Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

യുഡിഎഫിന്റെ ശബരിമല കരടിലെ രണ്ടു വർഷം തടവ് നിർദേശത്തോട് എതിർപ്പ് ശക്തം; കരട് നിയമത്തെ പിന്തുണച്ച് പന്തളം രാജകുടുംബവും; തന്ത്രി കുടുംബത്തിന് കൂടുതൽ അധികാരം കിട്ടുന്നതിൽ തന്ത്രികുടുംബവും ഹാപ്പി; ഇരുതല മൂർച്ചയുള്ള വിഷയമായതുകൊണ്ട് യുഡിഎഫ് നീക്കത്തിൽ കരുതലോടെ ഇടതു മുന്നണിയും

യുഡിഎഫിന്റെ ശബരിമല കരടിലെ രണ്ടു വർഷം തടവ് നിർദേശത്തോട് എതിർപ്പ് ശക്തം; കരട് നിയമത്തെ പിന്തുണച്ച് പന്തളം രാജകുടുംബവും; തന്ത്രി കുടുംബത്തിന് കൂടുതൽ അധികാരം കിട്ടുന്നതിൽ തന്ത്രികുടുംബവും ഹാപ്പി; ഇരുതല മൂർച്ചയുള്ള വിഷയമായതുകൊണ്ട് യുഡിഎഫ് നീക്കത്തിൽ കരുതലോടെ ഇടതു മുന്നണിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിന്റെ ശബരിമല കരടു നിയമം കേരളത്തിൽ ശബരിമല യുവതീ പ്രവേശന വിഷയം സജീവ ചർച്ചയാക്കുകയാണ്. ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം ഇരുതല മൂർച്ചയുള്ള വാളായി കണക്കാക്കുന്ന വിഷയം തന്ത്രപൂർവ്വമായി തന്നെയാണ് യുഡിഎഫ് വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാക്കിയത്. അതേസമയം ലോക്‌സഭയിൽ തിരിച്ചടിയേറ്റ ശബരിമല വിഷയം വീണ്ടും ചർച്ചയാകുന്നതിലെ ക്ഷീണം ഇടതു മുന്നണിയും തിരിച്ചറിയുന്നുണ്ട്.

അതേസമയം യുഡിഎഫ് പുറത്തിറക്കിയ കരടിൽ ആചാരം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവ് നൽകണമെന്ന നിർദേശത്തോട് എതിർപ്പും ശക്തമാണ്. ആചാര ലംഘനം എന്നത് യുവതി പ്രവേശത്തിന് മാത്രമാകില്ല. ശബരിമലയിലെ പല കാര്യങ്ങളും ആചാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ട് ആചാരലംഘിച്ചാൽ തടവനെന്ന നിർദ്ദേശം അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും സൈബർലോകത്ത് അടക്കം ചൂണ്ടിക്കാട്ടുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിന് അടക്കം നേതൃത്വം കൊടുത്ത പ്രസ്താനമായ കോൺഗ്രസിൽ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് കരുതുന്നവരും ഏറെയാണ്.

അതേസമയം ശബരിമല രാഷ്ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യാവാങ്ങ്മൂലം മാറ്റാൻ തയാറാകാത്തതാണ് നിലവിലെ വിഷയം. വിശ്വസികൾക്കൊപ്പമാണ് സർക്കാരെങ്കിൽ ആ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് രംഗത്ത് ശബരിമല സ്ത്രീ പ്രവേശനം സജീവ ചർച്ചയാവുകയാണ്. വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. പുറത്തിറക്കിയ ശബരിമല കരട് നിയമത്തിൽ പോരായ്മകളുണ്ടെങ്കിൽ ജനങ്ങൾക്ക് അറിയിക്കാൻ അവസരമുണ്ടാക്കുമെന്ന് കെ സുധാകരൻ എംപി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ശബരിമല രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയെങ്കിലും, യുഡിഎഫ് നിർണായക പ്രചാരണ വിഷയമായി സ്ത്രീപ്രവേശനത്തെ മാറ്റുകയാണ്.

അതിനിടെ വിഷയം പൊതുസമൂഹത്തിൽ വീണ്ടും സജീവ ചർച്ചയായി നിലനിൽക്കുന്നത് ഗുണകരമാണെന്നാണ് യുഡിഎഫിൽ ഉയരുന്ന അഭിപ്രായം. യുഡിഎഫിന്റെ ശബരിമല കുടുക്കിൽ വിഴരുതെന്ന് കഴിഞ്ഞ എൽഡിഎഫ് യോഗത്തിലും അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഇന്നലെ, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും കോടതി തീരുമാനം വരുന്നതിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും പറയേണ്ടിവന്നു. ഇതിന് പുറമെ മുഖ്യമന്ത്രി ഈ വിഷയത്തിൽ കുറേക്കൂടി വ്യക്തമായ നിലപാട് പറഞ്ഞു.

കോടതി തീരുമാനം വരുന്നതിനനുസരിച്ച് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ കൂടിയാലോചന എന്നത് ഇടതുപക്ഷമോ മുഖ്യമന്ത്രിയോ ഇതുവരെ പറയാതിരുന്ന നിലപാടാണ്. ഇപ്പോൾ, ശബരിമല വിഷയം ഒരു പടികൂടി കടന്ന്, യുഡിഎഫ് ഒരു കരട് നിയമം പുറത്തിറക്കിയതോടെ പുതിയൊരു മാനം വിഷയത്തിൽ കൈവന്നിരിക്കുകയാണ്. മുൻ ഡയറട്ര് ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസിഫലിയെക്കൊണ്ട് നിയമത്തിന് ഒരു കരട് തയ്യാറാക്കി നിയമസഭ തിരഞ്ഞെടുപ്പിന് ഇത് തുറുപ്പ് ചീട്ടാക്കി മാറ്റാനും യുഡിഎഫ് തീരുമാനിച്ച് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അധികാരം ലഭിച്ചാൽ നടപ്പിലാക്കുന്ന കരട് നിയമം ഉൾപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സൂചന നൽകി.

അതിനിടെ യുഡിഎഫിന്റെ കരട് നിയമത്തെ പിന്തുണച്ച് പന്തളം കൊട്ടാരത്തിലെ ശശികുമാര വർമ്മയും രംഗത്തെത്തിയതോടെ, യുഡിഎഫ് പ്രചാരണത്തിന് കൂടുതൽ മുൻതൂക്കം ലഭിച്ചു. പക്ഷേ, ശബരിമല വിഷയം ഇടതു പക്ഷത്തെ സംബന്ധിച്ച് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരുന്നത്. ഇതിന് പുറമെ ശബരിമല സ്ത്രീ പ്രവേശനം എന്നത് ഒരു നിലപാടും കാഴ്ചപ്പാടുമായി അവതരിപ്പിക്കാനും ഇടതുപക്ഷം അക്കാലത്ത് ശക്തമായി ശ്രമിച്ചിരുന്നു. ശബരിമല പ്രചരണായുധമാവുമ്പോൾ, വനിതാമതിലും അന്ന് രൂപീകരിച്ച നവോത്ഥാന സമിതികളും ചർച്ചയാവും.

പ്രത്യേകിച്ച് വനിതാമതിലിന്റെ രാഷ്ട്രീയ-സമൂഹിക പശ്ചാത്തലം വിശദീകരിക്കാൻ ഇടതുപക്ഷവും ഒപ്പം മുന്നണിയിലെ ഒന്നാമനെന്ന നിലയിലും സിപിഎം ഏറെ വിയർപ്പൊഴുക്കേണ്ടിവരുന്നു. അതിന്റെ ലക്ഷണമാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണത്തിൽ കാണുന്നത്. സർക്കാരിന് നിയമപ്രകാരമേ പ്രവർത്തിക്കാൻ കഴിയൂ എന്നും ജനങ്ങളെ പറ്റിക്കാനും അതിലൂടെ ഉപജീവനം നടത്താനുമാണ് യുഡിഎഫ് ശ്രമിക്കന്നതെന്നുമാണ് പാർട്ടി സെക്രട്ടറി ഈ വിഷയത്തെ പ്രതിരോധിക്കുന്നത്. കോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ എങ്ങനെയാണ് നിയമം നിർമ്മിക്കുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങളിലൂടെ പ്രതിരോധിച്ച്് നിൽക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല.

ഇതിനിടെ ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, ശബരിമല ബിജെപിക്ക് വെറും രാഷ്ട്രീയ പ്രശ്നമല്ലെന്നും വിശ്വാസപരമായ ജീവൽപ്രശ്നമാണെന്നും സൂചന നൽകുന്നു. ഒപ്പം ബിജെപി വിയർപ്പൊഴുക്കിയ ഉയർത്തിക്കൊണ്ട് വന്ന വിഷയം യുഡിഎഫ് കൈയേറുന്നതും മേൽക്കോയ്മ നേടുന്നതും അവരെ പ്രകോപിപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP