Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാപ്റ്റനെയും നിഷ്പ്രഭനാക്കിയ ഉമയുടെ വ്യക്തിപ്രഭാവം; പാളി പോയ തന്ത്രങ്ങൾ; ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താൻ ആവാത്ത ദയനീയത; വനിതാ വോട്ടർമാരിൽ ഏൽക്കാതെ പോയ വ്യാജവീഡിയോ സഹതാപം; എൽഡിഎഫ് സെഞ്ച്വറി അടിക്കാതെ ഔട്ടായതിന് പിന്നിൽ

ക്യാപ്റ്റനെയും നിഷ്പ്രഭനാക്കിയ ഉമയുടെ വ്യക്തിപ്രഭാവം; പാളി പോയ തന്ത്രങ്ങൾ; ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താൻ ആവാത്ത ദയനീയത; വനിതാ വോട്ടർമാരിൽ ഏൽക്കാതെ പോയ വ്യാജവീഡിയോ സഹതാപം; എൽഡിഎഫ് സെഞ്ച്വറി അടിക്കാതെ ഔട്ടായതിന് പിന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സെഞ്ച്വറി അടിക്കാൻ പാകത്തിൽ ഇടതുഭരണകൂടം ഒന്നടങ്കം തൃക്കാക്കര കടക്കാൻ നോക്കിയിട്ടും, തോറ്റമ്പി. ജീവിച്ചിരുന്ന പി ടിയേക്കാൾ ശക്തനാണ് മരിച്ചുപോയ പി ടിയെന്ന നിരീക്ഷണം പൊലിച്ചു. സഹതാപ തരംഗം ആണ് ജയകാരണമെന്ന് എൽഡിഎഫ് ന്യായം നിരത്തിയാലും, കാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം ഉമ തോമസ് ഇത്രയും വലിയ ഭൂരിപക്ഷം നേടിയതിന് പിന്നിൽ അതുമാത്രമല്ല എന്ന് അവർക്ക് നന്നായി അറിയാം.

കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വോട്ട് വിഹിതം വർദ്ധിച്ചിട്ടുണ്ടെന്നാണ് എം.സ്വരാജ് ആശ്വസിക്കുന്നത്. 'കഴിഞ്ഞ തവണ 15000 വോട്ടിന് തോറ്റ സ്ഥലമല്ലേ. അവർക്ക് കുറേ കൂടി വോട്ട് കിട്ടി. ഞങ്ങളുടെ വോട്ടും വർദ്ധിക്കുകയാണ് ചെയ്തത്. നിയമസഭാംഗമായ ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിച്ചതായിട്ടാണ് കാണുന്നത്. അതിനെയാണ് നമ്മൾ സഹതാപ തരംഗം എന്നൊക്കെ പറയുന്നത്.ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ആ രീതി തന്നെ തുടർന്നതായിട്ടാണ് കാണുന്നത്. ഇത് സർക്കാരിനെതിരാണ് വ്യാഖ്യാനിച്ചാൽ തെറ്റായ നിഗമനങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.', സ്വരാജിന്റെ വാദം ഇങ്ങനെ

വ്യാജ വീഡിയോ സഹതാപം ഏറ്റില്ല

അവസാന റൗണ്ടിൽ വെടി പൊട്ടിക്കാൻ പാകത്തിൽ ഇടതുമുന്നണിക്ക് കിട്ടിയതായിരുന്നു ഡോ.ജോ.ജോസഫിന് എതിരായ അശ്ലീല ദൃശ്യം. ഉമ തോമസിനോട് സ്ത്രീവോട്ടർമാർക്കുള്ള മമതയിൽ വിള്ളൽ വീഴ്‌ത്തി ജോയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കാമെന്ന പ്രതീക്ഷ തെറ്റി. വോട്ടെടുപ്പ് ദിവസം അശ്ലീല വീഡിയോ അപ് ലോഡ് ചെയ്ത കോട്ടയ്ക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് ലീഗ പ്രവർത്തകൻ ആണെന്ന് ആരോപിച്ച് മൈലേജിന് നോക്കിയെങ്കിലും അതും വെറുതെയായെന്ന് വോട്ടുകണക്ക് തെളിയിക്കുന്നു. തൃക്കാക്കരയിൽ കനത്ത അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന കോടിയേരിയുടെ പ്രവചനവും തെറ്റി.

ഉമയ്ക്ക് മുന്നിൽ ക്യാപ്റ്റനും നിഷ്പ്രഭം

സ്ഥാനാർത്ഥി നിർണയത്തിൽ, യുഡിഎഫ് ഇത്തവണ എൽഡിഎഫിനേക്കാൾ മിടുക്ക് കാട്ടി. നേരത്തെ മുതലേ അതിജീവിതയുടെ പ്രശ്‌നത്തിലും മറ്റും ഇടപെട്ട് ഉമ തോമസ് കളത്തിൽ സജീവമായിരുന്നു. മത്സരിക്കുമെന്ന സൂചനകളും നൽകിയിരുന്നു. പി ടിക്ക് വേണ്ടി മണ്ഡലം നിലനിർത്താൻ ഇറങ്ങിയ ഉമയെ വനിത വോട്ടർമാർ ഏറ്റെടുത്തുവെന്ന് തന്നെ പറയേണ്ടി വരും. പോസ്റ്റർ ഒട്ടിക്കുന്നതിൽ മുതൽ സ്ത്രീകളുടെ ആവേശം ദൃശ്യമായിരുന്നു. വിജ്ഞാപനം വന്നയുടൻ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് സ്‌കോർ ചെയ്തു. എന്നാൽ, പതിവില്ലാതെ എൽഡിഎഫിന് ഇക്കാര്യത്തിൽ ചാഞ്ചാട്ടം വന്നു.

അഡ്വ. കെ.എസ്. അരുൺകുമാർ എന്ന യുവനേതാവിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ചുവരെഴുത്തും തുടങ്ങി. എന്നാൽ, അരുൺ കുമാറല്ല സ്ഥാനാർത്ഥി എന്നറിഞ്ഞപ്പോൾ അണികൾക്ക് നിരാശയായി. ഡോ. ജോ ജോസഫിന്റെ പേര് മാത്രമാണ് എൽ.ഡി.എഫ് ചർച്ച ചെയ്തതെന്ന് മന്ത്രി പി. രാജീവ് വിശദീകരിച്ചെങ്കിലും അത് ദഹിക്കാൻ പ്രയാസമുള്ള പ്രസ്താവനയായിരുന്നു.

പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധൻ എന്ന നിലയിൽ ഡോ.ജോ ജോസഫ് ആദരവ് പിടിച്ചുപറ്റിയെങ്കിലും, ഉമ തോമസിന്റെ ജനപ്രിയതയെ വെല്ലുവിളിക്കാൻ തെല്ലും പോന്നതായില്ല. ചുരുക്കി പറഞ്ഞാൽ, ഉമ പി ടിയുടെ ഭാര്യ എന്നതിലേക്കാളേറെ, തൃക്കാക്കരയുടെ വികാരമായി മാറി.വിവാദങ്ങളിലേക്ക് കടക്കാതെ ശാന്ത സൗമ്യമായി ഹൃദയം കുറന്ന് നാട്ടുകാരോട് ഉമ ഇടപെട്ടതിൽ ഒരു സ്വാഭാവികതയുണ്ടായിരുന്നു. കലർപ്പില്ലാത്ത ആ പെരുമാറ്റം തൃക്കാക്കരയിൽ ഹിറ്റായി. ഇതിനൊപ്പം പി ടിയുടെ ഭാര്യ തോൽക്കരുതെന്ന് കൂടി തൃക്കാക്കരക്കാർ തീരുമാനിച്ചപ്പോൾ, എൽഡിഎഫിന്റെ സെഞ്ച്വറി മോഹം അകന്നു പോവുകയായിരുന്നു.

ഇതോടെ, 25016 വോട്ട് എന്ന മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ മറികടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു. ചുരുക്കം ചില ബൂത്തുകളിൽ മാത്രമാണ് എൽ ഡി എഫിന് മുന്നേറ്റം നടത്താനായത്. ജയിച്ചില്ലെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനാവുമെന്ന് കരുതിയിരുന്ന എൽഡിഎഫ് പ്രതീക്ഷകൾ തകർത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഉമ നടത്തിയത്. കെ വി തോമസിനെ മുന്നണിയിൽ എത്തിച്ച തന്ത്രവും, മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി ഒന്നടങ്കവും നടത്തിയ ചിട്ടയായ പ്രവർത്തനവും ഏശിയില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

യുഡിഎഫിന്റെ മണ്ഡല സ്വാധീനത്തെ മറികടക്കാൻ ആയില്ല

തൃക്കാക്കര യുഡിഎഫ് മണ്ഡലമെന്ന് സമ്മതിച്ച് കൊണ്ട് തന്നെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2011 ൽ മണ്ഡല രൂപീകരണത്തിന് ശേഷം ഇതുവരെ തൃക്കാക്കരക്കാർ യുഡിഎഫിനെ ചതിച്ചിട്ടില്ല. ഭരണത്തിലിരിക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഉപയോഗിച്ച് തൃക്കാക്കര കീഴടക്കാമെന്ന എൽഡിഎഫ് മോഹം അമ്പേ പൊളിഞ്ഞുപോകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം. 'ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. പക്ഷേ ജനങ്ങളുടെ വിധിയെഴുത്ത് പരിഗണിച്ചപ്പോൾ അവരുടെ പരിഗണനാ വിഷയമായി അത് മാറിയിട്ടുണ്ടോ എന്ന് സംശയമാണ്'- സ്വരാജ് ഇങ്ങനെ പറയുമ്പോഴും, കൊച്ചി നഗരസഭയുടെ 22 ഡിവിഷനുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ മിഡിൽ ക്ലാസ് വോട്ടുകളെ അടുപ്പിക്കാൻ എൽഡിഎഫിന് ആയില്ല.

യുഡിഎഫിന്റെ ന്യൂനപക്ഷ വോട്ടുബാങ്ക് പൊളിക്കാനുള്ള തന്ത്രവും പരാജയപ്പെട്ടു

യുഡിഎഫിന് സ്വാധീനമുള്ള ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലയിലെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താൻ ലക്ഷ്യമിട്ടാണ് ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർത്ഥി ആക്കിയത് പോലും. സഭാ സ്ഥാനാർത്ഥിയെന്ന വിമർശനം ഒളിഞ്ഞും, തെളിഞ്ഞും വന്നപ്പോഴും, കാര്യമായി പ്രതിരോധിക്കാൻ ഇടതുനേതാക്കൾ മുതിർന്നില്ല. ഗുണമാകുന്നെങ്കിൽ ആകട്ടെ എന്ന് നിലപാട്. കെ വി തോമസിനെ ഒപ്പം കൂട്ടിയിട്ടും ഒരുചലനവും സൃഷ്ടിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകൾ മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ വീണു.

ട്വന്റി-ട്വന്റിയുടെ പിന്മാറ്റം യുഡിഎഫിന് അനുകൂലമായി

മന:സാക്ഷി വോട്ടിനാണ് ട്വന്റി ട്വന്റി ആഹ്വാനം ചെയ്തതെങ്കിലും, ഇടത് സർക്കാരിന് ഒരുപണി കൊടുക്കണം എന്ന ആഗ്രഹം സാബു ജേക്കബിനും കൂട്ടർക്കും ഉണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ പിടിച്ച പതിമൂവായിരത്തോളം വോട്ടിൽ യുഡിഎഫ് വോട്ടുകളായിരുന്നു ഏറെയും. ഭൂരിപക്ഷം ഉയരാൻ അതും കാരണമായി. 'തുടർഭരണം ലഭിച്ചതിനു ശേഷമുള്ള സർക്കാരിന്റെ ഒരു വർഷത്തെ ഭരണത്തോടുള്ള അമർഷമാണ് ഈ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതെന്നു ട്വന്റി ട്വന്റി കോഓർഡിനേറ്റർ സാബു എം. ജേക്കബ് പ്രതികരിച്ചത് ശ്രദ്ധേയമായി. വികസനം ജനങ്ങൾക്കു സ്വീകാര്യമാകണം. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസനവും പ്രവർത്തനവുമാണ് നടത്തേണ്ടത്. കുറെ സഖാക്കൾ തീരുമാനം എടുത്തുള്ള പദ്ധതിയിൽ ജനങ്ങൾ എന്തും ആയിക്കോട്ടെ എന്നു ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണ് നടന്നിരിക്കുന്നത്. അഹങ്കാരം കൊണ്ട് എന്തും ആകാമെന്നു തീരുമാനിച്ചാൽ അതിനു തിരിച്ചടിയുണ്ടാകും. ജനങ്ങൾ പ്രതികരിക്കും എന്നു മനസിലാക്കി മുന്നോട്ടു പോയാൽ ജനങ്ങൾ തിരിച്ചു ചിന്തിക്കും. അല്ലെങ്കിൽ ഇതു പോലെയുള്ള അവസ്ഥ വീണ്ടുമുണ്ടാകും.

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി പരസ്യമായ നിലപാടാണ് എടുത്തത്. വിവേകത്തോടെ വോട്ടു ചെയ്യാനാണ് ജനങ്ങളോട് അഭ്യർത്ഥിച്ചത്. അതു കൃത്യമായി ഉപയോഗിച്ചു എന്നതിന്റെ തെളിവാണ് ഫലത്തിൽ വന്നിരിക്കുന്നത്. കഴിഞ്ഞ തവണ 14000 വോട്ടാണ് പാർട്ടിക്കു കിട്ടിയിരുന്നതെങ്കിൽ ഇത്തവണ 20000, 25000 വോട്ടുകൾക്കു സാധ്യതയുള്ള മണ്ഡലമാണ്. ഇവിടെ ട്വന്റി ട്വന്റി മൽസര രംഗത്തുണ്ടായിരുന്നെങ്കിൽ വ്യത്യസ്തമായ ചിത്രമായിരുന്നിരിക്കും ഉണ്ടാകുക എന്നും സാബു ജേക്കബ് അവകാശപ്പെടുന്നു.

മഞ്ഞ കുറ്റിയോടുള്ള പ്രതിഷേധം

ഇടതുപക്ഷത്തിന് പോലും നൂറു ശതമാനം ഉറപ്പില്ലാത്ത കെ റയിലിന് വേണ്ടിയുള്ള കുറ്റി നാട്ടലും, പിഴുതുമാറ്റലും, ജനമനസിൽ ആശങ്ക സൃഷ്ടിച്ചുവെന്ന് വേണം കരുതാൻ. വികസനത്തിന്റെ രാഷ്ട്രീയം എന്ന എൽഡിഎഫ് മുദ്രാവാക്യം തൃക്കാക്കരക്കാർ തള്ളിക്കളഞ്ഞു.തിരഞ്ഞെടുപ്പിന് മുമ്പ് കല്ലിടീലിൽ നിന്ന് പിന്മാറിയെങ്കിലും, എൽഡിഎഫിനെ പൂട്ടാനുള്ള മികച്ച ആയുധം യുഡിഎഫ് പ്രയോഗിക്കുക തന്നെ ചെയ്തു. വി ഡി സതീശനും, കെ.സുധാകരനും അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ ഇടതുപക്ഷത്തിന് കെ റെയിലിൽ മറുപടികൾ മുട്ടി. എല്ലാം ശ്രദ്ധിച്ച ജനം ഉമതോമസിനെ കനിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP