Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്തെ വിജയികളെ നിർണ്ണയിക്കുന്നത് ബിജെപി നേടുന്ന വോട്ട്; കുമ്മനവും രാജഗോപാലും വിജയം പ്രതീക്ഷിക്കുന്നു; വോട്ട് കച്ചവടത്തിൽ വിശ്വസിച്ച് ശിവകുമാർ; ആർക്കും തൊടാനാവാതെ സത്യൻ; തിരുവനന്തപുരം ഇക്കുറി ആർക്കൊപ്പം; എല്ലാവരും ആത്മവിശ്വാസത്തിൽ

തലസ്ഥാനത്തെ വിജയികളെ നിർണ്ണയിക്കുന്നത് ബിജെപി നേടുന്ന വോട്ട്; കുമ്മനവും രാജഗോപാലും വിജയം പ്രതീക്ഷിക്കുന്നു; വോട്ട് കച്ചവടത്തിൽ വിശ്വസിച്ച് ശിവകുമാർ; ആർക്കും തൊടാനാവാതെ സത്യൻ; തിരുവനന്തപുരം ഇക്കുറി ആർക്കൊപ്പം; എല്ലാവരും ആത്മവിശ്വാസത്തിൽ

ബി രഘുരാജ്‌

തിരുവനന്തപുരം: തലസ്ഥാനം പിടിച്ചാൽ നിയമസഭയിൽ ആധിപത്യം. ഇതാണ് രാഷ്ട്രീയ നിരീക്ഷകർക്കിടയിലെ പൊതു വിശ്വാസം. സമകാലീന കേരള രാഷ്ട്രീയത്തിൽ ഇത് സത്യവുമാണ്. 14 നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരത്തുള്ളത്. ഇതിൽ എട്ടിടത്ത് ജയിച്ചാൽ അധികാരം ഉറപ്പാണെന്ന വിശ്വാസം ഇക്കുറിയും ആവർത്തിക്കുമോ എന്നതാണ് ചോദ്യം. ഭൂരിപക്ഷ സമുദായ വോട്ടുകളുടെ കേന്ദ്രീകരണമാണ് തിരുവനന്തപുരത്ത് വിജയികളെ നിശ്ചയിക്കുക. ഇതിനൊപ്പം നാടാർ വോട്ടുകളും നിർണ്ണായകം. തീരമേഖലയിലെ ക്രൈസ്തവ വോട്ടുകൾ കൂടി പെട്ടിയിലാക്കിയാൽ ജയിച്ചു കയറാം. ഈ ജാതി സമവാക്യങ്ങൾ അനുകൂലമാക്കി തിരുവനന്തപുരം പിടിച്ചാൽ തലസ്ഥാനം കൈയിലാക്കാം. ഈ സാമുദായിക രാഷ്ട്രീയം അനുകൂലമാക്കാൻ സ്ഥാനാർത്ഥികൾ ഓടുകയാണ്. ആർക്കും ജയിക്കാവുന്ന അവസ്ഥ. മറ്റ് ജില്ലകളിൽ നിന്ന് വിഭിന്നമായി പകുതിയലധികം മണ്ഡലത്തിലും വിജയിയെ നിശ്ചയിക്കുന്നത് ബിജെപി സാന്നിധ്യമാണ്. അതുതന്നെയാണ് തിരുവനന്തപുരത്തെ പ്രവചനാതീതമാക്കുന്നതും.

നിലവിൽ യു.ഡി.എഫ്.9, എൽ.ഡി.എഫ്.5 എന്നിങ്ങനെയാണ് കക്ഷിനില. രാഷ്ട്രീയാഭിമുഖ്യം മാറിമറിയുന്ന ശീലം തിരുവനന്തപുരം ജില്ലയ്ക്കുണ്ട്. 1987, 1996, 2006 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജില്ലയിലെ മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടി. ഈ വർഷങ്ങളിൽ സംസ്ഥാനഭരണവും ഇടതുമുന്നണിക്കായിരുന്നു. ഇതേസമയം 1991, 2001, 2011 വർഷങ്ങളിൽ യു.ഡി.എഫ്. എട്ട് മുതൽ 10 സീറ്റ് വരെ ജില്ലയിൽ നേടി. ഈ വർഷങ്ങളിൽ യു.ഡി.എഫ്. സംസ്ഥാനഭരണവും പിടിച്ചു. സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയാന്തരീക്ഷം, വികസനപദ്ധതികളുടെ നടത്തിപ്പ്, സ്ഥാനാർത്ഥികളുടെ മികവ്, സാമുദായിക താത്പര്യങ്ങൾ എന്നിവയൊക്കെ നിർണ്ണായകമാണ് ഇവിടെ. തലസ്ഥാനം പിടിക്കാൻ മുന്നണികൾ സർവ്വ അടവും പയറ്റും. സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഇത് വ്യക്തവുമാണ്. സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലങ്ങളും ഇതിലുണ്ട്. നേമവും വട്ടിയൂർക്കാവും. ബിജെപിക്കായി നേമത്ത് രാജഗോപാൽ അക്കൗണ്ട് തുറക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും പ്രതീക്ഷയിൽ.

ബിജെപി വോട്ടുകൾ എത്രതോളം പെട്ടിയിൽ വീഴുമെന്നതാണ് തലസ്ഥാനത്ത് പ്രധാനം. തിരുവനന്തപുരം, നേമം, വട്ടിയൂർകാവ്, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിൽ വിജയം നിശ്ചയിക്കുക ബിജെപിയുടെ പ്രകടനം തന്നെയാണ്. ഇതിൽ രണ്ടിടത്തെങ്കിലും നായർഈഴവ വോട്ടുകളുടെ കരുത്തിൽ വിജയം ബിജെപി പ്രതീക്ഷിക്കുന്നു. ജില്ലയുടെ തെക്ക് ഭാഗത്ത് നായർനാടാർ വോട്ടുകളാണ് പ്രധാനം. കൊല്ലം ഭാഗത്തേക്ക് പോയാൽ ഈഴവ വോട്ടുകളും. ഈ മേഖലയിൽ നേരിയ മുൻതൂക്കം സിപിഎമ്മിന് അവകാശപ്പെടാം. എന്നാൽ തലസ്ഥാന ജില്ലയുടെ പൊതു ചിത്രം ഇപ്പോഴും പ്രവചനാതീതമാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ട് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. രണ്ടിലും സാമുദായിക സമവാക്യം അനുകൂലമാക്കി കോൺഗ്രസ് ജയിച്ചു കയറി. ഇടത് വോട്ട് ബാങ്കിൽ ബിജെപി കടന്നു കയറിയതായിരുന്നു ഇതിന് കാരണം. എന്നാൽ തദ്ദേശമെത്തിയതോടെ ആത്മവിശ്വാസം ഇടത് ക്യാമ്പിലായി.

തദ്ദേശത്തിൽ തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റമുണ്ടാക്കിയപ്പോൾ തകർന്നത് യുഡിഎഫ് കോട്ടകളായിരുന്നു. ജില്ലാ പഞ്ചായത്തും കോർപ്പറേഷനും പിടിച്ച് സിപിഐ(എം) കരുത്ത് ചോർന്നില്ലെന്ന് തെളിയിച്ചു. 26 ജില്ലാ പഞ്ചായത്ത് സീറ്റിൽ 19ഉം ഇടതുപക്ഷം നേടി. ആറെണ്ണം യുഡിഎഫിനും ഒരെണ്ണം ബിജെപിക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ 35 സീറ്റുമായി ബിജെപി മുഖ്യപ്രതിപക്ഷമായപ്പോഴും സിപിഐ(എം) അധികാരം നിലനിർത്തി. 43 സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. അങ്ങനെ തദ്ദേശത്തിലെ കണക്കുകൾ മനസ്സിൽ കണ്ട് തിരുവനന്തപുരം ജില്ല പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ(എം).

2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി. ഒന്നാംസ്ഥാനത്ത് വന്നു. ബിജെപി.ക്ക് പ്രതീക്ഷ നൽകുന്നത് ഈ കണക്കുകളാണ്. ഇതിൽത്തന്നെ 18,000ത്തിൽപ്പരം വോട്ടുകൾ നേമത്ത് ലീഡ് ചെയ്യാനായി. വീണ്ടും ഒ.രാജഗോപാലിനെത്തന്നെ രംഗത്തിറക്കിയതും നേമം പിടിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ്

ത്രികോണ ചൂടിൽ നേമം

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. ബിജെപി. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത് നേമത്താണ്. ലക്ഷണമൊത്ത ശക്തമായ ത്രികോണമത്സരത്തിനാണ് ഇത്തവണ നേമം ഒരുങ്ങുന്നത്. സിറ്റിങ് എംഎൽഎ വി ശിവൻകുട്ടിയും ബിജെപിയുടെ തലമുതിർന്ന നേതാവ് ഒ രാജഗോപാലും യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയും വിജയപ്രതീക്ഷയിൽ.

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ വി.ശിവൻകുട്ടി വിജയിച്ചത് 6415 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ശിവൻകുട്ടി 50076 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ ബിജെപി.യിലെ ഒ.രാജഗോപാൽ 43661 വോട്ടുകൾ പിടിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥി ജനതാദളിലെ ചാരുപാറ രവി 20248 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി. ഒന്നാമതെത്തിയിരുന്നു. ഈ നാല് നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവുമധികം ലീഡ് ലഭിച്ചത് നേമത്തായിരുന്നു. ആകെ 50685 വോട്ടുകൾ നേടിയ ബിജെപി. രണ്ടാമതെത്തിയ യു.ഡി.എഫിനേക്കാൾ 18000 വോട്ടുകൾ അന്ന് അധികം പിടിച്ചു. ഇടതുമുന്നണിക്ക് ലഭിച്ചത് 31643 വോട്ടുകളാണ്. ബിജെപി. അരലക്ഷത്തിലധികം വോട്ടുകൾ നേടിയ കേരളത്തിലെ ഏക മണ്ഡലവും നേമം തന്നെ.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി. സംസ്ഥാനത്ത് നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ഒന്നാമതെത്തിയ ഏക മണ്ഡലം നേമമാണ്. ഇടതുമുന്നണി 43882 വോട്ടുകളും യു.ഡി.എഫ് 25127 വോട്ടുകളും തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയപ്പോൾ 46516 വോട്ടുകളായിരുന്നു ബിജെപി. നേടിയത്. മണ്ഡലത്തിൽപ്പെട്ട 22 കോർപ്പറേഷൻ വാർഡുകളിൽ പതിനൊന്നെണ്ണത്തിൽ ബിജെപി.യാണ് വിജയിച്ചത്. ഒമ്പതിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യു.ഡി.എഫും ജയിച്ചു. ഈ കണക്കുകളാണ് നേമത്തെ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയ മത്സര മണ്ഡലമാക്കുന്നത്. രാജഗോപാലിന്റെ വ്യക്തി പ്രഭാവത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി പറയുമ്പോൾ സിറ്റിങ് എംഎൽഎയ്ക്ക് കാലിടറില്ലെന്നാണ് സിപിഐ(എം) പക്ഷം.

കോൺഗ്രസ് മുന്നണിയിൽ ചില അങ്കലാപ്പുകളുണ്ട്. ജെഡിയുവിന് അനുവദിച്ച മണ്ഡലത്തിൽ വി സുരേന്ദ്രൻ പിള്ളയാണ് സ്ഥാനാർത്ഥി. ഇടതുപക്ഷത്ത് നിന്ന് കൂടൂമാറി യുഡിഎഫിലെത്തിയ സുരേന്ദ്രൻ പിള്ളയും സമുദായവോട്ടുകളിലാണ് കണ്ണ് വയ്ക്കുന്നത്. രാജഗോപാലിന്റെ വിജയം തടയാൻ ഇടത്‌വലത് മുന്നണികൾ കൈകോർക്കുമെന്ന ആക്ഷേപവും നേമത്തെ ശ്രദ്ധേയമാക്കുന്നു.

പ്രവചനാതീതം വട്ടിയൂർക്കാവ്

സ്ഥാനാർത്ഥികളുടെ മികവ് തന്നെയാണ് വട്ടിയൂർക്കാവിലും മൂന്ന് മുന്നണികളുടേയും പ്രചരണായുധം. കോൺഗ്രസിനായി കെ മുരളീധരൻ, സിപിഎമ്മിനായി വനിതാ നേതാവ് ടിഎൻ സീമ, ബിജെപിക്ക് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. ഇവിടെ പ്രചരണത്തിൽ ബിജെപി മുൻതൂക്കം നേടിയെന്നാണ് ആദ്യ ഘട്ടം വ്യക്തമാക്കുന്നത്. ഇട്ത കോട്ടയായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന വട്ടിയൂർകാവിനെ ചുമപ്പിക്കാൻ സിപിഎമ്മും സജീവമായി രംഗത്തുണ്ട്. സംഘടനാ മികവിന് അപ്പുറം വ്യക്തിപരമായ മികവ് മുരളീധരനും കരുത്തായുണ്ട്. എംഎൽഎ എന്ന നിലയിൽ മുരളീധരൻ നടത്തിയ ഇടപെടലുകളാണ് ഇതിന് കാരണം.

മണ്ഡല പുനർ നിർണയത്തിൽ രൂപം കൊണ്ട വട്ടിയൂർക്കാവ്, സ്വഭാവത്തിൽ പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലമാണ്. എന്നാൽ, തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിന്റെ ഭാഗങ്ങൾ കൂടി ഉൾപ്പെട്ടപ്പോൾ ഒരാൾക്കും വ്യക്തമായ മേൽക്കൈ അവകാശപ്പെടാനില്ലാത്ത സ്ഥിതി. പുനർ നിർണയത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മണ്ഡലം യുഡിഎഫ് അക്കൗണ്ടിൽ ചേർത്തു. കോൺഗ്രസ് രാഷ്ട്രീയത്തിലേക്കു തിരിച്ചു വന്ന മുരളീധരൻ സ്വന്തം തട്ടകമായിരുന്ന കോഴിക്കോടുനിന്നു മാറി നിൽക്കുന്നതും ആദ്യം. അഞ്ച് വർഷം മണ്ഡലത്തിൽ നിറ സാന്നിധ്യമായിരുന്ന മുരളീധരൻ മികച്ച പ്രതീക്ഷയോടെയാണു വീണ്ടും മത്സരത്തിനിറങ്ങിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടാക്കിയ നേട്ടം മുതലെടുത്തു കേരളത്തിൽ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യമാണ് ബിജെപിക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഒ. രാജഗോപാൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 2926 വോട്ടുകളുടെ ഭൂരിപക്ഷമാണവിടെ കിട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ ഭൂരിപക്ഷം 16,167 വോട്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിഭാഗം വാർഡുകളിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തി. ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും കുത്തക വാർഡുകൾ പലതും അട്ടിമറിച്ചു വിജയം നേടി. പലയിടങ്ങളിലും രണ്ടാം സ്ഥാനത്തുമെത്തി. നിസാര വോട്ടുകൾക്കാണു പലയിടങ്ങളിലും പരാജയപ്പെട്ടത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലുള്ള കോർപ്പറേഷൻ വാർഡുകളിൽ 38,595 വോട്ടുകളുമായി ഒന്നാമതെത്തിയത് ഇടതുമുന്നണിയാണ്. 32,864 വോട്ടുമായി ബിജെപി. രണ്ടാമതെത്തി. 29,434 വോട്ടുകളാണ് യു.ഡി.എഫ്. നേടിയത്. മതന്യൂനപക്ഷങ്ങൾ താരതമ്യേന കുറവുള്ള മണ്ഡലമാണിത്. ഭൂരിപക്ഷ സമുദായങ്ങൾ 80 ശതമാനത്തിനു മുകളിൽവരും. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലുണ്ടാക്കിയ മുന്നേറ്റം കുമ്മനം ആവർത്തിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.

തിരുവനന്തപുരത്തെ കച്ചവടത്തിൽ ആരു ജയിക്കും

ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ക്രിക്കറ്റ്താരം എസ്. ശ്രീശാന്ത് കൂടി രംഗത്തുവന്നതോടെ മത്സരത്തിന് താരപരിവേഷവും കൈവന്നു.

വോട്ട് കച്ചവടത്തിന്റെ സാധ്യതകൾ പരീക്ഷിക്കപ്പെടുന്ന മണ്ഡലമായും വിലയിരുത്തപ്പെടുന്നു. സാമുദായി സമവാക്യങ്ങൾ അനുകൂലമാക്കി വീണ്ടും നിയമസഭ കാണാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രി കൂടിയായ ശിവകുമാർ ഇവിടെ സ്ഥാനാർത്ഥിയാകുന്നത്. കേരളാ കോൺഗ്രസിൽ നിന്ന് പിളർന്ന് ഇടതുപക്ഷത്ത് എത്തിയ ആന്റണി രാജുവിന്റെ നോട്ടം തീരദേശ വോട്ടുകളാണ്. എന്നാൽ ചില അഡ്ജസ്റ്റുമെന്റുകൾ തന്നെയാകും ഇവിടെ വിജയിയെ അന്തിമമായി നിശ്ചയിക്കുകയെന്ന് ഏവരും വിലയിരുത്തുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ നേട്ടമുണ്ടാക്കി. തദ്ദേശത്തിലും അതു തുടർന്നു. എന്നാൽ ശ്രീശാന്തിന് ഈ മേൽകോയ്മ കിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. സമുദായിക സമവാക്യങ്ങളിലെ ക്രൈസ്തവ വോട്ടുകളാണ് വിജയിയെ നിശ്ചിയിക്കുക. ആന്റണിരാജുവിന് ഇടതുപക്ഷം ടിക്കറ്റ് നൽകിയതും അതുകൊണ്ട് കൂടിയാണ്.

കഴക്കൂട്ടത്തും കാട്ടക്കടയിലും ചിത്രം അവ്യക്തം

കഴക്കൂട്ടത്ത് സിപിഎമ്മിനായി ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്നു. കോൺഗ്രസിന് സിറ്റിങ് എംഎൽഎ എംഎ വാഹിദ്. സ്വതന്ത്രനായി പോലും കഴക്കൂട്ടത്ത് മുന്നണികളെ തോൽപ്പിച്ച് ജയിച്ച ചരിത്രം വാഹിദിനുണ്ട്. ഇവിടേയ്ക്കാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 18 വാർഡുകൾ ചേർന്നതാണ് കഴക്കൂട്ടം നിയമസഭാ നിയോജകമണ്ഡലം. അതിവേഗം വളരുന്ന നഗരപ്രദേശമാണിത്. പതിനായിരങ്ങൾ പണിയെടുക്കുന്ന ടെക്‌നോപാർക്കാണ് മണ്ഡലത്തിന്റെ മുഖശ്രീ. നിരവധി പൊതുമേഖലാസ്വകാര്യ സ്ഥാപനങ്ങളും മണ്ഡലത്തിൽ പ്രവർത്തിക്കുന്നു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി വാഹിദ് 50787 വോട്ടുകളും എൽ.ഡി.എഫ് 48591 വോട്ടുകളുമാണ് നേടിയത്. എന്നാൽ, കഴിഞ്ഞ നവംബറിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയാണ് മുന്നിലെത്തിയത്. കഴക്കൂട്ടം മണ്ഡലത്തിൽപ്പെട്ട തദ്ദേശ വാർഡുകളിൽനിന്നും ഇടതുമുന്നണി 42108 വോട്ടുകൾ പിടിച്ചെടുത്തു. യു.ഡി.എഫ് 28344 വോട്ടുകളിലേക്ക് ഒതുങ്ങി. മണ്ഡലത്തിൽ ബിജെപി.യുടെ വളർച്ച നിർണ്ണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7508 വോട്ടുകളായിരുന്നു ബിജെപി. വിഹിതം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് 41829 ആയി കുത്തനെ ഉയർത്തി. അന്ന് സംസ്ഥാനത്ത് ബിജെപി. ഒന്നാമതെത്തിയ നാലു നിയമസഭാ മണ്ഡലങ്ങളിലൊന്ന് കഴക്കൂട്ടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി. 26764 വോട്ടുകൾ മാത്രമാണ് നേടിയത്. അതുകൊണ്ട് തന്നെ കഴക്കൂട്ടത്തിന്റെ മമതയറിയാൻ ഫലം വരും വരെ കാത്തിരിക്കണം.

കാട്ടക്കടയിലുള്ളത് ആറു പഞ്ചായത്തുകൾ. ഇതിൽ രണ്ടിടത്ത് ബിജെപി ഭരണം. രണ്ടിടത്ത് സിപിഐ(എം). രണ്ടിടത്ത് കോൺഗ്രസും. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികൾക്കും തുല്യ അവകാശമുള്ള കാട്ടക്കട. നാടാർ വോട്ടുകളുടെ പിൻബലത്തിൽ സ്പീക്കർ എൻ ശക്തൻ യുഡിഎഫിനായി കോട്ടകാക്കാനെത്തുന്നു. സിപിഐ(എം) ആകട്ടെ യുവനേതാവ് ഐബി സതീഷിനെ ഇറക്കുമ്പോൾ കാട്ടാക്കയിൽ ബിജെപിക്കായി എത്തുന്നത് പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ പികെ കൃഷ്ണദാസ്. മതസാമുദായിക ശക്തികൾ നിർണ്ണായകമായ കാട്ടാക്കടയിൽ ബിജെപിയുടെ വോട്ടുകൾ തന്നെയാകും നിർണ്ണായകം.

ആറ്റിങ്ങലിൽ സത്യന് എതിരാളികളില്ല; ചിറയിൻകീഴിലും ഇടത് മുൻതൂക്കം

ജില്ലയിലെ രണ്ട് സംവരണമണ്ഡലങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ അഥവ പഴയ കിളിമാനൂർ. 2011ലെ മണ്ഡല പുനഃനിർണയത്തോടെ ഉടച്ചുവാർക്കപ്പെട്ട നിയോജകമണ്ഡലം കൂടിയാണിത്. പഴയ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന ആറ്റിങ്ങൽ നഗരസഭയും വക്കം ഗ്രാമപഞ്ചായത്തും മാത്രമാണ് നിലവിലെ ആറ്റിങ്ങൽ മണ്ഡലത്തിൽ അവശേഷിക്കുന്നത്. ബാക്കി പഞ്ചായത്തുകളെല്ലാം ചിറയിൻകീഴ് മണ്ഡലത്തിലേക്ക് പോയി. പകരം പഴയ കിളിമാനൂർ മണ്ഡലത്തിലെയും വർക്കല മണ്ഡലത്തിലെയും വിവിധ പഞ്ചായത്തുകൾ ആറ്റിങ്ങലിലേക്ക് ചേർക്കപ്പെട്ടു. ഇതോടെ ആറ്റിങ്ങൽ ഇടത് കോട്ടയായി. ബി സത്യനെന്ന ജനകീയൻ കൂടിയായപ്പോൾ 2011ൽ സിപിഐ(എം) സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം മുപ്പതിനായിരം കടന്നു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി. സത്യന് 63,558 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി തങ്കമണി ദിവാകരന് 33,493 വോട്ടും ബിജെപി സ്ഥാനാർത്ഥി പി.പി. വാവക്ക് 4844 വോട്ടും ലഭിച്ചു. 30,065 വോട്ടുകളുടെ മൃഗീയഭൂരിപക്ഷത്തോടെ വിജയിച്ച സത്യൻ വീണ്ടുമെത്തുകയാണ്. കെ ചന്ദ്രബാബുവാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിക്കായി രാജി പ്രസാദും. ബി സത്യനെ അട്ടിമറിക്കാനുള്ള കരുത്ത് ഏതിരാളികൾക്കുണ്ടെന്ന് ഇനിയും വിലയിരുത്താനാകാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുണ്ട്.

ജില്ലയിലെ രണ്ടാം സംവരണ മണ്ഡലമായ ചിറയിൻകിഴിയും ഇടത് സാധ്യത ഏറെയാണ്. സിറ്റിങ് എംഎ‍ൽഎ സിപിഐയുടെ വി. ശശിയും കാൽ നൂറ്റാണ്ടായി രാഷ്ട്രീയ രംഗത്തുള്ള ബിജെപിയുടെ ഡോ. പി.പി. വാവയും ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. അജിത് കുമാറുമാണ് പോരാട്ടഭൂമിയിലെ പ്രധാനികൾ. കഠിനംകുളം, അഴൂർ, കടയ്ക്കാവൂർ, മംഗലപുരം, ചിറയിൻകീഴ് പഞ്ചായത്തുകൾ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. എന്നാൽ, അഞ്ചുതെങ്ങ്, മുദാക്കൽ എന്നിവയും നറുക്കെടുപ്പിലൂടെ കിട്ടിയ കിഴുവിലവും യു.ഡി.എഫ് പക്ഷത്ത്.

സിപിഎമ്മിലെ പ്രശ്‌നങ്ങളാണ് അഞ്ചുതെങ്ങിലും മുദാക്കലിലും ഇടതിന് ഭരണം നഷ്ടമാക്കിയതെങ്കിൽ, ഇപ്പോൾ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 8 പഞ്ചായത്തുകളിലുമായി ഇടതുമുന്നണിക്ക് 9000ലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അതുകൊണ്ട് തന്നെ സിപിഐ അനായാസ വിജയമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

അരുവിക്കരയിൽ ശബരിനാഥനും വർക്കലയിൽ കഹാറും

യുഡിഎഫിന് മുൻതൂക്കമുള്ള രണ്ട് മണ്ഡലമാണ് അരുവിക്കരയും വർക്കലയും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സിപിഎമ്മിന് പിഴവു പറ്റിയെന്ന് വിലയിരുത്തലുള്ള മണ്ഡലം. അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ശബരീനാഥ് ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സിപിഐ(എം) പാളയം ഏര്യാക്കമ്മറ്റി സെക്രട്ടറിയായ എഎ റഷീദാണ് അരുവിക്കരയിൽ ഇടത് സ്ഥാനാർത്ഥി. ബിജെപിക്കായി സംവിധായകൻ രാജസേനനും എത്തുന്നു. എന്നാൽ ശബരീനാഥന് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് സൂചനകൾ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടതിന് വലിയ പിഴവു പറ്റിയെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജി കാർത്തികേയന്റെ മകന് കാര്യങ്ങൾ എളുപ്പമായി.

വർക്കലയിലും കഹാറിന് വ്യക്തമായ മുൻതൂക്കമുണ്ട്. സിപിഎമ്മിലെ ഭിന്നതകൾ മൂലം സ്ഥാനാർത്ഥി നിർണ്ണയം പോലും നേരെ നടന്നില്ല. എൽ.ഡി.എഫിന് മേൽകൈക്കയുള്ള വർക്കല മണ്ഡലം കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനു അനുകൂലമായാണ് നിലയുറപ്പിച്ചത്. വർക്കല കഹാറിന്റെ വ്യക്തിപരമായ വിജയമാണിതെന്നാണ് വിലയിരുത്തൽ. വി. ജോയിയെന്ന സിപിഐ(എം) നേതാവിന് കഹാറിന് വെല്ലുവിളിയുയർത്താനാകുമോ എന്നത് സംശയമാണ്. ഇക്കുറി ബിജെപിയും മണ്ഡലത്തിൽ സജീവമാണ്. ബി.ഡി.ജെ.എസിനു സീറ്റു വിട്ടുകൊടുത്താൽ എസ്.എൻ.ഡി.പി. ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്. ആർ.എം. സ്ഥാനാർത്ഥിയായെത്തുന്നു

വർക്കല മുനിസിപ്പാലിറ്റിയും വെട്ടൂർ, ഇലകമൺ, ഇടവ, ചെമ്മരുതി, നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളുമാണ് വർക്കല നിയമസഭാ മണ്ഡലത്തിൽ വരുന്നത്. ഇതിൽ വെട്ടൂർ, നാവായിക്കുളം പഞ്ചായത്തുകൾ മാത്രമാണ് നിലവിൽ യു.ഡി.എഫിന്റെ പക്കലുള്ളത്. അവശേഷിക്കുന്നിടത്തെല്ലാം ഇടതു ഭരണമാണ്. വർക്കല മുനിസിപ്പാലിറ്റിയും ഇടതുപക്ഷത്തിലാണ്. 18 സീറ്റ് എൽ.ഡി.എഫിനും 11 സീറ്റുകൾ യു.ഡി.എഫിനും 3 സീറ്റുകൾ ബിജെപിക്കുമാണ് വർക്കല നഗരസഭയിലുള്ളത്. ഈ കണക്കുകൾക്കപ്പുറമുള്ള ജനപിന്തുണ കഹാറിന് വർക്കലയിലുണ്ട്. അത് മറികടക്കാൻ ഇടതിനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

നെടുമങ്ങാട് വിവി രാജേഷും കോവളത്ത് ബിഡിജെഎസും വിധിയെഴുതും, വാമനപുരം ഒപ്പത്തിനൊപ്പം

വിഐപി മണ്ഡലമാണ് നെടുമങ്ങാട്. ഡെപ്യൂട്ടി സ്പീക്കർ പലോട് രവിയെ നേരിടാൻ സിപിഐയുടെ മുൻ നിര നേതാവ് സി ദിവാകരൻ. ബിജെപിക്കായി വോട്ട് പിടിക്കാൻ സംസ്ഥാന സെക്രട്ടറി വിവി രാജേഷ്. സംസ്ഥാന രാഷ്ട്രീയത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് മൂവരും. പലോട് രവിയും ദിവാകരനും തമ്മിലാകും പ്രധാന മത്സരം. എന്നാൽ നെടുമങ്ങാട്ടുകാരനായ രാജേഷ് പിന്നോട്ട് പോവുകയുമില്ല. നായർ-ഈഴവ വോട്ടുകൾ നിർണ്ണായകമായ നെടുമങ്ങാട് രാജേഷ് പിടിക്കുന്ന വോട്ടുകളാകും ജയപരാജയങ്ങൾ നിശ്ചയിക്കുക.

നായർ വോട്ടുകൾ കണ്ണുവച്ചാണ് രാജേഷ് പ്രചരണ രംഗത്തുള്ളത്. ഈ വോട്ടുകൾ ബിജെപിക്ക് അധികമായി നേടാനായാൽ അത് പാലോട് രവിയെന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സാധ്യതയെ ബാധിക്കും. ബിഡിജെഎസിന്റെ സഹായത്തോടെ ഈഴവ വോട്ടുകൾ പിടിച്ചാൽ അത് ദിവാകരനും നിർണ്ണായകമാകും. ഏതായാലും വാശിയേറിയ പോരാട്ടമാണ് നെടുമങ്ങാട് നടക്കുന്നത്. ഇരുമുന്നണികളേയും വിജയിപ്പിച്ച ചരിത്രം നെടുമങ്ങാടിനുണ്ട്. പലപ്പോഴും നേരിയ മാർജിനിലായിരുന്നു വിജയം. ഇത് തന്നെയാകും ഇത്തവണയും ഉണ്ടാവുകയെന്നാണ് വിലയിരുത്തൽ.

സിപിഎമ്മിന്റെ സിറ്റംഗ് സീറ്റാണ് വാമനപുരം. കോലിയക്കോട് കൃഷ്ണൻനായർ മത്സത്തിൽ നിന്ന് മാറിയതിനാൽ സിപിഎമ്മിനായി ഡികെ മുരളി മത്സരിക്കാനെത്തുന്നു. ഇടത് കോട്ടയായി കരുതുന്ന വാമനപുരത്ത് പക്ഷേ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. കോൺഗ്രസിനായി ശരത് ചന്ദ്ര പ്രസാദാണ് വോട്ട് ചോദിക്കുന്നത്. മുൻ എംഎൽഎ കൂടിയായ ശരത് ചന്ദ്രപ്രസാദിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. അതു വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വാമനപുരത്ത് ഈഴവ വോട്ട് ബാങ്കും നിർണ്ണായകമാണ്.

ബിഡിജെഎസ് ബിജെപിയ്‌ക്കൊപ്പമാണ്. അതിലുപരി എൻഡിഎയ്ക്കായി മത്സരിക്കുന്നത് ബിഡിജെഎസ് സ്ഥാനാർത്ഥിയും. നിഖിലാണ് മത്സരിക്കുന്നത്. ഇത് വാമനപുരത്ത് ജയമൊരുക്കുമെന്ന് ശരത് ചന്ദ്രപ്രസാദ് പറയുന്നു. എന്നാൽ പ്രാദേശിക നേതാവായ ഡികെ മുരളിയെന്ന കരുത്തൻ കന്നിയങ്കത്തിൽ വൻ ഭുരിപക്ഷത്തിലെത്തുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുമുള്ളത്.

കോവളത്ത് ബിഡിജെഎസ് വോട്ടുകളാണ് നിർണ്ണായകമാവുക. ബിജെപിക്ക് ജില്ലാ പഞ്ചായത്ത് അംഗമുള്ള സ്ഥലമാണ് കോവളം. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കൂടിയായ ടിഎൻ സുരേഷാണ് ഇവിടെ ബിഡിജെഎസ് സ്ഥാനാർത്ഥി. ഇടതുപക്ഷത്തിനായി ജെഡിഎസിലെ സിറ്റിങ് എംഎൽഎ ജമീലാ പ്രകാശവും. ഈഴവ-നാടാർ വോട്ടുകളുടെ കരുത്തിലാണ് ജമീല കഴിഞ്ഞ തവണ കന്നിയങ്കത്തിൽ ജയിച്ചത്. ബിജെപിയുടെ പിന്തുണയോടെ ടിഎൻ സുരേഷ് എത്തുമ്പോൾ ജമീലയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയരുക. കോൺഗ്രസിനായി മത്സരത്തിനിറങ്ങുന്ന എം വിൻസന്റും പ്രതീക്ഷയിലാണ്. ക്രൈസ്തവ വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കി ജയിക്കാനാണ് കന്നിയങ്കത്തിൽ വിൻസന്റിന്റെ ശ്രമം.

നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും വിധിയെഴുതുക നാടാർ വോട്ട്

നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരള രാഷ്ട്രീയത്തിൽ മുൻതൂക്കം നൽകിയത്. സിപിഐ(എം) സ്ഥാനാർത്ഥിയായി അഞ്ച് കൊല്ലം മുമ്പ് മത്സരിച്ച് ജയിച്ച സെൽവരാജ് കൂറുമാറി കോൺഗ്രസുകാരനായി. സിപിഎമ്മിലെ ജീർണ്ണതകൾ ഉയർത്തി ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചു ജയിച്ചു. യഥാർത്ഥത്തിൽ നാടാർ വോട്ട് ബാങ്കിന്റെ കരുത്താണ് സെൽവരാജിന് വിജയമൊരുക്കിയത്. ഇത് തിരിച്ചറിഞ്ഞ് ജനകീയനായ പ്രാദേശീക നേതാവിനെ സിപിഐ(എം) സ്ഥാനാർത്ഥിയാക്കുന്നു. നെയ്യാറ്റികര ഏര്യാ കമ്മറ്റി സെക്രട്ടറി കൂടിയായിരുന്ന ആൻസലത്തിന് മണ്ഡലത്തിലെ ജനകീയ പരിവേഷം വിജയമൊരുക്കുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. ഒ.ബി.സി മോർച്ചാ സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രനാണ് ബിജെപിക്കായി അങ്കത്തിനിറങ്ങുന്നത്.

നാലുവർഷം മുൻപ് സംസ്ഥാനത്തിന്റെ ശ്രദ്ധനേടിയ ഉപതെരഞ്ഞെടുപ്പിൽ സെൽവരാജിന് കിട്ടിയ 6334 വോട്ടിന്റെ വിജയം മറികടക്കാനാണ് സിപിഐ(എം) നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി കെ. ആൻസലനെ സിപിഐ(എം) രംഗത്തിറക്കിയത്. ആൻസലന് നിയമസഭയിലേക്ക് കന്നിയങ്കമാണെങ്കിലും രാഷ്ട്രീയപരിചയം ഏറെയാണ്. 2006ൽ 4407 വോട്ട് ഭൂരിപക്ഷത്തിൽ സെൽവരാജ് ജയിച്ചുകയറിയത് പാറശാലയിൽ നിന്നാണ്. 2011ൽ ആനാവൂർ നാഗപ്പനുവേണ്ടി പാറശാല ഒഴിയാൻ സെൽവരാജിനോട് സിപിഐ(എം) നിർദ്ദേശിച്ചു. 1991 മുതൽ ഹാട്രിക് വിജയംനേടി തിളങ്ങിനിന്ന തമ്പാനൂർ രവിയെ തറപറ്റിച്ച വി.ജെ. തങ്കപ്പന് പിൻഗാമിയായാണ് 2011ൽ ആർ. സെൽവരാജിനെ സിപിഐ(എം) നെയ്യാറ്റിൻകരയിലിറക്കിയത്. തമ്പാനൂർ രവിയെ 6702 വോട്ടുകളുടെ വ്യത്യാസത്തിൽ മറികടന്ന് സെൽവരാജ് വിജയിച്ചുകയറി.

നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഒരുവർഷം തികയുംമുൻപ് എംഎ‍ൽഎ സ്ഥാനം സെൽവരാജ് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. കേരളം ഉറ്റുനോക്കിയ 2012 ജൂണിലെ ഉപതിരഞ്ഞെടുപ്പിൽ 6334 വോട്ടിന് സെൽവരാജ് വിജയിച്ചു. എന്നാൽ 2015ലെ തദ്ദേശതിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു. കോൺഗ്രസ് വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് നഗരസഭ പിടിച്ചു. അരനൂറ്റാണ്ടായി യു.ഡി.എഫ് മാത്രം ഭരിച്ചിരുന്ന കാരോട് പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു. ചെങ്കൽ ഗ്രാമപഞ്ചായത്ത് ഭരണം രണ്ട് സ്വതന്ത്രന്മാരുടെ പിൻബലത്തിൽ എൽ.ഡി.എഫ് കൈക്കലാക്കി. അതിയന്നൂരിൽ എൽ.ഡി.എഫും കുളത്തൂരിൽ കോൺഗ്രസും ഭരണം നിലനിറുത്തി. നറുക്കിന്റെ ബലത്തിൽ തിരുപുറത്ത് യു.ഡി.എഫ് ഭരണം നടത്തുന്നു. നഗരസഭയിൽ ബിജെപി അഞ്ച് സീറ്റ് നേടി കരുത്തുകാട്ടി.

പാറശ്ശാലയിൽ കോൺഗ്രസിനായി സിറ്റിങ് എംഎൽഎ എടി ജോർജ് വീണ്ടും ജനവിധി തേടുന്നു. ഇവിടേയും നാടാർ വോട്ട് ബാങ്ക് നിർണ്ണായകമാണ്. എന്നാൽ സിപിഐ(എം) ഇവിടെ സികെ ഹരീന്ദ്രനെന്ന തലമുതിർന്ന നേതാവിനെ ഇറക്കി പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ഏറെ ജനസ്വാധീനമുള്ള നേതാവാണ് ഹരീന്ദ്രൻ. ദീർഘകാലം നെയ്യാറ്റികര സിപിഐ(എം) ഏര്യാ കമ്മറ്റി സെക്രട്ടറിയായിരുന്നു. കരമന ജയനാണ് ബിജെപി സ്ഥാനാർത്ഥി. ഭൂരിപക്ഷ വോട്ടുകൾ ബിജെപിയേറെ നേടുമെന്നും അതുകൊണ്ട് തന്നെ നാടാർ വോട്ടൂകളുടെ കരുത്തിൽ ജയിക്കാമെന്നും എടി ജോർജും പ്രതീക്ഷിക്കുന്നു.

എന്നാൽ കഴിഞ്ഞ തവണ ആനാവൂർ നാഗപ്പനോട് നേരിയ വോട്ടിനായിരുന്നു ജോർജിന്റെ വിജയം. മികച്ച സംഘാടകനെന്ന് പേരെടുത്ത ഹരീന്ദ്രൻ സാമുദായിക സമവാക്യങ്ങളെ കാറ്റിൽ പറത്തി ജയിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP