Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മറുകണ്ടം ചാടാൻ കണ്ണെറിഞ്ഞെങ്കിലും കോൺഗ്രസ് റെഡ് ഫ്‌ളാഗ് കാട്ടിയതോടെ കത്തി ഉറയിലിട്ട് നല്ല കുട്ടിയായി ഗണേശ് കുമാർ; 19 വർഷത്തെ ഗണേശിന്റെ കുത്തക തകർക്കാൻ ഇനി താനില്ലെന്ന് ജഗദീഷ് മനസ് തുറന്നതോടെ പത്തനാപുരത്ത് സോളാറിന്റെ കണക്കുതീർക്കാൻ ആര്? കഴക്കൂട്ടത്ത് കടകംപള്ളിയെ വെട്ടാൻ കോവിഡിൽ കോൺഗ്രസിന് മൈലേജ് നൽകിയ ഡോക്ടർ വരുമോ? ഷാഫി പറമ്പിലിന്റെ സ്വാഭിമാന യാത്രയുടെ ഉദ്ഘാടകനായ സിനിമാ താരത്തിനും ഒരുചാൻസ്? അധികാരം പിടിക്കാൻ നിർണായക നീക്കങ്ങളുമായി യുഡിഎഫ്

മറുകണ്ടം ചാടാൻ കണ്ണെറിഞ്ഞെങ്കിലും കോൺഗ്രസ് റെഡ് ഫ്‌ളാഗ് കാട്ടിയതോടെ കത്തി ഉറയിലിട്ട് നല്ല കുട്ടിയായി ഗണേശ് കുമാർ; 19 വർഷത്തെ ഗണേശിന്റെ കുത്തക തകർക്കാൻ ഇനി താനില്ലെന്ന് ജഗദീഷ് മനസ് തുറന്നതോടെ പത്തനാപുരത്ത് സോളാറിന്റെ കണക്കുതീർക്കാൻ ആര്?  കഴക്കൂട്ടത്ത് കടകംപള്ളിയെ വെട്ടാൻ കോവിഡിൽ കോൺഗ്രസിന് മൈലേജ് നൽകിയ ഡോക്ടർ വരുമോ? ഷാഫി പറമ്പിലിന്റെ സ്വാഭിമാന യാത്രയുടെ ഉദ്ഘാടകനായ സിനിമാ താരത്തിനും ഒരുചാൻസ്? അധികാരം പിടിക്കാൻ നിർണായക നീക്കങ്ങളുമായി യുഡിഎഫ്

എം മനോജ് കുമാർ

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനു തിരിച്ചടി ഉറപ്പായിരിക്കെ മികച്ച സ്ഥാനാർത്ഥി നിർണ്ണയത്തിനായി കോൺഗ്രസ് അണിയറ ജോലികൾ തുടങ്ങി. കോൺഗ്രസിന് നഷ്ടമായ സീറ്റുകളിൽ ശക്തമായ മത്സരം സൃഷ്ടിക്കുകയും യോജ്യരായ സ്ഥാനാർത്ഥികളെ നിർത്തി മണ്ഡലം തിരികെ പിടിക്കാനുള്ള ജോലികൾക്കാണ് കോൺഗ്രസ് തുടക്കമിട്ടത്. പത്തനാപുരത്തേക്ക് ജ്യോതികുമാർ ചാമക്കാല, കഴക്കൂട്ടത്ത് ഡോക്ടർ എസ്.എസ്.ലാൽ, നടൻ സലിം കുമാർ എന്നിവരൊക്കെ കോൺഗ്രസ് ലിസ്റ്റിലുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇന്നസെന്റിനെ എംപിയും മുകേഷിനെ എംഎൽഎയുമൊക്കെയാക്കിയ സിപിഎം രീതിയിൽ സലിം കുമാറിനെ എംഎൽഎയായി മാറ്റാനാണ് കോൺഗ്രസ് നീക്കം. ഷാഫി പറമ്പിൽ ഈയിടെ നടത്തിയ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്തത് സലിംകുമാർ ആയിരുന്നു. ഇതൊക്കെ സലിംകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇന്നസെന്റിനെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ഒരു അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഎം നീക്കം പുരോഗമിക്കുമ്പോൾ തന്നെയാണ് സലിം കുമാർ അടക്കമുള്ളവർക്ക് സീറ്റ് നൽകാനുള്ള കോൺഗ്രസ് നീക്കവും പുരോഗമിക്കുന്നത്.

അതിലൊരു സീറ്റ് പത്തനാപുരം നിയമസഭാ മണ്ഡലമാണ്. 2001 മുതൽ ഗണേശ്‌കുമാറിന്റെ തെരോട്ടമാണ് ഈ മണ്ഡലത്തിൽ. തുടർച്ചയായി നാലാം തവണയാണ് ഗണേശ് കുമാർ മണ്ഡലം പിടിക്കുന്നത്. ടിവി ചർച്ചകളിലെ കോൺഗ്രസിന്റെ തിളങ്ങുന്ന മുഖമായ ജ്യോതികുമാർ ചാമാക്കാലയെയാണ് പത്തനാപുരം മണ്ഡലം തിരികെ പിടിക്കാൻ കോൺഗ്രസ് നിയോഗിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. പത്തനാപുരം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള നിർദ്ദേശം കെപിസിസിയിൽ നിന്ന് ജ്യോതികുമാർ ചാമക്കാലയ്ക്ക് നൽകുകയും ചാമക്കാല മണ്ഡലം കേന്ദ്രീകരിച്ച് ചാമക്കാല പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തതിട്ടുണ്ട്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാര്യം ചാമക്കാല മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു. മാസങ്ങളായി മണ്ഡലത്തിൽ താൻ സജീവമാണെന്നാണ് ചാമക്കാല മറുനാടനോട് പറഞ്ഞത്. ഈയൊരു വാർത്ത താനും കേട്ടിട്ടുണ്ട്. 2016 മുതൽ പത്തനാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നാണ് ചാമക്കാല പറഞ്ഞത്.

ചാമക്കാലയെ നിർത്തി പത്തനാപുരം പിടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ചാനൽ ചർച്ചകളിലെ ചാമക്കാലയുടെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഒരു സമ്മിതി ചാമക്കാലയ്ക്ക് ജനങ്ങളിലും കോൺഗ്രസ് പ്രവർത്തകരിലുണ്ട്. അതിനാൽ ചാമക്കാലയെ സ്ഥാനാർത്ഥിയാക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം അടൂർ പ്രകാശ് പിടിച്ച പോലെ ഒരു അട്ടിമറി പത്തനാപുരത്ത് ചാമക്കാലയിൽ നിന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിൽ ട്രിപ്പിൾ വിജയിയായിരുന്ന എ.സമ്പത്തിനെ അട്ടിമറിച്ചാണ് അടൂർ പ്രകാശ് കോന്നിയിൽ നിന്നുമെത്തി മണ്ഡലം പിടിച്ചത്. ഇടത് വിരുദ്ധ കാറ്റ് ആഞ്ഞുവീശവേ ഗണേശ് പത്തനാപുരത്ത് അടിപതറും എന്ന പ്രതീക്ഷ കോൺഗ്രസ് വെച്ചു പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചാമാക്കാലയെ ഇക്കുറി പത്തനാപുരത്തെക്ക് നിയോഗിക്കാൻ നീക്കം നടത്തുന്നത്. കഴിഞ്ഞ തവണ നിയോഗിച്ച ജഗദീഷിനെ തന്നെ പത്തനാപുരത്ത് നിയോഗിക്കണം എന്ന് ചിന്തകൾ വന്നിരുന്നു. പക്ഷെ ജഗദീഷ് ഇക്കുറി ഇല്ലെന്നു കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ തവണ കണ്ണഞ്ചിക്കുന്ന പ്രകടനത്തിനായി ഗണേശിനെതിരെ പത്തനാപുരത്ത് ജഗദീഷിനെ ഇറക്കിയെങ്കിലും ഗണേശ് നേടിയ വോട്ടിന്റെ പകുതിയോളം വോട്ടുകൾ മാത്രമാണ് ജഗദീഷിനു നേടാൻ സാധിച്ചത്. നടൻ ഭീമൻ രഘു 12000 ത്തോളം വോട്ടുകൾ നേടിയപ്പോൾ ജഗദീഷിന് 49867 വോട്ടുകൾ ലഭിച്ചു. തിളക്കം കുറഞ്ഞ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഗദീഷിന്റെ പിൻവാങ്ങൽ തീരുമാനം എന്നാണ് സൂചന.

ഗണേശ് കുമാറിന്റെ പാർട്ടിയായ കേരളാ കോൺഗ്രസ് (ബി) ഇടതുമുന്നണി ഘടകകക്ഷിയാണ്. ഇടക്കാലത്ത് ഇടതുമുന്നണി വിടാൻ ഗണേശ് കുമാർ താത്പര്യം കാണിച്ചെങ്കിലും പഴയ സോളാർ കഥകളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അടുപ്പിച്ചില്ല. കോൺഗ്രസുമായി അടുക്കുന്നതുമായി ബന്ധപ്പെട്ടു ഇടതുമുന്നണിയിൽ അവഗണന എന്നൊക്കെ പറഞ്ഞു സിപിഎമ്മിനെതിരെ ചില പൊട്ടലും ചീറ്റലുകളുമുള്ള പ്രയോഗങ്ങൾ ഗണേശ്‌കുമാർ നടത്തിയിരുന്നു. പക്ഷെ കോൺഗ്രസ് അടുപ്പിക്കില്ലെന്നു മനസിലാക്കിയപ്പോൾ കത്തി ഉറയിലിട്ടു നല്ല കുട്ടിയായി ഇടതുമുന്നണിയിൽ തുടരുന്ന രീതിയാണ് ഗണേശ് പിന്തുടർന്നത്. ഗണേശ് ഇടതുമുന്നണിയിൽ തന്നെ തുടരുമ്പോൾ ചാമക്കാലയെ നിർത്തി ഒരട്ടിമറിയാണ് കോൺഗ്രസ് ലക്ഷ്യം. പത്തനാപുരത്ത് ചാമക്കാലയെ ഇറക്കുമ്പോൾ കഴിഞ്ഞ തവണ കയ്യിൽ നിന്ന് പോയ കഴക്കൂട്ടം തിരികെ പിടിക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. മൂന്നു തവണ കോൺഗ്രസിന്റെ എം.എ.വാഹിദ് കൈവശം വെച്ച മണ്ഡലമാണ് കഴക്കൂട്ടം. 2001 മുതൽ മണ്ഡലം വാഹിദിന്റെ കയ്യിലാണ്. എന്നാൽ 2016-ൽ കടുത്ത മത്സരത്തിലൂടെ കടകംപള്ളി സുരേന്ദ്രൻ മണ്ഡലം സിപിഎമ്മിന്റെതാക്കി മാറ്റി. ഇവിടെ മികച്ച സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം സ്വന്തമാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കഴക്കൂട്ടത്തിനു ഭൈമികാമുകർ ഒരുപാടുണ്ട് കോൺഗ്രസ്. പ്രൊഫഷണൽ കോൺഗ്രസ് നേതാവായ ഡോക്ടർ എസ്.എസ്.ലാലാണ് കഴക്കൂട്ടം വേണമെന്ന് അവശ്യപ്പെട്ടു മുല്ലപ്പള്ളിയെ സമീപിച്ചത്. പ്രൊഫഷണൽ കോൺഗ്രസിന് മൂന്നു-നാല് സീറ്റുകൾ ആണ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡോ.മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടത്. ഇതിൽ ഒരു സീറ്റായി കഴക്കൂട്ടം തനിക്ക് നൽകണം എന്നാണ് എസ്.എസ്.ലാലിന്റെ ആവശ്യം.

കോവിഡ് പ്രശ്‌നത്തിൽ ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന പ്രസ്താവനയിലൂടെ എസ്.എസ്.ലാൽ കേരളത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. കോവിഡ് രോഗിയായ പേരൂർക്കടയിലെ അനിൽകുമാറിനെ മെഡിക്കൽ കോളേജിലെ ചികിത്സയിൽ പുഴുവരിച്ച സംഭവം വിവാദമായിരുന്നു. ഈ പ്രശ്‌നം ഏറ്റെടുത്താണ് ചാനൽ ചർച്ചയിൽ ആരോഗ്യവകുപ്പിനെ പുഴുവരിച്ചിരിക്കുന്നു എന്ന വിവാദ പ്രസ്താവന ലാൽ നടത്തിയത്. ലാലിന്റെ പ്രസ്താവന ഐഎംഎ ഏറ്റെടുത്തതോടെ ഇത് ഒരു രാഷ്ട്രീയ വിവാദമായി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനും കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തെ നിശിതമായി കുറ്റപ്പെടുത്തിയതും ലാലിനെ പോലുള്ളവരുടെ വിമർശനങ്ങളെ പിൻപറ്റി തന്നെയാണ്. ആരോഗ്യവകുപ്പിനെ പുഴുവരിച്ച പ്രസ്താവന കോവിഡ് കാലത്ത് കോൺഗ്രസിനുള്ള രാഷ്ട്രീയ മൈലേജ് തന്നെയായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്.എസ്.ലാൽ കഴക്കൂട്ടം സീറ്റ് ആവശ്യപ്പെട്ടു രംഗത്തുള്ളത്. പക്ഷെ കൊച്ചിയിൽ സലിം കുമാറിന് സീറ്റ് നൽകാനുള്ള ആലോചന കോൺഗ്രസിൽ സജീവമാണ്. സലിം കുമാർ സമ്മതം മൂളിയാൽ ഒരു നിയമസഭാ സീറ്റ് സലിം കുമാറിന് ലഭിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരാനുള്ള സാധ്യത തെളിഞ്ഞിരിക്കെ തന്നെയാണ് സ്ഥാനാർത്ഥി നീക്കങ്ങൾ കോൺഗ്രസ് ത്വരിതപ്പെടുത്തിയിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP