Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

തട്ടം വിവാദത്തിൽ സമസ്തയിലും രണ്ടഭിപ്രായം; ജിഫ്രി തങ്ങൾ അടക്കമുള്ള നേതൃത്വം മൗനത്തിൽ; ലീഗ് അനുകൂല നിലപാടുള്ളവർ നിരന്തര വിമർശനവുമായി കളത്തിൽ; വിവാദം സിപിഎമ്മിന്റെ മുസ്ലിം സ്വീകാര്യതയെ ബാധിച്ചു

തട്ടം വിവാദത്തിൽ സമസ്തയിലും രണ്ടഭിപ്രായം; ജിഫ്രി തങ്ങൾ അടക്കമുള്ള നേതൃത്വം മൗനത്തിൽ; ലീഗ് അനുകൂല നിലപാടുള്ളവർ നിരന്തര വിമർശനവുമായി കളത്തിൽ; വിവാദം സിപിഎമ്മിന്റെ മുസ്ലിം സ്വീകാര്യതയെ ബാധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോട്ടയത്തു നിന്നുള്ള സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ നടത്തിയ തട്ടം പരാമർശം സിപിഎമ്മിനെ ചെറുതല്ലാത്ത പൊല്ലാപ്പിലാണ് കൊണ്ടു ചെന്നെത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചു ന്യൂനപക്ഷ വോട്ടുകള് സമാഹരിക്കാൻ വേണ്ടി തീവ്രപരിശ്രമം നടത്തി വരവേയാണ് തട്ടം വിവാദം എത്തിയത്. പാർട്ടിയുടെ മുൻ നിലപാട് അനുസരിച്ചാണെങ്കിൽ അനിൽകുമാറിന്റെ പിന്തുണക്കേണ്ടതാണ്്. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ടെത്തി വിമർശനം ഉന്നയിച്ചു, അനിലിന്റെ നിലപാട് തള്ളി.

എം വി ഗോവിന്ദന്റെ വിശദീകരണത്തിന് പിന്നാലെ സമസ്ത നേതൃത്വം ഈ വിഷയം അവസാനിപ്പിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ളവർ വിവാദത്തിൽ മൗനം പൂണ്ടത് സിപിഎമ്മിനെ പിണക്കേണ്ടെന്ന് കരുതിയാണ്. എന്നാൽ, ലീഗ് അനുഭാനമുള്ള സമസ്ത നേതാക്കൾ ഈ വിഷയത്തിൽ സിപിഎമ്മന്റെ മതനിരാസ സമീപനം ചൂണ്ടിക്കാട്ടി രംഗത്തുവന്നു. ഇത് സമസ്തക്കുള്ളിലും രണ്ടഭിപ്രായമെന്ന വിധത്തിലേക്ക് കാര്യങ്ങലെത്തി.

സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ഭരണകക്ഷിയെ പിണക്കേണ്ടെന്ന നിലപാടിലാണ് സമസ്തയിലെ മുതിർന്ന നേതാക്കൾ. അതേസമയം സമസ്ത പ്രതികരിച്ചില്ലെന്ന വാദം ശരിയല്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിനെ പോലുള്ളവരും ചൂണ്ടിക്കാട്ടി. വിഷയത്തിൽ സമസ്തയുടെ പോഷക സംഘടനകൾ നിലപാട് പറഞ്ഞിട്ടുണ്ട്. നേതാക്കൾ തന്നെ പറയണമെന്നില്ലല്ലോ. വിവാദങ്ങൾ അവസാനിച്ചുവെന്നും അബ്ദു സമദ് പൂക്കോട്ടൂർ മാധ്യമങ്ങളോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പല ചർച്ചകളും നടക്കുന്നുണ്ട്. അതൊന്നും സമസ്തയുടെ ഭാഗമല്ല. അനിൽകുമാർ അസമയത്ത് പറഞ്ഞ അഭിപ്രായമായിപ്പോയി. വസ്ത്രം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും മതത്തിന്റെ ചിട്ടകൾ അനുസരിക്കണം. മുസ്ലിം സ്ത്രീകൾ മാത്രമല്ല, ക്രൈസ്തവരും തട്ടം ഉപയോഗിക്കുന്നുണ്ട്. അതിനെ കുറിച്ച് മാത്രമേ പരാമർശം ഉള്ളൂ. തട്ടം വിദ്യാഭ്യാസത്തിന് എതിരല്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.

അതേസമയം, അനിൽകുമാറിന്റെ തട്ടം പരാമർശം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ തള്ളിയെങ്കിലും മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു. പരാമർശം അനവസരത്തിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എങ്ങനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റിയെന്നും തിരുത്തേണ്ട സാഹചര്യം വന്നുവെന്നും പരിശോധിക്കണം. തിരുത്തുകൊണ്ട് മാത്രം തീരുന്ന വിഷയം അല്ല. ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്. ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും ആവശ്യപ്പെട്ടിരുന്നു.

ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. സംഘപരിവാർ നിലപാടിൽ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീർ മലപ്പുറത്ത് പറഞ്ഞു. ഏക വ്യക്തിനിയമ വിഷയത്തിൽ മുസ്‌ലിം സമുദായ സംഘടനകളുമായുണ്ടാക്കിയ അടുപ്പം തട്ടം വിവാദത്തോടെ അഴിഞ്ഞുവീണ വിഷമത്തിലാണ് സിപിഎം. മലബാറിലെ മുസ്‌ലിം സമുദായത്തിലും സംഘടനകൾക്കിടയിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയ സ്വീകാര്യതയ്ക്കാണു സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ വിവാദ പ്രസ്താവനയോടെ ഇടിവു തട്ടിയത്.

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചു വെച്ചതിൽ കമ്യൂണിസ്റ്റു പാർട്ടിക്കു പങ്കുണ്ടെന്നായിരുന്നു അനിൽകുമാറിന്റെ വിവാദ പ്രസംഗം. ഇതു വെറുമൊരു നാക്കുപിഴയല്ലെന്നും സിപിഎമ്മിന്റെ അടിസ്ഥാന സമീപനം ഇതാണെന്നും അതു സൗകര്യപ്രദമായ വേദിയിൽ പുറത്തുവന്നെന്നുമാണു മുസ്ലിം സംഘടനകളുടെ വിലയിരുത്തൽ. ഇക്കാരണത്താൽ അനിൽകുമാറിന്റെ ഖേദപ്രകടനത്തെയോ സിപിഎമ്മിന്റെ തള്ളിപ്പറയലിനെയോ അവർ കാര്യമായി എടുത്തിട്ടില്ല.

പെൺകുട്ടികളുടെ തട്ടം അഴിപ്പിക്കാൻ സിപിഎം ശ്രമിക്കേണ്ടെന്നു രൂക്ഷമായ വിമർശനം ഉന്നയിച്ച് മുസ്ലിം ലീഗും പോഷക സംഘടനകളായ യൂത്ത് ലീഗും എംഎസ്എഫും രംഗത്തു വന്നു. മലബാറിൽ ഗണ്യമായ സ്വാധീനമുള്ള ഇകെ വിഭാഗം സമസ്തയുടെ മുതിർന്ന പണ്ഡിതരും പോഷക സംഘടനകളും പ്രതിഷേധിച്ചു. മുജാഹിദ് വിഭാഗങ്ങളും ജമാഅത്തെ ഇസ്ലാമിയുമെല്ലാം അനിൽകുമാറിനും സിപിഎമ്മിനും എതിരെ രംഗത്തെത്തി. എന്നാൽ, ഇകെ വിഭാഗം നേതൃത്വം പ്രസംഗത്തെ തള്ളി രംഗത്തു വരാത്തതിനെതിരെ സംഘടനയ്ക്കുള്ളിൽ തന്നെ വിമർശനമുണ്ട്. സിപിഎമ്മിനെ അനുകൂലിക്കുന്ന കാന്തപുരം വിഭാഗവും പ്രസംഗവിവാദത്തിൽ കാര്യമായ പ്രതിഷേധം ഉയർത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP