Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയിക്കണമെങ്കിൽ പിറവത്തു ഡെയ്‌സിയെ മത്സരിപ്പിക്കണമെന്നു യുഡിഎഫ് നേതൃത്വം; മത്സരിക്കണമെന്ന വാശിയിൽ മകൻ മന്ത്രി; സീറ്റില്ലെന്ന് ഉറപ്പായതോടെ ഫ്രാൻസിസ് ജോർജിനൊപ്പം ചേരാൻ ശ്രമിച്ച് ജോണി നെല്ലൂർ; മറ്റൊരു കേരളാ കോൺഗ്രസ് കൂടി അന്യം നിൽക്കുന്നത് ഇങ്ങനെ

ജയിക്കണമെങ്കിൽ പിറവത്തു ഡെയ്‌സിയെ മത്സരിപ്പിക്കണമെന്നു യുഡിഎഫ് നേതൃത്വം; മത്സരിക്കണമെന്ന വാശിയിൽ മകൻ മന്ത്രി; സീറ്റില്ലെന്ന് ഉറപ്പായതോടെ ഫ്രാൻസിസ് ജോർജിനൊപ്പം ചേരാൻ ശ്രമിച്ച് ജോണി നെല്ലൂർ; മറ്റൊരു കേരളാ കോൺഗ്രസ് കൂടി അന്യം നിൽക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2011ലെ തെരഞ്ഞെടുപ്പിൽ ശ്വാസമിടിപ്പോടെയാണ് പിറവത്തെ വോട്ടെണ്ണലിനെ ഏവരും വീക്ഷിച്ചത്. ഒടുവിൽ നേരിയ ഭൂരിപക്ഷത്തിന് ടിഎം ജേക്കബ് എന്ന കേരളാ കോൺഗ്രസുകാരൻ ജയിച്ചു കയറി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജേക്കബിന് കിട്ടി. കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായ ജേക്കബിന്റെ പ്രതീക്ഷിത വിയോഗത്തോടെ കേരളാ കോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുടെ മുഖം തന്നെ നഷ്ടമായി. ഉപതെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബിനെ ജയിപ്പിച്ച് മന്ത്രിയാക്കിയ യുഡിഎഫിന് ഈ പാർട്ടിയുടെ കരുത്ത് ചോർന്നത് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണ ഈ പാർട്ടിക്ക് ഒറ്റ സീറ്റ് നൽകിയാൽ മതിയെന്ന തീരുമാനം എടുത്തതും.

ടിഎം ജേക്കബ് ജീവിച്ചിരുന്നപ്പോൾ പാർട്ടിക്ക് പ്രസക്തിയുണ്ടായിരുന്നു. യാക്കോബായക്കാരുടെ പാർട്ടിയെ നയിക്കുന്ന ജോണി നെല്ലൂരിനോ മന്ത്രി അനൂപ് ജേക്കബിനോ വലിയ സ്വാധീനം ഉണ്ടാക്കാനായില്ല. പാർട്ടിയുടെ സിറ്റിങ് സീറ്റായ പിറവത്ത് പോലും അനൂപ് ജേക്കബ് ജയിക്കുമെന്ന് യുഡിഎഫ് കരുതുന്നില്ല. ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് കരുതുന്നു. എന്നാൽ മകൻ അനൂപ് ജേക്കബ് വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. പിറവത്ത് മത്സരിച്ചേ മതിയാകൂവെന്ന നിർബന്ധത്തിലും. അതുകൊണ്ട് തന്നെ മകനെ പിണക്കാതിരിക്കാൻ മത്സരത്തിനില്ലെന്ന് ഡെയ്‌സി ജേക്കബ് ഉറച്ച നിലപാടും എടുത്തു. ഇതോടെ കേരളാ കോൺഗ്രസ ജേക്കബ് എന്ന പാർട്ടി തന്നെ അപ്രത്യക്ഷമാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. അതിന് ആക്കം കൂട്ടാനാണ് ജോണി നെല്ലൂരിനെ യുഡിഎഫിൽ നിന്ന് അകറ്റുന്നതും.

പിറവത്തും അങ്കമാലിയും തരൂരുമാണ് കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ജേക്കബ് മത്സരിച്ചത്. ഇതിൽ അങ്കമാലിയിലെ തോൽവി നേരിയ ഭൂരിപക്ഷത്തിനായിരുന്നു. ഇത്തവണ ജയിക്കാനായി ജോണി നെല്ലൂർ ആഞ്ഞു പിടിക്കുകയും ചെയ്തു. അതിനായി അങ്കമാലിയിൽ സജീവവുമായി. മൂവാറ്റുപുഴയിൽ നിന്ന് എംഎൽഎ ആയിരുന്ന ജോണി നെല്ലൂർ വിട്ടുവീഴ്ചയുടെ ഭാഗമായാണ് ഈ സീറ്റ് കോൺഗ്രസിന് നൽകിയത്. ഈ സ്‌നേഹം പോലും ഇത്തവണ ജോണി നെല്ലൂരിനോട് കോൺഗ്രസ് കാണിക്കുന്നില്ല. ഇതിന് പിന്നിൽ തന്നെ ഒഴിവാക്കാനുള്ള അനൂപ് ജേക്കബിന്റെ നീക്കമുണ്ടെന്നും ജോണി നെല്ലുർ കരുതുന്നു. രണ്ട് സീറ്റുകൾ കോൺഗ്രസിൽ നിന്ന് വാങ്ങി ഡെയ്‌സി ജേക്കബിനും അനൂപിനും മത്സരിക്കാനാണ് കള്ളക്കളികളെന്നാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തൽ.

അതുകൊണ്ട് തന്നെയാണ് അങ്കമാലി കിട്ടില്ലെന്ന് ഉറപ്പായ ജോണി നെല്ലൂർ മറ്റ് വഴികൾ തേടുന്നത്. ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിലേക്കാണ് കണ്ണ്. അവിടെ പോയാലും അങ്കമാലിയിൽ മത്സരിക്കാൻ കഴിയില്ല. ഫ്രാൻസിസ് ജോർജിനും പിസി ജോസഫിനും കെസി ജോസഫിനും മാത്രമേ ഇടതുപക്ഷം ഉറപ്പായും സീറ്റ് നൽകൂ. ആന്റണിരാജുവിന് പോലും ഉറപ്പില്ല. അതിനാൽ കരുതലോടെ നീങ്ങാനാണ് ജോണി നെല്ലുരിന്റെ തീരുമാനം. എല്ലാവരും തഴഞ്ഞാൽ അങ്കമാലിയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് പോലും പദ്ധതിയിലുണ്ട്. ബിജെപി പിന്തുണ ഉറപ്പാക്കാനും ശ്രമിക്കും. ഫലത്തിൽ കേരളാ കോൺഗ്രസ് ജേക്കബിന്റേയും അന്ത്യത്തിലേക്ക് കാര്യങ്ങളെത്തും. അതു മനസ്സിലാക്കിയാണ് പിറവത്ത് ഡെയ്‌സിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ജേക്കബിനോട് അടുപ്പമുള്ളവർ ഉയർത്തുന്നത്. എന്നാൽ മകനെ പിണക്കാനില്ലെന്നും മത്സരിക്കില്ലെന്നും ഡെയ്‌സി ജേക്കബ് വ്യക്തമാക്കിയിട്ടുമുണ്ട്.

ഇത്തവണ ഒരു സീറ്റ് മാത്രമാണ് കിട്ടുന്നതെങ്കിൽ അനൂപ് ജേക്കബ് പിറവത്ത് മത്സരിക്കും. അങ്ങനെ വന്നാൽ തോൽവി ഉറപ്പാണെന്ന് പൊതുവേ വിലയിരുത്തലുണ്ട്. അനൂപ് തോറ്റാൽ അടുത്ത തെരഞ്ഞെടുപ്പിൽ പിറവവും കോൺഗ്രസ് ഏറ്റെടുക്കും. ഇതിന് വേണ്ടിയാണ് കേരളാ കോൺഗ്രസ് ജേക്കബിന്റെ ഒറ്റ സീറ്റിലേക്ക് ഒതുക്കുന്നത്. ഡെയ്‌സി ജേക്കബ് മത്സരിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ജോണി നെല്ലൂരിനെ തഴയാനുള്ള കോൺഗ്രസ് തീരുമാനം. 2021ൽ പിറവത്ത് സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തന്ത്രമാണ് അണിയറയിൽ ഒരുക്കുന്നത്. ടിഎം ജേക്കബിന്റെ മരണത്തോടെ ഇനിയൊരു തിരിച്ചിവരവിന് കേരളാ കോൺഗ്രസ് ജേക്കബിന് ത്രാണിയില്ലെന്ന വിലയിരുത്തലിൽ കൂടിയാണ് ഇത്. യാക്കോബായക്കാർക്കിടയിൽ പോലും അനൂപ് ജേക്കബിന് സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അടുത്ത തെരഞ്ഞെടുപ്പോടെ കേരളാ കോൺഗ്രസ് ജേക്കബ് അപ്രത്യക്ഷമാകുമെന്ന കോൺഗ്രസിന്റെ വിലയിരുത്തലിൽ വസ്തുതകളുമുണ്ട്.

യുഡിഎഫ് പക്ഷത്ത് കേരളാ കോൺഗ്രസ് മാണി മാത്രമായി കേരളാ കോൺഗ്രസ് ചുരുങ്ങും. ബാലകൃഷ്ണ പിള്ളയേയും പിസി ജോർജിനേയും തന്ത്രപരമായി ഒഴിവാക്കിയത് ഇതിന് വേണ്ടിയാണ്. ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും ഈ ബുദ്ധിയുടെ ഭാഗമായാണ് കോൺഗ്രസ് യുഡിഎഫിൽ നിന്ന് ഒഴിവാക്കിയത്. കേരളാ കോൺഗ്രസുകളായി നിലവിൽ പത്തോളം ഗ്രൂപ്പുകളുണ്ട്. പിളരും തോറും വളരും വളരും തോറും പിളരും എന്നതാണ് മാണിയുടെ സിദ്ധാന്തം. ഇത് അനുസരിച്ച് മുപ്പതോളം കേരളാ കോൺഗ്രസുകാർ ഇത്തവണ മത്സരിക്കും. എന്നാൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ മാണിക്കും ജോസഫിനും മാത്രമേ കഴിയൂ. ഈ നേതാക്കളുടെ രാഷ്ട്രീയ വിരമിക്കലോടെ കേരളാ കോൺഗ്രസ് തന്നെ അപ്രസക്തമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് ജേക്കബ് വിഭാഗത്തേയും ഇല്ലായ്മ ചെയ്യാനുള്ള നീക്കം.

ക്രൈസ്തവരാണ് പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. ഈ വോട്ടുകളാണ് കേരളാ കോൺഗ്രസുകളുടേയും ശക്തി. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസുകളെ ഒഴിവാക്കിയാലും അത് കോൺഗ്രസിന് തന്നെ ലഭിക്കും. പിജെ ജോസഫിനെ യുഡിഎഫിലേക്ക് കൊണ്ടു വന്നതും ഇതിന്റെ ഭാഗമായിരുന്നു. ഇടതുപക്ഷത്ത് നിൽക്കുമ്പോൾ പന്ത്രണ്ട് സീറ്റുകളിൽ വരെ ജോസഫ് വിഭാഗം മത്സരിച്ചിരുന്നു. എന്നാൽ യുഡിഎഫിൽ എത്തിയപ്പോൾ നാലായി ചുരുങ്ങി. മാണിയും ജോസഫും ജോർജും കൂടി പതിനഞ്ച്. ഇപ്പോൾ ജോർജും വഴിയാധാരമായി. പൂഞ്ഞാറിൽ ജോർജ് ഇത്തവണ തോൽക്കുമെന്നും അതോടെ സെക്യുലറിന്റെ വിലപേശൽ ശക്തി കുറയുമെന്നുമാണ് കണക്ക് കൂട്ടൽ. ബാലകൃഷ്ണ പിള്ളയേയും സീറ്റ് കുറച്ച് കുറച്ചാണ് ഒതുക്കിയത്. യുഡിഎഫ് കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. ഇതിലൊന്നിൽ പിള്ള തോറ്റു.

ഇത്തവണ ഇടത് ക്യാമ്പിലെത്തിയ പിള്ള ഗ്രൂപ്പിനും ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്നാണ് സൂചന. ഇരവിപുരത്ത് പിള്ളയ്ക്ക് സീറ്റ് കൊടുത്താൽ പോലും ജയിക്കാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണ്. അങ്ങനെ കേരളാ കോൺഗ്രസുകളുടെ കുത്തക സീറ്റുകളെന്ന പല്ലവി ഇല്ലാതാക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നതാണ് വസ്തുത. പാലായിൽ കെ എം മാണിക്കും തൊടുപുഴയിൽ പിജെ ജോസഫിനും മാത്രമേ കേരളാ കോൺഗ്രസ് നേതാക്കളിൽ സീറ്റുകളുടെ കുത്തക അവകാശപ്പെടാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. പത്തനാപുരത്ത് കെബി ഗണേശ് കുമാറിനെ തോൽപ്പിക്കാൻ നടൻ ജഗദീഷിനെ എത്തിക്കുന്നതു പോലും കുത്തക സീറ്റെന്ന ഗണേശിന്റെ അവകാശ വാദം പൊളിക്കാനാണ്.

പത്തനാപുരത്ത് ഗണേശും പിറവത്ത് അനൂപ് ജേക്കബും പൂഞ്ഞാറിൽ പിസി ജോർജും തോറ്റാൽ മൂന്ന് കേരളാ കോൺഗ്രസുകൾ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുമെന്നാണ് കോൺഗ്രസ് ക്യാമ്പിലെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP