Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറു പതിറ്റാണ്ടായി ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന താനൂരും മൂന്നരപതിറ്റാണ്ടായി ആര്യാടന്റെ ഉരുക്കുകോട്ടയായ നിലമ്പൂരും ഇടതു സ്വതന്ത്രർ അട്ടിമറിച്ചതു സഹിക്കാനാവാതെ ലീഗും കോൺഗ്രസും; പരസ്പരം കുറ്റപ്പെടുത്തി പൊട്ടിത്തെറിച്ച് ഇരുപാർട്ടികളും ശത്രുതയുടെ വഴിയേ

ആറു പതിറ്റാണ്ടായി ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന താനൂരും മൂന്നരപതിറ്റാണ്ടായി ആര്യാടന്റെ ഉരുക്കുകോട്ടയായ നിലമ്പൂരും ഇടതു സ്വതന്ത്രർ അട്ടിമറിച്ചതു സഹിക്കാനാവാതെ ലീഗും കോൺഗ്രസും; പരസ്പരം കുറ്റപ്പെടുത്തി പൊട്ടിത്തെറിച്ച് ഇരുപാർട്ടികളും ശത്രുതയുടെ വഴിയേ

എംപി റാഫി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പു ഫലം അറിവായപ്പോൾ താനൂരിലും നിലമ്പൂരിലും ഇടതുസ്വതന്ത്രരുടെ അട്ടിമറി വിജയം. ഇതിന്റെ കാരണങ്ങളിലേക്കു കടക്കുന്നതോടെ മുസ്ലിംലീഗ്- കോൺഗ്രസ് ബന്ധത്തിൽ പുതിയൊരു പൊട്ടിത്തെറിയുടെ കേളികൊട്ടുയരാൻ സാധ്യത

മുൻ കെപിസിസി അംഗവും താനൂരിൽ ഇടത് സ്വതന്ത്രസ്ഥാനാർത്ഥിയുമായ വി അബ്ദുറഹിമാൻ 4918 വോട്ടിന്റെ ലീഡിലും നിലമ്പൂരിൽ മത്സരിച്ച പിവി അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷവും നേടിയാണ് അട്ടിമറി വിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇരുമണ്ഡലങ്ങളിലും ശക്തമായ മത്സരമായിരുന്നു തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതലേ നടന്നത്.

ഇടതുസ്വതന്ത്രർ വിജയിച്ച ഇരുമണ്ഡലങ്ങളിലും മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും ആധിപത്യകേന്ദ്രങ്ങളായിരുന്നു. മുസ്ലിംലീഗ് നേതാവും രണ്ടു തവണ താനൂരിലെ സിറ്റിങ് എംഎ‍ൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിക്കും, മന്ത്രി ആര്യാടന്മുഹമ്മദിന്റെ മകനും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായ ആര്യാടൻ ഷൗക്കത്തിനുമാണ് ഇടത് സ്വതന്ത്രരിൽ നിന്നും കനത്ത പരാജയം നേരിടേണ്ടി വന്നത്. നിലമ്പൂരിൽ കോൺഗ്രസ്- ലീഗ് വോട്ടുകളിലെ ഒഴുക്കും താനൂരിൽ സുന്നിവിരുദ്ധ വികാരവുമാണ് പരാജയ കാരണങ്ങൾ.

കഴിഞ്ഞ അറുപത് വർഷത്തെ ലീഗ് ആധിപത്യത്തിന് വിരാമമിട്ടാണ് വി അബ്ദുറഹിമാൻ താനൂരിൽ വിജയക്കൊടി പാറിച്ചിരിക്കുന്നത്. സിപിഐ-എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ നേരത്തെ താനൂർ ലീഗിൽ നിന്നും പിടിച്ചെടുക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. മണ്ഡലം രൂപീകരിച്ചതു മുതൽ ലീഗിന് ഇതേവരെ നഷ്ടമാവാത്ത താനൂരിൽ ഇത്തവണ പരാജയം നേരിട്ടത് ലീഗ് കേന്ദ്രങ്ങളിൽ കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. സി.എച്ച് മുഹമ്മദ്‌കോയ, സീതി സാഹിബ്, കുട്ടിഅഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ ലീഗിലെ പ്രമുഖരെല്ലാം പ്രതിനിധീകരിച്ച താനൂർ മണ്ഡലം ലീഗിന്റെ പൊന്നാപുരം കോട്ടയായി പാർട്ടി എന്നും സംരക്ഷിച്ചു പോന്നിരുന്നു.

2006ലെ ലീഗിന്റെ കൂട്ടതോൽവിയിലും താനൂരിനെ ലീഗ് കൈവിട്ടിരുന്നില്ല. മത്സരം ആരംഭിച്ചതുമുതൽ കനത്ത പോരാട്ടം കാഴ്ചവച്ച താനൂർ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. താനൂർ നഗരസഭയിൽ നിന്നും 3000 നു മുകളിൽ ലീഡ് ലഭിക്കുമെന്ന് ലീഗ് ഉറച്ചു വിശ്വസിച്ചിരുന്നു. ഇന്നലെ വരെ അബ്ദുറഹിമാൻ രണ്ടത്താണിയും 5000 വോട്ടിന് വിജയിക്കുമെന്ന് ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ലീഗ് കോട്ടയായ താനൂർ നഗരസഭയിൽ നിന്നു പോലും 1000 വോട്ടിനു ചുവടെ മാത്രമെ ലീഗിന് ലീഡ് ചെയ്യാൻ സാധിച്ചുള്ളൂ. ഇത് വലിയ ആത്മപരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ് യു.ഡി.എഫ് ക്യാമ്പുകൾ.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ ചേർത്ത മണ്ഡലമായിരുന്നു താനൂർ. മാത്രമല്ല, ഏഴു ശതമാനത്തിലെ വർധനവും പോളിങിലുണ്ടായി. ഇത് അക്ഷരാർത്ഥത്തിൽ ഇടതിന് അനുകൂലമാവുകയായിരുന്നു. ജില്ലയിൽ എ.പി സുന്നികളുടെ ശക്തികേന്ദ്രം കൂടിയാണ് താനൂർ. ഇടത് സ്ഥാനാർത്ഥി വി അബ്ദുറഹിമാന് വേണ്ടി സുന്നി പ്രവർത്തകർ പരസ്യമായി തന്നെ വോട്ടു പിടിക്കാനും ബൂത്തിലിരിക്കാനും ഇറങ്ങുകയുണ്ടായി. എപി സുന്നികളുടെ പരസ്യമായ ഇറക്കം താനൂരിൽ ഇടത് വിജയത്തിന് കാരണമായതായാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

എന്നാൽ പതിവിനു വിപരീതമായി ഇ.കെ സുന്നിയിലെ ഒരു വിഭാഗം വി അബ്ദുറഹിമാന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു. ഇത് ലീഗിന് ഏറെ തിരിച്ചടി സൃഷ്ടിച്ചു. മലപ്പുറത്ത് മത്സരിച്ച 11 സീറ്റിൽ മുസ്ലിം ലീഗ് വിജയിച്ചെങ്കിലും താനൂരിലെ തോൽവി വലിയ തിരിച്ചടിയായതായാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി മുസ്ലിംലീഗ് അടിയന്തിര നേതൃയോഗം ഇന്ന് വിളിച്ചു ചേർത്തിട്ടുമുണ്ട്. കോൺഗ്രസുകാർ കാലുവാരിയിട്ടുണ്ടെയെന്നതും യോഗത്തിൽ പരിശോധിക്കും.

കോൺഗ്രസിനു ഏറെ തിരിച്ചടി നേരിടുന്നതായിരുന്നു നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ പരാജയം. കോൺ്ഗ്രസ് പതിറ്റാണ്ടുകളായി വിജയിച്ചുകയറുകയും കഴിഞ്ഞ 35 വർഷമായി ആര്യാടൻ മുഹമ്മദ് മാത്രം പ്രതിനിധീകരിക്കുകയും ചെയ്ത നിലമ്പൂരിലെ ഷൗക്കത്തിന്റെ പരാജയം ഓർക്കാപ്പുറത്തേറ്റ പ്രഹരമാണ് കോൺഗ്രസിന്. വി വി പ്രകാശിന് സീറ്റ് നൽകാതിരുന്നതു മുതൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി ആരംഭിച്ചിരുന്നു. മാത്രമല്ല, ഇവിടെ ലീഗ് കാലുവാരിയെന്നുള്ള വിലയിരുത്തലും കോൺഗ്രസ് നേതാക്കൾ നടത്തിക്കഴിഞ്ഞു. മലപ്പുറത്ത് നാലു സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒരു സീറ്റിൽ ഒതുങ്ങി.

രണ്ട് സീറ്റിൽ എ ഗ്രൂപ്പും, രണ്ടു സീറ്റിൽ ഐഗ്രൂപ്പുമായിരുന്നു മത്സരിച്ചത്. എന്നാൽ വണ്ടൂരിൽ മത്സരിച്ച മന്ത്രി എപി അനിൽ കുമാർ മാത്രമാണ് വിജയിച്ചു കയറിയത്. ലീഗ് മന്ത്രിമാർ ജയിച്ച മണ്ഡലങ്ങളിലടക്കം ഭൂരിപക്ഷം കുറഞ്ഞതും സീറ്റു കുറഞ്ഞതും പുതിയ പൊട്ടി്‌ത്തെറിക്ക് വഴിയൊരുക്കും. ആഴത്തിലുള്ള വിലയിരുത്തലും അവലോകനങ്ങളും വരുന്നതോടെ ജില്ലയിലെ ലീഗ്-കോൺഗ്രസ് ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക് എത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP