Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃക്കാക്കര വഴി തുറക്കുന്നത് ശക്തമായ ന്യൂനപക്ഷ ചേരിതിരിവിന്; കേരളം വഴി തിരിയുന്നത് ജാതീയ വോട്ടുകളിലേക്ക്; ക്രിസ്ത്യൻ - മുസ്ലിം വോട്ടുകൾക്ക് വേണ്ടി ഇടത് - വലത് മുന്നണികൾ മരണപ്പാച്ചിൽ നടത്തുന്ന രാഷ്ട്രീയ കാലത്തിലേക്ക് കേരളമെത്തും; മതേതര വോട്ടുകൾ കിട്ടാക്കനിയാകും

തൃക്കാക്കര വഴി തുറക്കുന്നത് ശക്തമായ ന്യൂനപക്ഷ ചേരിതിരിവിന്; കേരളം വഴി തിരിയുന്നത് ജാതീയ വോട്ടുകളിലേക്ക്; ക്രിസ്ത്യൻ - മുസ്ലിം വോട്ടുകൾക്ക് വേണ്ടി ഇടത് - വലത് മുന്നണികൾ മരണപ്പാച്ചിൽ നടത്തുന്ന രാഷ്ട്രീയ കാലത്തിലേക്ക് കേരളമെത്തും; മതേതര വോട്ടുകൾ കിട്ടാക്കനിയാകും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളം വഴി തിരിഞ്ഞു നടക്കുകയാണ് എന്ന തെളിവാണ് തൃക്കാക്കരയിൽ സംഭവിച്ചിരിക്കുന്നത്. ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതു പക്ഷം നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങളുടെ വിളവെടുക്കാൻ ഇത്തവണ യോഗം ലഭിച്ചത് വലത് മുന്നണിക്കും . കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തന്നെ വഴി തുറന്നത് ജാതി സമവാക്യങ്ങളുടെ ബലത്തിൽ ആണെന്ന ചരിത്രം ഒന്ന് കൂടി ശക്തമാകുകയാണ് ആധുനിക സമൂഹത്തിലും എന്ന് കൂടുതൽ വക്തമാകുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നതും . തങ്ങൾക്ക് രാഷ്ട്രീയ വോട്ടുകളിൽ ജയിച്ചു കയറാൻ കേരളത്തിൽ ഇനി കഴിയില്ല എന്ന് കൂടി മൂന്നു മുന്നണികളും പഠിക്കുകയാണ് തൃക്കാക്കരയിൽ . ഇത് വളരെ വെക്തമായി സൂചിപ്പിച്ചാണ് പരാജയം സമ്മതിച്ചു വാർത്ത സമ്മേളനം നടത്തിയ കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചതും . തൃക്കാക്കര പോലെ ഉറപ്പുള്ള 30 ഓളം മണ്ഡലങ്ങൾ യുഡിഎഫിനും അതിലേറെ തങ്ങൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞത് , കൂടുതൽ മണ്ഡലങ്ങൾ ഒരു മുന്നണിക്കും ഉറപ്പില്ലാത്തവ ആണെന്നാണ്.

അതിനാൽ അത്തരം മണ്ഡലങ്ങളിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ ജയിച്ചു കയറാൻ ആകില്ലെന്നും വേണമെങ്കിൽ ജാതി പറഞ്ഞോ അല്ലാതെയോ ജയിക്കാൻ തന്ത്രം വേണ്ടിവരുമെന്ന സൂചന കൂടിയാണ് . എങ്കിൽ എന്താകും ഈ തന്ത്രങ്ങൾ എന്ന പഠനമാകും നാളെ മുതൽ സിപിഎം കൂടുതൽ ഗൗരവത്തിൽ നടത്തുക . കോൺഗ്രസിനെ സംബന്ധിച്ച് ഇത്തരം കാര്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കാലത്തു മാത്രം ഉള്ള പരിഗണന ആയി മാറിയാൽ ഭാവി രാഷ്ട്രീയത്തിൽ കേരളത്തിൽ എന്നും കോൺഗ്രസ് ഇനി പ്രതിപക്ഷത്തിരിക്കും എന്നും വക്തമാണ് . ആറ് വര്ഷം മുൻപ് അധികാരം പിടിക്കാൻ സഹായിച്ച ഘടകങ്ങളെ കൂടുതൽ ശക്തമായി ചേർത്ത് നിർത്തി 2021 ൽ വീണ്ടും ജയിച്ചു കയറിയ സിപിഎം 2024 ലും 2026 ലും ഇതേ തന്ത്രം കൂടുതൽ ശക്തമായി ഉപയോഗിക്കും എന്നുമാണ് കോടിയേരിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കേണ്ടത് .

ശബരിമല യാദർശ്ചികം അല്ലായിരുന്നു

എല്ലാക്കാലത്തും കേരളം ജാതി വോട്ടുകൾക്ക് പിന്നാലെ പോയിട്ടുണ്ടെങ്കിലും അതിനൊക്കെ ഒരു മറയും ഒളിയും ഓരോ പാർട്ടിയും കാത്തുസൂക്ഷിച്ചരുന്നു . അതുകൊണ്ടു തന്നെയാണ് എറണാകുളം ലോക് സഭ മണ്ഡലത്തിൽ ലാറ്റിൻ സ്ഥനാർത്ഥിയും തൃശൂരിലാകുമ്പോൾ പലപ്പോഴും കത്തോലിക്കാ സ്ഥാനാർത്ഥിയും അവതരിപ്പിക്കപ്പെട്ടത് . തിരുവനന്തപുരത്തേക്കെത്തിയാൽ ഈ സ്ഥാനം മുന്നോക്ക ഹിന്ദുവിനും ലഭിക്കും. മുകന്ദപുരത്തു വരുമ്പോഴും ക്രിസ്ത്യൻ സ്ഥാനാർത്ഥി സൗകര്യ പൂർവം രാഷ്ട്രീയം മറക്കും. 1998 ൽ സെബാസ്റ്റ്യൻ പോളും 99 ൽ മാണി തോമസും 2004 ൽ എഡ്വേഡ് എടേഴത്തും 2009 ൽ സിന്ധു ജോയിയും 2014 ൽ ക്രിസ്റ്റി ഫെർണാഡസും അടക്കം ഉദാഹരണങ്ങൾ ഏറെയാണ് . ഇത്തരത്തിൽ സ്ഥാനര്തികൾ എത്തുന്ന 50 ലേറെ മണ്ഡലങ്ങൾ നിയമ സഭ തിരഞ്ഞെടുപ്പിൽ നിസാരമായി കണ്ടെത്താനാകും . അവിടെയാണ് കോടിയേരി സൂചിപ്പിച്ച ഉറപ്പുള്ള മണ്ഡലങ്ങൾക്ക് ശേഷമുള്ള സീറ്റുകളിലേക്ക് ഉള്ള പരീക്ഷണങ്ങൾ.

ഇത്തരം പരീക്ഷണങ്ങളാണ് തിരുവനന്തപുരത്തെ ചിറയൻകീഴും നെയ്യാറ്റിങ്കരയും പത്തനംതിട്ടയിലെ റാന്നിയും തിരുവല്ലയും ആലപ്പുഴയിൽ കുട്ടനാടും മാവേലിക്കരയും ചെങ്ങന്നൂരും കൊട്ടാരക്കരയും കൊല്ലത്തെ ചവറായും തൃശൂരിലെ മണലൂരും കയ്പമംഗലവും കുന്നംകുളവും ചാലക്കുടിയും എറണാകുളത്തെ കുന്നത്തുനാടും മൂവാറ്റുപുഴയും വൈപ്പിനും ഒക്കെ പലവട്ടം സാക്ഷികളായത് . ചുരുക്കത്തിൽ വടക്കേ മലബാർ ഒഴികെയുള്ള പ്രദേശത്തൊക്കെ അതാതിടത്തെ മത ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുകയും ഒപ്പം രാഷ്ട്രീയ വോട്ടുകൾ നേടിയുമാണ് ഓരോ കക്ഷിയും ജയിച്ചു കയറിയിട്ടുള്ളത് . ഇതിനു ബദലായി എപ്പോഴൊക്കെ രാഷ്ട്രീയ സ്ഥാനാർത്ഥി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് . നിഷ്പക്ഷമായി ചിന്തിക്കുന്നവർ ഇതൊക്കെ കേരളത്തിൽ നടക്കുമോ എന്ന് ആശിക്കപ്പെടുമെങ്കിലും പ്രായോഗിക രാഷ്ട്രീയ വാദികൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമുണ്ടാകില്ല . കേരളം കണ്ട ഏറ്റവും വലിയ പ്രായോഗിക രാഷ്ട്രീയ വാദി എന്ന് വിളിക്കപ്പെട്ടേക്കാവുന്ന പിണറായി വിജയൻ രൂപപ്പെടുത്തുന്ന നവ ഫോർമുലയും ഇത് തന്നെയാണ്.

ഇക്കാരണത്താൽ തന്നെയാണ് ശബരിമല കോടതി വിധി വലിയൊരു സാമൂഹ്യ ഭൂതമായി കേരളത്തെ ആക്രമിച്ചത് . ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന ഒരു വിഷയം നാടിന്റെ മൊത്തം വിഷയമാക്കി മാറ്റിയതിൽ ഒന്നാം പിണറായി സർക്കാർ രാഷ്ട്രീയ വിജയം കണ്ടെത്തി . കേരളത്തിലെ ഓരോ മനുഷ്യരും ശബരിമലയെ കുറിച്ച് വേണ്ടതും വേണ്ടാത്തതുമൊക്കെ പഠിച്ചു ചർച്ച ചെയ്യാൻ തയാറായി . കൃത്യമായ ഹിന്ദു മുന്നോക്ക വോട്ടുകളുടെ ഏകീകരണമാണ് ശബരിമല കൊണ്ട് കേരളം ആകെ നേടിയെടുത്തത് . അതിന്റെ നേരിട്ടുള്ള ഉപയോക്താക്കളായി മാറിയാണ് 2019 ലെ യുഡിഎഫ് നേടിയ എക്കാലത്തെയും തകർപ്പൻ ജയമായ 19 സീറ്റും കൈപ്പിടിയിൽ ഒതുക്കിയത് . കേന്ദ്രത്തിൽ സിപിഎം നു വോട്ടു ചെയ്തിട്ട് കാര്യമില്ലന്ന ജനത്തിന്റെ ചിന്തയും രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്ഥിത്വതവും ഒക്കെ മഹാവിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി മാറ്റി എന്ന് മാത്രം.

ജോസ് കെ മാണിയും സഭയും സൃഷ്ടിക്കുന്ന വോട്ട് ബാങ്കുകൾ

കഴിഞ്ഞ കുറെ വര്ഷങ്ങളായി മലബാറിൽ മുസ്ലിം ജനവിഭാഗത്തെ കൂടെ നിർത്താൻ സിപിഎം നടത്തിയ ശ്രമങ്ങൾ തുടർ ഭരണത്തിന് ആ പാർട്ടിയെ സഹായിച്ചത് കേരളത്തിൽ രൂപപ്പെടുന്ന ജാതി രാഷ്ട്രീയത്തിന്റെ വെക്തമായ തെളിവായി ഇപ്പോൾ ഒരു തുറന്ന പുസ്തകം പോലെ ഓരോ മലയാളിക്കും മുന്നിലുണ്ട് . കെ ടി ജലീൽ ഒരു ഘട്ടത്തിൽ സൂപ്പർ മുഖ്യമന്ത്രിയെ പോലെ പെരുമാറാൻ സിപിഎം അവസരം ഒരുക്കിയതും യാദൃച്ഛികം ആയിരുന്നില്ല . വിവാദമായ സ്വർണ കടത്തിൽ ഖുർ ആൻ വിതരണമൊക്കെ വാർത്തകളിൽ നിറഞ്ഞു നിൽക്കണം എന്നതും ആ വിവാദത്തിന്റെ കുന്തമുന ആയി ജലീൽ മാറിയതുമൊക്കെ മത മനസുകളെ എത്തരത്തിൽ വൃണപ്പെടുത്തും എന്ന രാഷ്ട്രീയവും നേതാക്കൾക്ക് വളരെ വക്തമായിരുന്നു . ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലബാറിൽ മുസ്ലിം മുന്നേറ്റം സാധ്യമാക്കണം എന്ന തരത്തിൽ സ്ഥാനാർത്ഥികളെ ഫീൽഡ് ചെയ്യിക്കാനും എൽഡിഎഫിന് സാധിച്ചു എന്നത് ഇപ്പോൾ മന്ത്രിമാരായ ദേവർകോവിലും മുഹമ്മദ് റിയാസും ഒക്കെ തെളിയിക്കുന്നുണ്ട്.

ഇതിനു ബദലായി വര്ഷങ്ങളായി സിപിഎം രൂപപ്പെടുത്തിയ തന്ത്രമാണ് ജോസ് കെ മാണിയുടെ കൂടുമാറ്റം . ലക്ഷ്യം തങ്ങൾക്ക് അപ്രാപ്യം ആയ മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ വോട്ടുകൾ മാത്രം . ഉമ്മൻ ചാണ്ടി സർക്കാരിൽ മുസ്ലിം ലീഗ് അഞ്ചാം മന്ത്രിയെ നേടിയത് ഹിന്ദുക്കളേക്കാൾ വിഷമിപ്പിച്ചത് മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ സമൂഹത്തെയാണ് എന്ന് മനസിലാക്കിയ ഇടതു നേതാക്കൾ കെ എം മാണിക്ക് മുഖ്യമന്ത്രി പദം വരെ വാഗ്ദനം ചെയ്തതും ഒട്ടും ദൂരക്കാഴ്ച ഇല്ലാതെയല്ല . എന്നാൽ മാണിക്ക് സാധിക്കാതെ പോയത് മകനിലൂടെ സാധിച്ചെടുക്കാൻ കാത്തിരുന്ന സിപിഎം അതിനുള്ള അവസരം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു . കോട്ടയത്തെ കോൺഗ്രെസുകാരുടെ ദുർവാശിക്കു കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഒന്നാകെ ബലികൊടുക്കപെട്ട കാഴ്ചയാണ് പിന്നീട് ഉണ്ടായതു . കേരള കോൺഗ്രസ് വിട്ടു പോകുന്നത് തടയുന്നതിൽ പരാജയപ്പെട്ട ഉമ്മൻ ചാണ്ടി ഇനിയൊരിക്കലും തനിക്ക് കോൺഗ്രസിൽ ഒരു പദവി ലഭിക്കാൻ സാദ്യതയില്ലെന്ന തിരിച്ചറിവ് കൂടിയാണ് നേടിയിരിക്കുന്നത് . പക്ഷെ അതിനായി അദ്ദേഹവും പാർട്ടിയും വലിയ വിലയാണ് നൽകേണ്ടി വന്നതും.

ക്രിസ്ത്യൻ സഭയിലേക്കു സിപിഎം പണിത തൂക്കുപാലമായി ജോസ് കെ മാണി അനിക്ഷേദ്യനായപ്പോൾ അദ്ദേഹം പോലും അമ്പരക്കുന്ന സ്വീകാര്യതയാണ് സിപിഎം നൽകിയത് . അർഹിക്കപ്പെട്ടതിലേറെ അംഗീകാരം നിയമ സഭ ഇലക്ഷനിൽ നൽകി പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ സിപിഎമ്മിന് സാധിച്ചു . ഇതൊരു വിജയ ഫോര്മുലയാണെന്നു അടിത്തട്ട് മുതൽ മുകൾത്തട്ട് വരെ ചർച്ച ചെയ്തു തീരുമാനിക്കാനും സിപിഎമ്മിന് കഴിഞ്ഞു . ഈ ഫോർമുല വീണ്ടും ആവർത്തിക്കണം എന്ന ചിന്തയാണ് അരുൺകുമാറിന്റെ ചുവരെഴുത്തു മാറ്റി അമേരിക്കയിൽ നിന്നും പിണറായിയും കോടിയേരിയും ചേർന്ന് ജോ ജോസഫിലേക്കു ''ഞെട്ടിക്കുന്ന സ്ഥാനാർത്ഥി'' എന്ന മുഖവുരയോടെ എഴുതി ചേർത്തതു.

പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തുക എന്നതായിരുന്നു ഈ ഞെട്ടിക്കൽ . അതിനായി സഭയുടെ കേന്ദ്രം എന്നറിയപ്പെടുന്ന ലിസി ആശുപത്രിയുടെ പ്രധാന വേദി തന്നെ സ്തനാർത്ഥി പ്രഖ്യാപനത്തിനായി സിപിഎം ഉപയോഗിക്കുകയും ആ വേദിയിൽ ആശുപത്രി ഡയറ്കടർക്കൊപ്പം മന്ത്രി പി രാജീവും പിണറായി വിശ്വസ്തൻ എം സ്വരാജ്ജും സാന്നിധ്യമായതും നൽകുന്ന സന്ദേശങ്ങൾ വളരെ വക്തമായിരുന്നു . ലിസി ആശുപത്രിയുമായി ബന്ധപ്പെട്ട നൂറു കണക്കിന് വൈദികരും കന്യാസ്ത്രീകളും അവർക്കു സ്വാധീനമുള്ള കുടുംബങ്ങളും ഒരു ജനവിഭാഗവും നൽകുന്ന പിന്തുണയുമായിരുന്നു അരുൺകുമാറിന്റെ പേര് മായ്ക്കാൻ സിപിമ്മിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.

കെ വി തോമസും പിസി ജോര്ജും ആലപ്പുഴയിലെ മുദ്രാവാക്യവും പാരയും തിരിച്ചടിയുമായി

രാഷ്ട്രീയം പലപ്പോഴും തിരിച്ചടികൾ നൽകും എന്നതിന് ഉത്തമ ഉദാഹരണമായി തൃക്കാക്കരയിലെ പാളിയ പരീക്ഷണം എക്കാലവും സിപിഎമ്മിന് ഒപ്പമുണ്ടാകും . കെ വി തോമസിന് രാഷ്ട്രീയത്തിൽ ഉള്ള സ്വാധീനം എന്നതിനേക്കാൾ ഉപരി ക്രിസ്ത്യൻ സഭയുടെ വോട്ടിലേക്കുള്ള മറ്റൊരു പാലമായി മാറണം എന്നതായിരുന്നു സിപിഎം ചിന്ത . ജോസ് കെ മാണിയെ പോലെ തോമസ് ഫാക്ടർ കൂടിയാകുമ്പോൾ എറണാകുളം ജില്ലയിൽ കോൺഗ്രസ് പച്ച തൊടില്ല എന്ന വിശ്വാസവും അണികൾ കൂടെയില്ലാത്ത തോമസിനെ ഉയർത്തി നിർത്താൻ സിപിഎമ്മിനെ ചിന്തിപ്പിച്ച ഘടകമാണ് . എന്നാൽ ജോസിനോട് കോൺഗ്രസ് എടുത്ത നിലപാടല്ല തോമസിനോട് കോൺഗ്രസ് എടുത്തത് എന്നത് ജനങ്ങൾ വിശ്വസിക്കുന്നു എന്ന തിരിച്ചറിവോടെ തന്നെ സിപിഎം അദ്ദേഹത്തെ പ്രചാരണത്തിന്റെ മുന്നിൽ എത്തുന്നത് തടയുവാനും കാരണമാക്കി . ഈ ഘട്ടത്തിലും സഭ വിശ്വാസികൾ കൂടെയുണ്ടാകും എന്ന ചിന്ത തന്നെ ആയിരുന്നു സിപിഎമ്മിന് .

പക്ഷെ കാര്യങ്ങൾ അമ്പേ മാറ്റിമറിച്ചത് എസ് ഡി പി ഐ ആലപ്പുഴയിൽ കുട്ടിയെ തോളിലേന്തി നടത്തിയ മുദ്രാവാക്യം വിളിയും തുടർന്ന് പിസി ജോർജിനെ അറസ്റ് ചെയ്തു ജയിലിൽ ഇട്ടതുമൊക്കെ തിരഞ്ഞെടുപ്പിന്റെ നിർണായക വേളയിൽ സിപിഎമ്മിനേറ്റ വമ്പൻ മണ്ടത്തരമായി വിലയിരുത്തപ്പെടുകയാണ് . ഇത് തിരിച്ചറിയാൻ അല്പം സമയം എടുത്തു എന്നതുകൊണ്ടാണ് പിസി ജോർജിനെ വീണ്ടും അറസ്റ് ചെയ്യാൻ മടിച്ചതും . പക്ഷെ ജോർജിന്റെ അറസ്റ്റും ആലപ്പുഴയിൽ എസ ഡി പി ഐ അറെസ്റ്റുകളും മത വോട്ടുകളുടെ ദ്രുവീകരണത്തിനു വേണ്ടത്ര പ്രകോപനം ആയിരുന്നു . ഒരേ സമയം ക്ര്യസ്ത്യൻ - മുസ്ലിം വോട്ടുകളെ വെറുപ്പിക്കാൻ വലിയ തോതിൽ സിപിഎമ്മിന് കഴിഞ്ഞു എന്നത് വലിയ പരാജയത്തിൽ പ്രധാന ഘടകമായി ഇപ്പോൾ വിലയിരുത്തപ്പെടുന്നുണ്ട് . കാൽ ലക്ഷം വോട്ടിനു ജയിക്കും എന്നൊക്കെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നെങ്കിലും പിണറായി വിജയൻ മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണത്തിന് നേതൃവതം നൽകിയപ്പോൾ ചെറിയ ഭയപ്പാട് കോൺഗ്രസ് നേതാക്കളിലും പ്രകടമായിരുന്നു . എന്നാൽ നിശ്ചയമായും രാഷ്ട്രീയ വോട്ടുകൾക്കപ്പുറം മത ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചെന്നു കോൺഗ്രസ് നേതാക്കൾ രഹസ്യമായി എങ്കിലും സമ്മതിക്കുന്ന സാഹചര്യമാണ് തൃക്കാക്കരയിലെ റെക്കോർഡ് ഭൂരിപക്ഷം .

ഇനിയെന്ത് ? ആര് ആർക്കൊപ്പം?

ഇതാണ് കേരള രാഷ്ട്രീയത്തിലെ മുന്നോട്ടുള്ള വഴിയെങ്കിൽ ഇനിയാരൊക്കെ ആർക്കൊപ്പം എന്നത് വലിയ ചോദ്യമായി ഓരോ മലയാളിക്കും മുന്നിലെത്തും . മത ശക്തികളും അതിനൊപ്പം മത വോട്ടുകളും മുൻപെന്നത്തേക്കാളും നിർണായകമായി മാറുകയാണ് കേരളത്തിൽ . ഓരോ രാഷ്ട്രീയ പാർട്ടിയും മത നേതാക്കളെയും മത വോട്ടുകളെയും കൂടുതലായി ആശ്രയിക്കാൻ നിര്ബന്ധിതർ ആയി മാറും എന്നതുമാണ് തൃക്കാക്കര തെളിയിക്കുന്നത് . ഒരു മതത്തെയും പിണക്കാതെ അതിനൊപ്പം ആവുന്നത്ര പ്രീണിപ്പിക്കുന്ന സമീപനം എടുക്കാൻ രാഷ്ട്രീയ നേതാക്കൾ നിര്ബന്ധിതർ ആകുമ്പോൾ പ്രബുദ്ധ കേരളം എന്നത് വെറും പരിഹാസ്യമായി മലയാളിക്ക് മുന്നിലുണ്ടാകും .

ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ ജാട്ടുകളുടെയും യാദവന്മാരുടെയും ഗുജ്ജറുകളുടെയും ഒക്കെയാണെന്ന് കളിയാക്കിയിരുന്ന മലയാളിക്ക് മുന്നോട്ടുള്ള വഴികളിൽ തങ്ങളും അവരിൽ നിന്നും ഒട്ടും വത്യസ്തർ ആല്ലെന്നും വേണ്ടി വന്നാൽ ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ നാണിപ്പിക്കും വിധത്തിൽ രാഷ്ട്രീയത്തിൽ മതങ്ങൾക്ക് ഇടം നല്കാൻ അവസരം നൽകും എന്നും മനഃസാക്ഷിയോടെങ്കിലും സമ്മതിക്കേണ്ടി വരും . ഇതിനിടയിൽ ഇതിനു വഴി ഒരുക്കിയവർ ആരെന്നതിനേക്കാൾ ആ വഴിയിലൂടെ നടന്നവരല്ലേ നമ്മൾ എന്ന കുറ്റബോധം തലയിൽ ഉദിക്കണമെങ്കിൽ കാലം കുറെ കാത്തിരിക്കേണ്ടിയും വരും . അതിനിടയിൽ മത വെറിയുടെ കൂടുതൽ ഉഗ്ര ശബ്ദങ്ങൾ മലയാളിയെ തേടി വരാനിരിക്കുകയാണ് അടുത്ത ലോക് സഭയിലും നിയമസഭയിലും , കാത്തിരിക്കാം കൂടുതൽ വൃത്തികെട്ട രാഷ്ട്രീയത്തിനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP