Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതു കേന്ദ്രങ്ങളിൽ കയറി പടവെട്ടി വലതു കോട്ടയാക്കാൻ പഠിച്ച തിരുവഞ്ചൂർ; അടൂരിൽ നിന്നും കോട്ടയത്തേക്ക് മാറിയപ്പോഴും മാറ്റമില്ല; 711 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച മന്ത്രി ഇക്കുറി ശ്രമിക്കുന്നത് 10,000 കടക്കാൻ

ഇടതു കേന്ദ്രങ്ങളിൽ കയറി പടവെട്ടി വലതു കോട്ടയാക്കാൻ പഠിച്ച തിരുവഞ്ചൂർ; അടൂരിൽ നിന്നും കോട്ടയത്തേക്ക് മാറിയപ്പോഴും മാറ്റമില്ല; 711 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച മന്ത്രി ഇക്കുറി ശ്രമിക്കുന്നത് 10,000 കടക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: 1987 വരെ ഇടതു പക്ഷത്തിന്റെ പ്രധാന പ്രതീക്ഷയായിരുന്നു അടൂർ. രണ്ട് തവണ തെന്നല ബാലകൃഷ്ണ പിള്ളയെ ജയിപ്പിക്കാനായത് മാത്രമായിരുന്നു കോൺഗ്രസുകാർക്കിവിടെ മേനി പറയാനുണ്ടായിരുന്നത്. സത്യസന്ധനായ അഴിമതികറ പുരളാത്ത തെന്നലയ്ക്ക് പോലും അടൂരിൽ അടിതെറ്റി. അപ്പോഴാണ് 1991ൽ യുവത്വത്തിന്റെ കരുത്തുമായി കോടയത്തു നിന്നും തിരുവഞ്ചൂർ അടൂരിലെത്തി. ഇതോടെ മണ്ഡലത്തിന്റെ തലവര മാറി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ സഹതാപ തരംഗത്തിൽ 1991ൽ അടുർ കടന്ന തിരുവഞ്ചൂർ പിന്നെ ഇവിടുത്തുകാരുടെ നേതാവായി. 2006വരെ നാല് നിയമസഭാ വിജയങ്ങൾ. തിരുവഞ്ചൂർ അടൂരിനെ വിട്ടപ്പോൾ വീണ്ടുമത് സിപിഐയുടെ മണ്ഡലമായി.

അടൂരിനെ സംവരണ മണ്ഡലമാക്കിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തേക്ക് വണ്ടി കയറി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ തിരുവഞ്ചൂരിന് എന്ത് സംഭവിക്കുമെന്ന ആശങ്ക സജീവമായിരുന്നു. എന്നാൽ മണ്ഡലത്തെ ഇളക്കി മറിച്ച് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കോട്ടയത്തിന്റെ മനസ്സ് സ്വന്തമാക്കി. പതിനാല് നിയമസഭാ പോരിൽ പത്തിലും ഇടത്തേയ്ക്കായിരുന്നു കോട്ടയകാരുടെ ചായ് വ്. അടൂരിൽ നിന്ന് കോട്ടയത്ത് തിരുവഞ്ചൂർ എത്തുമ്പോൾ സിപിഎമ്മിന്റെ വിഎൻ വാസവനായിരുന്നു സിറ്റിങ് എംഎൽഎ. വീറുറ്റ പോരാട്ടത്തിൽ 711 വോട്ടിന് തിരുഞ്ചൂർ വാസവനെ കടന്നു. മന്ത്രിയായി. റവന്യൂവും ആഭ്യന്തരവും ഭരിച്ച് ട്രാൻസ്‌പോർട്ടും കായിക വകുപ്പിലുമെത്തി. അഞ്ച് കൊല്ലത്തിന് ശേഷം തിരുവഞ്ചൂർ കോട്ടയത്ത് വീണ്ടുമെത്തുമ്പോൾ ചിത്രം മാറുകയാണ്.

1982ൽ അടൂരിൽ തെന്നല വിജയിച്ചത് 1738 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അഞ്ചുവർഷം കഴിഞ്ഞ് 1226 വോട്ടിന് തോറ്റു. സഹതാപ തരംഗത്തിന്റെ കരുത്തിൽ 1992ൽ തിരുവഞ്ചൂർ അടൂരിൽ ജയിച്ചത് 5767 വോട്ടിന്. 1997ൽ അത് 9201 ആയി ഉയർന്നു. അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അടൂരിനെ യുഡിഎഫ് കോട്ടയാക്കി തിരുവഞ്ചൂർ മാറ്റിയെന്ന് വ്യക്തവുമായി. 15340 വോട്ടിനാണ് ജയിച്ചത്. വി എസ് അച്യൂതാനന്ദൻ തരംഗത്തിൽ 2006ൽ ഇടതു പക്ഷം കേരളം തൂത്തുവാരിയപ്പോഴും അടൂരിൽ തിരുവഞ്ചൂർ കുലുങ്ങിയില്ല. ഭൂരിപക്ഷം 1846 ആയി ഉയർത്തി. എന്നാൽ മണ്ഡലം സംവരണ പട്ടികയിൽ ആയപ്പോൾ തിരുവഞ്ചൂർ കോട്ടയത്തേക്ക് വണ്ടി കയറി. ഇതോടെ ഭൂരിപക്ഷമെല്ലാം അപ്രസക്തമായി. 607 വോട്ടിന് ചിറ്റയം ഗോപകുമാർ അടൂരിന്റെ ജനപ്രതിനിധിയുമായി.

അടൂരിൽ സംഭവിച്ചത് കോട്ടയത്തും തിരുവഞ്ചൂർ ആവർത്തിച്ചുവെന്നാണ് വിലയിരുത്തൽ. സിപിഎമ്മിൽ സ്ഥാനാർത്ഥിയാകാൻ പോലും ആരും തയ്യാറാകാത്തെ മണ്ഡലം. കോട്ടയത്ത് തിരുവഞ്ചൂർ ഭൂരിപക്ഷം ഇത്തവണ ഉയർത്തുമെന്നാണ് ഏവരുടേയും വിലയിരുത്തൽ. ഭൂരിപക്ഷം ഇത്തവണ 10000 കടത്തുകയാണ് തിരുവഞ്ചൂരിന്റെ ലക്ഷ്യം. ആർക്കും തിരുവഞ്ചൂരിന്റെ വിജയത്തിൽ സംശയമില്ല. സോളാറിലും ദേശീയ ഗെയിംസിലുമെല്ലാം ചില വിവാദങ്ങളിൽ തിരുവഞ്ചൂർ പെട്ടിരുന്നു. എന്നാൽ അതൊന്നും കോട്ടയത്ത് തിരുവഞ്ചൂരിന്റെ ജനസമ്മതി കുറഞ്ഞില്ല. ആഭ്യന്തര വകുപ്പ് നഷ്ടമായപ്പോൾ ചെറിയ മനോവിഷമം തിരുവഞ്ചൂരിന് ഉണ്ടായിരുന്നു. ഇപ്പോഴാലോചിക്കുമ്പോൾ അതും നല്ലതാണെന്ന് തിരുവഞ്ചൂർ പറയും. അതുകൊണ്ട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ബസുകളെത്തിക്കാൻ തിരുവഞ്ചൂരിനായി.

കോട്ടയം മണ്ഡലത്തിന്റെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞാണ് വോട്ട് പിടിചത്തം. അക്ഷര നഗരിക്ക് അൻപതാണ്ടിന്റെ ഊർജം പകർന്ന അഞ്ചു വർഷം എന്ന മുദ്രാവക്യമുയർത്തി വോട്ട് പിടിത്തം. അഞ്ചു വർഷത്തിനുള്ളിൽ 1,202.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് പദ്ധതികളുടെ പേര് സഹിതം ചൂണ്ടിക്കാട്ടിയാണ് ജനങ്ങളെ സമീപിക്കുന്നത്. അത് ശരിയാണ് താനും. പാലങ്ങളും റോഡുകളുമെല്ലാമായി കോട്ടയത്തിന്റെ ചരികാല അഭിലാഷങ്ങൾ പലതും തിരുവഞ്ചൂർ നേടിയെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടക്കത്തിൽ റവന്യൂമന്ത്രിയായിരുന്നു. അപ്പോൾ ആവുന്നതെല്ലാം സ്വന്തം മണ്ഡലത്തിലെത്തിച്ചു. ആഭ്യന്തര മന്ത്രിയുടെ കരുത്ത് കട്ടിയപ്പോൾ കോട്ടയത്തെ മുഴുവൻ കൈക്കുള്ളിലാക്കി വികസനത്തിന് വേഗം നൽകി. പിന്നെ കായികഗതാഗത മന്ത്രിയായുള്ള തരംതാഴ്‌ത്തൽ. ഇതിനേയും അവസരമായി തന്നെ തിരുവഞ്ചൂർ ഉപയോഗിച്ചു.

മന്ത്രിപദത്തിലെ അവസാനകാലത്ത് തിരുവഞ്ചൂർ മണ്ഡലത്തിൽ നിറഞ്ഞു. വിവാദങ്ങൾ പലതുണ്ടായതു കൊണ്ട് തന്നെ കരുതലോടെ ജനങ്ങളുമായി സംവദിച്ചു. വികസന നേട്ടങ്ങൾ എല്ലാം ജനങ്ങളിലേക്ക് എത്തിച്ചു. കൊച്ചി ആലപ്പുഴ കോട്ടയം നഗരങ്ങളെ ബന്ധിപ്പിച്ചു വിപുലമായ ഗതാഗത സൗകര്യങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. ഇത്തരമൊരു പദ്ധതിക്കായി ഏകദേശം 720 കോടി രൂപ ചെലവു വരും. ഇതോടെ കോട്ടയത്തിന്റെ മുഖഛായ തന്നെ മാറ്റപ്പെടും. വേമ്പനാട് കായൽ കാഴ്ചകളും തീരദേശങ്ങളുടെയും നഗരങ്ങളുടെയും വികസനം ലക്ഷ്യമിട്ടു കോടിമതചേർത്തല പാത മറ്റൊരു സ്വപ്‌ന പദ്ധതിയാണ്. ഇതിനായി കേന്ദ്ര സർക്കാരിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും അനുമതിയും തേടേണ്ടതുണ്ട്. കൊച്ചിയെന്ന പോലെ കോട്ടയത്തെയും മെട്രോ നഗരമാക്കി മാറ്റുകയാണ് തന്റെ സ്വപ്‌നമെന്നും തിരുവഞ്ചൂർ വിശദീകരിച്ചു.

കൊച്ചി വികസിക്കുന്നതു പോലെ സമീപ പ്രദേശമായ കോട്ടയവും തൊടുപുഴയും എല്ലാം വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ പാഴ് വാക്കാക്കില്ലെന്ന് അഞ്ചു കൊല്ലത്തെ പ്രവർത്തനം കൊണ്ട് തിരുവഞ്ചൂർ കോട്ടയത്തുകാരെ ബാധ്യപ്പെടുത്തിയെന്നതാണ് യാഥാർത്ഥ്യം. ഇതുകൊണ്ട് തന്നെയാണ് കോട്ടയം തിരുവഞ്ചൂരിന്റെ കോട്ടയാകുന്നത്. ഭൂരിഭാഗം തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റുകളെ നെഞ്ചിലേറ്റിയ കോട്ടയം ഇടയ്‌ക്കൊക്കെ കോൺഗ്രസിനേയും കൈപിടിച്ചുയർത്തിയെന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് തിരുവഞ്ചൂരിന്റെ ഇടപെടൽ കോട്ടയത്തെ പ്രധാന വിഷയമാകുന്നതും. 2001 മുതൽ ഇരുമുന്നണികളും മാറിമാറി വിജയിച്ചതാണ് ചരിത്രം. വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് വിജയം നേടാനായ തെരഞ്ഞെടുപ്പായിരുന്നു അത്. സിപിഐ(എം). ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനെതിരെ യു.ഡി.എഫ്. സ്ഥാനാർത്ഥി മേഴ്‌സി രവി വിജയിച്ചത്. എന്നാൽ 2006ൽ സിപിഐ(എം). സ്ഥാനാർത്ഥി വി.എൻ.വാസവൻ ജയിച്ചു. 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സിറ്റിങ് എംഎ!ൽഎ. വി.എൻ.വാസവനെ തോൽപ്പിച്ചു.

എംപി. ഗോവിന്ദൻ നായർ, ടി.കെ. രാമകൃഷ്ണൻ, എൻ. ശ്രീനിവാസൻ എന്നിവർ മന്ത്രിയായ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണനിലൂടെ ഒരു മന്ത്രിയെ കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു അത്. ഇത് എല്ലാ അർത്ഥത്തിലും കോട്ടയത്തിന് കരുത്തായി. 1957ൽ ആദ്യനിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.യിലെ പി.ഭാസ്‌കരൻ നായരാണ് വിജയിച്ചത്. കോൺഗ്രസിലെ എംപി ഗോവിന്ദൻ നായർ തോറ്റു. 1960ൽ എംപി ഗോവിന്ദൻ നായർ വിജയം നേടി. ആ വിജയം കോട്ടയത്തിന് നേടിക്കൊടുത്തത് ആദ്യമന്ത്രി സ്ഥാനം കൂടിയാണ്. 1962ൽ ആർ.ശങ്കർ മന്ത്രിസഭയിൽ ഗോവിന്ദൻ നായർ ആരോഗ്യമന്ത്രിയായി. കേരള കോൺഗ്രസിന് രൂപം കൊടുത്തതിന് ശേഷം 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ എംപി. ഗോവിന്ദൻനായർ തോറ്റു. ജയിച്ചത് സിപിഎമ്മിലെ എം.കെ ജോർജ്. 1967ൽ എംപി. ഗോവിന്ദൻനായരും എം.കെ ജോർജും തമ്മിലുള്ള മൽസരം ആവർത്തിച്ചു. 1970ലാണ് കോട്ടയത്തെ രാഷ്ട്രീയസഖ്യങ്ങളിൽ മാറ്റം വന്നത്. കേരള കോൺഗ്രസിന്റെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.കെ.ജോർജ് തോമസ് മൽസരിച്ചു. വിജയിച്ചത് സിപിഎമ്മിലെ എം.തോമസ്.

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977ലെ മൽസരം സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു. യു.ഡി.എഫ്. പിന്തുണയോടെ മൽസരിച്ച സിപിഐ സ്ഥാനാർത്ഥി പി.പി. ജോർജ് ജയിച്ചു. തോൽവി നേരിട്ടത് സിപിഎമ്മിലെ സിറ്റിങ് എംഎ!ൽഎ. എം.തോമസിന്. 1980ൽ സിപിഎമ്മിലെ കെ.എം. ഏബ്രഹാമും 1982ൽ എസ്.ആർ.പിയിലെ എൻ. ശ്രീനിവാസനും ജയിച്ചു. അക്കുറി കെ.കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായി. 1987 മുതൽ 1996 വരെയുള്ള തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചത് സിപിഎ.മ്മിലെ ടി.കെ. രാമകൃഷ്ണനാണ്. ഈ ചരിത്രം മാറ്റിയെഴുതി മേഴ്‌സി കോട്ടയത്ത് ജയിച്ചു. 2006 ൽ വിഎൻ വാസവൻ ഇവിടെ അഞ്ഞൂറിൽ താഴെ വോട്ടുകൾക്കാണ് ജയിച്ചത്. 2011 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത് എഴുനൂറിലധികം വോട്ടുകൾക്കും. ഇവിടെ നിന്നാണ് വികസന നായകനെന്ന ലേബലിൽ തിരുവഞ്ചൂർ കോട്ടയത്തിന്റെ മനസ്സ് പിടിക്കുന്നത്.

കോട്ടയത്ത് സിപിഐ(എം) ഇത്തവണ റെജി സക്കറിയയെയാണ് മത്സരിപ്പിക്കുന്നത്. ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ് റെജി സക്കറിയ. എന്നിട്ടു പോലും തിരുവഞ്ചൂരിനെ തളയ്ക്കാനാകുന്നില്ല. ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ടിനും തിരുവഞ്ചൂരിന്റെ ജനപ്രിയതയെ തകർക്കാനാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP