Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ക്രൈസ്തവ ആശങ്ക പരിഹരിക്കാൻ താരിഖ് അൻവർ നേരിട്ടെത്തിയത് സോണിയ ഗാന്ധിയുടെ നിർദേശത്താൽ; പൊതുജനങ്ങളുടെ പൾസറിയുന്ന ജോൺ സാമുവലിന് അജണ്ട നിശ്ചയിക്കുന്ന ചുമതല നൽകിയും കളംപിടിക്കൽ; ഗ്രൂപ്പു മാനേജർമാരെ വരുതിയിലാക്കി യോഗ്യത മാനദണ്ഡമാക്കി സ്ഥാനാർത്ഥികളും എത്തിയാൽ കോൺഗ്രസിന് പ്രതീക്ഷയേറെ

ക്രൈസ്തവ ആശങ്ക പരിഹരിക്കാൻ താരിഖ് അൻവർ നേരിട്ടെത്തിയത് സോണിയ ഗാന്ധിയുടെ നിർദേശത്താൽ; പൊതുജനങ്ങളുടെ പൾസറിയുന്ന ജോൺ സാമുവലിന് അജണ്ട നിശ്ചയിക്കുന്ന ചുമതല നൽകിയും കളംപിടിക്കൽ; ഗ്രൂപ്പു മാനേജർമാരെ വരുതിയിലാക്കി യോഗ്യത മാനദണ്ഡമാക്കി സ്ഥാനാർത്ഥികളും എത്തിയാൽ കോൺഗ്രസിന് പ്രതീക്ഷയേറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം വിട്ടുപോയ ക്രൈസ്തവ വിഭാഗങ്ങളെ ചേർത്തു നിർത്താനുള്ള വലിയ പരിശ്രമത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി സഭാ നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ ശൈലി തുടരാനാണ് നീക്കം. ഇത്തരമൊരു നീക്കം താരിഖ് അൻവർ നടത്തുന്നത് സോണിയ ഗാന്ധിയുടെ അഭിപ്രായം അനുസരിച്ചാണെന്നാണ് പുറത്തുവരുന്ന വിവരം.

വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി താരിഖ് അൻവർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടമായ ക്രൈസ്തവ വോട്ടുകൾ തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ടാണ് ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി എഐസിസി സംഘം കൂടിക്കാഴ്ച നടത്തിയത്. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയുമായുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. മാർത്തോമ സഭാ ബിഷപ്പിനെയും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

സൗഹൃദ സന്ദർശനം മാത്രമാണെന്ന് താരിഖ് അൻവർ വ്യക്തമാക്കിയെങ്കിലും പൊതുരാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. എഐസിസി സെക്രട്ടറി ഇവാൻ ഡിസൂസ, ആന്റോ ആന്റണി എംപി തുടങ്ങിയവരും താരിഖ് അൻവറിനൊപ്പമുണ്ടായിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കുന്ന എന്ന ശ്രമകരമായ ദൗത്യമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്.

യൂത്ത് കോൺഗ്രസ്, കെ.എസ്.യു അടക്കമുള്ള പോഷക സഘടനാ പ്രതിനിധികളുമായുള്ള എഐസിസി ചർച്ചകളും സമാന്തരമായി പുരോഗമിക്കുകയാണ്. 50 ശതമാനത്തോളം പ്രാതിനിധ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ വേണമെന്നും സ്ഥിരം മുഖങ്ങൾ മാറിനിൽക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് നിലപാട്. മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ഒന്നിച്ച് യോഗം വിളിക്കണമെന്ന ആവശ്യം കെ.എസ്.യു മുന്നോട്ടുവെച്ചു. സിപിഎമ്മും ബിജെപിയും നൽകുന്നതിന് സമാനമായി വനിതകൾക്ക് പ്രതിനിധ്യം കോൺഗ്രസും നൽകണമെന്ന് മഹിളാ കോൺഗ്രസും എഐസിസിക്ക് മുന്നിൽ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങൾ സംബന്ധിച്ച് എഐസിസി സംഘം ഉടൻ തന്നെ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.

അതേസമയം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു അജണ്ട നിശ്ചയിക്കുന്ന ജോൺ സാമുവൽ എന്ന ജെഎസ് അടൂരിനെ നിയമിച്ചതും സുപ്രധാന നീക്കമാണ്. തെരഞ്ഞെടുപ്പിൽ എങ്ങനെ നീങ്ങണം എന്ന തന്ത്രം മെനയുക ഇനി പൊതുജനങ്ങളുടെ പൾസ് അറിയുന്ന ജോൺ സാമുവലാകും. സാമുവലിനെ നിയമിച്ചത് സുപ്രധാന നീക്കമായി പൊതുവേ വിലയിരുത്തപ്പെടുന്നു.

സ്ഥാനാർത്ഥി നിർണയമാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും വലിയ പ്രശ്‌നമുണ്ടാക്കുന്ന കാര്യം. ഇതിനും ഇക്കുറി പരിഹാരമുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. നിയമസഭാ സ്ഥാനാർത്ഥി നിർണയം പൂർണമായും യോഗ്യതയുടെയും പൊതു സ്വീകാര്യതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കുമെന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് എഐസിസി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പുകളുടെ കുത്തിത്തിരിപ്പ് ഇക്കാര്യത്തിൽ പരിഗണിക്കില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഗ്രൂപ്പുകൾ മറ്റെല്ലാം മാറ്റിവച്ചു വിജയത്തിനായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടുതൽ ഐക്യത്തോടെ പാർട്ടി നയിക്കണമെന്ന ധാരണ ഉരുത്തിരിഞ്ഞു. ഉമ്മൻ ചാണ്ടി ഏതു പദവിയിലേക്കു വരുന്നതിലും സന്തോഷമേയുള്ളൂ എന്ന ചെന്നിത്തലയുടെ പ്രതികരണം കോൺഗ്രസ് യോജിച്ചു നിൽക്കുമെന്ന സൂചന നൽകി.

ഓരോ നിയമസഭാ മണ്ഡലത്തിലും വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥാനാർത്ഥിയെ നിശ്ചയിക്കണമെന്ന നിലപാടാണ് എഐസിസി പ്രതിനിധികൾ പ്രകടിപ്പിച്ചത്. മൊത്തം സ്ഥാനാർത്ഥിപ്പട്ടിക കണക്കിലെടുക്കുമ്പോൾ ഗ്രൂപ്പ് അനുപാതം പാലിക്കുന്നതിനു വിരോധമില്ല. എന്നാൽ ഈ സീറ്റ് ഈ ഗ്രൂപ്പിന് എന്ന വാശി അനുവദിക്കില്ല. സംഘടനയെ കുലുക്കിയുണർത്തുക എന്ന ദൗത്യം ആദ്യഘട്ടത്തിൽ നിറവേറ്റാനാണ് എഐസിസി സംഘത്തിന്റെ ശ്രമം. ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ഡിസിസി തലത്തിൽ മാറ്റങ്ങൾ വേണ്ടി വരും. എല്ലാ തലങ്ങളിലും യോഗങ്ങൾ വിളിച്ചു തുറന്ന ചർച്ച നടത്തി, അനുബന്ധമായി ഒച്ചപ്പാടില്ലാതെ മാറ്റങ്ങൾ നടപ്പാക്കാനാണു ധാരണ.

കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോയ പഞ്ചായത്തുകളിൽ കമ്മിറ്റികൾ ഉടച്ചു വാർക്കും. തന്റെ കീഴിലുള്ള 3 വാർഡ് എങ്കിലും ജയിപ്പിക്കാൻ കഴിയാതിരുന്ന മണ്ഡലം പ്രസിഡന്റുമാരെ മാറ്റും. പോഷക സംഘടനകൾ, സെല്ലുകൾ, ഡിപ്പാർട്‌മെന്റുകൾ എന്നിവയുടെ ഭാരവാഹികളുമായി ഇന്നലെ എഐസിസി സംഘം കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥി നിർണ്ണയം വിജയകരമായാൽ യുഡിഎഫിന് വിജയിച്ചു കയറാമെന്നാണ് കോൺഗ്രസിന്റെ കണക്കൂ കൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP