കഴിഞ്ഞ തവണത്തെപോലെ ഒറ്റയ്ക്ക് മൽസരിക്കാനാണ് ഇത്തവണയും ബിജെപിയുടെ താൽപര്യം.

സംഘടനാ ദൗർബല്യമാണ് ബിഎസ്‌പിയുടെ മുന്നിലെ വെല്ലുവിളി. ബി.എസ്‌പി. ക്ഷീണിക്കുകയും ആഭ്യന്തര പ്രശ്‌നങ്ങളിൽ പെട്ട് ഉലയുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ഇനിയൊരിക്കൽ കൂടി മുഖ്യമന്ത്രിയാകാനാകുമോ എന്നത് മായാവതിക്ക് മുന്നിലൊരു ചോദ്യചിഹ്നമാണ്. അതുകൊണ്ടുതന്നെ പാർട്ടിയെ ആഭ്യന്തരമായി ശക്തിപ്പെടുത്താനാണ് മായാവതിയുടെ ശ്രമം. ആരുമായും സഖ്യമില്ലെന്ന് മായാവതി വ്യക്തമാക്കിയിട്ടുണ്ട്. സഖ്യസാധ്യതകളെക്കുറിച്ച് കോൺഗ്രസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ച് ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായം കോൺഗ്രസിനുള്ളിലുണ്ട്. സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കണമെന്നും പാർട്ടിയിൽ ചിലർ വാദിക്കുന്നു. എസ്‌പി സഖ്യത്തിലേയ്ക്ക് കോൺഗ്രസ് കൂടി എത്തിയാൽ ബദ്ധവൈരികളായ എഎപിയും കോൺഗ്രസും രാജ്യത്താദ്യമായി ഒരു മുന്നണിയിലെത്തുന്ന എന്ന പ്രത്യേകതയും ഉണ്ടാകും. മുമ്പ് ഡൽഹിയിൽ എഎപി സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവർ ഒരു സഖ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP