Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202331Wednesday

തൃക്കാക്കരയിൽ മന്ത്രിമാർ വീടുകളും ഫ്‌ളാറ്റുകളും കയറി ഇറങ്ങിയപ്പോൾ യുഡിഎഫ് പയറ്റിയത് 'പ്രൊഫഷണൽ' തന്ത്രം; പ്രൊഫഷണലുകളെ കളത്തിലിറക്കി ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു; ചായ് പേയ് ചർച്ചകളും വിജയകരം; തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രാകിമിനുക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിലും പയറ്റും; വിജയം പഠിക്കാൻ കോൺഗ്രസ്

തൃക്കാക്കരയിൽ മന്ത്രിമാർ വീടുകളും ഫ്‌ളാറ്റുകളും കയറി ഇറങ്ങിയപ്പോൾ യുഡിഎഫ് പയറ്റിയത് 'പ്രൊഫഷണൽ' തന്ത്രം; പ്രൊഫഷണലുകളെ കളത്തിലിറക്കി ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു; ചായ് പേയ് ചർച്ചകളും വിജയകരം; തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രാകിമിനുക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിലും പയറ്റും; വിജയം പഠിക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയം കോൺഗ്രസ് പാളയത്തിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ കേഡർ സംവിധാനത്തെ മറികടക്കാൻ കോൺഗ്രസിന്റെ സെമി കേഡർ സംവിധാനത്തിലൂടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിന് സാധിച്ചു. യുഡിഎഫ് സംവിധാനം ഇവിടെ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്. എറണാകുളത്ത് തമ്പടിച്ച് ദിവസങ്ങളോളം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത പിണറായിയും മന്ത്രിമാരും വീടുകൾ തോറും കയറി ഇറങ്ങിയപ്പോൾ അതിനെ തടുക്കാൻ കോൺഗ്രസ് നന്നേ പാടുപെട്ടു.

തൃക്കാക്കര കടന്നാൽ സിൽവർ ലൈനിനുള്ള പച്ചക്കൊടി എന്ന അർഥം കൂടി മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫിന്റെുയം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിധിയെഴുത്ത് ആഘാതത്തിന്റെ ഒരു പങ്കിന് അവകാശി പിണറായി വിജയൻ തന്നെയാണ്. പക്ഷേ, ഇതിനേക്കാളേറെ സിപിഎമ്മിനെ വരുംദിവസങ്ങളിൽ അസ്വസ്ഥമാക്കുന്നത് ഉൾപ്പാർട്ടി വിഷയമാവുകയും ചെയ്യും. മറുവശത്ത് കോൺഗ്രസിന് വലിയ ആത്മവിശ്വാസമാണ് ഈ വിജയം നൽകുന്നത്. യുഡിഎഫ് മുന്നണി ഇത്രത്തോളം ഐക്യത്തിൽ പ്രവർത്തിച്ച മറ്റൊരു തിരഞ്ഞെടുപ്പു അടുത്തകാലത്തെങ്ങും ഉണ്ടായിരുന്നില്ല. ആ പ്രവർത്തനം വിജയിച്ചു.

നഗര കേന്ദ്രീകരമായ മണ്ഡലത്തിൽ വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുക എന്നത് വലിയ ശ്രമകരമായ കാര്യം തന്നെയായിരുന്നു. സിപിഎം മന്ത്രിമാരെ ഉപയോഗിച്ചു ഫ്‌ളാറ്റ് സമുച്ചയങ്ങൾ സന്ദർശനം നടത്തി വോട്ടു കാൻവാസ ചെയ്തു. ഇതോടെ കോൺഗ്രസ് ചെയ്തത് ഫ്‌ളാറ്റുകളിൽ പ്രൊഫഷണലുകളെ ഇറക്കിയുള്ള വോട്ടുപിടുത്തമായിരുന്നു. ഫ്‌ളാറ്റുകളിലെ റസിഡന്റ്‌സ് അസോസിയേഷനുകളിൽ ചായ്‌പേയ് ചർച്ചകളും സംഘടിപ്പിച്ചു. സ്ഥാനാർത്ഥിക്കൊപ്പം ചെറുസായാഹ്നം എന്ന വിധത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഈ തന്ത്രം ഫലത്തിൽ വിജയം കാണുകയും ചെയ്തു.

കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകൻ അപ്പു ജോസഫാണ് ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രൊഫഷണൽ തന്ത്രം യുഡിഎഫിനായി വിജയിപ്പിച്ചത്. ജിഗ്നേഷ് മേവാനിയെ പോലുള്ള യുവനേതാക്കൾ എത്തി പ്രചരണം നയിച്ചതും ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. ഈ ഫ്രൊഫഷണൽ തന്ത്രം ഭാവിയിലും ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തൃക്കാക്കരയിൽ വിജയിച്ചത് എങ്ങനെയെന്നു പഠിക്കാൻ വേണ്ടി കെപിസിസി ടീമിനെ ചുമതലപ്പെടുത്തും. ഭാവിയിലെ തെരഞ്ഞെടുപ്പുകൾ നയിക്കേണ്ട മാതൃക എന്ന വിധത്തിലാകും ഈ പദ്ധതി നടപ്പിലാക്കുക.

തോൽവികൾ ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് വിജയം പഠിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. തൃക്കാക്കരയിൽ നേടിയ ഉജ്വല വിജയം വെറുതേ കയറി വന്നതല്ലെന്നു നേതൃത്വത്തിന് വ്യക്തമായി അറിയാം. ഐക്യത്തോടെ നിന്ന് ചിട്ടയായി പ്രവർത്തിച്ച് അധ്വാനിച്ചു നേടിയ ഫലത്തിനു പിന്നിലെ വിജയമന്ത്രം സംസ്ഥാനമാകെ പടർത്താനാണു നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസും മുതിർന്നവരും മഹിളാ കോൺഗ്രസ് നേതാക്കളുമെല്ലാം ഇവിടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പ് ആയതുകൊണ്ട് ആണ് പാർട്ടി സംവിധാനം പൂർണമായി തൃക്കാക്കരയിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞതെന്നും പൊതുതിരഞ്ഞെടുപ്പിൽ അത് സാധ്യമല്ലെന്നും നേതൃത്വം സമ്മതിക്കുന്നുണ്ട്. എന്നാൽ, മറ്റ് ചില ഘടകങ്ങളും തൃക്കാക്കരയിൽ തുണച്ചു. നേരത്തെയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പുറമേ ഭവന സന്ദർശനം, കുടുംബ യോഗങ്ങൾ തുടങ്ങി കോൺഗ്രസ് അങ്ങനെയങ്ങ് വിപുലമായി പരീക്ഷിക്കാത്ത പ്രചാരണ മാർഗങ്ങൾക്ക് ശ്രദ്ധ നൽകും.

തിരക്കേറിയ തൃക്കാക്കരയിൽ സാധാരണക്കാരെ പെരുവഴിയിൽ കുടുക്കുന്ന വാഹന പ്രചാരണ ജാഥകൾ കോൺഗ്രസ് കുറച്ച് ഭവന സന്ദർശനത്തിൽ തന്നെയായിരുന്നു പ്രധാന ശ്രദ്ധ. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃക്കാക്കരയിലെ വിജയം പുതിയ നേതൃത്വത്തിന് കരുത്തായി. താഴെത്തട്ടിൽ സംഘടന വിപുലപ്പെടുത്താനുള്ള യൂണിറ്റ് കമ്മിറ്റി രൂപീകരണം വേഗത്തിലാക്കാനാണു കെ.സുധാകരന്റെ നിർദ്ദേശം. തൃക്കാക്കരയിലൂടെ 2026 ലക്ഷ്യമാക്കി നീങ്ങാനുള്ള തന്ത്രങ്ങൾക്കും നേതൃത്വം തുടക്കമിടും.

മറുവശത്ത് ഭരണവും അധികാരത്തിന്റെ സൗകര്യവും ആളും അർഥവും ഉണ്ടായിട്ടും സിപിഎം, ഇടത് വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല. മണ്ഡലത്തിന്റെ ഏകോപന ചുമതലയുണ്ടായിരുന്ന എം. സ്വരാജിനും ജില്ലയിലെ മന്ത്രിയായ പി. രാജീവിനും ഇതിന്റെ ഉത്തരം കണ്ടെത്തിയേ തീരൂ. സ്ഥാനാർത്ഥി നിർണയത്തിൽ എം. സ്വരാജും രാജീവും തമ്മിലുണ്ടായ അസ്വാരസ്യം തുടക്കത്തിലേ പാർട്ടിക്ക് പുറത്ത് വരെ ചർച്ചയായിരുന്നു. ജില്ല കമ്മിറ്റിയംഗത്തിന്റെ പേര് കീഴ്ഘടകങ്ങളിൽനിന്ന് ഉയർന്നുവന്നെങ്കിലും രാജീവിന്റെ താൽപര്യത്തിലേക്ക് നേതൃത്വം ഒതുങ്ങി.

ഇടതിന്റെ അരാഷ്ട്രീയവത്കരണത്തിന്റെ ഉദാഹരണമാണ് ജോ ജോസഫ് എന്ന സ്ഥാനാർത്ഥിയെ കത്തോലിക്ക സഭയിലെ വൈദികർക്കൊപ്പം അവതരിപ്പിച്ചത്. സിപിഎമ്മിനൊപ്പം പരമ്പരാഗതമായി നിന്ന ക്രൈസ്തവർക്ക് പോലും വിഴുങ്ങാൻ കഴിയാത്തതായിരുന്നു ഈ നാടകം. അത് ചൂണ്ടിക്കാട്ടിയവർക്കെതിരെ ന്യൂനപക്ഷ വിരുദ്ധത ആരോപിച്ചു. ഹിന്ദുത്വ വർഗീയത ചൊരിഞ്ഞ പി.സി. ജോർജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് ഇരുഭാഗത്തു നിന്നും വോട്ട് നേടാൻ ശ്രമിച്ചു. പക്ഷേ, സാമുദായിക പ്രീണനങ്ങൾ തൃക്കാക്കര തള്ളിക്കളഞ്ഞു.

കോൺഗ്രസ് ആകട്ടെ ഇക്കുറി അസ്വാരസ്യങ്ങളൊന്നും കൂടാതെയാണ് പ്രവർത്തിക്കാൻ ഇറങ്ങിയത്. ഇക്കുറി കാര്യമായ എതിർപ്പില്ലാതെ ഒറ്റക്കെട്ടായാണ് ഉമ തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിക്കിയത്. പി ടിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം കൊണ്ട് വിജയിച്ചു കയറാം എന്നതായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാൽ, ഡൊമിനിക് പ്രസന്റേഷൻ അടക്കമുള്ളവർ സ്ഥാനാർത്ഥിത്വം മോഹിച്ച് രംഗത്തുവന്നു. എന്നാൽ, ഈ വിഷയവും പരിഹരിക്കാൻ അദ്ദേഹത്തിനായി. യൂത്ത് കോൺഗ്രസ് ശരിക്കും മണ്ഡലത്തിലെ പ്രചരണം ഏറ്റെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലായിരുന്നു മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനത്തിൽ മുന്നിൽ നിന്നത്.

സിപിഎം മെഷിണറി എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേ മാതൃകയിൽ തന്നെയാണ് ഇവിടെ കോൺഗ്രസും നയിച്ചത്. പ്രചരണത്തിന്റെ തുടക്കം മുതൽ ഹൈബി ഈഡൻ എംപിയും ഉമക്കൊപ്പം പ്രചരണത്തിന് ഉണ്ടായിരുന്നു. ഇങ്ങനെ ഹൈബിയും ഷാഫിയും കളത്തിൽ ഇറങ്ങിക്കളിച്ചപ്പോൾ ടെലിവിഷനിലും സൈബറിടങ്ങളിലും ഇടതു പ്രചരണങ്ങളുടെ മുനയൊടിച്ചത് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. രാഹുലിന്റെ ചാനൽ ചർച്ചകളിലെ മറുപടികൾ കോൺഗ്രസ് സൈബറിടങ്ങൾ ഏറ്റെടുത്തു പ്രചരിപ്പിച്ചു. വി ടി ബൽറാം, അൻവർ സാദത്ത്, റോജി എം ജോൺ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, കെഎസ് ശബരീനാഥ് അനിൽ അക്കര, കെഎം അഭിജിത്ത്, വി എസ് ജോയ് അടക്കം യുവനേതാക്കളെല്ലാം മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമായിരുന്നു.

സോഷ്യൽ മീഡിയയിൽ ഒച്ചപ്പാടുണ്ടാക്കിയില്ലെങ്കിലും കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷും ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാമ്പു ചെയ്തു പ്രചരണം നയിച്ചു. ടി സിദ്ദിഖ് ആകട്ടെ കുടുംബത്തോടൊപ്പം എത്തിയാണ് പ്രിയപ്പെട്ട് പി ടി തോമസിന്റെ ഭാര്യക്കായി വോട്ടു തേടി എത്തിയത്. അതേസമയം ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും മുമ്പ് തന്നെ മണ്ഡലത്തെ സജ്ജമാക്കിയത് മുഹമ്മദ് ഷിയാസ് എന്ന ഡിസിസി അധ്യക്ഷനായിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ മികവിൽ ഒന്നാമതുള്ള ഷിയാസിന്റെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലയാണ് സംഘടന ഇവിടെ പ്രവർത്തിച്ചത്. വോട്ടർ ലിസ്റ്റിൽ പേരു ചേർക്കുമ്പോൾ തുടങ്ങിയ ജാഗ്രത വോ്ട്ടർമാരെ ബൂത്തിൽ എത്തിക്കുന്നത് വരെ തുടർന്നു. ഇതെല്ലാം വോട്ടെണ്ണിയപ്പോൾ പ്രതിഫലിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP