Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ തെരഞ്ഞെടുപ്പിൽ വമ്പന്മാർ പലരും കടപുഴകി വീഴുമോ? മന്ത്രിമാരായ കെ ബാബുവും കെ സി ജോസഫും ചെന്നിത്തലയും കെ പി മോഹനനും നേരിടുന്നതു കടുത്ത വെല്ലുവിളി; വി എസും കെ എം മാണിയും എം എം മണിയും സി ദിവാകരനും കെ മുരളീധരനും ടി പി രാമകൃഷ്ണനും സുരക്ഷിതരല്ല; ബിജെപി പിടിക്കുന്ന വോട്ടുകൾ അതികായർക്കു നിർണായകം

ഈ തെരഞ്ഞെടുപ്പിൽ വമ്പന്മാർ പലരും കടപുഴകി വീഴുമോ? മന്ത്രിമാരായ കെ ബാബുവും കെ സി ജോസഫും ചെന്നിത്തലയും കെ പി മോഹനനും നേരിടുന്നതു കടുത്ത വെല്ലുവിളി; വി എസും കെ എം മാണിയും എം എം മണിയും സി ദിവാകരനും കെ മുരളീധരനും ടി പി രാമകൃഷ്ണനും സുരക്ഷിതരല്ല; ബിജെപി പിടിക്കുന്ന വോട്ടുകൾ അതികായർക്കു നിർണായകം

ബി രഘുരാജ്‌

തിരുവനന്തപുരം: സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് മലമ്പുഴ. വി എസ് അച്യുതാനന്ദനെ ഇവിടെ മത്സരിപ്പിക്കുന്നത് ജയം ഉറപ്പിക്കാനാണ്. എന്നാൽ ബിജെപി മുന്നണിയുടെ മലമ്പുഴയിലെ സാന്നിധ്യം. ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും കരുതലോട് നടത്തുന്ന നീക്കങ്ങളും മലമ്പുഴയിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്. പാലായിലെ മാണിക്യമായ കെഎം മാണി പോലും ഇത്തരവണ സുരക്ഷിതനല്ല. കോട്ടയം വിട്ടൊരു പ്രചരണത്തിന് പോലും മാണി ഇത്തവണ തയ്യാറാകാത്തത് പോരാട്ട ചൂടിന് തെളിവാണ്. സിപിഎമ്മിന്റെ പ്രധാന നേതാക്കളായ പിണറായി വിജയനും  ഇ പി ജയരാജനും തോമസ് ഐസകും എ കെ ബാലനും സുരക്ഷിത മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. എന്നാൽ വി എസ് നേരിടുന്ന വെല്ലുവിളി നേതൃത്വത്തിന് ആശങ്കയാണ്.

ഇത് തന്നെയാണ് പല നേതാക്കളുടേയും അവസ്ഥ. തൃപ്പുണ്ണിത്തുറയിൽ തുടർച്ചയായി ജയിച്ചു കയറുന്ന കെ ബാബുവും ഇരിക്കുറിൽ കെസി ജോസഫും ഭീതിയുടെ നിഴലിലാണ്. ബാബുവിന് ബിജെപിയുടേ സാന്നിധ്യമാണ് ഭീഷണി. കെസിക്ക് വിമതരും. സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗമായ എംഎം മണിയുടെ വിജയം ഉറപ്പിച്ചിട്ടില്ല. കോൺഗ്രസിലെ കെ മുരളീധരനും വട്ടിയൂർക്കാവിൽ വിയർക്കുകയാണ്. ഹരിപ്പാട് ഈസി വിജയമാണ് രമേശ് ചെന്നിത്തലയും പ്രതീക്ഷിച്ചത്. എന്നാൽ അപ്രതീക്ഷിതമായി കാര്യങ്ങൾ മാറി മറിഞ്ഞു. ഹരിപ്പാട് രമേശ് ചെന്നിത്തലയും കടുത്ത മത്സരമാണ് നേരിടുന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് സി ദിവാകരനും പാലോട് രവിയുമാണ് മത്സരിക്കുന്നത്. ഇവിടേയും സിപിഐയുടെ നിയമസഭാ കക്ഷി നേതാവായിരുന്ന ദിവാകരന്റെ അവസ്ഥ സുരക്ഷിതമല്ല.

പാലായുടെ എംഎൽഎയെന്ന നിലയിൽ മാണി അമ്പതാണ്ട് പൂർത്തിയാക്കി. ശക്തമായ മത്സരം ഒരിക്കലും ഉയർന്നിരുന്നില്ല. ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായി പിസി തോമസ് എത്തുമെന്ന വിലയിരുത്തൽ വന്നു. അവസാനം പിസി തോമസ് മത്സരത്തിൽ നിന്ന് പിന്മാറി. ഇതോടെ എല്ലാം അനുകൂലമായെന്ന് വിലയിരുത്തി. ബാർ കോഴയിലെ സഹതാപം മാണിക്ക് വമ്പൻ വിജയമൊരുക്കുമെന്നും കരുതി. എന്നാൽ ഇടതുപക്ഷത്തിനായി മത്സരിക്കുന്ന എൻസിപിയുടെ മാണി സി കാപ്പൻ നിലപാട് കടുപ്പിച്ചു. പൂഞ്ഞാറിൽ നിന്ന് അടർന്ന് മാറി പാലയിലെത്തിയ പിസി ജോർജിന്റെ ശക്തി കേന്ദ്രങ്ങൾ, ഇതിനൊപ്പം കേരളാ കോൺഗ്രസിലെ വിമതന്റെ ഭീഷണി, ബിജെപിയുണ്ടാക്കിയ മുന്നേറ്റം ഇതെല്ലാം മാണിക്ക് തിരിച്ചടിയാണ്. കടുത്ത മത്സരമാണ് ഇത്തവണ മാണി പാലയിൽ നേരിടുന്നത്.

1965ൽ നിയോജക മണ്ഡലം രൂപവല്കരിച്ചപ്പോൾ മുതൽ പാലായുടെ എംഎ‍ൽഎ. ആണ ് കെ.എം.മാണി. ഇത് 13-ാം തവണയാണ് നിയമസഭയിലേയ്ക്ക് മത്സരിക്കുന്നത്. ബാർ കോഴയുടെ ആരോപണ നിഴലുള്ളതിനാൽ ഇത്തവണ ജയം അനിവാര്യവുമാണ്. അപ്പോഴാണ് അപ്രതീക്ഷിത ഘടകങ്ങൾ ഭീഷണിയുമായെത്തുന്നത്. ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കേരള കോൺഗ്രസിലെ തോമസ് ചാഴിക്കാടനെതിരെ വിമതൻ രംഗത്തെത്തിയതാണ് മാണിക്കും വെല്ലുവിളയാകുന്നത്. കേരള കോൺഗ്രസിലെ തന്നെ പ്രമുഖനായ ജോസ്മോൻ മുണ്ടയ്ക്കലാണ് മത്സരത്തിനു തയ്യാറെടുക്കുന്നത്. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റാണ് ജോസ്മോൻ മുണ്ടയ്ക്കൽ. ഇദ്ദേഹത്തിന് പാലയിൽ നിർണ്ണായകമായ സ്വാധീനമുണ്ട്. ഈ വോട്ടുകൾ മാണിയുടെ പ്രകടനത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

വർഷങ്ങളായി കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുള്ള ജോസ്മോന് പഞ്ചായത്തിൽ വലിയ സ്വാധീനമുണ്ട്. മാണിയുടെ കുത്തകയായ ഇവിടെ വോട്ടിലുണ്ടാകുന്ന ഭിന്നത യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ തവണ നിസാര വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങിയ ചാഴിക്കാടന് വലിയ വെല്ലുവിളിയായിരിക്കും ജോസ്മോൻ. അതുകൊണ്ടുതന്നെ പാർട്ടി ഇടപെട്ട് ജോസ്മോനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. പാലായിൽ ബിജെപിയുടെ എൻ ഹരിയുടെ ചിട്ടയായ പ്രവർത്തനവും ശ്രദ്ധേയമാണ്. ബിജെപി വോട്ടുകൾ മുഴുവൻ ഹരി നേടിയാൽ മാണിക്ക് വലിയ തിരിച്ചടിയാകും. കഴിഞ്ഞ തവണ മാണി ജയിച്ചത് 5259 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അതുകൊണ്ട് തന്നെ ഈ ഭൂരിപക്ഷം ഇല്ലാതാക്കാൻ പോന്ന ഘടകങ്ങളെല്ലാം പാലയിൽ ഒത്തുചേരുന്നുവെന്നാണ് സൂചന. അതിനാൽ കരുതലോടെ പാലായിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാണി തന്നെ ഏകോപിപ്പിക്കുകയാണ്.

ബിജെപി വോട്ടുകൾ സാധാരണഗതിക്കു മാണിക്കാണു ലഭിക്കുക എന്ന ആക്ഷേപമുണ്ട്. എന്നാൽ ഇക്കുറി എൻഡി സ്ഥാനാർത്ഥിയായ എൻ ഹരി മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം പാലായിൽ നടന്ന എൻഡിഎ റാലി ഉറക്കം കെടുത്തിയതു മാണിയെ ആണ്. പതിവു വോട്ടു കച്ചവടം നടക്കില്ല എന്ന ഭീതി മാണി വൃത്തങ്ങളിൽ ഉണ്ട്. കഴിഞ്ഞ ദിവസം പാലാ നഗരത്തിൽ നടന്ന എൻഡിഎ റാലിയുടെ ചിത്രം ഈ വാർത്തയ്‌ക്കൊപ്പം ചേർക്കുന്നുണ്ട്.

അടച്ചുപൂട്ടപ്പെട്ട പാലാ മാർക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രേതമാണു മാണിയെ വേട്ടയാടുന്ന മറ്റൊരു ശത്രു. മാണിക്കു നേരിട്ടു ബന്ധം ഇല്ലെങ്കിലും മാണിയുടെ പാർട്ടിക്കാർ ഭരിച്ചു മുടിപ്പിച്ച ബാങ്കിൽ പണം നഷ്ടപ്പെട്ട അനേകം പേരുണ്ട്. അവരുടെ രോഷം മാണിക്കെതിരെ തിരിയുമെന്ന റിപ്പോർട്ടാണ് ഉറക്കം കെടുത്തുന്നത്.

തൃപ്പുണ്ണിത്തുറയിൽ കെ ബാബുവും വിയർക്കുകയാണ്. ഡിവൈഎഫ്ഐ നേതാവ് എം സ്വരാജ് പ്രചരണത്തിൽ ഏറെ മുന്നേറി. ബിജെപിയുടെ തുറവൂർ വിശ്വഭരൻ അവകാശപ്പെടുന്ന വോട്ടുകൾ നേടിയാൽ കെ ബാബു തോൽക്കുമെന്നാണ് വിലയിരുത്തൽ. എല്ലാ വോട്ടുകളും പെട്ടിയിലാക്കാൻ ഇവിടെ ബിജെപി സജീവമായുണ്ട്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണവും തൃപ്പുണ്ണിത്തുറയിൽ നടന്നു. ഇതെല്ലാം ബാബുവിനെ വെട്ടിലാക്കുന്ന ഘടകങ്ങളാണ്.

ചിട്ടയായ പ്രവർത്തനത്തോടെ എൽഡിഎഫ് യുവനേതാവ് എം സ്വരാജ് നടത്തിയ മുന്നേറ്റവും ബിജെപി സ്ഥാനാർത്ഥിയുടെ ജനപ്രീതിയും ബാബുവിനെയും കുഴക്കുന്നുണ്ട്. പാർട്ടി വേദികളിൽ വി എസിനെ വിമർശിച്ചവനെന്ന തരത്തിൽ നേരത്തെ സ്വരാജിനെതിരെ പ്രചാരണമുണ്ടായിരുന്നെങ്കിലും സാക്ഷാൽ വി എസ് തന്നെ തൃപ്പൂണിത്തുറയിൽ എത്തി സ്വരാജിനായി വോട്ടഭ്യർഥിച്ചതും അണികളിൽ ആവേശം ഉണർത്തിയിട്ടുണ്ട്. അണികളുടെ ആവേശം വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ഇവിടെ എൽഡിഎഫ്.

ബിജെപി സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരന് സമുദായ വോട്ടുകൾ തുണയാകുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി മോദിയുടെ വരവും പ്രസംഗവും അനുകൂല ഘടകമാകുമെന്ന വിശ്വാസത്തിലാണു എൻഡിഎ. ബാബുവിന്റെ വോട്ടുകൾ കുറയ്ക്കുന്നതിൽ എൻഡിഎ സ്ഥാനാർത്ഥി കാര്യമായ പങ്കു വഹിക്കുമെന്നതും തീർച്ചയാണ്.

ഇരിക്കൂറും കോൺഗ്രസിന്റെ കോട്ടയാണ്. കണ്ണൂരിലെ മലയോര മണ്ഡലത്തിൽ കെ സി ജോസഫ് തുടർച്ചയായി ജയിച്ചു പോന്നു. ഇത്തവണ വിമത ഭീഷണിയിലാണ് ജോസഫ്. കോൺഗ്രസ് വിമനായെത്തിയ ബിനോയ് കുര്യന്റെ മുന്നേറ്റം കെസിയുടെ സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഹരിപ്പാട് കടുത്ത ഭീഷണിയാണ് നേരിടുന്നത്. ബാലവേദിയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സിപിഐയുടെ പി പ്രസാദിന് മണ്ഡലത്തിൽ ഏറെ ജനസമ്മതിയുണ്ട്.. സമര പോരാളിയായ പ്രസാദിന്റെ വേറിട്ട വോട്ട് ചോദിക്കലും ആഡംബരം കുറച്ചുള്ള പ്രചരണവും മണ്ഡലത്തിൽ സജീവ ചർച്ചയായി. ബിജെപിയുടെ അശ്വനി ദേവും വോട്ട് കൂട്ടാൻ കെൽ്പ്പുള്ള എൻഡിഎ സ്ഥാനാർത്ഥിയാണ്. ഇതിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിൽ എതിർപക്ഷത്തുള്ള ചെന്നിത്തലയെ തകർക്കാൻ എ ഗ്രൂപ്പ് കരുക്കൾ നീക്കുന്നുണ്ട്. അതിനാൽ ഹരിപ്പാട്ടെ ക്രൈസ്തവ വോട്ടർമാരുടെ മനസ്സ് തനിക്ക് അനുകൂലമാകുമോ എന്ന ആശങ്ക ഐ ഗ്രൂപ്പ് മാനേജർമാർക്കുണ്ട്. നായർ വോട്ടുകളിൽ ബിജെപി വിള്ളലുണ്ടാക്കും. വെള്ളാപ്പള്ളിയും ബിഡിജെഎസും കൂടി വോട്ട് എൻഡിഎ പാളയത്തിലെത്തിച്ചാൽ കാര്യങ്ങൾ പ്രതികൂലമാകും. തന്റെ ഇടതുപക്ഷ എതിരാളിയുടെ ശക്തി തിരിച്ചറിഞ്ഞ് മണ്ഡലത്തിൽ കേന്ദ്രീകരിക്കുകയാണ് ചെന്നിത്തലയും.

കൂത്തുപറമ്പിൽ മന്ത്രി കെപി മോഹനന്റെ കാര്യവും കഷ്ടത്തിലാണ്. കൂത്തുപറമ്പിൽ മന്ത്രി കെ.പി.മോഹനന്റെ വിജയത്തിന് യുഡിഎഫ് അരയും തലയും മുറുക്കി രംഗത്തുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വരെ പ്രചാരണത്തിനെത്തിച്ചു ജെഡിയു. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളുമെത്തി യുഡിഎഫിന്റെ വിജയമുറപ്പിക്കാൻ. യുഡിഎഫിന്റെ പടപ്പുറപ്പാടുകൾ കണ്ടു തന്നെയാണു സിപിഐ(എം), കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷലൈജയെ നിയോഗിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം സജീവ ചർച്ചയിൽ നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ ബിജെപി രംഗത്തിറക്കിയിരിക്കുന്നതു സദാനന്ദൻ മാസ്റ്ററെ. കഴിഞ്ഞ തവണ 3303 വോട്ടുകളായിരുന്നു കെ.പി. മോഹനന്റെ ഭൂരിപക്ഷം. ഇവിടേയും ബിജെപി വോട്ടുകളാകും കാര്യങ്ങൾ നിശ്ചയിക്കുക. സിപിഐ(എം) ആക്രമണത്തിൽ രണ്ട് കാലും നഷ്ടപ്പെട്ട നേതാവാണ് സാനന്ദൻ മാസ്റ്റർ. മോദി പോലും കേരളത്തിൽ തെരഞ്ഞെടുപ്പ് ചർച്ചയാക്കിയ സ്ഥാനാർത്ഥിയാണ് അദ്ദേഹം. വലിയ മുന്നേറ്റം കൂത്തുപറമ്പിൽ സദാനന്ദൻ മാസ്റ്റർ ഉണ്ടാക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ കെപി മോഹനന് വിജയിക്കുക അസാധ്യവുമാകും.

മലമ്പുഴയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ജയിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ മുമ്പത്തെ ആത്മവിശ്വാസത്തോടെ അതു പറയാൻ സിപിഎമ്മിന് കഴിയുന്നില്ല. ബിജെപിയുടേയും ബിഡിജെഎസിന്റേയും സാന്നിധ്യം തന്നെയാണ് ഇതിന് കാരണം. വിഎസിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രചരണം. മണ്ഡലത്തിലെ തമിഴ് വോട്ടുകളെ തട്ടിയെടുക്കാൻ എഐഎഡിഎംകെ സ്ഥാനാർത്ഥിയുമുണ്ട്. ഇതിനൊപ്പം ചാക്ക് രാധാകൃഷ്ണനേയും ബോബി ചെമ്മണ്ണൂരിനേയും പോലുള്ള മുതലാളിമാരും. പാർട്ടി മലമ്പുഴയിൽ ഒറ്റക്കെട്ടാണെന്നതുമാത്രമാണ് വിഎസിന്റെ പ്രതീക്ഷകൾക്ക് ആധാരം. ഒരു തരത്തിലുമുള്ള അട്ടിമറിയും ഉണ്ടാകാതിരിക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി സിപിഐ(എം) ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ട്.

ഇടുക്കിയിലെ സിപിഎമ്മിന്റെ കാരണവരാണ് എംഎം മണി. സിപിഐ(എം) അധികാരത്തിലെത്തിയാൽ മന്ത്രിയാകൻ സാധ്യതയുള്ള പ്രമുഖൻ. എന്നാൽ സുരക്ഷിത മണ്ഡലമെന്ന് കരുതി ഉടുമ്പുംചോലയിലെത്തിയ മണിയെ വെട്ടിലാക്കിയത് ബിഡിജെഎസ് സ്ഥാനാർത്ഥിയാണ്. പരമ്പരാഗത സിപിഐ(എം) വോട്ട് ബാങ്കായ ഈഴവർ ബിഡിജെഎസ് സ്ഥാനാർത്ഥിക്കൊപ്പമാണ്. മികച്ച പ്രതിച്ഛായയുമായി മത്സരിക്കുന്ന സേനാപതി വേണുവും കോൺഗ്രസിനായി സജീവമായുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ ത്രികോണ പോരിലാണ് ഉടുമ്പുംചോല. ബിഡിജെഎസിന്റെ സജി പറമ്പത്ത് ഇടതുപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കിയാൽ എംഎം മണിയുടെ കാര്യം സംശയകരമാകും. ഇത് മറികടക്കാൻ ജില്ലയിലെ മുഴുവൻ സംഘടനാ സംവിധാനവും ഉടുമ്പൻചോലയിലേക്ക് കേന്ദ്രീകരിപ്പിക്കുകയാണ് സിപിഐ(എം).

കോഴിക്കോട് നിന്നുള്ള സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗം ടിപി രാമകൃഷ്ണനും കടുത്ത മത്സരമാണ് നേരിടുന്നത്. 2001 ൽ പേരാമ്പ്രയെ നിയമസഭയിൽ പ്രതിനിധീകരിച്ച ടി.പി. രാമകൃഷ്ണന് കാര്യങ്ങൾ അത്ര അനുകൂലമല്ല ഇത്തവണ. യുഡിഎഫിന്റെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലിന്റെ പേരാമ്പ്രയിലെ രണ്ടാം മത്സരമാണിത്. സിറ്റിങ് എംഎ‍ൽഎ. കെ. കുഞ്ഞമ്മദിനെതിരെയായിരുന്നു കഴിഞ്ഞ തവണത്തെ പോരാട്ടം. തോൽവിക്ക് ശേഷം പേരാമ്പ്രയിൽ തന്നെ ഇഖ്ബാൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തിൽ ജനസ്വാധീനം ഇഖ്ബാലിന് കൂടിയിട്ടുണ്ട്. ഇതാണ് പേരാമ്പ്രയിൽ ഇടതുപക്ഷത്തിന് കടുത്ത ഭീഷണിയാകുന്നത്. ബിഡിജെഎസിന്റെ സുകുമാരൻ നായർ ഹൈന്ദവ വോട്ടുകളിൽ മുന്നേറ്റമുണ്ടാക്കിയാൽ രാമകൃഷ്ണനും പ്രതിസന്ധിയിലാകും.

വികസന നായകനെന്ന പ്രതിച്ഛായയുമായാണ് കോൺഗ്രസിലെ കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരത്തിനെത്തിയത്. കഴിഞ്ഞ തവണ 16167 വോട്ടിന് മുരളി ജയിച്ചു. ഇത്തവണ ഭൂരിപക്ഷം കൂടുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തിയതോടെ ചിത്രം മാറി. സിപിഐ(എം) ടിഎൻ സീമയെ മത്സരത്തിനിറക്കിയതോടെ ത്രികോണ പോര് കടുത്തു. കുമ്മനം പിടിക്കുന്ന വോട്ടുകൾ ക്ഷീണമുണ്ടാക്കുക മുരളിക്ക് മാത്രമാകും. കുമ്മനം ജയിക്കുമെന്ന പ്രതീതിയിൽ ബിജെപി വട്ടിയൂർക്കാവിൽ നിറയുമ്പോൾ കോൺഗ്രസിലെ തലമുതിർന്ന നേതാവായ കെ മുരളീധരന് വെല്ലുവിളി കനത്തതാകും. വട്ടിയൂർകാവിൽ എന്താകും ഫലമെന്നും ആർക്കും ഉറപ്പിക്കാന് കഴിയാത്ത അവസ്ഥയാണുള്ളത്.

നെടുമങ്ങാട് ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും സിപിഐയുടെ മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന സി ദിവാകരനുമാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രമുഖന് ഇവിടെ തോൽക്കേണ്ടി വരും. ബിജെപിയുടെ വിവി രാജേഷ് പിടിക്കുന്ന വോട്ടുകളാണ് ഇവിടെ ജയപരാജയങ്ങൾ നിർണ്ണയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP